എളിമയും മനുഷ്യജീവിതവും ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏതൊരു മനുഷ്യന്റെയും ജീവിതമൂല്യം വർദ്ധിപ്പിക്കുന്ന എളിമ എന്ന ഗുണത്തിന് മതത്തിന്റേതായ പശ്ചാത്തലത്തിൽ കൂടുതൽ പ്രാധാന്യമുണ്ട്. എളിമയുടെ നല്ലൊരു മാതൃക നൽകി കടന്നുപോയ എമെരിറ്റസ് പാപ്പായുടെ ജീവിതം ഇത്തരുണത്തിൽ ഒരു വഴികാട്ടികൂടിയായി മാറുന്നുണ്ട്.
എളിമയെന്ന പുണ്യം
എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനപുണ്യമായാണ് എളിമ കരുതപ്പെടുന്നത്. വിനയമെന്ന ഭാവം ജീവിതത്തെ നയിക്കുമ്പോഴാണ് ഒരു മനുഷ്യൻ എളിമയുള്ളവനായി ജീവിക്കുന്നത്. മതപരമായ ചിന്തയിൽ എളിമ ഒരു പുണ്യമായാണ് കണക്കാക്കപ്പെടുക. അഹത്തെ, താനെന്ന ഭാവത്തെ ഇല്ലാതാക്കി, സ്വയം താഴുന്ന ഒരു മനസ്സാണ് എളിമയോടെ ജീവിക്കാൻ ഒരുവനെ പ്രേരിപ്പിക്കുക. തന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്, തന്നെത്തന്നെ വലിയവനായി കണക്കാക്കുന്ന ഒരുവന്, എളിമയെന്ന പുണ്യത്തെ അംഗീകരിക്കാനോ അതനുസരിച്ച് ജീവിക്കാനോ എളുപ്പമല്ല. ദൈവവിശ്വാസമുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം, ഭൂമിയിൽ ദൈവം സൃഷ്‌ടിച്ച, അവന്റെ അനുഗ്രഹത്താലും കാരുണ്യത്താലും അനുദിനം ജീവിച്ചുപോകാൻ കഴിയുന്ന ഒരുവൻ മാത്രമാണ് താനെന്ന ബോധ്യം ഉള്ളിൽ ഉണ്ടാകുമ്പോഴാണ്, ഈ പ്രപഞ്ചത്തിൽ തന്റെ സ്ഥാനവും വിലയും എത്രമാത്രം ചെറുതാണ് എന്ന് മനസ്സിലാകുമ്പോഴാണ് അഹമെന്ന ഭാവത്തെ കുറച്ച്, പരനിലേക്കും അപരനിലേക്കും, ദൈവത്തിലേക്കും മറ്റു മനുഷ്യരിലേക്കും ശ്രദ്ധയും പരിഗണനയും നൽകുവാൻ സാധിക്കുക.
സ്വയാവബോധവും, ദൈവാശ്രയബോധവും താഴ്മയുള്ള മനോഭാവവും വ്യക്തത്വവുമുള്ളവരിലാണ് എളിമയും വിനയവുമൊക്കെ നമുക്ക് കാണാൻ സാധിക്കുക. എളിമയില്ലെങ്കിൽ മറ്റു ഗുണങ്ങൾ നമ്മിൽ നിലനിൽക്കില്ല. സ്നേഹിക്കാൻ, ബഹുമാനിക്കാൻ, അപരനെ കരുതാൻ ഒക്കെ എളിമയുണ്ടെങ്കിലേ സാധിക്കൂ. മറ്റുള്ളവരെ വലുതായി കാണാൻ, സ്വയം ചെറുതായി കാണാൻ സാധിക്കുന്ന ഒരു മനസ്സിനായാണ് നാം പരിശ്രമിക്കേണ്ടത്. ഭാരത ചിന്തയിൽ പരസ്പരം അഭിവാദ്യം ചെയ്യുമ്പോൾ നമസ്തേ എന്ന് പറയുന്നതിലൂടെ, അപരനിലെ ദൈവസാന്നിധ്യത്തെയാണ് നാം ബഹുമാനിക്കുന്നത് എന്നാണ് പറയപ്പെടുക. ദൈവം നമുക്ക് നൽകുന്ന അനുഗ്രഹങ്ങളും, കഴിവുകളും നമ്മുടെ മാത്രമല്ല, നമ്മുടെ സഹോദരങ്ങളുടെയും സമൂഹത്തിന്റെയും ഉപരിയായ നന്മയ്ക്കായി ഉപയോഗിക്കാൻ നമ്മിൽ ഹൃദയവിശാലതയുണ്ടാകണം. എന്നാൽ നമ്മുടെ പരിമിതികളും കുറവുകളും തെറ്റുകളും തിരിച്ചറിഞ്ഞ്, ഏവരുടെയും നന്മയ്ക്കായി ഒന്ന് താഴ്ന്നുകൊടുക്കാൻ, ചെറുതാകാൻ നമ്മിൽ എളിമയുടേതായ മനോഭാവമുണ്ടാകണം. ദൈവത്തിന് പ്രീതികരമായ പുണ്യങ്ങളിൽ ഒന്നാണ് എളിമ. വിശുദ്ധ യാക്കോബ് എഴുതിയ ലേഖനത്തിന്റെ നാലാം അധ്യായം ആറാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നുണ്ട്: "ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു"
മനുഷ്യനും എളിമയും
എളിമയെന്ന പുണ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ഓടിവരിക അടുത്തിടെ നമ്മെ വിട്ടുപോയ ബെനഡിക്ട് പാപ്പായെന്ന വ്യക്തിത്വമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നിര്യാണശേഷം കത്തോലിക്കാസഭയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു യോഗീവര്യനായ സമർപ്പിതൻ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയായിരുന്ന കാലത്തുതന്നെ സഭയിൽ ഏറെ പേരുകേട്ട ഒരു വ്യക്തിത്വം. ബുദ്ധിശക്തിയിലും, ദൈവ-തത്വശാസ്ത്രങ്ങളിലെ ചിന്താമികവിലും, പ്രബോധനങ്ങളിലെ വ്യക്തതയിലും തെളിച്ചത്തിലും ഒക്കെ ഏവരുടെയും ശ്രദ്ധയാകർഷിച്ച വ്യക്തിത്വം. പിന്നീട് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ലോകം ശ്രദ്ധയോടെയാണ് കാതോർത്തത്. വ്യക്തിപരമായി പലയവസരങ്ങളിലും അദ്ദേഹത്തെ കണ്ടുമുട്ടാൻ എനിക്കും ദൈവം അനുഗ്രഹം തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ നിസ്വാർത്ഥതയും, ചിന്തകളിലെ കൃത്യതയും, കാഴ്ചപ്പാടുകളുടെയും സമർപ്പണത്തിന്റെയും വിശുദ്ധി കണ്ണുകൾക്ക് നൽകുന്ന തെളിച്ചവും ഏറെ ആകർഷണീയമാണ്.
സ്ഥാനത്യാഗം ചെയ്‌ത പാപ്പാ
2022 വർഷത്തിന്റെ അവസാനദിനം, ഡിസംബർ 31. പതിവുപോലെ ജോലിസ്ഥലത്തെത്തി ജോലികൾ ആരംഭിച്ച് കുറച്ചു കഴിഞ്ഞാണ് ദുഃഖകരമായ ആ വാർത്തയെത്തുന്നത്. ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പാ അന്തരിച്ചു. സഭയുടെ ചരിത്രത്തിൽ ആദ്യമായി പത്രോസിന്റെ കസേരയിൽനിന്ന് സ്വയം മാറിനിൽക്കാൻ, ശക്തമായ, ഏറെ എളിമ ആവശ്യപ്പെടുന്ന ഒരു തീരുമാനമെടുത്ത പാപ്പാ എന്ന ഒരു വിശേഷണമാണ് ലോകമെങ്ങും നിന്നുള്ള വാർത്താമാധ്യമങ്ങൾ ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായ്ക്ക് പ്രധാനമായി നൽകിയത്. കത്തോലിക്കാസഭയെന്ന ഏതാണ്ട് നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ആളുകളുടെ വലിയ ഇടയൻ എന്ന സ്ഥാനം ത്യാഗം ചെയ്‌ത് സദസ്സിൽനിന്ന് പിന്നോട്ട് മാറുക എന്നത് അത്ര എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല. എന്നാൽ അവിടെയാണ് ബെനഡിക്ട് പിതാവിന്റെ എളിമയുടെയും ദൃഢനിശ്ചയത്തിന്റെയും വ്യക്തമായ ഒരു തീരുമാനം കാണാനാകുക. സ്വന്തം പേരിനെയും പ്രശസ്തിയെയുംകാൾ, ദൈവം തന്നിൽ ഏൽപ്പിച്ച വലിയ ഇടയാനെന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ പ്രാധാന്യത്തിന് വിലകൽപ്പിച്ചതുകൊണ്ടാണ് ബെനഡിക്ട് പിതാവ് വലിയ എളിമ ആവശ്യപ്പെടുന്ന സ്ഥാനത്യാഗമെന്ന ഒരു തീരുമാനം കൈക്കൊണ്ടത്. പ്രാർത്ഥനയിലും, ധ്യാനത്തിലും, ആത്മപരിശോധനയിലും മുഴുകി, സഭയുടെ നന്മയെക്കരുതി എടുത്ത ഒരു തീരുമാനമായിരുന്നു അത്.
ബെനഡിക്ട് പിതാവിന്റെ സ്ഥാനത്യാഗം നമ്മുടെയൊക്ക ചിന്താരീതികൾക്കും മോഹങ്ങൾക്കും ഒരുപക്ഷെ മനസ്സിലാക്കാൻ സാധിക്കാത്തത്ര ഉയരത്തിലായിരുന്നു. ലോകത്തിന്റേതായ രീതിയിൽ ചിന്തിച്ചാൽ എളുപ്പമല്ലാത്ത ഒരു പ്രവൃത്തി. എത്തിച്ചേർന്ന ചെറിയ ഇടങ്ങളിലെ രാജാക്കന്മാരും രാജ്ഞിമാരുമായി ജീവിക്കാൻ പലരും പരിശ്രമിക്കുന്ന ഒരു ലോകത്തിലാണ്, സഭയിലെ പരമാധികാരം വേണ്ടെന്ന് വയ്ക്കുന്ന ഒരാളുടെ മാഹാത്മ്യം നമുക്ക് മനസ്സിലാക്കാനാകുക. ബെനഡിക്ട് പിതാവിന്റെ സ്ഥാനത്യാഗത്തെ വിലകുറച്ചു കാണുന്ന ചിലരെങ്കിലുമുണ്ട്. ആരോഗ്യമില്ലാത്തതുകൊണ്ടാണ്, മറ്റുള്ളവരുടെ പരാതികൾ കാരണമാണ് അദ്ദേഹം സ്ഥാനമൊഴിയാൻ തീരുമാനിച്ചത് എന്നൊക്കെ പറയുന്നവർ പക്ഷെ, മെച്ചപ്പെട്ട രീതിയിൽ സഭയുടെ ഭരണം മുന്നോട്ടു പോകണമെന്നും, തന്റെ ആരോഗ്യക്കുറവ് മൂലം സഭയ്ക്ക് പോരായ്മകൾ ഉണ്ടാകാതിരിക്കണമെന്നും ആഗ്രഹിച്ച അദ്ദേഹത്തിലെ നന്മയെ കാണാൻ സാധിക്കാതെ പോയി.
മാത്തർ എക്ലെസിയെ ആശ്രമം
വത്തിക്കാൻ ഗാർഡന്റെ ഉള്ളിൽ 1992-ൽ അന്ന് പത്രോസിന്റെ പിൻഗാമിയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തീരുമാനപ്രകാരം പണി ആരംഭിച്ച് 1994-ൽ പണികൾ പൂർത്തിയായ ഒരു ആശ്രമമാണ് മാത്തർ എക്ലെസിയെ. പാപ്പായ്ക്കും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കുവാനായി സന്ന്യസ്‌തകൾക്കുവേണ്ടിയാണ് പാപ്പാ ഈ ആശ്രമം സ്ഥാപിച്ചത്. ഓരോ അഞ്ചു വർഷങ്ങൾ തോറും വിവിധ സന്ന്യാസാശ്രമങ്ങളിൽനിന്നുള്ള സന്ന്യസ്തകൾ ഇവിടെ മാറി മാറി താമസിച്ച് പ്രാർത്ഥനാജീവിതം നയിച്ചു. ഏറ്റവും അവസാനം അവിടെ താമസിച്ചിരുന്നത് വിസിറ്റേഷൻ സന്ന്യാസിനികളായിരുന്നു. പിന്നീട് 2012-ൽ ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നു. പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനം ത്യാഗം ചെയ്തതിന് ശേഷം, 2013 മാർച്ചിലാണ് ബെനഡിക്ട് പാപ്പാ ഇങ്ങോട്ടേയ്ക്ക് താമസം മാറ്റിയത്.
എമെരിറ്റസ് പാപ്പായുടെ മരണശേഷം 2023 ജനുവരി രണ്ടാം തീയതിയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നത്. എന്നാൽ അദ്ദേഹം മരിച്ചതിന്റെ പിറ്റേന്ന്, ജനുവരി ഒന്നാം തീയതി ഉച്ച കഴിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിൽ പോയി ഭൗതികശരീരം കാണുവാനും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുവാനും സാധിച്ചു. അവിടെ, അലങ്കാരങ്ങൾ ഒന്നുമില്ലാത്ത, നിശബ്ദമായ ഒരു ചാപ്പലിൽ അദ്ദേഹത്തിന്റെ ശരീരം കിടത്തിയിരുന്നു. അപ്പോഴും ദേവാലയത്തിന്റെ ഒരു മൂലയ്ക്കായി ക്രിസ്തുമസിന് വേണ്ടി തയ്യാറാക്കിയ പുൽക്കൂടുണ്ടായിരുന്നു. മനുഷ്യനോളം താഴ്ന്ന് ഭൂമിയിൽ, പരിശുദ്ധ കന്യകാമറിയത്തിൽനിന്ന് ജന്മമെടുത്ത യേശുവിന്റെ ജനനത്തിന്റെ ഓർമ്മയുടെ പുൽക്കൂട്. എളിമയുടെ ഏറ്റവും വലിയ സാക്ഷ്യം ആ പുൽക്കൂട്ടിലാണ് നാം കാണുന്നത്. പരിശുദ്ധ ത്രിത്വത്തിൽ ഒരുവനായ ക്രിസ്തു, ഒരു സാധാരണക്കാരന് ലഭ്യമാകേണ്ട സൗകര്യം പോലും നിഷേധിക്കപ്പെട്ട് ഒരു കാലിത്തൊഴുത്തിൽ പിറന്നു വീഴുന്നു. ഒരു പക്ഷെ ബെനഡിക്ട് പാപ്പായ്ക്കും, സഭയിലെ മറ്റനേകം വിശുദ്ധരെപ്പോലെ പുൽക്കൂടിന്റെ ദാരിദ്ര്യം ജീവിതത്തിൽ പ്രേരണയായിരുന്നിരിക്കണം. അതുകൊണ്ടുകൂടിയാകണം, സ്ഥാനത്യാഗത്തിന് ശേഷം, ലാളിത്യമാർന്ന ഒരു ജീവിതത്തിന്റെ ശൈലിയിൽ, ഒരു സന്ന്യാസശൈലിയിൽ തന്റെ ജീവിതം അദ്ദേഹം തുടർന്നത്. പാപ്പായുടെ ഭൗതികശരീരം കിടത്തിയിരുന്ന ആ തുറന്ന ചാപ്പലിന്റെ നിശ്ശബ്ദത പോലും അദ്ദേഹത്തിൻറെ ജീവിതത്തിലെ എളിമ വിളിച്ചോതുന്നുണ്ടായിരുന്നു.
പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കപ്പെട്ട ജീവിതം
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളുടെ ഭാഗമായി ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ അദ്ദേഹം പലവുരു എടുത്തുപറഞ്ഞ ഒരു തിരുവചനമുണ്ട്. ക്രിസ്തു കുരിശിൽ കിടന്നുകൊണ്ട് പിതാവിനോട് പറയുന്ന അവസാനവാക്കുകളാണവ. "പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" (ലൂക്ക 23,46). ബെനഡിക്ട് പതിനാറാമൻ പിതാവിന്റെ ജീവിതത്തെ സംബന്ധിച്ചും ഏറെ ചേർത്തുവയ്ക്കാവുന്ന ഒരു വചനമാണിത്. ദൈവകരങ്ങളിൽ സ്വയം സമർപ്പിച്ച്, ദൈവഹിതമനുസരിച്ചുള്ള ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. ഒരു വൈദികനായത് മുതൽ തന്റെ അവസാനനിമിഷങ്ങൾ വരെ ദൈവത്തിനായുള്ള ജീവിതസമർപ്പണത്തിന്റെ സാക്ഷ്യമാണ് അദ്ദേഹം ജീവിച്ചത്. അതുകൊണ്ടുതന്നെയായിരിക്കണം, "ദൈവമേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു" എന്ന അവസാന വാക്കുകൾ ഉച്ചരിക്കാൻ അദ്ദേഹത്തിന് സാധിച്ചതും. ദൈവത്തെ മുന്നിൽ നിറുത്തി, അവനിൽ ശരണമർപ്പിച്ച്, അവനുവേണ്ടി ജീവിക്കണമെങ്കിൽ ജീവിതത്തിൽ തന്റെ ഹിതങ്ങൾ പലപ്പോഴും ത്യാഗം ചെയ്യേണ്ടിവരുമെന്നും, പലപ്പോഴും ചെറുതാകേണ്ടിവരുമെന്നും തിരിച്ചറിഞ്ഞ്, എല്ലാം ത്യാഗം ചെയ്‌ത് ജീവിക്കാൻ ബെനഡിക്ട് പിതാവിന് അറിയാമായിരുന്നു. ആ ചെറുതാകലിലാണ് അദ്ദേഹത്തിന്റെ മഹത്വമിരുന്നത്. എളിമയോടെയുള്ള ജീവിതതീരുമാനങ്ങളെടുത്തുകൊണ്ടാണ് ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പാ തന്റെ ജീവിതത്തെ വിജയമാക്കി മാറ്റിയത്, അനേകർക്ക് പ്രചോദനമായി മാറിയത്.
എളിമ വിജയത്തിന്
വിശുദ്ധ മത്തായി എഴുതിയ സുവിശേഷം പതിനൊന്നാം അധ്യായത്തിന്റെ അവസാനത്തിൽ യേശു പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. "ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്" (29-30). പിതാവിന്റെ ഹിതത്തിന് തന്നെത്തന്നെ വിട്ടുകൊടുക്കുന്ന, അനുസരണത്തിന്റെയും ശാന്തതയുടെയും എളിമയുടെയും ജീവിതമാണ് നമുക്കും പഠിച്ചെടുക്കാനുള്ളത്. എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനപുണ്യമായ എളിമയുള്ള ഒരു ജീവിതം നയിക്കുവാൻ സാധിച്ചാൽ, നമുക്കും നമ്മുടെ ജീവിതം വിജയപ്രദമാക്കാനും, ദൈവത്തിന് പ്രീതികരമാക്കാനും സാധിക്കും. നമുക്ക് നേടിയെടുക്കാവുന്ന അധികാരങ്ങളും സ്ഥാനമാനങ്ങളും വലുതായി കണ്ട്, അഹം വളർത്തി, മറ്റുള്ളവരെ ചെറുതായി കാണാനും തന്നെക്കാൾ ഉയർന്നുപോയേക്കാമെന്ന് സംശയിക്കുന്നവരെ ഇല്ലാതാക്കാനും പരിശ്രമിക്കുന്ന ഒരു ജീവിതശൈലിയിൽനിന്ന് ഒഴിഞ്ഞുമാറി, യേശുവിന്റെ വിനീതഹൃദയം പോലെ, എളിമയുള്ള ഹൃദയത്തോടെ, വിനീതമനോഭാവത്തോടെ ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. ഈയൊരു ചിന്തയിൽ നാം ഉദാഹരണമായെടുത്ത, ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ ജീവിതം നമുക്ക് ഒരു മാതൃകയാക്കാം. വിവേകപൂർവ്വം ജീവിച്ച് ദൈവം ഏൽപ്പിക്കുന്ന ഇടങ്ങളിൽ എളിമയോടെ സേവനം ചെയ്യാൻ, എന്നാൽ അതേസമയം ഏവരുടെയും ഉപരിനന്മകളെക്കരുതി, നമ്മുടെ ഇഷ്ടങ്ങളെ ഒഴിവാക്കാൻ, എളിമയുടെ ജീവിതം നയിക്കാൻ, പരിധികളും പരിമിതികളും മനസ്സിലാക്കി, ദൈവഹിതമെങ്കിൽ പ്രഥമസ്ഥാനങ്ങളിൽനിന്ന് മാറി നിൽക്കാൻ നമുക്ക് സാധിക്കട്ടെ. മെച്ചപ്പെട്ട ഒരു ലോകത്തിനായി ഉത്തരവാദിത്വമുള്ള വ്യക്തികളായി, ദൈവഹിതമനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കാം. ഹൃദയവിചാരങ്ങളെ അറിയുന്ന ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: