ലോസ് ആഞ്ചലസ് സഹായമെത്രാൻ ഒ' കോണെൽ വെടിയേറ്റു മരിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ùശനിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഒരു മണിക്കാണ് ലോസ് ആഞ്ചലസിലെ സഹായമെത്രാനായിരുന്ന ഡേവിഡ് ഓ' കോണലിനെ ഹാസിയെൻഡാ ഹൈറ്റ്സിന്റെ പ്രാന്തപ്രദേശത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിച്ചിരുന്നതായി ലോസ് ആഞ്ചലസ് ടൈംസ് റിപ്പോർട്ടു ചെയ്തു.
തോക്കുകൊണ്ടുള്ള കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവാവ് നിരീക്ഷണത്തിലാണെന്ന് ബിഷപ്പ് ഓ'കോണലിന്റെ പേര് പറയാതെ ലോസ് ആഞ്ചലസ് ഷെരീഫ് ഡിപ്പാർട്ട്മെന്റ് പ്രസ്താവന ഇറക്കി. ഏതെങ്കിലും ഒരാളെ സംശയിക്കുന്നതായോ കൊലപാതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ദരിദ്രർക്കും കുടിയേറ്റക്കാർക്കുമായി സ്പന്ദിച്ച ഹൃദയം
ലോസ് ആഞ്ചലസ് മെത്രാപോലീത്ത ഹൊസെ ഗോമസ് "സഹായ മെത്രാനായിരുന്ന ഡേവിസ് ഓ' കോണലിന്റെ ആകസ്മിക വിയോഗത്തിൽ തന്റെ "ഞെട്ടലും സങ്കടവും രേഖപ്പെടുത്തി ശനിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ, " ദരിദ്രർക്കും കുടിയേറ്റക്കാർക്കും വേണ്ടി ഹൃദയം പേറിയ ഒരു സമാധാന നിർമ്മാതാവും ഓരോ മനുഷ്യ ജീവന്റെയും പവിത്രതയും അന്തസ്സും ബഹുമാനിക്കുകയും കാത്തു പരിപാലിക്കുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള അഭിനിവേശമുണ്ടായിരുന്ന " വ്യക്തിയായിരുന്നു ഓ' കോണൽ എന്നും രേഖപ്പെടുത്തി. നല്ല സുഹൃത്തായിരുന്ന അദ്ദേഹത്തെ തനിക്കു വളരെയധികം നഷ്ടമാകും, അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദീകനായും പിന്നീട് മെത്രാനായും ലോസ് ആഞ്ചലസിൽ 45 വർഷം സേവനം ചെയ്ത 69 കാരനായ ഓ’കോണൽ പരിശുദ്ധ കന്യകയോടു വളരെ സ്നേഹമുള്ള ആഴമായ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. മരണമടഞ്ഞ മെത്രാനും അയർലണ്ടിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അവശ്യപ്പെട്ട ഹൊസെ ഗോമസ് മെത്രാപോലീത്ത ഗ്വദലൂപ്പെ മാതാവ് അദ്ദേഹത്തെ തന്റെ സ്നേഹത്തിന്റെ മേലങ്കിയാൽ പൊതിയുകയും, മാലാഖമാർ സ്വർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ എന്നും അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തിൽ വിശ്രമിക്കട്ടെ എന്നും ആശംസിച്ചു.
അയർലന്റ് വൈദികൻ അമേരിക്കൻ രൂപതയിൽ
അയർലന്റിലെ കോർക്കിൽ 1953 ആഗസ്റ്റ് 16ന് ജനിച്ച ഓ' കോണൽ ഡബ്ലിനിലെ ഓൾ ഹാല്ലോവ്സ് കോളേജിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്. 1979 ജൂൺ 10ന് ലോസ് ആഞ്ചലസ് അതിരൂപതയ്ക്കായി വൈദീക പട്ടം സ്വീകരിച്ചു. 2015 ജൂൺ 21 ന് ഫ്രാൻസിസ് പാപ്പായാണ് അദ്ദേഹത്തെ ലോസ് ആഞ്ചലസിലെ സഹായമെത്രനായി നിയമിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: