തിരയുക

ക്രിസ്തുവും ശിഷ്യന്മാരും ക്രിസ്തുവും ശിഷ്യന്മാരും 

സഹനത്തിന്റെ നന്മ നിറഞ്ഞ നോമ്പുകാലം

സീറോമലബാർ സഭാ ആരാധനാക്രമപ്രകാരം നോമ്പുകാലം മൂന്നാം ഞായറാഴ്ചയിലെ വായനകളെ ആധാരമാക്കിയ വചനവിചിന്തനം
സഹനത്തിന്റെ നന്മ നിറഞ്ഞ നോമ്പുകാലം - ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഈശോയുടെ ഉത്ഥാനത്തിരുനാളിന്,  നമ്മെ തന്നെ വ്യക്തിപരമായും, സമൂഹപരമായും ഒരുക്കുന്ന കാലഘട്ടമാണല്ലോ നോമ്പുകാലം. ഈ കാലഘട്ടത്തിലെ ഓരോ വായനകളും നമുക്ക് വെളിവാക്കി നൽകുന്നത് അനാദിമുതൽ ദൈവത്തിന് നമ്മളോടുള്ള വ്യക്തിപരമായ സ്നേഹവും, കരുതലുമാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞുകൊണ്ട് ദൈവത്തിന്റെ സ്വന്തമായി ജീവിക്കണമെന്നും, ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ അവന്റെ ശക്തിയാൽ തോൽപ്പിക്കണമെന്നുള്ള  നോമ്പുകാലം ഒന്നാം ഞായറാഴ്ച്ച വായനയുടെയും, തുടർന്ന് യഥാർത്ഥ ശിഷ്യത്വം ദൈവത്തോടും സഹോദരങ്ങളോടുമുള്ള തുറവിയിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്നുള്ള രണ്ടാം ഞായറാഴ്ച്ച  വായനയുടെയും തുടർച്ചയായി ക്രൈസ്തവജീവിതത്തെ ക്രിസ്തുചൈതന്യത്തിന്റെ നിറവാക്കി മാറ്റുന്നത് സഹനമാണെന്ന ചിന്തയിലേക്കാണ് നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ കൊണ്ടുപോകുന്നത്. സഹനത്തിന്റെ ചിന്തകൾ എന്നും നമ്മിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ സഹനത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയ ക്രിസ്തു വെളിപ്പെടുത്തുന്നത് സഹനജീവിതത്തിന്റെ പരാജയമല്ല മറിച്ച് അതിലൂടെ മാനവരാശിക്ക് മുഴുവൻ പകർന്നു നൽകപ്പെട്ട ഉത്ഥാനത്തിന്റെയും, നിത്യജീവന്റെയും, വിജയത്തിന്റെയും ചരിത്രമാണ്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെയും അവന്റെ ലക്ഷ്യത്തെയും   ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്. തന്റെ സഹനത്തിന്റെ അടുത്തുവരുന്ന നിമിഷങ്ങളിലേക്ക്, ജറുസലേമിലേക്കുള്ള തന്റെ പാതയിൽ കൂട്ടിനായി വിളിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരെയാണ്. ഭയത്തിന്റെ പാതയിൽ ശിഷ്യന്മാരെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്ന ഈശോ, അവനെ പിഞ്ചെല്ലുന്ന ഓരോ വ്യക്തിയും അനുഭവിക്കുന്ന അല്ലെങ്കിൽ അനുഭവിക്കേണ്ടുന്ന ഇരുളിന്റെ പാതയെ ചൂണ്ടിക്കാട്ടുന്നു. വേണമെങ്കിൽ സന്തോഷത്തിന്റെ  അനുഭവങ്ങളും ജീവിതവും  മാത്രം പറഞ്ഞുകൊടുത്തുകൊണ്ട് ശിഷ്യന്മാരെ നയിക്കാമായിരുന്ന ഈശോ ഈ വചനഭാഗത്ത് സഹനത്തിന്റെ വിപ്ലവകരമായ ഒരു ജീവിതം ഒഴിവാക്കാനാവാത്ത സത്യമാണെന്ന് ഉദ്ബോധിപ്പിക്കുന്നു.

പാപം ഒഴികെ സകല കാര്യങ്ങളിലും നമുക്ക് തുല്യനായ ഈശോ താൻ ജീവിതത്തിൽ അനുഭവിച്ചതും, അനുഭവിക്കാൻ പോകുന്നതുമായ ആത്മാവിന്റെ വേദനിപ്പിക്കുന്ന യാതനകൾ ശിഷ്യർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുമ്പോൾ, ചിലപ്പോൾ നമുക്ക് പോലും അസ്വസ്ഥത ഉളവാക്കുന്നതാവാം സെബദി പുത്രന്മാരുടെ കടന്നുവരവും, തുടർന്ന് അവരുടെ അമ്മയുടെ അപേക്ഷയും. സഹനത്തെപ്പറ്റിയുള്ള  ദൈവീക ഭാവം മനസിലാക്കാൻ സാധിക്കാത്ത വിശ്വാസത്തിന്റെ അന്ധതയാണ് ഈ ഭാവപ്രകടനങ്ങളിൽ വെളിവാകുന്നത്. ബത്ലെഹെമിലെ പുൽക്കൂട്ടിൽ അനുഭവിച്ച  ത്യാഗവും, പരസ്യജീവിതകാലത്തെ നിന്ദനങ്ങളും, എതിർപ്പുകളും  സൃഷ്ടിച്ച സഹനങ്ങളുമെല്ലാം മനസിലാക്കണമെങ്കിൽ  വെറുതെ ഈശോയുടെ കൂടെ നടന്നാൽ മാത്രം പോരാ, മറിച്ച് അവന്റെ ഹൃദയത്തിൽ നാം സ്ഥാനം ഉറപ്പിക്കണമെന്ന് ഇന്നത്തെ വചനം നമുക്ക് പറഞ്ഞു നൽകുന്നു. അമ്മയുടെ ആഗ്രഹത്തെ കുറ്റപ്പെടുത്തുവാനോ വിലകുറച്ചു കാണുവാനോ നമുക്ക് സാധിക്കുകയില്ല കാരണം മക്കളെ കുറിച്ച് നല്ല സ്വപ്‌നങ്ങൾ കാണുന്ന ഒരു നല്ല അമ്മയുടെ ഹൃദയവിശാലതയാണ് ആ ചോദ്യത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.

എന്നാൽ ഹൃദയവിശാലതയിൽ ഉടലെടുത്ത അമ്മമനസിന്റെ ആഗ്രഹത്തിന് മുറിവേൽപ്പിക്കാതെയാണ് ഈശോ മറുപടി നൽകുന്നത്, "നിങ്ങൾ ചോദിക്കുന്നത് എന്തെന്ന് നിങ്ങൾ അറിയുന്നില്ല". കാരണം മാനുഷികമായ സൗകര്യങ്ങൾക്കുമപ്പുറം ദൈവീകമായ തീർത്ഥാടനത്തിലേക്ക് ഈശോ വിരൽ ചൂണ്ടുന്നു. താൻ സ്വീകരിക്കുവാൻ പോകുന്ന പാനപാത്രം കുടിക്കുവാനും, അവന്റെ മാമ്മോദീസയിൽ പങ്കാളികളാകുവാനുമുള്ള വിപ്ലവകരമായ തീരുമാനത്തിലേക്കാണ് സെബദിപുത്രന്മാരെ ഈശോ കൂട്ടിക്കൊണ്ടു പോകുന്നത്.  ഈ യാത്രയിൽ അധികാരമല്ല മറിച്ച് ശുശ്രൂഷയുടെ ദാസ്യഭാവമാണ് ഈശോ കാണിച്ചുകൊടുക്കുന്നത്. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം ഈ വചനഭാഗത്തിന്റെ സന്ദേശവും,  ഈശോയോടൊപ്പം സഹനത്തിൽ പങ്കാളികളായിക്കൊണ്ട് ഉത്ഥാനത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുക എന്നതാണ്. പ്രധാനമായും മൂന്ന് ആശയങ്ങളാണ് ഇന്നത്തെ സുവിശേഷം നമുക്ക് പകർന്നു നൽകുന്നത്.

അധികാരം ശുശ്രൂഷയാണ്

ഈശോ തന്റെ പീഡാസഹനങ്ങളെയും ഉത്ഥാനത്തെയും പറ്റിയുള്ള വിവരണം തന്റെ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരോടുമായി നടത്തുമ്പോൾ അവരുടെ ഉള്ളിൽ ഉടലെടുക്കുന്ന ആദ്യ മാനുഷിക ചിന്ത അധികാരത്തെ പറ്റിയുള്ളതാണ്. ഒരുപക്ഷെ ഈശോ ഈ പ്രവചനങ്ങൾ കണ്ഠമിടറി പറയുമ്പോൾ, എന്തുകൊണ്ട് ഇവന്റെ ക്രിസ്തുഅധികാരം ഉപയോഗിച്ചുകൊണ്ട് പീഡകളെ ഒഴിവാക്കികൂടാ എന്നും അവർ ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഈശോ, നോമ്പുകാലത്തിലെ ഈ മൂന്നാം ഞായറാഴ്ച്ച നമുക്ക് പകർന്നു നൽകുന്ന സുവിശേഷം  അധികാരമെന്നത് ശുശ്രൂഷയാണെന്ന വൈരുദ്ധ്യതയുടെ പാഠമാണ്. ശുശ്രൂഷയുടെ നന്മ ഉൾകൊള്ളാത്ത അധികാരം മരണത്തിന്റെ ഇരുളു നിറയ്ക്കുമ്പോൾ, ശുശ്രൂഷയുടെ അധികാരം ജീവന്റെ പ്രകാശം മറ്റുള്ളവരുടെ ജീവിതത്തിൽ നിറയ്ക്കുന്നു.

ഇതിന് വലിയ ഉദാഹരണമാണ്: ബത്ലെഹെമിൽ  പിറന്നുവീണ  ലോകത്തിന്റെ മുഴുവൻ രാജാവായ ശിശുവായ ഈശോയോടുള്ള എതിർപ്പിൽ, നിഷ്കളങ്കമായ ആയിരക്കണക്കിനു ജീവനുകളെ നശിപ്പിച്ച ഭയപ്പാടിന്റെ പ്രതീകമായ ഹേറോദേസും,   സിംഹാസനത്തിന്റെയും, ചെങ്കോലിന്റെയും അധികാരഭ്രമത്തിൽ യഥാർത്ഥ അധികാരിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ട് കൈകഴുകി സ്വയനീതീകരണം നടത്തിയ പീലാത്തോസ് രാജാവും. എന്നാൽ ഈശോ കാട്ടിത്തന്ന അധികാരം, ശത്രുവിനെ പോലും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുവാൻ കാണിച്ച സ്നേഹത്തിന്റെ അധികാരമാണ്, പാപത്തെ വെറുത്തുകൊണ്ട് പാപിയെ സ്നേഹിക്കുന്ന ക്ഷമയുടെ അധികാരമാണ്, കാലുകൾ കഴുകി പാദങ്ങൾ ചുംബിക്കുന്ന എളിമയുടെ അധികാരമാണ്, കുരിശിൽ കിടന്നുകൊണ്ടും തന്റെ മക്കളെ അമ്മയ്ക്ക് ഭരമേൽപിക്കുന്ന കരുതലിന്റെ അധികാരമാണ്. ഈ അധികാരത്തിലേക്കാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മെ ക്ഷണിക്കുന്നത്.

സിംഹാസനം കുരിശാണ്

സെബദിപുത്രന്മാരുടെ അപേക്ഷയിൽ മുഴങ്ങിക്കേൾക്കുന്നത് സിംഹാസനത്തെ പറ്റിയുള്ള ആശയമാണ്. തന്റെ രണ്ടുമക്കളിൽ ഒരുവൻ വലതുവശത്തും, മറ്റൊരുവൻ ഇടതുവശത്തും ക്രിസ്തുവിനോടൊപ്പം ഉപവിഷ്ടനാകുവാനുള്ള ആ അമ്മയുടെ ആഗ്രഹം, ഏതൊരു വ്യക്തിയിലും ഉടലെടുക്കുന്ന ഒരു അഭിലാഷമാണ്. എന്നാൽ ആ സിംഹാസനത്തിന്റെ പ്രത്യേകത നാം മനസ്സിലാക്കണമെങ്കിൽ ഈശോയുടെ ചോദ്യം പ്രസക്തമാണ്: 'ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാമോ?' ആപേക്ഷികമായ ഒരു സമസ്യക്കുമപ്പുറം കര്‍മ്മവിഭക്തിയായ ഒരു യാഥാർഥ്യത്തിലേക്ക് തന്റെ മക്കളെ കൂട്ടിക്കൊണ്ടുപോകുന്ന പിതാവിനെയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക. തന്റെ സഹനത്തിലും, മരണത്തിലും പങ്കാളികളായിക്കൊണ്ട് ജീവന്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിക്കുവാൻ ശിഷ്യത്വത്തിന്റെ പൂർണ്ണതയിലേക്കുള്ള ക്ഷണമാണിത്. ഒരു പക്ഷെ നമ്മുടെ ജീവിതത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു ക്ഷണമാണിത്. ക്രിസ്തുശിഷ്യരാകുവാനുള്ള നമ്മുടെ ദൈവീക വിളിയിൽ ഈ സിംഹാസനം സ്വന്തമാകുവാനുള്ള തീക്ഷ്ണത നമ്മിൽ ഒരിക്കലും കുറഞ്ഞുപോകാൻ ഇടയാവരുത്. ഈശോയുടെ സിംഹാസനമായി കാൽവരി മലയുടെ മുകളിൽ ഉയർത്തപ്പെട്ട കുരിശിന്റെ ഇരുവശങ്ങളിൽ നമുക്ക് ആയിരിക്കാൻ സാധിക്കണമെങ്കിൽ പരസ്പരം ശുശ്രൂഷിക്കുകയും, പങ്കുവയ്ക്കുകയും, മനസിലാക്കുകയും ചെയ്യുന്ന കൂട്ടായ്മജീവിതത്തിന് നമ്മെത്തന്നെ എളിമപ്പെടുത്തണം.

ഓടിയകലുന്ന മനുഷ്യനെ തേടിയലയുന്ന ദൈവം

ഇപ്രകാരം തന്റെ സഹനത്തിൽ പങ്കാളികളാക്കിക്കൊണ്ട് നമ്മെ തന്റെ സിംഹാസനത്തിൽ ഭാഗഭാക്കുകളാകുവാൻ ഇന്നും തമ്മെ തേടിയലയുകയാണ് നമ്മുടെ നല്ല ദൈവം. തന്റെ  പീഡാനുഭവത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളിൽ താൻ ഹൃദയത്തോട് ചേർത്തുവച്ച ശിഷ്യന്മാരിൽ ഏറിയ പങ്കും ഓടിയൊളിച്ചപ്പോഴും, ഈശോയുടെ പ്രതീക്ഷകൾ അവസാനിച്ചില്ല മറിച്ച് ഓടിയൊളിക്കുന്നവരെ തേടിയലയുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞുനൽകുന്നത്. അവസാനനാളുകളിൽ തങ്ങളുടെ ജീവിതത്തിന്റെ പാനപാത്രം ഗുരുവിനൊപ്പം പാനം ചെയ്തുകൊണ്ട് അവന്റെ ഉത്ഥാനത്തിന് കൂടുതൽ വെളിച്ചം നൽകിയവരാണ് സെബദി പുത്രന്മാർ.വിശ്വാസത്തിന്റെ അഗ്നി ജീവിതത്തിൽ മറ്റുള്ളവരിലേക്ക് പകർന്നു നൽകിക്കൊണ്ട് ശിഷ്യന്മാരുടെ ഇടയിൽ ആദ്യ രക്തസാക്ഷിയായി മാറുവാൻ ഭാഗ്യം ലഭിച്ചതും സെബദിപുത്രരിൽ ഒരുവനായ യാക്കോബിനാണ്. രണ്ടായിരം വർഷങ്ങൾക്കു  ശേഷവും ഇന്നും നമ്മുടെ മനസാന്തരത്തിനായി തേടിയലയുന്ന ദൈവത്തെയാണ് സുവിശേഷത്തിലൂടെ നമുക്ക് അനുഭവിക്കാൻ സാധിക്കുന്നത്.

ഇന്ന് നമ്മുടെ ജീവിതത്തിൽ സഹനങ്ങളുടെ വലിയ തിരമാലകൾ നമ്മെ സ്തബ്ദരാക്കുമ്പോൾ ഈശോയുടെ ഈ വചനങ്ങൾ നമുക്ക് ധൈര്യം പകർന്നു നൽകണം. ക്രിസ്തുവിന്റെ സഹനത്തിന്റെ ഓഹരി പങ്കുവയ്ക്കുകയും, എന്റെ സഹോദരങ്ങളുടെ സഹനങ്ങളിൽ ഭാഗമാവുകയും ചെയ്യുമ്പോൾ ലൗകീകമായ നഷ്ടങ്ങൾക്കു മധ്യത്തിൽ ഉത്ഥാനത്തിന്റെ വിജയം നേടുവാൻ നമുക്ക് സാധിക്കുമെന്ന സത്യം നമുക്ക് വിസ്മരിക്കാതിരിക്കാം. ഈ നോമ്പുകാലത്ത് ഇപ്രകാരം നമ്മുടെ ഹൃദയമാകുന്ന ദൈവാലയത്തിൽ അവന്റെ സിംഹാസനത്തിന്റെ ഇരുവശങ്ങളിലും സ്ഥാനം ഉറപ്പിക്കുവാൻ എളിമയുടെയും, മനസാന്തരത്തിന്റെയും, ശ്രുശ്രൂഷയുടെയും, കുരിശിന്റെയും ജീവിതം നയിക്കുവാൻ നമുക്ക് സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 March 2023, 21:17