വിശുദ്ധ സ്ഥലത്തെ സമാധാനത്തിനായുള്ള അഭ്യർത്ഥന വീണ്ടും ആവർത്തിച്ച് ജെറുസലേമിലെ സഭാനേതാക്കൾ
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വിശുദ്ധ ഭൂമിയിൽ ഏറ്റവും അവസാനത്തെ മാരകമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജറുസലേമിലെ പാത്രിയാർക്കീസും സഭാതലവന്മാരും ഈ ആഴ്ച വീണ്ടും ഒരു പുതിയ പ്രസ്താവന പുറത്തിറക്കി.
ഇസ്രായേലും പലസ്തീൻ അധികൃതരും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഈ ആഴ്ചയുടെ തുടക്കത്തിൽ ശ്രമങ്ങൾ നടത്തിയെങ്കിലും, അക്രമങ്ങൾ തുടരുകയും സംഘർഷം ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയുമാണ്.
2022 ന്റെ ആരംഭം മുതൽ 63 പലസ്തീൻകാരും, 13 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വർഷത്തിന്റെ ആരംഭം മുതൽ നിരവധി സാധാരണ പൗരന്മാർ ഉൾപ്പെടെ 63 പലസ്തീനികൾ ഇസ്രായേലിന്റെ സൈന്യത്താൽ കൊല്ലപ്പെട്ടു. അതേ സമയം ഇസ്രായേലിന്റെ ഭാഗത്ത് 13 പേർക്ക് പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ജെനിൻ അഭയാർത്ഥി ക്യാമ്പിൽ പത്തും നാബ്ലസ് ഓൾഡ് സിറ്റിയിൽ പതിനൊന്നും പലസ്തീനിയക്കാർ ഇസ്രായേൽ നടത്തിയ രണ്ട് സൈനിക റെയ്ഡുകളിൽ വധിക്കപ്പെട്ടു.
കുടിയേറ്റക്കാർക്കോ, സൈനികർക്കോ നേരെ വെടിയുതിർക്കുകയും കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്ത പലസ്തീൻ തീവ്രവാദികളെ അറസ്റ്റ് ചെയ്യുവാൻ വേണ്ടി നടത്തിയ സൈനീകനീക്കമായിരുന്നു അതെന്ന് ഇസ്രായേൽ സേന അറിയിച്ചു. കഴിഞ്ഞ മാസം, കിഴക്കൻ ജറുസലേമിലെ ജനവാസ കേന്ദ്രത്തിലെ സിനഗോഗിന് പുറത്ത് പലസ്തീൻ നടത്തിയ വെടിവയ്പ്പിൽ ആറ് ഇസ്രായേലികളും, ഒരു യുക്രേനിയൻ പൗരനും കൊല്ലപ്പെട്ടിരുന്നു. 2008ന് ശേഷം ഇത്തരത്തിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.
സംഘർഷം കുറയ്ക്കുക അടിയന്തിര ആവശ്യം
ജറുസലേമിലെ സഭാ നേതാക്കൾ പറയുന്നതനുസരിച്ച്, " വാക്കിലും പ്രവൃത്തിയിലും ഉടനടി പിരിമുറുക്കം കുറയ്ക്കുക എന്നത് മാത്രമല്ല, അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമസാധുതയ്ക്കുമനുസൃതമായി ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് കൂടുതൽ ശാശ്വതമായ പരിഹാരം കണ്ടെത്തുകയും വേണം എന്നതും എന്നത്തേക്കാളും അത്യാവശ്യമാണെന്ന് ഈ വേദനാജനകമായ സംഭവവികാസങ്ങൾ കാണിക്കുന്നു."
"സംയമനവും ആത്മനിയന്ത്രണവും പാലിക്കാൻ" എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചുകൊണ്ട് ജനുവരി 29 ന് അവർ പുറത്തിറക്കിയ പ്രസ്താവനയെ തുടർന്ന് നടത്തിയ ഈ അഭ്യർത്ഥനയിൽ വർദ്ധിച്ചു വരുന്ന അക്രമണങ്ങൾ "തീർച്ചയായും കൂടുതൽ അതിക്രമങ്ങളും വേദനയും കൊണ്ടുവരും" എന്ന് അവർ മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 26-ന് ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് പാപ്പായും അക്രമങ്ങളുടെ ഈയിടെയുണ്ടായ വർദ്ധനയെ അപലപിക്കുകയും, പലസ്തീനികൾക്കും ഇസ്രായേലികൾക്കും "അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ സാഹോദര്യത്തിലേക്കും സമാധാനത്തിലേക്കും വഴി കണ്ടെത്തുന്നതിന്" വേണ്ട സംവാദം പുനരാരംഭിക്കുവാൻ വീണ്ടും അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: