കുടിയേറ്റക്കാരുടെ ശാക്തീകരണത്തിനൊരുങ്ങി ഇന്ത്യൻ മെത്രാൻ സംഘം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററി, അന്താരാഷ്ട്ര കത്തോലിക്കാ കുടിയേറ്റത്തിനായുള്ള ജെനീവയിലുള്ള കമ്മീഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ ബംഗളൂരുവിലെ പാലന പാസ്റ്ററൽ സെന്ററിൽ ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഒരുക്കിയ സമ്മേളനത്തിൽ, പ്രാദേശിക തലങ്ങളിൽ കുടിയേറ്റക്കാരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കാനും, പൊതുസമൂഹവുമായി ഇണങ്ങിച്ചേരുവാൻ സഹായിക്കാനുമുള്ള പരിശ്രമങ്ങൾ നടത്തുവാൻ തീരുമാനമായി.
ഇന്ത്യക്കുള്ളിലുള്ള കുടിയേറ്റക്കാർ വിവിധ മേഖലകളിൽ ചൂഷണം ചെയ്യപ്പെടുകയും, പ്രാദേശികസഭാഘടകങ്ങളിൽ അവർക്ക് വേണ്ടത്ര പ്രാധാന്യം നൽകപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിലേക്കായി പദ്ധതികൾ തയ്യാറാക്കാൻ ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തത്.
സമ്മേളനത്തിൽ വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയെ പ്രതിനിധാനം ചെയ്‌ത് സംസാരിച്ച മോൺസിഞ്ഞോർ ഫാബിയോ ബിയാജിയോ സിനഡാലിറ്റിയെ സംബന്ധിച്ച് ഫ്രാൻസിസ് പാപ്പായ്ക്കുള്ള പ്രതീക്ഷകളെ സംബന്ധിച്ച് സംസാരിച്ചു. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ ആളുകളിലേക്ക് എത്തിച്ചേരുവാനുള്ള സഭയുടെ പരിശ്രമങ്ങളെക്കുറിച്ച് പാപ്പായ്ക്കുള്ള പ്രത്യേക താല്പര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഇന്ത്യയിലെ പതിനാല് റീജിയനുകളിലെ എല്ലാ രൂപതകളിലും കുടിയേറ്റക്കാർക്ക് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക വിഭാഗങ്ങൾ തുടങ്ങുവാൻ തീരുമാനിച്ചു. മനുഷ്യക്കടത്ത്, അടിമത്തം തുടങ്ങിയ തിന്മകളുടെ മുന്നിൽ കുടിയേറ്റക്കാരുടെ ശാക്തീകരണത്തിനായി ശ്രമങ്ങൾ നടത്താനാണ് സഭ തീരുമാനിച്ചിരിക്കുന്നത്.
പ്രാദേശികസഭകളിൽ കുടിയേറ്റക്കാർക്ക് അവരുടെ വർണ്ണ വർഗ്ഗഭേദമന്യേയും വിവേചനമില്ലാതെയും പങ്കെടുക്കാൻ സാധിക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര കത്തോലിക്കാ കുടിയേറ്റകാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റ് ക്രിസ്റ്റീൻ നാഥാൻ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: