ഭൂകമ്പദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്കാ സഭ!
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
തെക്കുകിഴക്കൻ തുർക്കിയിലും, സിറിയയിലും ഫെബ്രുവരി ആറാം തീയതി ഉണ്ടായ ഭൂചലനത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തവുമായി കത്തോലിക്കാസഭയുടെ ഉപവി പ്രവർത്തനങ്ങളുടെ സംഘടനയായ കാരിത്താസ് രംഗത്തുവന്നു.
ലോകത്തിലെ ഏത് അടിയന്തരസാഹചര്യങ്ങളിലും സഹായവുമായി ആദ്യം കടന്നുവരുന്ന സംഘടനയാണ് കാരിത്താസ്. എല്ലാ രാജ്യങ്ങളിലും ഈ സംഘടന സജീവമാണ്. ഒരു രാജ്യത്തു സംഭവിക്കുന്ന ദുരിതങ്ങളിൽ കൈത്താങ്ങായി മുൻപോട്ടു വരുന്നത് മറ്റു രാജ്യങ്ങളിലെ കാരിത്താസ് സംഘടനയാണ്. തദനുസരണം ഫെബ്രുവരി ആറാം തീയതി തെക്കുകിഴക്കൻ തുർക്കിയയിലും, സിറിയയിലും ഉണ്ടായ ഭൂചലനങ്ങളെ തുടർന്ന് സൃഷ്ടിക്കപ്പെട്ട അടിയന്തര സാഹചര്യം നേരിടുവാൻ ആദ്യ വിഹിതമായി ഇരുപതിനായിരം യൂറോയാണ് ഇറ്റലിയിലെ അംബ്രോസിയൻ കാരിത്താസ് സംഘടന നൽകുന്നത്. ഇതിനു പുറമെ ഇറ്റാലിയിലെ കത്തോലിക്കാ സഭ മെത്രാൻ സമിതിയും അടിയന്തര സഹായത്തിനായി 500,000 യൂറോ അനുവദിച്ചു.
തുർക്കിയിലെയും, സിറിയയിലെയും രണ്ട് ദേശീയ കാരിത്താസ് സംഘടനകളും വിവിധ സഭാ പ്രതിനിധികളുമായും പ്രത്യേകമായി അനതോലിയയിലെ അപ്പസ്‌തോലിക് വികാരിയും തുർക്കിയിലെ കാരിത്താസിന്റെ പ്രസിഡന്റുമായ ബിഷപ്പ് പൗലോ ബിസെറ്റിയും, മനുഷ്യസ്‌നേഹികളായ പ്രവർത്തകരുമായും ചരിത്രപരമായ സഹകരണ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ഇറ്റലിയിലെ അംബ്രോസിയൻ കാരിത്താസ് സംഘടന ഈ പ്രത്യേക സാഹചര്യത്തിൽ ഹെല്പ് ലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ തകർന്ന പ്രദേശങ്ങളിൽ അംബ്രോസിയൻ കാരിത്താസ് സംഘടന സമീപ വർഷങ്ങളിൽ നിരവധി സാമൂഹിക പദ്ധതികൾ നടത്തുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: