തിരയുക

നിക്കരാഗ്വയിൽ തടവുശിക്ഷ വിധിക്കപ്പെട്ട മത്തഗാൽപ രൂപതയുടെ മെത്രാൻ റൊളാന്തൊ ഹൊസേ ആൽവരെസ് ലാഗോസ് നിക്കരാഗ്വയിൽ തടവുശിക്ഷ വിധിക്കപ്പെട്ട മത്തഗാൽപ രൂപതയുടെ മെത്രാൻ റൊളാന്തൊ ഹൊസേ ആൽവരെസ് ലാഗോസ്   (AFP or licensors)

നിക്കരാഗ്വയിൽ ഒരു മെത്രാന് തടവു ശിക്ഷ, സർക്കാരിൻറെ പ്രതികാര നടപടി!

നിക്കരാഗ്വയിൽ മെത്രാൻ റൊളാന്തൊ ഹൊസേ ആൽവരെസ് ലാഗോസിന് വിസ്താരത്തിനു മുമ്പേ തടവു ശിക്ഷവിധിച്ച് കോടതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഒരു മെത്രാന് 26 വർഷം തടവുശിക്ഷ വിധിച്ചു.

അന്നാട്ടിലെ മത്തഗാൽപ രൂപതയുടെ മെത്രാനായ റൊളാന്തൊ ഹൊസേ ആൽവരെസ് ലാഗോസിനാണ് ഈ തടവു ശക്ഷ ലഭിച്ചിരിക്കുന്നത്. സർക്കാർ വിമതരോ സർക്കാരിനെ വിമർശിക്കുന്നവരോ ആണെന്ന ആരോപണത്തിന്മേൽ അമേരിക്കയിലേക്ക് ഉടൻ നാടുവിട്ടുപോകണമെന്ന  ഉത്തരവ് ലഭിച്ച വൈദികരും വൈദികാർത്ഥികളും മറ്റുള്ളവരുമുൾപ്പടെ 222 പേർക്കൊപ്പം വിമാനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്നാണ്   56 വയസ്സുകാരനായ മെത്രാൻ ആൽവരസിന് നിക്കരാഗ്വയുടെ കോടതി തടവുശിക്ഷ വിധിച്ചത്.

നാടിൻറെ അഖണ്ഡത തകർക്കാൻ ഗൂഢാലോചന നടത്തി, നിക്കരാഗ്വ നാടിനും സമൂഹത്തിനും എതിരെ സാങ്കേതിക വിവരവിനിമയോപാധികളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. വിസ്താരം കൂടാതെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ മാസം 15-നാണ് വിസ്താരം തുടങ്ങേണ്ടിയിരുന്നത്.

ഗ്രനാദ രൂപതക്കാരായ മനുവേൽ ഗർസീയ, ഹൊസേ ഉർബീന എന്നീ രണ്ടു വൈദികരും തടങ്കലിലുണ്ട്. ഗൂഢാലോചനാക്കുറ്റാരോപിതരായി നാടുകടത്തപ്പെട്ട 5 വൈദികരും ഒരു ശെമ്മാശനും രണ്ടു വൈദികാർത്ഥികളും അമേരിക്കൻ ഐക്യനാടുകളിലെത്തി.

രണ്ടാം വട്ടം നിക്കരാഗ്വയുടെ പ്രസിഡൻറായി 2007-ൽ ദാനിയേൽ ഒർത്തേഗ അധികാരത്തിലേറിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു മെത്രാൻ തടവിലക്കാപ്പെടുന്നത്. 2022 ആഗസ്റ്റ് 19-ന് മെത്രാൻ ആൽവരെസിനെയും ഏതാനും വൈദികരെയും സെമിനാരിക്കാരെയും പൊലീസ് അരമനയിൽ തടവിലാക്കുകയും പിന്നീട് 15 ദിവസങ്ങൾക്കു ശേഷം മെത്രാനെ വീട്ടുതടങ്കലിൽ ആക്കുകയുമായിരുന്നു. ഇപ്പോൾ, നാടുവിടണമെന്ന ഉത്തരവ് നിരസിച്ചതിനെ തുടർന്നുണ്ടായ കോടതി വിധിക്കു ശേഷം, അദ്ദേഹം കനത്ത സുരക്ഷാക്രമീകരണങ്ങളുള്ള കാരാഗൃഹത്തിലാണ്.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഫെബ്രുവരി 2023, 11:47