തിരയുക

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം  (Vatican Media)

ലോകസമാധാനദിനവും പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വത്തിരുനാളും

ഫ്രാൻസിസ് പാപ്പാ 2023 ജനുവരി ഒന്നിലെ ലോകസമാധാനദിനത്തിലേക്ക് നൽകിയ സന്ദേശം, പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്തിരുനാൾ എന്നിവയെ ആധാരമാക്കി തയ്യാറാക്കിയ ചിന്താമലരുകൾ.
ലോകസമാധാനദിനവും, പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്തിരുനാളും - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജനുവരി ഒന്ന്, കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം, രണ്ടു പ്രധാന ആഘോഷങ്ങളുടെ ദിനമാണ്. ലോക സമാധാനദിനവും ദൈവമാതാവ് എന്ന നിലയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾദിനവും.

അന്താരാഷ്ട്ര സമാധാനദിനം

ലോകസമാധാനദിനത്തെക്കുറിച്ച് കേൾക്കുമ്പോൾ പലരും അന്താരാഷ്ട്ര സമാധാനദിനാഘോഷമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ലോകസമാധാനദിനവും അന്താരാഷ്ട്ര സമാധാനദിനവും രണ്ടും സമാധാനത്തിനായുള്ള സന്ദേശമാണ് പകരുന്നതെങ്കിലും, രണ്ടും രണ്ടു വ്യത്യസ്ത ദിനങ്ങളാണ്. 1981-ൽ, അതായത് നാൽപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്, ഐക്യരാഷ്ട്രസഭയുടെ പൊതുയോഗമാണ് അന്താരാഷ്ട്ര സമാധാനദിനം സ്ഥാപിച്ചത്. പിന്നീട് ഇരുപത് വർഷങ്ങൾക്ക് ശേഷം 2001-ൽ അഹിംസാമാർഗ്ഗങ്ങളിലൂടെയും വെടിനിറുത്തലിലൂടെയും സമാധാനആശയങ്ങൾ ശക്തിപ്പെടുത്താനുള്ള ഒരു ദിനമായി ഐക്യരാഷ്ട്രസഭ ഇതിനെ പ്രത്യേകമായി മാറ്റി. സെപ്റ്റംബർ 21-നാണ് അന്താരാഷ്ട്ര സമാധാനദിനം ആഘോഷിക്കപ്പെടുന്നത്.

ലോക സമാധാനദിനം

കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച, ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയുടെ ദിനമാണ് ലോക സമാധാനദിനം. 1967 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പാ നൽകിയ ഒരു നിർദ്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് ആദ്യമായി ലോക സമാധാന ദിനം ആചരിച്ചത്. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പായുടെ  Pacem in Terris, ലോകത്തിന് സമാധാനം, എന്ന പേരിലുള്ള ചാക്രികലേഖനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടും, തന്റെ തന്നെ Populorum Progressio, ജനതകളുടെ പുരോഗതി, എന്ന ചാക്രികലേഖനത്തെ ആസ്പദമാക്കിയുമാണ് പോൾ ആറാമൻ പാപ്പാ ഈ ദിനം സ്ഥാപിച്ചത്. തുടർന്ന് നാളിതുവരെ എല്ലാ വർഷങ്ങളിലും ജനുവരി ഒന്ന് സഭയും സമാധാനകാംക്ഷികളായ വിവിധ സമൂഹങ്ങളും ലോക സമാധാനദിനമായി ആചരിച്ചുവരുന്നു. 2023 ജനുവരി ഒന്നിന് കത്തോലിക്കാസഭ അൻപത്തിയാറാമത് ലോകസമാധാനദിനമാണ് ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച അന്താരാഷ്ട്ര സമാധാനദിനത്തേക്കാൾ ഏതാണ്ട് പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് കത്തോലിക്കാസഭ ലോക സമാധാനദിനം സ്ഥാപിച്ചത്.

