പ്രലോഭനങ്ങൾക്കുമുന്നിൽ സ്ഥൈര്യത്തിനും വിശ്വസ്തതയ്ക്കും ആഹ്വാനവുമായി വലിയനോമ്പ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കത്തോലിക്കാസഭാവിശ്വാസികൾ കുരിശുവരത്തിരുനാളിലൂടെ ഉപവാസത്തിന്റെയും നോമ്പിന്റെയും ദിനങ്ങളിലേക്ക് ഈ ദിവസങ്ങളിൽ പ്രവേശിക്കുകയാണ്. മാർത്തോമ്മാ ക്രിസ്ത്യാനികൾ തിങ്കളാഴ്ചയും ലത്തീൻ സഭാപാരമ്പര്യത്തിൽ ബുധനാഴ്ചയുമാണ് അനുതാപത്തിന്റെ ദിനങ്ങളിലേക്ക് നാം പ്രവേശിക്കുന്നതിനെ സൂചിപ്പിക്കുന്ന കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. തലയിൽ ചാരം പൂശി, മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട നാം മണ്ണിലേക്ക് തിരികെ ചേരാനുള്ളവരാണെന്ന ഓർമ്മയുണർത്തുന്ന ഒരു ദിനം. പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാനായി ഭൂമിയിൽ മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിലൂടെ മാനവരക്ഷയ്ക്കായി പൂർത്തിയാക്കപ്പെടേണ്ട പീഡാനുഭവങ്ങളെയും, നമ്മുടെ പാപ പരിഹാരബലിയായി കുരിശിൽ അർപ്പിക്കപ്പെട്ട അവന്റെ ജീവിതത്തെയും, മർത്യരായ നമുക്ക് അമർത്യതയുടെ സാധ്യത തുറന്ന ഉത്ഥാനത്തെയും പ്രത്യേകമായി ഓർക്കുന്ന ഒരു സമയമാണിത്. മണ്ണിൽനിന്ന് സൃഷ്ടിക്കപ്പെട്ട നമുക്ക് വിണ്ണിലേക്ക്, സ്വർഗ്ഗത്തിലേക്ക് ഒരു പ്രവേശനസാധ്യത തുറന്നുകിടപ്പുണ്ടെന്ന ഓർമ്മയുണർത്തുന്ന ദിവസങ്ങളാണിവ. ഈശോയുടെ പെസഹാ രഹസ്യങ്ങളോട് ചേർന്നു ജീവിക്കാനും, അനുരഞ്ജനത്തിന്റെ പാതയിലൂടെ ചരിച്ച്, കൂടുതൽ ക്രൈസ്തവമായ ഒരു ജീവിതത്തിലേക്ക്, ദൈവപിതാവിന്റെ ഹിതമറിഞ്ഞ്, തന്റെ നിയോഗം പൂർണ്ണമായി ജീവിച്ച യേശുവിനെപ്പോലെ ദൈവത്തിന് സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിലൂടെ സ്വർഗ്ഗത്തെ സ്വന്തമാക്കാനുമുള്ള സാധ്യതയുടെ ദിനങ്ങളാണ് നാം ഈ നോമ്പുകാലത്തിൽ കാണേണ്ടത്. പാപത്തിന് മരിച്ച് നിത്യജീവിതം അവകാശമാക്കാനുള്ള അനുഗ്രഹീതമായ ദിനങ്ങൾ.
ജ്ഞാനസ്നാനവും പരീക്ഷണങ്ങളുടെ മരുഭൂമിയും
ജോർദാനിൽ വച്ച് യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ച യേശുവിൻറെമേൽ ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരുന്നതും "ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന ദൈവപിതാവിന്റെ സ്വരം കേട്ടതും വിശുദ്ധ മത്തായി മൂന്നാം അധ്യായം പതിനാറും പതിനേഴും വാക്യങ്ങളിലായി എഴുതി വയ്ക്കുന്നുണ്ട്. തുടർന്ന് മരുഭൂമിയിൽ പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിക്കുന്നതും, അവിടെ പ്രലോഭനങ്ങളെ അതിജീവിച്ച്, പിതാവ് തനിക്കേൽപ്പിച്ച ദൗത്യം ആരംഭിക്കാനായി യേശു മരുഭൂമിയിൽനിന്ന് തിരികെ പോരുന്നതുവരെയുള്ള സംഭവങ്ങളാണ് മത്തായിയുടെ സുവിശേഷം നാലാം അധ്യായത്തിന്റെ ആദ്യ പതിനൊന്ന് തിരുവചനങ്ങളിൽ നാം കാണുന്നത്.
പിതൃഹിതം നിറവേറ്റുന്ന ദൈവപുത്രൻ
യോഹന്നാനിൽനിന്നുള്ള ജ്ഞാനസ്നാനവേളയിൽ ദൈവപുത്രനെന്ന് സ്വർഗ്ഗം വിശേഷിപ്പിച്ച യേശു മരുഭൂമിയിൽ കടന്നുപോകുന്നത് മൂന്ന് പ്രലോഭനങ്ങളിലൂടെയാണ്. പിതാവിനോടുള്ള അനുസരണമാണ് യഥാർത്ഥ പുത്രത്വത്തിന്റെ സ്വഭാവം. ദൈവവചനത്തെ തന്റേതായ രീതിയിൽ ഉപയോഗിച്ച് ദൈവവപുത്രനെ പിതാവായ ദൈവത്തിനെതിരെ നിറുത്താനാണ് സാത്താൻ മൂന്ന് വട്ടം പരിശ്രമിക്കുന്നത്. ഈ മൂന്ന് അവസരങ്ങളിലും ദൈവവചനം ശരിയായ രീതിയിൽ വ്യാഖ്യാനിച്ചുപയോഗിച്ചുകൊണ്ടാണ് യേശു പിശാചിന്റെ വായടപ്പിക്കുന്നത്. കല്ലുകളെ അപ്പമാക്കാനുള്ള ആവശ്യത്തോട് നിയമാവർത്തന പുസ്തകം എട്ടാം അധ്യായം മൂന്നാം വാക്യം കൊണ്ട് യേശു ഉത്തരം നൽകുന്നു. “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു” (നിയമ: 8, 3; മത്തായി 4, 4). ഇസ്രായേൽജനം മരുഭൂമിയിൽ കഴിഞ്ഞ നാൽപതു സംവത്സരങ്ങളിലെ ദൈവികപരിപാലന പ്രതിപാദിച്ചുകൊണ്ടാണ് യേശു മറുപടി പറയുക. നാൽപതു വർഷങ്ങൾ അവർ മരുഭൂമിയിൽ കഴിയേണ്ടിവന്നതിന് കാരണമായി വിശുദ്ധഗ്രന്ഥം പറയുക കർത്താവിന്റെ കല്പനകൾ അവർ അനുസരിക്കുമോയെന്ന് അറിയുവാൻ വേണ്ടിയും അവരുടെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻവേണ്ടിയുമുള്ള സമയമായിരുന്നു അതെന്നാണ്. വിശന്നുവലഞ്ഞ അവർക്ക് മന്നാ നൽകിയത് കർത്താവാണ്. യേശുവിന്റെ ജീവിതത്തിലാകട്ടെ മരുഭൂമിയിലെ നാൽപതു നാളുകൾ, പിതാവിന്റെ ഹിതം കൂടുതൽ തീക്ഷണതയോടെ ഹൃദയത്തോട് ചേർത്തുവയ്ക്കാനുള്ള ദിനങ്ങളായിരുന്നു.
ദേവാലയത്തിന്റെ അഗ്രത്തിൽനിന്നു താഴേക്ക് ചാടുവാൻ ആവശ്യപ്പെടുന്ന പിശാചിനോടുള്ള യേശുവിന്റെ മറുപടി, "നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്" എന്നതാണ്. നിയമവാർത്തനാപുസ്തകത്തിന്റെ ആറാം അധ്യായം പതിനാറാം വാക്യത്തിൽ, വചനം ഓർമ്മിപ്പിക്കുന്ന ഒരു കല്പനയാണിത്. " മാസായിൽവച്ച് നിങ്ങൾ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്" (നിയമ: 6, 16; മത്തായി 4, 7) വാഗ്ദാനത്തിന്റെ നാട്ടിലേക്ക് തങ്ങളെ എത്തിച്ച, എല്ലാ അനുഗ്രഹങ്ങളും നൽകിയ ദൈവമാണ് അവനെന്ന ഓർമ്മ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കാൻ വചനം ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.
വളരെ സൂക്ഷ്മമായി, നിഷ്കളങ്കമെന്ന് തോന്നുന്ന രീതിയിൽ ശ്രദ്ധയോടെയാണ് പിശാച് ഈശോയെ ആദ്യ രണ്ടു പ്രലോഭനങ്ങളിലും പരീക്ഷിക്കുന്നത്. എന്നാൽ മൂന്നാമത്തെ പ്രലോഭനത്തിൽ, പിതാവായ ദൈവത്തിനെതിരെ തുറന്ന ഒരു നിഷേധാത്മകസ്വഭാവത്തിന്, തള്ളിപ്പറയലിനാണ് പിശാച് യേശുവിനെ ക്ഷണിക്കുക. നീ സാഷ്ടംഗം പ്രണമിച്ച് എന്നെ ആരാധിക്കുക. എന്നാൽ ഇവിടെയും, മുൻപ് നാം കണ്ടതുപോലെ തിരുവചനം ഉദ്ധരിച്ചുകൊണ്ടാണ് യേശു മറുപടി നൽകുന്നത്. നിയമവാർത്തനാപുസ്തകം ആറാം അധ്യായം പതിമൂന്നാം വാക്യമാണ് യേശു മറുപടിയായി നൽകുക.: "നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു" (നിയമ: 6, 13) പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച യേശുവിനെ “പിശാച് വിട്ടുപോയി, ദൈവദൂതന്മാർ അടുത്ത വന്ന് അവനെ ശുശ്രൂഷിച്ചു” എന്ന് വിശുദ്ധ മത്തായി നാലാം അധ്യായം പതിനൊന്നാം വാക്യത്തിൽ എഴുതിവയ്ക്കുന്നു.
യഥാർത്ഥ ഇസ്രയേലും ദൈവപുത്രനും
പഴയനിയമജനത ദൈവകല്പനകളോടുള്ള അനുസരണക്കേടിന്റെയും അന്യദേവാരാധനയുടെയും ഫലമായി ശിക്ഷിക്കപ്പെടുമ്പോൾ, പുതിയനിയമത്തിന്റ തുടക്കമായ യേശുവിതാ യഥാർത്ഥ ഇസ്രായേലായി, യഥാർത്ഥ ദൈവമകനായി ജീവിക്കുവാൻ വേണ്ട നിബന്ധനകൾ എന്തൊക്കെയെന്നും, അവ എപ്രകാരമാണ് ജീവിച്ചു കാണിക്കേണ്ടതെന്നും മരുഭൂമിയിലെ പ്രലോഭനങ്ങളുടെ മുന്നിലെ തന്റെ മനോഭാവത്തിലൂടെ കാണിച്ചു തരുന്നു. പഴയനിയമത്തിന്റെ ആരംഭത്തിൽ, ഉല്പത്തിപ്പുസ്തകത്തിൽ പ്രലോഭകനായ പിശാചിനെ നാം കാണുന്നുണ്ട്. സൃഷ്ടാവായ ദൈവത്തിന്റെ കൽപ്പനകൾ ധിക്കരിക്കാൻ, ദൈവത്തെപ്പോലെയാകാൻ സൃഷ്ടിയായ മനുഷ്യനെ പ്രലോഭിപ്പിക്കുന്ന സാത്താൻ ഹവ്വയേയും ആദത്തെയും തന്റെ കെണിയിൽ പെടുത്തുമ്പോൾ, ഇതാ യഥാർത്ഥ പുത്രൻ, പിതാവിന്റെ ഹിതത്തിനപ്പുറം തനിക്ക് ഒന്നുമില്ലെന്ന് സാക്ഷ്യം നൽകുന്നു.
ക്രൈസ്തവജീവിതത്തിൽ വലിയനോമ്പ്
വലിയ നോമ്പിന്റെ ദിനങ്ങൾ, യേശുവിനെപ്പോലെ ദൈവഹിതം സ്വന്തം ഹിതമാക്കി മാറ്റി ജീവിക്കുവാനുള്ള വിളിയുടെ ദിനങ്ങളാണ്. ദൈവത്തെക്കാൾ വലിയ സൃഷ്ടാവാകാൻ, എന്തിന് സൃഷ്ടാവായ ദൈവത്തെ തള്ളിപ്പറയാൻ പ്രലോഭിപ്പിക്കുന്ന തിന്മയുടെ ശക്തിയോട് ദൈവത്തിന്റെ ഏക കർത്തൃത്വം ഏറ്റുപറയാൻ നമുക്കാകണം. തിരഞ്ഞെടുക്കപ്പെട്ട ജനം, എപ്രകാരം ദൈവത്തിനെതിരെ പ്രകോപനപരമായി പെരുമാറിയോ, എപ്രകാരം അവർ അവന്റെ നന്മയെയും രക്ഷിക്കാനുള്ള കഴിവിനെയും സംശയിക്കുകയും പരീക്ഷിക്കുകയും ചെയ്തുവോ, അതുപോലെ, നമ്മുടെ ദൈവമായ കർത്താവിനെ ചോദ്യം ചെയ്യുന്ന സ്വഭാവവും പ്രവർത്തന രീതികളും നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ, അവയെ ദൈവത്തിന് മുന്നിൽ അടിയറവു വയ്ക്കാനും, നമ്മുടെ അഹത്തെ ദൈവത്തിന് മുന്നിൽ സമർപ്പിക്കാനും, നമ്മുടെ യഥാർത്ഥ അഭയവും ശരണവും ദൈവത്തിൽ കണ്ടെത്താനും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ഈ നോമ്പുദിനങ്ങൾ നമ്മെ സഹായിക്കട്ടെ. നമ്മുടെ മനസ്സുകളിലെ ഈ ലോകത്തിന്റേതായ വിഗ്രഹങ്ങളെ മാറ്റി, ഏകദൈവമായ കർത്താവിൽ ജീവിതം സമർപ്പിച്ച്, അവനിൽ മാത്രം നമ്മുടെ രക്ഷ കണ്ടെത്താൻ നമുക്ക് പരിശ്രമിക്കാം.
എഫേസോസ്‌കാരെ വിശുദ്ധ പൗലോസ് തന്റെ ലേഖനത്തിന്റെ നാലാം അധ്യായം പതിനേഴു മുതലുള്ള വാക്യങ്ങളിൽ ഉദ്ബോധിപ്പിക്കുന്നതുപോലെ, വ്യർത്ഥചിന്തകളും, ഹൃദയകാഠിന്യവും വെടിഞ്ഞ് അശുദ്ധികളിൽനിന്ന് വിമുക്തരായി, ക്രിസ്തു പഠിപ്പിക്കുന്ന സത്യത്തിന്റെ മാർഗ്ഗത്തിൽ, യഥാർത്ഥ വിശുദ്ധിയിലും, നീതിയിലും ജീവിക്കുന്ന പുതിയ മനുഷ്യരായി മാറുവാൻ വേണ്ടി ഈ നോമ്പുകാലദിനങ്ങൾ ശ്രദ്ധയോടെ, ഉറച്ച ബോധ്യങ്ങളോടെ നമുക്ക് ജീവിക്കാം. ദൈവത്തോട് ഉപ-വസിക്കുവാൻ, പൂർണ്ണമായി ദൈവഹിതത്തിനു നമ്മെത്തന്നെ വിട്ടുകൊടുക്കുവാൻ പരിശുദ്ധ അമ്മയുടെ മാതൃകയും മാധ്യസ്ഥ്യവും നമുക്ക് തുണയാകട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: