തിരയുക

ഫെബ്രുവരി 6 നുണ്ടായ ഭൂകമ്പത്തിന് ശേഷം തുർക്കിയിലെ ജനജീവിതം. ഫെബ്രുവരി 6 നുണ്ടായ ഭൂകമ്പത്തിന് ശേഷം തുർക്കിയിലെ ജനജീവിതം.  (AFP or licensors)

ഇറ്റലിയിലെ സഭ സിറിയയ്ക്കും തുർക്കിക്കും വേണ്ടി ധനശേഖരണം നടത്തി

ഫെബ്രുവരി 6 നുണ്ടായ ഭൂകമ്പത്തിൽ സിറിയയിലും തുർക്കിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മാർച്ച് 26 ഞായറാഴ്ച ഫണ്ട് ശേഖരണത്തിനായി നീക്കിവച്ചു. ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഭക്ഷണം, വെള്ളം, ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയില്ലാതെ ബുദ്ധിമുട്ടുകയാണ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയിലെ എല്ലാ പള്ളികളും ഇന്നലെ മാർച്ച് 26 ന് തുർക്കിയിലേയും സിറിയയിലെയും ഭൂകമ്പത്തിൽ പരിക്ഷീണിതരായ ജനങ്ങൾക്കു വേണ്ടി രാജ്യമൊട്ടാകെ ധനശേഖരണം നടത്തി. ഇറ്റാലിയൻ മെത്രാൻ സമിതി ആഹ്വാനം ചെയ്ത ഈ സംരംഭം ഭൂകമ്പം ബാധിച്ചവരുടെ ഭൗമികവും ആത്മീയവുമായ ആവശ്യങ്ങളോടു ഐക്യദാർഢ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും മൂർത്തമായ ഒരടയാളവും പ്രാർത്ഥനയിലുള്ള സാമിപ്യവും പ്രകടിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.

തുർക്കിയിലും സിറിയയിലും ദുരിതമനുഭവിക്കുന്ന സഹോദരീ സഹോദരർ തങ്ങളുടേയും കൂടി ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വാസികളായ നാം അനുഭവിച്ചറിയേണ്ടതിന്റെ പ്രാധാന്യം അടിവരയിടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറലും കാല്ല്യരിയുടെ മെത്രാപ്പോലിത്തയുമായ ജുസെപ്പെ ബത്തൂരി അറിയിച്ചു. ഈ ഹൃദയവിശാലത മറ്റുള്ളവരുടെ രാജ്യങ്ങളേയും പ്രതീക്ഷകളെയും നമ്മുടെ സ്വന്തമായി കാണാനും നമ്മുടെ ലോകത്തോടുള്ള തുറവ്  ക്രിസ്തുവിൽ സാക്ഷാൽക്കരിച്ച ആത്മാക്കളുടെ കൂട്ടായ്മയിൽ പുനർവിചിന്തനം ചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭാവനകൾ മുഴുവൻ ഇറ്റാലിയൻ കാരിത്താസ് സംഘടനയിലേക്ക് 2023 ഏപ്രിൽ 30ന് മുമ്പ് അയക്കും. കൂടാതെ തുടർന്നും ഈ അടിയന്തിര സാഹചര്യം നേരിടാൻ കാരിത്താസിലേക്ക് സംഭാവനകൾ നൽകാനുള്ള സംവിധാനങ്ങളും കൂടി ക്രമീകരിച്ചിട്ടുമുണ്ട്.

ഭൂകമ്പം ബാധിച്ച ഇടങ്ങളിൽ ഇപ്പോഴും തുടർ ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്. മാനുഷിക അടിയന്തിരാവസ്ഥയിൽ തുടരുന്ന ലക്ഷക്കണക്കിനാളുകളുമുണ്ട്. വീടു വിട്ടിറങ്ങേണ്ടി വന്ന കുടുംബങ്ങൾക്ക് റമദാനിന്റെ തുടക്കത്തിൽ ഭക്ഷണവും, വെള്ളവും, ശുചിത്വവും, ആരോഗ്യ സംരക്ഷണവും അടിയന്തിരമായി ആവശ്യമായിവരുന്നു. കുറഞ്ഞത് 52000 പേരെങ്കിലും കൊല്ലപ്പെട്ട ദുരന്തത്തിൽ 2.7 ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.  കൂടാരങ്ങളിലും താൽകാലിക വാസസ്ഥലങ്ങളിലും കഴിഞ്ഞുകൂടുകയാണവർ. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശത്തെ രണ്ട് പ്രവിശ്യകളിൽ കഴിഞ്ഞയാഴ്ചയുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ 19 പേരെങ്കിലും കൊല്ലപ്പെടുകയും സാധാരണ നിലയിലേക്കുള്ള മടക്കം കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2023, 14:26