മൗനം വാചാലമാകുന്ന ദുഃഖവെള്ളി!
സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പിതാവായ ദൈവത്തിന്റെ മൗനം, പരിശുദ്ധയായ അമ്മ മേരിയുടെ മൗനം, മഗ്ദലേനക്കാരി മറിയത്തിന്റെ മൗനം, ചാരത്ത് ചാരികിടന്ന സഹചാരി യോഹന്നാന്റെ മൗനം. ആത്മീയത കുറെക്കൂടി നിശബ്ദമാകാനുള്ള ക്ഷണമാണെന്ന് ഇവരുടെ മൗനം ഓർമ്മപ്പെടുത്തുന്നു എന്ന് മൗനത്തെ മനനം ചെയ്യാൻ ദുഃഖവെള്ളി നമ്മെ ക്ഷണിക്കുന്നു.
ദുഃഖവെള്ളിയിൽ ദൈവവും, മറിയവും, മഗ്ദലെനാക്കാരിയും, യോഹനാനും മറ്റൊരു ക്രിസ്തുവായി മാറുകയായിരുന്നു. അവന്റെ സഹനങ്ങളെല്ലാം അവനോടൊപ്പം അവർ ഏറ്റെടുക്കുന്നു. കുരിശിന്റെ രക്ഷയുടെ മഹത്വമിരിക്കുന്നത് വാക്കുകളിലല്ല. പങ്കിടലിലാണ്. കൂടെയിരിക്കലിലാണ് ആശ്വാസം. എന്റെ കൂടെ പറുദീസയിലായിരിക്കുമെന്ന് പറഞ്ഞ് കള്ളനെ ചേർത്തു പിടിച്ച ആ കുടെയിരുത്തലിന് വലിയൊരു കരുണയുടെ നനവുണ്ട്. നമുക്ക് ധ്യാനിക്കാം ക്രിസ്തുവിന്റെ ഉറ്റവർ ദുഃഖവെള്ളിയിൽ പാലിച്ച മൗനത്തെ.
പ്രിയപ്പെട്ടതിനെ വിട്ടുകൊടുക്കുന്നതിനേക്കാൾ മറ്റെന്ത് വലിയ അടയാളമാണ് സ്നേഹപ്രകടനത്തിനുള്ളത്? സ്നേഹത്തിന് പകരം സ്നേഹം മാത്രമാണ്. സ്വപുത്രനെ നൽകാൻ തക്കവിധം അത്ര മാത്രം ലോകത്തെ സ്നേഹിച്ച ദൈവം മകൻ മരണ കുരിശിൽ കിടന്ന് പിടഞ്ഞ് കരയുമ്പോൾ മൗനം പാലിക്കുന്നു. മനുഷ്യർക്ക് വേണ്ടി മകനെ മരിക്കാൻ വിട്ടുകൊടുത്ത ദൈവത്തിന്റെ സ്നേഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ദൈവത്തിന് സ്വന്തം മകനും മനുഷ്യരും വിലപ്പെട്ടവരല്ലേ. എന്നിട്ടും മകനെ വിട്ട് കൊടുത്ത് മനുഷ്യരെ സ്നേഹിച്ചതെന്തിന്? അതിന് ഉത്തരം ക്രിസ്തു മാത്രമാണ്. ദു:ഖവെള്ളിയിൽ
പിതാവിന്റെ മൗനം നമ്മെ പഠിപ്പിക്കുന്നത് സ്നേഹം അറിയാതെ പോകരുതെന്നും സ്നേഹിക്കുന്നവരെ അറിയാതെ പോകരുതെന്നുമാണ്. ജീവിതത്തിന്റെ ചില മൗനങ്ങൾ നന്മയെ നോക്കി യാത്ര ചെയ്യാൻ നമ്മെ ക്ഷണിക്കുന്നു.
മൗനത്തിന്റെ മറ്റൊരു മുഖം മറിയമാണ്. മക്കളെക്കുറിച്ച് പറയാൻ അമ്മമാർക്ക് ഒരായിരം നാവാണെന്ന് പറയാറുണ്ട്. ഇവിടെ മേരി എന്ന അമ്മ ഒന്നും ഉരിയാടുന്നില്ല. വാക്കുകളെ പോലും ഹൃദയത്തിലൊളിപ്പിച്ച് അവൾ ധ്യാനമാക്കുന്നു, സമർപ്പണമാക്കുന്നു, ത്യാഗമാക്കുന്നു. കാലിതൊഴുത്തിൽ അവൾ മകനെ മടിയിൽ പാടിയുറക്കി. കാൽവരിയിൽ അവളുടെ മൗനരാഗം മകനെ മടിയിൽ ഉറക്കുന്നു. അന്ന് ഉണ്ണി കരഞ്ഞു. ഇന്ന് സ്വന്തം ഉള്ളം കരയുന്നു. എന്നിട്ടും മറിയം എന്ന മഹാ സാന്നിധ്യം മാലാഖയോടു പറഞ്ഞ "അതേ " എന്ന ആദ്യ വൃതം മൗനമായി ഇന്നും നവീകരിക്കുന്നു.
