തിരയുക

യേശുവും സമരിയാക്കാരിയും യേശുവും സമരിയാക്കാരിയും 

സർവ്വജനത്തിനും രക്ഷകനായ യേശുവും സമരിയക്കാരി സ്ത്രീയും

വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം അഞ്ചു മുതൽ നാല്പത്തിരണ്ടു വരെയുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയ തിരുവചനസന്ദേശം.
സുവിശേഷപരിചിന്തനം John 4, 5-42 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യേശു ജീവന്റെ ജലമാണെന്നും, അവനാണ് ലോകത്തിലേക്ക് കടന്നുവരാനിരുന്ന രക്ഷകനെന്നുമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിന്റെ ആദ്യ ഭാഗത്ത് നാം വായിക്കുന്ന യേശുവും സമരിയക്കാരിയായ സ്ത്രീയുമായുള്ള കണ്ടുമുട്ടലിൽ നാം കാണുക. ഈ ഭൂമിയിലെ ജീവിതമാകുന്ന തീർത്ഥാടനത്തിൽ ആയിരിക്കുന്ന നമുക്കും, നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ മരുഭൂമികളിൽ യേശുവെന്ന ജീവജലത്തിന്റെ ആവശ്യം എത്രമാത്രം ഒഴിവാക്കാനാകാത്തതാണെന്നും, നമ്മുടെ ഏകരക്ഷകൻ അവനാണെന്നും ഈ തിരുവചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

പൂർണ്ണമായും യഹൂദപാരമ്പര്യം അവകാശപ്പെടാനില്ലാത്ത സമരിയക്കാരുടെ ഇടയിലേക്കാണ് യേശുക്രിസ്തു കടന്നുചെല്ലുന്നത്. ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ ഒരു പ്രത്യേകത കൂടിയാണ് യഹൂദർക്ക് പുറത്തുള്ള ജനതകളിലേക്കും ദൈവത്തിന്റെ സ്നേഹം എത്തുന്നു എന്ന സത്യത്തെക്കുറിച്ചുള്ള ഈ അനുഭവം. "ഈ മലയിലോ ജെറുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു" (യോഹ. 4, 21) എന്ന തിരുവചനം കൂടി ഇതോട് ചേർത്തു വായിക്കാവുന്നതാണ്. കാനായിലെ കല്യാണവിരുന്നിൽ വീഞ്ഞായി മാറുന്ന ജലം പോലെ സമരിയക്കാരിയുമൊത്തുള്ള ഈ സംഭവത്തിലും ജലം ഒരു പ്രതീകമായാണ് നിലകൊള്ളുന്നത്. ഓരോ ഹൃദയങ്ങളിലും ദൈവത്തിനായുള്ള ദാഹമുണ്ട്.

യേശുവിന്റെ നിയോഗം

നാലാം അധ്യായത്തിന്റെ നാലാം വാക്യത്തിൽ ഇന്നത്തെ സുവിശേഷത്തെ കൂടുതലായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രസ്താവനയുണ്ട്. "അവനു സമരിയയിലൂടെ കടന്നുപോകേണ്ടിയിരുന്നു" (യോഹ. 4,4). യേശുവിന്റെ മനുഷ്യാവതാരത്തിന്റെ, ജീവിതനിയോഗത്തിന്റെ പ്രത്യേകതയാണ്, രക്ഷ സർവ്വലോകത്തിലേക്കും, ദൈവപിതാവിന്റെ സൃഷ്ടികളായ എല്ലാ മനുഷ്യരിലേക്കും എത്തിക്കുക എന്നത്. യഹൂദർ അശുദ്ധരായി കണക്കാക്കിയിരുന്ന മനുഷ്യരാണ് സമരിയാക്കാരായ സ്ത്രീകൾ. അവർ സ്പർശിച്ച പാത്രത്തിൽനിന്ന് യഹൂദരോരിക്കലും കുടിച്ചിരുന്നില്ല. സമരിയയിലൂടെ ഗലീലിയിലേക്കുള്ള വഴിനടത്തം പോലും പല യഹൂദരും ഒഴിവാക്കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഒരു അവസ്ഥയിലാണ് യേശു സമരിയയിലൂടെ ഒരു പ്രത്യേക നിയോഗവുമായി കടന്നുവരുന്നതും, സമരിയക്കാരിയോട് കുടിക്കുവാനായി ജലം ആവശ്യപ്പെടുന്നതും.

ജീവന്റെ ജലമായ ക്രിസ്തു

ദൈവം മനുഷ്യരുടെ ഇടയിലേക്ക് കടന്നുവരുന്നത്, ക്രിസ്തു സമരിയക്കാരിയുടെ അടുത്തേക്ക് കടന്നുവരുന്നത്, അവളിൽനിന്നും എന്തെങ്കിലും എടുക്കുവാനല്ല, മറിച്ച് അവൾക്കും രക്ഷയുടെ സാധ്യത തുറക്കുവാനും, അവനാകുന്ന ജീവൻ അവകാശമാക്കുവാൻ അവസരം നൽകാനുമാണ്. അതുകൊണ്ടു തന്നെയാണ് അവൻ സമരിയക്കാരിയോട് "ദൈവത്തിന്റെ ദാനം എന്തെന്നും എനിക്ക് കുടിക്കാൻ തരുക എന്ന് നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കിൽ, നീ അവനോടു ചോദിക്കുകയും അവൻ നിനക്ക് ജീവജലം തരുകയും ചെയ്യുമായിരുന്നു" (യോഹ. 4,10) എന്ന് പറയുക. എന്നാൽ സമരിയക്കാരിയാകട്ടെ, തനിക്ക് ഇന്നുവരെ ലഭ്യമായിരുന്ന യാക്കോബിന്റെ കിണറിലെ കെട്ടിക്കിടക്കുന്ന ജലത്തിന് പകരം, ദാഹം നിത്യമായി ശമിപ്പിക്കുന്ന ഒരു മാന്ത്രിക അരുവിയുടെ ഒഴുകുന്ന ജലത്തിനുവേണ്ടിയാണ് ദാഹിക്കുന്നത്. നിത്യജീവനിലേക്ക് നയിക്കുന്ന യേശുവിനെ ശരിയായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയാതെ പോകുന്ന മനുഷ്യരാണോ നാമും എന്ന ഒരു ചിന്ത ഈ തിരുവചനങ്ങൾ നമ്മിൽ ഉണർത്തേണ്ടതുണ്ട്.

യഥാർത്ഥ ആരാധന

യഹൂദർ ജറുസലേമിൽ ദേവാലയം പണികഴിപ്പിച്ച്, അവിടെ ആരാധന നടത്തിയപ്പോൾ, സമരിയക്കാർ തങ്ങൾക്കായി ഗെരിസീം മലയിൽ ഒരു ദേവാലയം പണികഴിപ്പിച്ച് യഹൂദവിശ്വാസത്തിനൊപ്പം മറ്റു വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഒക്കെ കൂട്ടിച്ചേർത്ത് ദൈവത്തെ ആരാധിച്ചിരുന്നു. ക്രിസ്തുവിന് നാലു നൂറ്റാണ്ടുകൾ മുൻപ് പണി ചെയ്യപ്പെട്ട ഈ ദേവാലയം പിന്നീട് യഹൂദർ തകർത്തുകളയുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. യഥാർത്ഥമായ ആരാധനാസ്ഥലം ജെറുസലേമാണോ, അതോ തങ്ങളുടെ പിതാക്കന്മാർ ആരാധനാ നടത്തിയ ഈ മലയാണോ എന്ന സമരിയക്കാരുടെ സംശയത്തിന് യേശു നൽകുന്ന മറുപടി ഏറെ പ്രധാനപ്പെട്ടതാണ്. "യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾത്തന്നെയാണ്. യഥാർത്ഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിഷിക്കുന്നതും." (യോഹ. 4,23). എവിടെ എന്നതിനേക്കാൾ എപ്രകാരം എന്നതിനാണ് ദൈവം പ്രാധാന്യം നൽകുന്നത്. യഥാർത്ഥ ആരാധനാ ആത്മാവിലും സത്യത്തിലുമാണ്. ഇവിടെ ദേവാലയത്തിന്റെ പ്രാധാന്യത്തെ തള്ളിക്കളയുകയല്ല, മറിച്ച് ദൈവം ആരെന്ന് ആത്മാവിൽ, ഉള്ളിൽ തിരിച്ചറിഞ്ഞ്, അവനെ സത്യത്തിൽ, വിശ്വാസത്തോടെ, നാഥനായി അംഗീകരിച്ച് ആരാധിക്കണമെന്നാണ് യേശു പഠിപ്പിക്കുന്നത്.

ലോകത്തിന് മുഴുവൻ രക്ഷകനായ ക്രിസ്തു

യഹൂദർ ദാവീദിന്റെ ഗോത്രത്തിൽനിന്ന് വരുന്ന ഒരു മിശിഹായെ, ഒരു രാജാവിനെ കാത്തിരിക്കുമ്പോൾ, സമരിയക്കാരാകട്ടെ മോശയെപ്പോലെ ഒരു പ്രവാചകനെയാണ് കാത്തിരിക്കുന്നത്. ദൈവഹിതത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അറിയിക്കുന്ന ഒരുവൻ. അത് തന്നെയാണ് സമരിയക്കാരി 25-ആം വാക്യത്തിൽ പറയുന്നതും. എന്നാൽ പഴയനിയമത്തിലെ യാഹ്‌വെ എന്ന ദൈവത്തെ അറിയുന്നവർക്ക് മനസ്സിലാകുന്ന ഒരു വചനമാണ് യേശു മറുപടിയായി പറയുക "നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ" (26). പഴയനിയമത്തിലും പുതിയനിയമത്തിലുമൊക്കെ കാണുന്ന ഒരു വചനമാണിത്. യേശു ജലത്തിന് മീതെ സഞ്ചരിച്ച് ശിഷ്യന്മാർക്കടുത്തെത്തുന്ന സംഭവത്തിൽ, പരിഭ്രാന്തരായ ശിഷ്യരോട് യേശു പറയുന്നതും ഇത് തന്നെയാണ്, “ഇത് ഞാൻ തന്നെയാണ്" (യോഹ. 6, 20). യേശുവിന്റെ അരികിലേക്ക് തിരികെ വരുന്ന ശിഷ്യന്മാരുമായുള്ള യേശുവിന്റെ തുടർന്നുള്ള സംഭാഷണത്തിലും തന്റെ നിയോഗത്തെക്കുറിച്ച് യേശു ആവർത്തിക്കുന്നുണ്ട്. "എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം" (യോഹ. 4, 34). സകലരും രക്ഷിക്കപ്പെടുക എന്നതാണല്ലോ പിതാവിന്റെ ഹിതം.

മിഷനറിയായി മാറുന്ന സമരിയക്കാരി

അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്ന, ഇപ്പോൾ വിവാഹം കഴിക്കാതെ മറ്റൊരുവന്റെ കൂടെ താമസിക്കുന്ന സമരിയക്കാരി, ഒരു മിഷനറിയായി മാറുന്ന കാഴ്ചയും ഈ സുവിശേഷഭാഗത്ത് നമുക്ക് കാണാം. യേശുവിന്റെ വാക്കുകളിൽ മാനുഷികതയ്ക്കപ്പുറത്തേക്ക് മനുഷ്യഹൃദയത്തെ നയിക്കുവാൻ സാധിക്കുന്ന ഒന്നിനെ തിരിച്ചറിയുന്ന അവൾ പട്ടണത്തിലേക്ക് പോയി യേശുവിനെക്കുറിച്ച് സാക്ഷ്യം നൽകുന്നു. യേശുവിന്റെ അടുത്തെത്തിയ സമരിയക്കാരാകട്ടെ അവന്റെ വാക്കുകൾ വിശ്വസിക്കുകയും, തങ്ങളോടൊപ്പം വസിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് അവർക്കൊപ്പം രണ്ടു ദിവസം യേശു താമസിച്ചു എന്നും സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. യഥാർത്ഥ ലോകരക്ഷകൻ യേശുവാണെന്ന അറിവിലേക്ക് അവരെ നയിക്കുവാൻ പാപിനിയെന്ന് സമൂഹം വിശേഷിപ്പിച്ചേക്കാവുന്ന ഒരു സ്ത്രീ കാരണമാകുന്നു.

ഓരോ ക്രൈസ്തവരുടെയും വിളിയും ജീവിതവും

റോമക്കാർക്കെഴുതിയ ലേഖനം അഞ്ചാം അധ്യായത്തിന്റെ ആദ്യഭാഗത്ത് വിശുദ്ധ പൗലോസ് നമ്മോട് പറയുന്ന ഒരു മനോഹരമായ സത്യമുണ്ട്. "നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമാ. 5, 6). ക്രിസ്തു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിലൂടെ ദൈവസ്നേഹം നമ്മിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതയാത്രയിലും സമരിയക്കാരി സ്ത്രീയെപ്പോലെ, യേശുവിനോട് സംവദിക്കാൻ, ജീവനിലേക്ക് നയിക്കുന്ന ആത്മാവിനെ സ്വീകരിക്കാൻ നമുക്ക് സാധിക്കണം. ദൈവത്തെ ആത്മാവിൽ അറിഞ്ഞ്, സത്യത്തിൽ, പൂർണ്ണഹൃദയത്തോടെ അവനെ ആരാധിക്കാൻ വേണ്ട അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം. അറിഞ്ഞു വിശ്വസിച്ച ദൈവത്തെക്കുറിച്ച് നമ്മുടെ ജീവിതവഴികളിലും സാക്ഷ്യം നൽകാം. ജീവിതത്തിന്റെ അർത്ഥത്തിനായി തേടുന്ന, ദൈവമെന്ന ജീവജലത്തിനായി അലഞ്ഞ് അജ്ഞതയുടെ മരുഭൂമിയിൽ കഴിയുന്ന അനേകർക്ക് ദൈവത്തിലേക്ക് പാതയൊരുക്കുന്ന യഥാർത്ഥ ക്രൈസ്തവരായി, ക്രിസ്തുവിന്റെ ശിഷ്യരും മിഷനറിമാരുമായി ജീവിതം സഫലമാക്കുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. തിരുവചനത്തെ ഉള്ളിൽ പേറിയ പരിശുദ്ധ അമ്മ നമുക്കായി മാധ്യസ്ഥ്യം വഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2023, 15:13