ലോക സമാധാനദിനാഘോഷവുമായി ബന്ധപ്പെട്ട് സാധാരണയായി എല്ലാ വർഷങ്ങളിലും മാർപാപ്പാമാർ ജനുവരി ഒന്നാം തീയതിയിലേക്കായി, സമാധാനവുമായി ബന്ധപ്പെട്ട ചിന്തകളും ആഹ്വാനങ്ങളും അടങ്ങുന്ന ഒരു സന്ദേശം തയ്യാറാക്കുകയും അത് രാഷ്ട്രനേതാക്കൾ ഉൾപ്പെടെ, ലോകസമാധാനത്തിനായി പ്രവർത്തിക്കുവാൻ പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുന്ന ആളുകളുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

2023-ലെ ലോക സമാധാനദിനം

രണ്ടായിരത്തിയിരുപത്തിമൂന്നാം ആണ്ടിലെ ലോകസമാധാനദിനത്തിനായി ഫ്രാൻസിസ് പാപ്പാ തയ്യാറാക്കിയ സന്ദേശം ഇറ്റാലിയൻ ഭാഷയിൽ, "Nessuno può salvarsi da solo. Ripartire dal Covid-19 per tracciare insieme sentieri di pace", “ആർക്കും തനിയെ തന്നെത്തന്നെ രക്ഷിക്കാനാവില്ല. ഒരുമിച്ച് സമാധാനത്തിന്റെ പാതകൾ കണ്ടെത്തുന്നതിനായി കോവിഡ്-19-ൽ നിന്ന് പുനരാരംഭിക്കുക" എന്ന തലക്കെട്ടോടുകൂടിയതാണ്. വിശുദ്ധ പൗലോസ് ശ്ലീഹ തെസ്സലോനിക്കക്കാർക്കെഴുതിയ രണ്ടാം ലേഖനം അഞ്ചാം അധ്യായം ഒന്നും രണ്ടും വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ 2023-ലെ ലോകസമാധാനദിനസന്ദേശം എഴുതിത്തുടങ്ങിയത്. അവിടെ നമ്മൾ വായിക്കുന്നത് ഇതാണ്: "സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ച് നിങ്ങൾക്ക് ഞാൻ എഴുതേണ്ടതില്ല. കാരണം, രാത്രിയിൽ കള്ളൻ എന്നപോലെ കർത്താവിന്റെ ദിനം വരുമെന്ന് നിങ്ങൾക്ക് നന്നായറിയാം" (1 തെസ. 5, 1-2). വിശ്വാസവുമായി ബന്ധപ്പെട്ട്, എപ്പോഴും കർത്താവിന്റെ വരവിനായി, ഒരുക്കത്തോടെ കാത്തിരിക്കുവാനുളള ഓർമ്മപ്പെടുത്തലാണ് വിശുദ്ധ പൗലോസ് നൽകുന്നത്. ഇരുൾ നിറഞ്ഞ ഒരു ലോകത്ത്, ദൈവത്തിൽ ആശ്രയിച്ച്, പ്രത്യാശയോടെ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടിയാണ് ഈ വാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

കോവിഡ് മഹാമാരിയും ലോകജനതയും

കോവിഡ് എന്ന പേരിൽ അറിയപ്പെടുന്ന ശ്വാസകോശസംബന്ധിയായ ഈ ഒരു മഹാമാരി 2019-ന്റെ അവസാനത്തോടെ, ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള വിവിധ പ്രതിരോധമരുന്നുകൾ പല രാജ്യങ്ങളിലും കണ്ടുപിടിച്ചു എങ്കിലും, ഇന്നും ഈ രോഗത്തെ പൂർണ്ണമായി ലോകത്തിൽനിന്നും തുരത്താൻ നമുക്കായിട്ടില്ല.

ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശത്തിൽ കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ച ചില കാര്യങ്ങൾ എടുത്ത് പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത്, ലോകത്ത് നമുക്ക്, മറ്റുള്ളവരെക്കൂടാതെ, ഒറ്റയ്ക്ക് സ്വയം രക്ഷപെടാമെന്ന ചിന്ത നിരർത്ഥകമാണെന്നതാണ്. ആരോഗ്യരംഗത്താകട്ടെ, മറ്റേതെങ്കിലും രംഗത്താകട്ടെ, നാം നേടിയതെന്ന് കരുതുന്ന പുരോഗതി ഒരു വൈറസിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന ഒരു കാഴ്ചയാണ് നാം കണ്ടത്. ഒരു രാജ്യത്തിന്റെ സാമ്പത്തികമോ, സൈനികമോ ആയ പുരോഗതി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നേടിത്തരുന്നില്ലെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ച ഒരു കാലയളവിലൂടെയാണ് നമ്മൾ കടന്നുപോയത്. നഗ്നനേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത ഒരു വൈറസ് കാരണം മനുഷ്യർ അനുഭവിക്കേണ്ടിവന്ന വേദനകളും, ഒറ്റപ്പെടലുകളും, ഒരുപാട് പ്രിയപ്പെട്ടവരുടെ മരണങ്ങളും ഒക്കെ നമ്മൾ ഈ കഴിഞ്ഞ വർഷങ്ങളിൽ കണ്ടു.

എല്ലാ രാജ്യങ്ങളിലും തന്നെ, പൊതുവായി ഒരു അസ്വസ്ഥത രൂപീകൃതമാകാൻ കോവിഡ് മഹാമാരി കാരണമായി. പലയിടങ്ങളിലും, രോഗപ്രതിരോധമരുന്നുകളും, ചികിത്സാസൗകര്യങ്ങളുമായി ബന്ധപ്പെട്ട് വൈരുധ്യങ്ങൾക്കും, അനീതികൾക്കും, അസമത്വങ്ങൾക്കും നാം സാക്ഷികളാകേണ്ടിവന്നിട്ടുണ്ട്. എല്ലാം നന്നായി പോകുന്നുവെന്ന് കരുതിയിരുന്ന ഇടങ്ങളിൽപ്പോലും, അസമാധാനവും, അശാന്തിയും, ഭീതിയും വിതയ്ക്കാൻ ഈ മഹാവ്യാധിക്ക് കഴിഞ്ഞു. ഈ അവസ്ഥകളെ ഒക്കെ കണക്കിലെടുത്ത് ഫ്രാൻസിസ് പാപ്പാ പറഞ്ഞ ഒരു തത്വം ഏറെ പ്രധാനപ്പെട്ടതാണ്: "സംഘർഷങ്ങളുടെയും, അനിശ്ചിതത്വങ്ങളുടെയും സമയങ്ങളിൽനിന്ന്, നാം വ്യത്യസ്തരായാണ് പുറത്തുവരിക; ഒന്നുകിൽ നാം മെച്ചപ്പെട്ടവരാകും, അല്ലെങ്കിൽ നാം മുമ്പത്തേതിനേക്കാൾ മോശം സ്വഭാവത്തിനുടമകളാകും". പോസിറ്റീവായി, ശുഭാപ്തിവിശ്വാസം നിറഞ്ഞ കണ്ണുകളോടെ നോക്കിയാൽ, ഈ വർഷങ്ങളിൽ നാം ചില നല്ല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. പുരോഗതിയിലും, സാങ്കേതികവിദ്യകളിലും അമിതമായ വിശ്വാസം അരുതെന്ന് നമുക്ക് കുറെയൊക്കെ മനസ്സിലായിട്ടുണ്ട്. ആഗോളവത്കരണം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന ബോധ്യം നമ്മിൽ കൂടുതലായി വളർന്നിട്ടുണ്ട്. ഒരുമിച്ചുള്ള വളർച്ചയ്ക്കും, സഹനത്തിലൂടെ കടന്നുപോകുന്ന മനുഷ്യരോടുള്ള ഐക്യദാർഢ്യത്തിനുമുള്ള പ്രാധാന്യം കുറെയൊക്കെ മനസ്സിലാക്കുവാൻ നമുക്ക് സാധിച്ചു. വ്യക്തിതാല്പര്യങ്ങളെക്കാൾ പൊതുതാല്പര്യങ്ങൾക്ക് വിലകൽപ്പിക്കേണ്ടതിന്റെ ആവശ്യകത നാം പഠിക്കുവാൻ തുടങ്ങി. നന്മയുള്ള വളരെയേറെ മനുഷ്യർ തങ്ങളുടെ ത്യാഗപൂർണ്ണമായ പ്രവൃത്തികളോടെ, മറ്റുള്ളവർക്ക് സഹായഹസ്‌തവുമായി മുന്നോട്ട് വരുന്നത് നാം കണ്ടു. വരുന്ന നാളുകളിൽ മെച്ചപ്പെട്ട ഒരു ലോകത്തിനായി പ്രവർത്തിക്കാനും, പ്രാർത്ഥിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്.