ജീവിതത്തിൽ നവീകരിക്കപ്പെടാതെ പോയ വാഗ്ദാനങ്ങൾ നമ്മെ നോക്കുന്നുണ്ട്. വീണ്ടും വിശ്വാസത്തിൽ അടിപതറാതിരിക്കാൻ മറിയത്തിന്റെ മൗനം നമ്മുടെ ഉള്ളിൽ ശബ്ദിക്കട്ടെ. വാക്കുകൾ കൊണ്ട് നേടാനാവാത്തത്, നൽകാനാവാത്തത് ഒക്കെ മൗനം കൊണ്ട് നമുക്ക് നേടാനും, നൽകാനും കഴിയും. നമ്മുടെ ഉറ്റവർക്ക് അവരുടെ ഉള്ള് നോവുന്നിടത്ത് നമുക്ക് നൽകാനാവുന്ന കരുണയെന്നത് നമ്മുടെ കൂട്ടു മാത്രമാണ്.
ദു:ഖവെള്ളിയിൽ നാം മഗ്ദലേനാക്കാരി മറിയത്തെ കാണുന്നു. തനിക്കെതിരെ വന്ന മനുഷ്യരെയും കല്ലുകളെയും നിശബ്ദമാക്കി തന്റെ ആത്മാവിനെ ഇരുളിന്റെ അറയിൽ നിന്നും തെളിവിന്റെ വിശാല ഭൂവിലേക്ക് നയിച്ച ക്രിസ്തുവിനോടു ഒന്നും പറയാൻ കഴിയാതെ അവൾ നിശബ്ദയാകുന്നു. തനിക്ക് വേണ്ടി ശബ്ദമുയർത്തിയ ക്രിസ്തുവിന് വേണ്ടി ശബ്ദിക്കാനാവാത്തതിന്റെ നോവ് അവളുടെ ഉള്ളിനെ നോവിക്കുന്നു.
കരുണ വറ്റിയ ചില നിയമത്തിന്റെ പേരിൽ തന്റെ ജീവനെ തന്നെ ഈ മണ്ണിൽ നിന്നും ഇല്ലാതാക്കി തനിക്ക് അശുദ്ധിയുടെ ചരിത്രം ചാർത്താൻ ശ്രമിച്ചവരുടെ കൗശല കരങ്ങളിൽ നിന്നും അവരുടെ തന്നെ തൂലിക കൊണ്ട് തന്റെ ജീവിതത്തെ സുവിശേഷമുള്ളിടത്തോളം കാലം ജീവിക്കുന്ന പ്രഘോഷണമാക്കിയ തന്റെ ക്രിസ്തുവിനെ നോക്കി മഗ്ദലേനാ മറിയം മൗനത്തിൽ സംസാരിച്ചതും അവനെ സംബന്ധിച്ച് ഒരാശ്വാസമായിരുന്നു. ദുഃഖവെള്ളിയിൽ കുരിശിന്റെ വഴിയിൽ ക്രിസ്തുവിന്റെ കണ്ണുകളിൽ ഒരു വട്ടമെങ്കിലും മറിയം ഉടക്കി കാണും. അപ്പോൾ മറിയത്തിന്റെ മനസ്സിന്റെ നോവും സ്നേഹവും ക്രിസ്തു മനസ്സിലാക്കിയിട്ടുണ്ടാകണം. ഏറ്റവും സ്നേഹിക്കുന്നവർ വിട്ട് പോകുന്നതിന്റെ വേദനയേക്കാൾ വലുതാണ് ആ വേദന സ്വയം ഏറ്റെടുക്കാൻ കഴിയാതെ പോകുന്നതും ആ വേദന കണ്ടുനിൽക്കേണ്ടി വരുന്നതും. മനസ്സിന്റെ ഉൾത്തടങ്ങളെ മനസ്സിലാക്കുന്നവൻ ഈ സ്നേഹത്തിൽ ചാലിച്ച മൗനത്തെയും മനസ്സിലാക്കിക്കാണും. അതുകൊണ്ട് ദൈവത്തിന്റെ മുന്നിൽ ഉയർത്തപ്പെടുന്ന പ്രാർത്ഥനകൾ നാവുകളിൽ നിന്നും വളർന്ന് ആത്മാവിൽ നിന്നുയരുന്നതായിത്തീരട്ടെ.
ദു:ഖവെള്ളിയിൽ യോഹന്നാന്റെ മൗനവും നമ്മെ ധ്യാനത്തിന് ക്ഷണിക്കുന്നു. ആകാശത്തിൽ നിന്നും അഗ്നിയിറക്കാൻ പണ്ട് അപേക്ഷിച്ച അതേ ശിഷ്യൻ ഇന്ന് അഗാധമായ മൗനത്തിലായിരിക്കുന്നു. അയാൾക്ക് തന്റെ ഗുരുവിനെ ഇങ്ങനെ കാണാൻ കഴിയുന്നില്ല. ഏറ്റവും വലിയവനാകണമെന്നോ, വലത്ത് വശത്തിരിക്കണമെന്നോ അയാൾ ഇനി വാശി പിടിക്കുകയില്ല. കാരണം പെസഹാ രാത്രിയിൽ തന്റെ ഗുരു തന്റെയും പാദങ്ങൾ കഴുകിയത് എങ്ങനെ മറക്കാൻ! ഇതാ നിന്റെ അമ്മ എന്ന് തന്നെ ഏൽപ്പിച്ച് എല്ലാം പൂർത്തിയായി എന്ന് പറഞ്ഞ് കടന്നു പോയ തന്റെ ഗുരുവെന്ന ദിവ്യമായ അത്ഭുതത്തിന്റെ മുന്നിൽ യോഹന്നാ൯ നിശബ്ദം നമിച്ചു. ഇപ്പോൾ ക്രിസ്തുവിനോടു അയാൾക്ക് സ്നേഹം മാത്രം. അവർ പരസ്പരം കാണുമ്പോഴെല്ലാം ശിഷ്യത്വം ആവശ്യപ്പെടുന്നത് സ്വർഗ്ഗത്തെ പ്രതി സ്വീകരിക്കേണ്ട സഹനങ്ങളെ കുറിച്ചാണ്. തന്റെ ഗുരുവിന്റെ വേദനകളോടു യോഹന്നാ൯ മൗനം പുലർത്തുന്നുവെങ്കിലും മനസ്സ് കൊണ്ട് അയാൾ ആഗ്രഹിക്കുന്നു എന്നെയും പറുദീസയിൽ ചേർക്കേണമേ.
ഇവരുടെ മൗന സാന്നിധ്യം വാചാലമാകുകയാണ് കുരിശിന്റെ കീഴിൽ. വാക്കുകളാൽ പറഞ്ഞു തീർക്കാവുന്നതല്ല സ്നേഹം. സ്നേഹത്തിന്റെ കാര്യത്തിൽ സാന്നിധ്യവും സാമിപ്യവും വാക്കുകളേക്കാൾ വാചാലമാണ്. ആ സന്നിധിയിലെ നിശബ്ദതയിൽ യേശുവിനോടു അവരുടെ സ്നേഹം പ്രകടിപ്പിക്കാൻ ഒരു വാക്കും മതിയാവാതെ വന്നേക്കാം. സാന്നിധ്യം കൊണ്ടും സാമിപ്യം കൊണ്ടും അവർ അന്ത്യത്താഴത്തിൽ മുറിച്ചു സ്വീകരിച്ച അപ്പവും വീഞ്ഞും കുരിശിൽ യാഥാർത്ഥ്യമാകുന്നത് കണ്ടു കൊണ്ട് യേശുവിന്റെ തിരു ബലിയുടെ സമ്പൂർണ്ണ സമർപ്പണം തിരിച്ചറിഞ്ഞു പങ്കുപറ്റി.
നിശബ്ദതയുടെ നെറുകയിൽ കുരിശടയാളം വരച്ച് നമുക്കും ഒന്നു ധ്യാനിക്കാം. നമുക്കായി കുരിശെടുത്തവന്റെ ചാരെയുണ്ടോ ഞാൻ - വാക്കു കൊണ്ട് വിശ്വാസവും സ്നേഹവും പ്രലോഷിക്കുമ്പോഴും ഹൃദയം കൊണ്ട് ഞാൻ ആ സന്നിധിയിൽ തന്നെയോ - അപ്പവും വീഞ്ഞുമുയർത്തി കൂദാശയിൽ പങ്കുചേർന്നശേഷം കുരിശിൽ നിന്നകലം പാലിക്കുകയാണോ ഞാൻ - ആ പാദത്തിലെ ആണിപ്പഴുതിൽ കണ്ണീരുകൊണ്ട് കഴുകി സമൗനം ഒന്നിരുന്ന് നമുക്കും പങ്കുചേരാം – തിരിച്ചറിവിന്റെ നിമിഷം നല്ല കള്ളൻ ചെയ്തത് പോലെ ഒരു പ്രാർത്ഥനാ മന്ത്രം നമുക്കും ഉരുവിടാം. നാഥാ നിന്നോടൊപ്പമായിരിക്കാൻ എന്നെയും …
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: