മെത്രാന്മാർ നിക്കാരഗ്വൻ സഭയിലെ പീഡനത്തെ അപലപിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
നിക്കാരഗ്വയിൽ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ വഷളാവുകയും രാഷ്ട്രതലവൻ ദാനിയേൽ ഒർതെഗായുടെ ഭരണത്തെ എതിർക്കുന്ന 222 പേരെ നാടുകടത്തുകയും അവിടത്തെ മെത്രാനായ രോളാണ്ടോ അൽവാരസിന് 26 കൊല്ലത്തിലധികം തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തതിനെതിരെ ലോകത്തിലെ വിവിധ മെത്രാൻ സമിതികൾ പ്രതികരിക്കുകയും, അവരുടെ ആകുലതകളും, അവിടത്തെ രാജ്യത്തെ പൗരന്മാരോടും കത്തോലിക്കാ സഭയോടുമുള്ള ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും ചെയ്തു.
ചെലാമിന്റെ (CELAM Latin American Bishops Council) പ്രതികരണം
ശനിയാഴ്ച പുറത്തിറക്കിയ ഒരു സന്ദേശത്തിൽ ചെലാമിന്റെ അദ്ധ്യക്ഷൻ മിഗ്വേൽ കബ്രേയോസ് മെത്രാപ്പോലീത്ത കത്തോലിക്കാ വിശ്വാസികളുടെ അവകാശങ്ങൾ ക്ഷയിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകുകയും ദൈവജനത്തോടും അവരുടെ ഇടയന്മാരോടും ഐക്യദാർഢ്യവും സാമിപ്യവും പ്രാർത്ഥനകളും അറിയിക്കുകയും ചെയ്തു.
"വിശ്വാസത്തിൽ നാമെല്ലാം സുവിശേഷത്തിലെ വാക്കുകളാൽ ആശ്വസിക്കപ്പെടുന്നു: "പീഡിപ്പിക്കപ്പെടുന്നവർ അനുഗ്രഹീതരാവുന്നു കാരണം അവർ ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച് ജീവിക്കുന്നു, സ്വർഗ്ഗരാജ്യം അവർക്കുള്ള താണ്," എന്ന് ത്രുയിള്ളോയിലെ മെത്രാപ്പൊലീത്തയും പെറുവിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ കബ്രേയോസ് എഴുതി.
അതോടൊപ്പം മദ്ധ്യ അമേരിക്കൻ - മെക്സിക്കോ പ്രാദേശിക അസംബ്ളിയുടെ ഭൂഖണ്ഡതല സിനഡൽ പ്രക്രിയയുടെ ഭാഗമായി വി. ഓസ്കാർ അർനുൾഫോ റൊമേരോയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചുള്ള സാൻ സാൽവദോർ കത്തീഡ്രലിൽ നിക്കാരഗ്വൻ സഭയുടെ നിയോഗങ്ങൾക്കായി ഒരു ദിവ്യബലി യുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു
അന്യായവും, ഏകപക്ഷീയവും, നിരാനുപാതികവുമായ പീഡനം
റൊളാൺഡോ അൽവാരെസ് മെത്രാനെതിരെ നിക്കാരഗ്വൻ കോടതി പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ചിലിയിലെ മെത്രാൻമാരും പ്രതിഷേധിച്ചു. "ദേശീയ അഖണ്ഡത തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും വിവര സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിക്കാരഗ്വൻ ഭരണകൂടത്തിനും സമൂഹത്തിനും ഹാനീകരമായ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു " എന്നുമാരോപിച്ചാണ് മതഗൽപ്പയിലെ മെത്രാനും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ റൊളാണ്ടോ അൽവാരസിനെ കോടതി ശിക്ഷിച്ചത്.
ഈ പ്രക്രിയയെ "അന്യായവും ഏകപക്ഷീയവും ആനുപാതികമല്ലാത്തതും" എന്നു വിളിച്ചു കൊണ്ട് ചിലിയിലെ മെത്രാന്മാർ "അൽവാരെസ് മെത്രാൻ അനുഭവിക്കുന്ന മാനുഷിക അവകാശ ലംഘനവും, വ്യക്തിയുടെ അന്തസ്സും മതസ്വാതന്ത്ര്യവും നിഷേധിക്കുന്ന സാഹചര്യവും തങ്ങൾ അപലപിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു, " വെന്ന് ചിലിയിലെ മെത്രാന്മാർ പറഞ്ഞു. നിക്കാരഗ്വയിലെ പ്രസിഡണ്ട് ദാനിയേൽ ഒർതേഗയെ വിമർശിച്ച 222 പൗരന്മാരെ അവരുടെ പൗരത്വവും സകല പൗരാവകാശങ്ങളും നീക്കിയ ശേഷം രാജ്യത്തിൽ നിന്നും അമേരിക്കയിലേക്ക് നാടുകടത്തിയതിനേയും ചിലിയിലെ മെത്രാൻ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ അപലപിച്ചു. തന്നെ നാടുകടത്തുന്ന വിമാനത്തിൽ കയറാൻ വിസമ്മതിച്ച് ജന്മനാട്ടിൽ തന്നെ കഴിയാൻ തീരുമാനിച്ച ബിഷപ്പ് അൽവാരെസ് ത്വരിത വിചാരണ നേരിടുകയും കഴിഞ്ഞ ഫെബ്രുവരി 10 ന് വിധിക്കപ്പെടുകയും മോദെല്ലോ ജയിലിലടക്കപ്പെടുകയുമായിരുന്നു.
രാഷ്ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ട് സ്പാനിഷ് മെത്രാന്മാർ
തങ്ങളുടെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് സ്പാനിഷ് മെത്രാന്മാർ രാഷ്ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ടത്. "നിക്കാരഗ്വയിലെ ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന അവിടത്തെ മെത്രാൻ സമിതിയിലെ മെത്രാന്മാരെക്കുറിച്ചുള്ള തങ്ങളുടെ ദു:ഖവും ആശങ്കയും " അവർ പ്രസ്താവനയിൽ രേഖപ്പെടുത്തി.
എല്ലാ കത്തോലിക്കരോടും നന്മനസ്സുള്ള എല്ലാ മനുഷ്യരോടും ഈ സംഘർഷത്തിന്റെ സമാധാനപൂർവ്വമായ പരിഹാരത്തിനായി പ്രാർത്ഥിക്കാനും തർക്കമില്ലാത്ത നീതിയിൽ അധിഷ്ഠിതമായ സമാധാനത്തിനായി സജീവമായ പ്രതിബദ്ധത പുലർത്താനും സ്പാനിഷ് കത്തോലിക്കാ മെത്രാന്മാർ അഭ്യർത്ഥിച്ചു. ജനങ്ങളുടെ സ്വരം ശ്രവിക്കാനും രാഷ്ട്രീയ കാരണങ്ങളാൽ ഇനിയും തടവിൽ കഴിയുന്നവരെ മോചിപ്പിക്കാനും പൗരധികാരികളോടു അവർ ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: