തിരയുക

മാനവിക ഇടനാഴികൾ വഴി അഫ്ഗാനിസ്ഥാനിൽനിന്ന് ഇറ്റലിയിലെത്തിയവരിൽ ചിലർ മാനവിക ഇടനാഴികൾ വഴി അഫ്ഗാനിസ്ഥാനിൽനിന്ന് ഇറ്റലിയിലെത്തിയവരിൽ ചിലർ  (ANSA)

97 അഫ്‌ഗാൻ അഭയാർത്ഥികൾ റോമിലെത്തി: കാരിത്താസ് ഇറ്റലി

സുരക്ഷിതമായ പുതിയൊരു ജീവിതം തേടി 97 അഫ്ഗാൻ പൗരന്മാർ കൂടി ഫെബ്രുവരി 23-ന് റോമിലെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മാനവിക ഇടനാഴികൾ വഴി 97 അഫ്‌ഗാൻ അഭയാർത്ഥികൾ പാക്കിസ്ഥാനിലൂടെ ഇറ്റലിയിലെത്തിയതായി, ഇറ്റാലിയൻ കാരിത്താസ് സംഘടന അറിയിച്ചു. 2021 നവംബറിൽ ഇറ്റാലിയൻ ഗവൺമെന്റുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിപ്രകാരം ഫെബ്രുവരി 23-നാണ് ഇവരെ ഇറ്റലിയിലെത്തിച്ചത്. ഇതിനോടകം അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള 1200 പേരെ ഇറ്റലിയിലെ വിവിധ ഇടങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്.

ഇന്നെത്തിയ 97 പേരെയും ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലായി വിന്യസിക്കുമെന്ന് കാരിത്താസ് സംഘടന അറിയിച്ചു. ഇപ്പോഴെത്തിയവരിൽ പലരുടെയും കുടുംബാംഗങ്ങൾ മുൻപുതന്നെ ഇറ്റലിയിലെത്തിയിട്ടുണ്ട്.

യുദ്ധം, ഗൗരവതരമായ മനുഷ്യാവകാശനിഷേധം, തുടങ്ങിയ കാരണങ്ങളാൽ അഭയം തേടിയെത്തുന്ന ആളുകൾക്ക് വേണ്ടി ഉടമ്പടികൾ മൂലം പ്രത്യേകമായി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഇറ്റലിയിലേക്ക് കുറച്ചു നാളുകളായി വിവിധ രാജ്യങ്ങളിൽനിന്ന് അഭയാർത്ഥികളെത്തുന്നത്.

അഭയാർത്ഥികൾക്ക് സ്വാഗതമേകുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച കാരിത്താസ് ഇറ്റലിയുടെ ഡയറക്ടർ  ഫാ. മാർക്കോ പഞ്ഞിയെല്ലോ, മാനുഷിക ഇടനാഴികൾ, അടിയന്തിരാവസ്ഥകളിൽ അഭയാർത്ഥികൾക്ക് അഭയമേകൽ എന്നിവയ്ക്കപ്പുറം, അഭയാർത്ഥികൾക്ക് സ്ഥലമൊരുക്കുന്നതിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുമായാണ് കാരിത്താസ് ശ്രമിച്ചതെന്ന് പറഞ്ഞു. ഇതിനായി ഇറ്റലിയിലെ വിവിധ കുടുംബങ്ങളും ഇടവകകളും സ്ഥാപനങ്ങളും സഹായമേകിയെന്നും അദ്ദേഹം വിശദീകരിച്ചു.

യുദ്ധങ്ങളുടെയും അവയുടെ അനന്തരഫലങ്ങളുടെയും ഇടയിലും, അഫ്ഗാനിസ്ഥാനിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളെ തങ്ങൾ മറന്നിട്ടില്ലെന്ന് സെന്റ് എജിദിയോ സമൂഹത്തിന്റെ പ്രസിഡന്റ് മാർക്കോ ഇമ്പല്ല്യാസ്സോ അറിയിച്ചു. മാനവിക ഇടനാഴികൾ ഉള്ളതുകൊണ്ട്, ഇന്നുമുതൽ കുറച്ചു കുടുംബങ്ങൾക്ക് കൂടി ഇറ്റലിയിൽ കൂടുതൽ സുരക്ഷിതമായ പുതിയൊരു ജീവിതമാണ് ഒരുങ്ങുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നെത്തിയ 97 അഫ്ഗാൻ പൗരന്മാരോടെ, 2021 നവംബറിലെ ഉടമ്പടി പ്രകാരം എത്തിക്കുവാൻ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങൾ അനുവദിച്ച എണ്ണം പൂർത്തിയായെന്നും, എന്നാൽ, അധികാരകേന്ദ്രങ്ങൾ അനുവദിച്ചാൽ, ഇനിയും ആളുകൾക്ക് അഭയമേകാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2023, 16:12