യുദ്ധമെന്ന വൈറസ്

കൊറോണ വൈറസ് കൊണ്ടുവന്ന കോവിഡ് മഹാമാരിയുടെ പരിഹാരമായി പ്രതിരോധമരുന്നുകൾ കണ്ടുപിടിക്കാൻ ശാസ്ത്രലോകം മുന്നോട്ടിറങ്ങുകയും, പലയിടങ്ങളിലും ശ്രദ്ധേയമായ ഫലങ്ങൾ ഉളവാക്കുന്ന മരുന്നുകൾ കണ്ടുപിടിക്കാൻ നമുക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇനിയും കൃത്യമായി മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു രോഗമാണ് യുദ്ധം. പാപ്പായുടെ വാക്കുകളിൽ "മനുഷ്യശരീരത്തെ ആക്രമിക്കുന്ന വൈറസിനേക്കാൾ, യുദ്ധത്തിന്റെ വൈറസിനെ തോൽപ്പിക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്. കാരണം അത്, പുറത്തുനിന്നല്ല, പാപത്താൽ ദുഷിച്ച മനുഷ്യഹൃദയത്തിൽനിന്നാണ് വരുന്നത്" (2023 ലോക സമാധാനദിന സന്ദേശം). കോവിഡിന് ശേഷം നാം പ്രതീക്ഷിച്ച, ആഗ്രഹിച്ച ഒരു സമയം ഇതുപോലുള്ള അസമാധാനത്തിന്റേതല്ലായിരുന്നു.

ഒരുമിച്ച്, ലോകത്തിന്റെ മെച്ചപ്പെട്ട ഒരു നാളേക്കായി പ്രവർത്തിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെയും, അതിലെ എല്ലാത്തിനെയും, നമ്മുടെ സ്വാർത്ഥതയുടെ കണ്ണുകൾ കൊണ്ട് നോക്കിക്കാണുകയും, നമ്മുടെ വ്യക്തിതാല്പര്യങ്ങൾക്കായി ആഗ്രഹിക്കുകയും സ്വന്തമാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന സമയം അവസാനിക്കേണ്ടിയിരിക്കുന്നു. "നമ്മുടെ സമൂഹത്തിന്റെയും, പ്രപഞ്ചത്തിന്റെയും സൗഖ്യത്തിനായി പ്രവർത്തിക്കേണ്ട സമയമാണിത്" എന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഇത്തവണത്തെ ലോകസമാധാനദിന സന്ദേശത്തിലൂടെയും ഓർമ്മിപ്പിക്കുന്നുണ്ട്. "കൂടുതൽ നീതിപൂർണ്ണമായ, സമാധാനപൂർണ്ണമായ, യഥാർത്ഥ പൊതുനന്മയെ ലക്ഷ്യമാക്കി നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു” (2023 ലോക സമാധാനദിന സന്ദേശം).

സമൂഹത്തിലെ പ്രതിസന്ധികൾ പരസ്പരം കൂടിപ്പിണഞ്ഞു കിടക്കുന്നവയാണ്. ധാർമ്മിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ ഒന്ന് മറ്റൊന്നിന് കാരണമായി മാറുന്നുണ്ട്. ഇവിടെ ഒരു പരിഹാരം കണ്ടെത്തണമെങ്കിൽ, എല്ലാവരും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. മറ്റുള്ളവരോട് കരുണയോടെ പെരുമാറേണ്ടതുണ്ട്. ആരോഗ്യരംഗത്ത് ഏവരുടെയും അവകാശങ്ങൾ മാനിക്കപ്പെടേണ്ടതുണ്ട്. യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന ഇരകളും, വർദ്ദിച്ചുവരുന്ന ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാകാനായി ഏവരും സമാധാനത്തിനായുള്ള മാർഗ്ഗങ്ങളും പ്രവൃത്തികളും പ്രോത്സാഹിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംതുലിതാവസ്ഥയ്ക്ക് കോട്ടം വരുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അസമത്വത്തിന്റെ വൈറസിനെതിരെ പോരാടുകയും, ഏവർക്കും തൊഴിലും ആഹാരവും ഉറപ്പാക്കുകയും വേണം.

സമൂഹം അവഗണിക്കുകയും ഒഴിവാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ആളുകളെ സ്വീകരിക്കാനും, അവരെ സമൂഹത്തിൽ ചേർത്തു നിറുത്താനും നാം പഠിക്കേണ്ടിയിരിക്കുന്നു. അഭയാർത്ഥികളും, കുടിയൊഴിപ്പിക്കപ്പെട്ടവരും, അവഗണിക്കപ്പെട്ടവരുമായ ആളുകളുടെ നേരെ നമുക്ക് ഇങ്ങനെയൊരു മനോഭാവം വളർത്തിയെടുക്കേണ്ടതുണ്ട്. ഒരു പുതിയ ലോകം, സമാധാനത്തിന്റെ നാളുകൾ പിറക്കാൻ നാം ഇനിയും ഏറെ ശ്രമിക്കേണ്ടിയിരിക്കുന്നു.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ കന്യകയുടെ ദൈവമാതൃത്വം ആഘോഷിക്കുന്ന ഒരു തിരുനാൾ ദിനം കൂടിയാണ്, ജനുവരി ഒന്ന്. വിവിധ ക്രൈസ്തവസഭകളിലെ ആരാധനക്രമം ഏറെ പ്രാധാന്യത്തോടെ കൊണ്ടാടുന്ന ഒരു തിരുനാളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വം. 431-ൽ എഫേസൂസിൽ വച്ച് നടത്തപ്പെട്ട എക്യൂമെനിക്കൽ കൗൺസിൽ പ്രഖ്യാപിച്ച ഒരു പ്രമാണമാണ് Theotókos, ദൈവമാതാവ് എന്ന പരിശുദ്ധ അമ്മയുടെ സ്ഥാനം. 431 ജൂൺ മാസം ഇരുപത്തിരണ്ടിനാണ്, മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ അമ്മയെന്ന ഈയൊരു ബഹുമതി ഒരു പ്രമാണമായി നിലവിൽ വന്നത്. പരിശുദ്ധ കന്യകാമറിയം പൂർണ്ണമായും ദൈവവും പൂർണ്ണമായും മനുഷ്യനുമായ യേശുവന്ന ഏകവ്യക്തിയുടെ അമ്മയാണെന്ന വസ്തുതയാണ് കൗൺസിൽ പിതാക്കന്മാർ ഈയൊരു പ്രഖ്യാപനത്തിലൂടെ ഏറ്റുപറഞ്ഞത്‌. വചനം മാംസമായി പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ജനിച്ചു എന്ന സത്യത്തിനെതിരെ പഠിപ്പിക്കാൻ ശ്രമിച്ചവക്കെതിരെയുള്ള ഒരു വിശ്വാസപ്രഖ്യാപനം കൂടിയായിരുന്നു ഇത്; മാനുഷികതയും ദൈവികതയും ഒരുമിച്ച് ചേരുക എന്ന സാധ്യതയെ തള്ളിക്കളയാൻ ശ്രമിച്ചവർക്കെതിരെയുള്ള ഒരു പ്രഖ്യാപനം. റോമൻ ചക്രവർത്തിയായിരുന്ന തിയോഡോസിയൂസ് രണ്ടാമനാണ്‌ ഈ കൗൺസിൽ വിളിച്ചു ചേർത്തത്. ഈജിപ്തിലെ അലക്സാൻഡ്രിയയിലെ പാത്രിയർക്കീസായിരുന്ന വിശുദ്ധ സിറിലാണ് ഈ കൗൺസിലിൽ പ്രമുഖസ്ഥാനം വഹിച്ചവരിൽ ഒരാൾ.

ജീവന്റെ നാഥനായ യേശുക്രിസ്തുവിനെ നമുക്ക് ലഭിക്കുന്നത് പരിശുദ്ധ അമ്മയിലൂടെയാണ്. നിത്യരക്ഷയുടെ മാർഗ്ഗത്തിലേക്ക് നമുക്ക് സാധ്യത തുറന്നത് പരിശുദ്ധ അമ്മ ദൈവത്തിന് തന്നെത്തന്നെ വിട്ടുകൊടുത്തതിലൂടെയാണ്. വചനം മാംസമായത് അവളിലൂടെയാണ്. വചനത്തെ ഉദരത്തിലും ഹൃദയത്തിലും സ്വീകരിച്ചവൾ. ശരീരം മാത്രമല്ല, ഹൃദയവും ജീവിതവും പൂർണ്ണമായും, വചനം മാംസമായ യേശുക്രിസ്തുവിനായി സമർപ്പിക്കുവാൻ ദൈവം പ്രത്യേകമായി അവളെ അനുഗ്രഹിച്ച് ഒരുക്കുകയായിരുന്നു.

ദൈവമാതാവും ലോകസമാധാനവും

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സമാധാനത്തിന്റെ രാജ്ഞിയാണ്. സമാധാനം ദൈവം നൽകുന്ന അനുഗ്രഹമാണ്. യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായത്തിൽ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് നൽകുന്ന ഒരു വാഗ്ദാനമുണ്ട്: "ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങൾ ഭയപ്പെടുകയും വേണ്ട" (യോഹ. 14, 27). അനാഥത്വത്തിന്റെ, ഒറ്റപ്പെടലിന്റെ ഭീതിയാണ് സമാധാനം നഷ്ടപ്പെടുത്തുന്നത്. എന്നാൽ പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച ദൈവം പരിപാലകനായി കൂടെയുണ്ടന്ന ബോധ്യമാണ് നമ്മെ നയിക്കുന്നതെങ്കിൽ, ലോകത്തിൽ സമാധാനം കൂടുതൽ പ്രാപ്യമാകും. നമ്മുടെയും അമ്മയെന്ന നിലയിൽ (യോഹ. 19, 27) പരിശുദ്ധ ദൈവമാതാവ് നമ്മെ ഓർമ്മപ്പെടുത്തുന്നതും, ദൈവപിതാവിന്റെ മക്കളാണ് നാമെന്ന, ക്രിസ്തു നമുക്ക് നൽകുന്ന ഉറപ്പാണ്.

ജീവിതത്തിന്റെ താളം തെറ്റിക്കുന്ന തിന്മകളെ ചെറുത്തുതോല്പിക്കാൻ നമുക്ക് സാധിക്കണം. ലോകത്ത് അസമാധാനത്തിന്റെ വിത്ത് പാകുന്ന, അനീതിയുടെ വേരുകൾ നാം മുറിച്ചുമാറ്റേണ്ടിയിരിക്കുന്നു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വിത്തുകൾ ഹൃദയങ്ങളിൽ പാകി, സമൂഹത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിക്കാൻ ശ്രമിക്കുന്നിടത്താണ് മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്തുന്ന വലിയ മനുഷ്യരായി വളരാൻ നമുക്ക് സാധിക്കുക. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാൽ, ലോകത്ത് സമാധാനത്തിന്റെ ഉറവയായ ദൈവത്തിന്റെ, കരുണയുടെയും സ്നേഹത്തിന്റെയും നിറവനുഭവപ്പെടാൻവേണ്ടി പരിശുദ്ധ അമ്മയുടെ, ദൈവമാതാവിന്റെ മാധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം. സഭയുടെ, ദൈവപുത്രന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രാർത്ഥനകളും മാധ്യസ്ഥ്യവും, സമാധാനം നിറഞ്ഞ ഒരു ലോകത്തിന്റെ സാക്ഷാത്കാരത്തിനായി നമ്മെ വളർത്തട്ടെ. നന്മ നിറഞ്ഞ, എല്ലാ മനുഷ്യർക്കും സമാധാനവും സന്തോഷവും, അഭിവൃദ്ധിയും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഒരു നല്ല വർഷം നൽകി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2023, 15:14