വിശുദ്ധിയിൽ വളരാനുള്ള അചഞ്ചല അഭിലാഷം സവിശേഷതയാക്കിയ ബെനഡിക്ട് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാനതകളില്ലാത്ത പാണ്ഡിത്യം, പകിട്ടാർന്ന കുലീനത, വിശുദ്ധിയിൽ വളരാനുള്ള അചഞ്ചല അഭിലാഷം എന്നിവ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ജീവിതത്തിൻറെയും സഭാശുശ്രൂഷയുടെയും സവിശേഷതയായിരുന്നുവെന്ന് ഭാരതത്തിലെ ലത്തീൻ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ, സിസിബിഐയുടെ അദ്ധ്യക്ഷനും ഗോവ-ദമാൻ അതിരൂപതയുടെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ.
‘എമെരിത്തൂസ്’ പാപ്പാ ബെനഡിക്ട് പതിനാറാമൻറെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് പുറപ്പെടുവിച്ച അനുശോചന അനുസ്മരണ സന്ദേശത്തിലാണ് കർദ്ദിനാൾ ഫെറാവൊ ഇതു പറഞ്ഞിരിക്കുന്നത്.
ഉന്നതനായ ധിക്ഷണാശാലിയും അഗാധവിശുദ്ധിയും വിനയവും ഉള്ളവനും ലോകത്തിൻറെ അതിരുകൾ വരെ സുവിശേഷം പ്രസരിപ്പിക്കുന്നതിൽ ഉത്സുകനുമായ ഒരു വ്യക്തിയായിരുന്ന ബെനഡിക്ട് പാപ്പാ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായി ഓർമ്മിക്കപ്പെടും എന്ന് അദ്ദേഹം സന്ദേശത്തിൽ കുറിക്കുന്നു. ദൈവവിജ്ഞാനീയപരവും ധാർമ്മികവുമായ സുപ്രധാന വിഷയങ്ങളിൽ ശക്തമായ ബോധ്യങ്ങൾ പുലർത്തിയിരുന്ന അദ്ദേഹത്തിന് കടുത്ത എതിർപ്പുകൾക്കു മുന്നിൽ സഭയുടെ പ്രബോധനങ്ങൾക്കനുസൃതം നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നുവെന്നും കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ കൂട്ടിച്ചേർക്കുന്നു.
8 വർഷക്കാലം ആഗോളസഭയെ നയിക്കുകയും 2013 ഫെബ്രുവരി 28-ന് പാപ്പാസ്ഥാനം രാജിവച്ച് വത്തിക്കാനിൽ, ‘മാത്തെർ എക്ലേസിയെ’ ആശ്രമത്തിൽ പ്രാർത്ഥനാ ജീവിതം നയിക്കുകയും ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പാ വർഷാന്ത്യ ദിനമായിരുന്ന ഡിസമ്പർ 31-ന് രാവിലെ, റോമിലെ സമയം 9.34-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.04-ന്, തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സിലാണ് മരണമടഞ്ഞത്.
പാപ്പായുടെ ഭൗതിക ശരീരം രണ്ടാം തീയതി ബുധനാഴ്ച മുതൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പൊതുദർശനത്തിനായി വച്ചിരിക്കയാണ്. അഞ്ചാം തീയതി വ്യാഴാഴ്ച (05/01/23) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന അന്തിമോപചാര തിരുക്കർമ്മങ്ങൾക്കു ശേഷം ബസിലിക്കയുടെ നിലവറയിൽ മൃതദേഹം അടക്കം ചെയ്യും.
ഒരു പാപ്പാ തൻറെ മുൻഗാമിയുടെ അന്തിമോപചാര കബറടക്ക ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കുന്നത് ആധുനിക സഭാ ചരിത്രത്തിൽ നടാടെ ആയിരിക്കും.
തെക്കുകിഴക്കെ ഫ്രാൻസിലെ വാലെൻസ് നഗരത്തിൽ പ്രവാസത്തിലായിരിക്കുമ്പോൾ 1799 ആഗസ്റ്റ് 29-ന് മരണമടഞ്ഞ ആറാം പീയൂസ് പാപ്പായുടെ മൃതദേഹം പിന്നീട് റോമിലേക്കു കൊണ്ടുവരുകയും 1802 ഫെബ്രുവരി 19-ന് അദ്ദേഹത്തിൻറെ പിൻഗാമി ഏഴാം പീയുസ് പാപ്പായുടെ സാന്നിദ്ധ്യത്തിൽ സംസ്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ്, അതായത്, 1949-ൽ പന്ത്രണ്ടാം പീയൂസ് പാപ്പായുടെ പ്രത്യേക കല്പന പ്രകാരമാണ് ഭൗതികാവശിഷ്ടം വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ നിലവറയിലേക്കു മാറ്റി സംസ്ക്കരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: