ജീവനേകുന്ന ദൈവസ്നേഹം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മനുഷ്യർക്ക് രക്ഷ പ്രദാനം ചെയ്യാനും, അവർക്ക് ജീവനുണ്ടാകുവാനും ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവം, യേശുക്രിസ്തു, തന്റെ സ്നേഹിതനായ ലാസറിനെ മരണത്തിൽനിന്ന് തിരികെ ജീവനിലേക്കു കൊണ്ടുവരുന്ന മനോഹരമായ സംഭവം വിവരിക്കുവാനാണ് വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ പതിനൊന്നാം അധ്യായത്തിന്റെ വലിയൊരു ഭാഗവും നീക്കിവച്ചിരിക്കുന്നത്. നാൽപ്പത്തിയഞ്ച് തിരുവചനങ്ങൾ!
ദൈവം സ്നേഹമറിഞ്ഞ ബഥനിയ
ബഥാനിയാ യേശുവിന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ദൈവം മനുഷ്യൻസ്‌നേഹത്തിന്റെ പരിമളവും സുഗന്ധവും അനുഭവിച്ചറിഞ്ഞ ഇടമാണ്. അവിടെയാണ് മറിയാമെന്നൊരു സ്ത്രീ അവന്റെ പാദങ്ങളിൽ വിലയേറിയ സുഗന്ധതൈലം പൂശുകയും തലമുടികൊണ്ട് ആ പാദങ്ങൾ തുടയ്ക്കുകയും ചെയ്‌തത്. അവിടെയാണ് സ്നേഹത്താൽ പ്രേരിതയായി, മറ്റുള്ളവരെക്കാൾ മുന്നിൽ യേശുവിനെ സ്നേഹിക്കാനും സേവിക്കാനും ഓടി നടന്ന മർത്തായുള്ളത്. അവിടെയാണ് ഈ മർത്തായുടെയും മറിയത്തിന്റെയും സഹോദരനും യേശുവിന്റെ സുഹൃത്തുമായ ലാസറുള്ളത്. മനുഷ്യനായി അവതരിച്ച ദൈവം മനുഷ്യന്റെ സ്നേഹത്തിന്റെ സൗന്ദര്യം അറിഞ്ഞ ചുരുക്കം ചില ഇടങ്ങളിലൊന്നാണ് ബഥാനിയാ.
നിത്യജീവനേകുവാൻ വന്നവൻ മരണത്തെ വെല്ലുവിളിക്കുന്നു
ലാസറിന്റെ മരണവും യേശു ലാസറിനെ ഉയർപ്പിക്കുന്ന സംഭവവും വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഒരു പ്രത്യേകയിടത്തിലാണ് എഴുതിച്ചേർക്കുക. മനുഷ്യന് രക്ഷയേകുവാനും നിത്യജീവനേകുവാനും, സ്വജീവൻ അർപ്പിക്കുവാനായി പിതാവിന്റെ ഹിതത്തിന് പൂർണ്ണമായി സമ്മതമേകിയാണ് യേശു ഈ ഭൂമിയിലേക്ക് കടന്നുവരുന്നത്. അങ്ങനെ തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കുന്നതിന്റെ മുന്നോടിയായി യൂദയായിലേക്ക് യേശു പ്രവേശിക്കുന്നതിന് തൊട്ടു മുൻപാണ്, ഭൂമിയിൽ മരണത്തെ വെല്ലുവിളിക്കുന്ന ഈ സംഭവം അരങ്ങേറുന്നത്. മരണം ഒരു നിദ്ര മാത്രമാണെന്നും, ദൈവത്തിൽ ആഴമേറിയ വിശ്വാസമുള്ള മനുഷ്യർക്ക് മരണത്തിന്റെ പിടിയിൽനിന്ന് ജീവനിലേക്ക്, നിത്യജീവനിലേക്ക് ഉയർത്തെണീൽക്കാൻ ഒരു സാധ്യതയുണ്ടെന്നും ദൈവപുത്രനായ യേശു ലാസറിന്റെ ഉയർപ്പിലൂടെ ഒരു സൂചന തരികയാണ്. "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയുമില്ല" (യോഹ. 11,25) എന്ന മരണത്തിനു ശേഷമുള്ള നിത്യജീവിതത്തെക്കുറിച്ചുള്ള യേശുവിന്റെ വചനത്തിന്റെ വലിയ അർത്ഥത്തെ മനസ്സിലാക്കാൻ ലാസറിന്റെ ഈ ലോകജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് സഹായിക്കാനാകുന്നുണ്ട്. ജീവിതത്തിനും മരണത്തിനുമപ്പുറം നമുക്കോരോരുത്തർക്കും നിത്യജീവിതത്തിലേക്ക് ഒരു സാധ്യത തുറന്നു കിടപ്പുണ്ടെന്ന് ഈ സുവിശേഷഭാഗം നമ്മോട് പറയുന്നുണ്ട്.
ദൈവത്തോട് ചേർന്ന് നിൽക്കുന്നവരുടെ വേദനകൾ
ലാസറിന്റെ മരണവും ജീവിതത്തിലേക്കുള്ള തിരികെവരവും വിഷയമാകുന്ന ഈ സുവിശേഷഭാഗം വളരെ മനോഹരമായി പറഞ്ഞുവയ്ക്കുന്ന ഒരു സത്യം, ദൈവത്തോടൊപ്പമായിരിക്കുന്ന മനുഷ്യർക്ക് ഈ ഭൂമിയിലെ നഷ്ടങ്ങളും ദുഃഖങ്ങളും നിസ്സാരമാണെന്നാണ്. തങ്ങളുടെ സഹോദരന്റെ മരണത്തിൽ മർത്തായും മറിയവും ദുഃഖിക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാൽ അവരുടെ ദുഃഖവും വേദനയുമൊക്കെ യേശുവെന്ന ദൈവത്തിന് മുന്നിൽ ഇല്ലാതാകുന്ന ഒരു സംഭവം കൂടിയാണ് ഈ സുവിശേഷഭാഗം. തങ്ങളുടെ സഹോദരന്റെ രോഗാവസ്ഥയിൽ അവർ യേശുവിനെ അറിയിക്കാനായി ആളയക്കുന്നു. എന്നാൽ യേശു താൻ ആയിരുന്നിടത്തുതന്നെ രണ്ടു ദിവസം കൂടി തുടരുകയാണ്. താൻ പ്രവർത്തിക്കാൻ പോകുന്നത് എന്താണെന്ന ബോധ്യം യേശുവിനുണ്ടെങ്കിലും ലാസറിന്റെ സഹോദരിമാർക്ക് അതിനെക്കുറിച്ച് ചെറുതായിപ്പോലും അറിവുണ്ടായിരുന്നില്ല. എങ്കിലും, അവരിൽ ഒന്നുണ്ടായിരുന്നു, യേശുവുമായുള്ള അടുത്ത സ്നേഹബന്ധം. തങ്ങളുടെ സഹോദരന്റെ സംസ്കാരത്തിന് ശേഷം നാലുദിവസങ്ങൾ കഴിഞ്ഞാണ് യേശു വരുന്നതെങ്കിലും, അവർ യേശുവിനോട്, ദൈവത്തോട് പരാതി പറഞ്ഞും നെഞ്ചത്തലത്ത് നിലവിളിച്ചും അകലെ മാറിനിൽക്കുന്നില്ല, "നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു" (യോഹ. 11,21) എന്ന വിശ്വാസത്തിന്റെ ഒരു ഏറ്റുപറച്ചിൽ മാത്രമാണ് അവർക്കുള്ളത്. സഹോദരന്റെ മരണം കൊണ്ടുവരുന്ന വേദനയുടെ മുന്നിലും, യേശുവിനൊപ്പം ആയിരിക്കുന്നതിൽ ആശ്വാസം കണ്ടെത്താൻ ഈ സഹോദരിമാർക്ക് കഴിയുന്നുണ്ട്. ദൈവത്തോട് ചേർന്ന് നിൽക്കുന്ന, ദൈവവിശ്വാസമുള്ള മനുഷ്യരും, ദൈവത്തിൽനിന്ന് അകന്ന്, വിശ്വാസമില്ലാതെ ജീവിക്കുന്ന മനുഷ്യരും തമ്മിലുള്ള വ്യത്യാസം ഇതാണ്. എല്ലാത്തിനെയും, ഏറ്റവും വേദനയുളവാക്കുന്ന സംഭവങ്ങളെപ്പോലും, വിശ്വാസത്തോടെയും പ്രത്യാശയോടെയും അഭിമുഖീകരിക്കാൻ ജീവിതത്തിൽ ദൈവത്തോട് ചേർന്ന് നിൽക്കുന്നവർക്ക് സാധിക്കും.
സ്നേഹത്താൽ ജീവനേകുന്ന ദൈവം
ദൈവപുത്രനായ യേശു മനുഷ്യരോട് ചേർന്നിരുന്ന, സുഗന്ധമുള്ള സ്നേഹം അനുഭവിച്ചറിഞ്ഞ ചുരുക്കം ചിലയിടങ്ങളിൽ ഒന്നാണ് ബഥാനിയാ എന്ന് നമുക്കറിയാം. എന്നാൽ തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നവന്റെ മരണമുളവാക്കുന്ന വേദനയും, വേദനയനുഭവിക്കുമ്പോഴും ദൈവത്തോട് ചേർന്ന് നിൽക്കുന്ന മനുഷ്യരുടെ വിശ്വാസവും, പ്രതീക്ഷകളേറ്റു നിൽക്കുമ്പോഴും ദൈവവചനത്തെ മുറുകെപ്പിടിച്ച് മുന്നോട്ടു പോകുന്ന, അടച്ചുവച്ച സ്വപ്നങ്ങളുടെ കല്ലെടുത്ത് മാറ്റുന്ന, വിശ്വാസമുള്ള മനുഷ്യരുടെ അനുസരണവും തിരിച്ചറിയാൻ യേശുവിന് സാധിക്കുന്ന ഒരു അപൂർവ്വ വേദികൂടിയായി ബഥാനിയാ മാറുന്നുണ്ട്. അവിടെയാണ് നെടുവീർപ്പിടുന്ന, സുഹൃത്തിന്റെ മരണത്തിൽ അസ്വസ്ഥനാകുന്ന, കണ്ണീർ പൊഴിക്കുന്ന ഒരു ദൈവത്തെ നാം കാണുന്നത്. പലപ്പോഴും സാധാരണ മനുഷ്യർ അന്വേഷിക്കുന്നത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന, രോഗങ്ങൾ മാറ്റുന്ന, അനുഗ്രഹങ്ങൾ നൽകുന്ന ഒരു ദൈവത്തെ മാത്രമാണ്. എന്നാൽ നമ്മുടെ വേദനകളിൽ കൂടെ നിൽക്കുന്ന, ചങ്കോട് ചേർത്ത് ആശ്വസിപ്പിക്കുന്ന, കൂടെ കരയുന്ന, യഥാർത്ഥ ദൈവത്തെ നമ്മൾ ഈ സുവിശേഷഭാഗത്ത് കണ്ടുമുട്ടുന്നുണ്ട്. തന്നോട് ചേർന്ന് നിൽക്കുന്ന മനുഷ്യർക്ക് വേദനകൾക്കുമപ്പുറം ഉയിർപ്പിന്റെ സന്തോഷം നൽകുന്ന ദൈവമാണ് യേശു ക്രിസ്തു.
വിശ്വാസജീവിതത്തിലേക്കുള്ള സന്ദേശം
ഉയിർപ്പിന്റെ അനുഭവത്തിലേക്ക് കടന്നുവരണമെങ്കിൽ, യേശുവിനെ സ്നേഹിക്കാനും, അവന്റെ ഹൃദയത്തിൽ ഒരിടം കണ്ടെത്താനും നമുക്കാകണം. നമ്മുടെ വേദനകളും ആത്മാവിന്റെ രോഗാവസ്ഥകളും, മർത്തായെയും മറിയത്തെയും പോലെ യേശുവിനെ അറിയിക്കാൻ, അവനോടുള്ള ആത്മബദ്ധം തുടർന്ന് കൊണ്ടുപോകാൻ നമുക്ക് സാധിക്കണം. മരണത്തിന്റെ വേദനയിലും, നിരാശയിലേക്ക് പതിക്കാതെ, യേശുവിനരികിൽ ചേർന്ന് നിൽക്കാൻ സാധിക്കണം. ജീവിതത്തിൽ മരണത്തിന്റെയത്ര വേദന സമ്മാനിച്ച അനുഭവങ്ങളെ ഉത്ഥിതനായ ക്രിസ്തുവിന് മുന്നിൽ കല്ലുമാറ്റി തുറന്നു കാട്ടാൻ നാം തയ്യാറാകണം. റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ എട്ടാം അധ്യായം ആദ്യഭാഗത്ത് വിശുദ്ധ പൗലോസ് ദൈവത്തോടൊപ്പം ആത്മാവിലുള്ള ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. "ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നെകിൽ നിങ്ങൾ ജഡികാരല്ല. ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളതല്ല" (റോമാ 8,9) എന്നാണ് പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ദൈവത്തിന്റെ ആത്മാവ് നമ്മിൽ വസിക്കുന്നുണ്ടെങ്കിൽ, ജീവനുള്ള മനുഷ്യരായിരിക്കാൻ നമുക്ക് സാധിക്കും. യേശുവിന്റെ ഉയിർപ്പിന്റെ അനുഭവം സ്വന്തമാക്കാൻ, ആത്മാവിനാൽ ജീവൻ നേടാൻ നമുക്കും ക്രിസ്തുവിനോട് ചേർന്ന് നടക്കാൻ, ദൈവാത്മാവിനെ സ്വന്തമാക്കാൻ പരിശ്രമിക്കാം.
“ലാസറേ പുറത്തുവരിക” എന്ന് ഇന്നും യേശു വിളിച്ചു പറയുന്നുണ്ട്. അവിശ്വാസത്തിന്റെ, നിരാശയുടെ, വേദനകളുടെ, ഹൃദയാഭിലാഷങ്ങൾ അടക്കം ചെയ്യപ്പെട്ട കല്ലറകളുടെ ഒക്കെ മുന്നിൽ യേശു ജീവന്റെ അനുഗ്രഹമേകാൻ, ഉയിർപ്പിന്റെ സന്തോഷമേകാൻ നമ്മെയും വിളിക്കുന്നുണ്ട്. മർത്തായെയും മറിയത്തെയും ലാസറിനെയും പോലെ, നമ്മുടെ ജീവിത്തത്തിലും ദൈവത്തിന് മുന്നിൽ നമ്മുടെ സ്നേഹത്തിന്റെ സുഗന്ധതൈലം പകരാൻ, അവന്റെ നെഞ്ചോട് ചേർന്നിരുന്ന്, ദൈവസ്നേഹം നുകരാൻ, യേശുവിന്റെ മരണ, ഉത്ഥാനങ്ങളുടെ കൃപയാൽ നിത്യജീവൻ അവകാശമാക്കാൻ നമുക്കും പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കാട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: