തിരയുക

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ  (AFP or licensors)

മതപീഡനങ്ങൾക്കും അക്രമണങ്ങൾക്കുമെതിരെ ഇന്ത്യൻ ക്രൈസ്തവർ

വിവിധസഭാസമൂഹങ്ങളിൽപ്പെട്ട ആയിരക്കണക്കിന് ക്രൈസ്തവർ തങ്ങൾ നേരിടുന്ന മതപീഡനങ്ങൾക്കും വിദ്വെഷ അക്രമങ്ങൾക്കുമെതിരെ ന്യൂ ഡൽഹിയിൽ പ്രതിഷേധം നടത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവസമൂഹങ്ങൾ രാജ്യത്ത് നേരിടുന്ന അതിക്രമങ്ങളും മതപീഡനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇതിന് തടയിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ സഭകളിലും സമൂഹങ്ങളിലും പെട്ട ക്രൈസ്തവർ ന്യൂ ഡൽഹിയിൽ സമാധാനപൂർണ്ണമായി പ്രാർത്ഥനാ പ്രതിഷേധം നടത്തി. നൂറോളം സഭകളിൽനിന്നും സംഘടനകളിൽനിന്നുമായി ഏതാണ്ട് പതിനയ്യായിരത്തിലധികം ആളുകളാണ് ഫെബ്രുവരി 19 ഞായറാഴ്ച പാർലമെന്റ് മന്ദിരത്തിന് സമീപത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

മതപീഡനങ്ങൾ ക്രൈസ്തവരെ കൂടുതൽ ശക്തരാക്കുകയേയുള്ളൂ എന്നും, ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും നേരെയുള്ള അക്രമങ്ങൾ നിറുത്തുക എന്നും ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ പ്ലക്കാർഡുകളുമായാണ് ആളുകൾ പ്രതിഷേധിച്ചത്.

സംഭവത്തിൽ പങ്കെടുത്ത ഡൽഹി ആർച്ച്ബിഷപ് അനിൽ കൂട്ടോ, ക്രൈസ്തവർക്ക് നേരെയുള്ള വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും, അന്യായമായ അറസ്റ്റുകൾക്കും നേരെ ജുഡീഷ്യൽ, സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം നടന്നതെന്ന് വിശദീകരിച്ചു.

ഉത്തർപ്രദേശിൽ മാത്രം ഏതാണ്ട് 350 ക്രൈസ്തവരാണ്, വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ട് തടവിലടയ്ക്കപ്പെട്ടിട്ടുള്ളതെന്നും, ഛത്തീസ്ഗട്ടിൽ നൂറുകണക്കിന് ഗോത്രവർഗ്ഗക്കാരായ ക്രൈസ്തവർ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് ബലമായി കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും, അഖിലേന്ത്യാ ക്രൈസ്തവസംഘടനയുടെ (All Indian Catholic Union) വക്താവ് ജോൺ ദയാൽ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ വിവിധയിടങ്ങളിൽ ദേവാലയങ്ങളും ആശ്രമങ്ങളും കൊള്ളയടിക്കപ്പെടുകയും, ബൈബിളിന്റെ കോപ്പികൾ കത്തിച്ചുകളയുകയും, സിമിത്തേരികൾ അശുദ്ധമാക്കുകയും, വൈദികരും സന്ന്യാസിനികളും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഐക്യ ക്രൈസ്തവ ഫോറത്തിന്റെ (The United Christian Forum) വക്താക്കൾ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഫെബ്രുവരി 2023, 15:33