കാനായിലെ രക്ഷയുടെ സദ്വാർത്ത
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കർത്താവായ യേശുമിശിഹായുടെ പരസ്യജീവിതത്തിലേക്കുള്ള യാത്രയാണ് ദനഹാക്കാലത്തിന്റെ ഓരോ ഞായറാഴ്ചകളിലും വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷഭാഗങ്ങളിലൂടെ സഭാമാതാവ് നമ്മെ ബോധവത്ക്കരിക്കുന്നത്. പിതാവായ ദൈവം മനുഷ്യരോടുള്ള തന്റെ സ്നേഹത്തിന്റെ മൂർത്തീമത്ഭാവമെന്നോണം ഈ ലോകത്തിലേക്ക് അയക്കുന്ന തന്റെ പ്രിയ പുത്രന്റെ ദൈവീകത്വവും, മനുഷ്യത്വവും അതിന്റെ പൂർണ്ണതയിൽ വെളിവാക്കപ്പെടുന്നതാണ് ഈ ഞായറാഴ്ചകളിൽ നാം വായിച്ചുകേൾക്കുന്ന സുവിശേഷഭാഗങ്ങൾ.
എന്നാൽ പിതാവായ ദൈവത്തിന്റെ ഈ പദ്ധതി പുതിയനിയമത്തിന്റെ ഏടുകളിൽ കൂട്ടിച്ചേർക്കപ്പെട്ടതല്ല മറിച്ച് പഴയനിയമത്തിൽ മനുഷ്യന്റെ പാപഫലമായി നിലവിൽവന്ന സ്നേഹബന്ധത്തിന്റെ വിള്ളലുകൾ ഇണക്കിച്ചേർക്കുവാനുള്ള ദൈവത്തിന്റെ ആഗ്രഹമാണെന്ന് പഴയനിയമവായനകൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പരിചയപ്പെടുത്തുന്നത് കാനായിലെ വിവാഹവിരുന്നും, അതേത്തുടർന്ന് തന്റെ അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് തന്റെ ആദ്യ അത്ഭുതം പ്രവർത്തിക്കുന്ന യേശുവിനെയുമാണ്. തന്റെ മഹത്വം വെളിവാക്കിയ അത്ഭുതമെന്നാണ് സുവിശേഷകൻ ഈ അനുഭവത്തെ വിളിക്കുന്നത്. ഉത്പത്തിപുസ്തകത്തിന്റെ ആദ്യ താളുകളിൽ തുടങ്ങി ഇപ്രകാരം സൃഷ്ടിയുടെ മകുടമായ മനുഷ്യനുവേണ്ടി ദൈവം തന്റെ മഹത്വം വെളിവാക്കുകയും, തത്ഫലമായി മനുഷ്യനെ രക്ഷിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ നാം കാണുന്നുണ്ട്. അതിനാൽ കാനായിലെ അത്ഭുതത്തിലേക്ക് യേശുവിനെ നയിക്കുന്നതിന് ഒരു പശ്ചാത്തലം ഉണ്ട്. അത്ദൈവീക സ്നേഹത്തിന്റെയും, കരുണയുടെയും വെളിപ്പെടുത്തലാണ്. സംഖ്യയുടെ പുസ്തകത്തിൽ നിന്നുള്ള ഒന്നാമത്തെ വായനയിൽ ഇപ്രകാരം ഇസ്രായേൽ ജനതയ്ക്കു വെളിവാക്കപ്പെടുന്ന ദൈവീകമഹത്വമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം
പഴയനിയമത്തിന്റെ ഏടുകളിൽ ഭൂരിഭാഗവും, ദൈവത്തിന്, തിരഞ്ഞെടുക്കപ്പെട്ട ജനതയായ ഇസ്രയേലിനോടുള്ള കരുതലും വിവരിക്കുന്നതാണ്. ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും മനുഷ്യനെ മോചിപ്പിച്ചുകൊണ്ട് കാനാൻ ദേശത്തിന്റെ സമൃദ്ധിയിലേക്ക് അവനെ കൂട്ടികൊണ്ടുവരുന്ന യാത്രയിലാണ് ദൈവീകകരുണയുടെയും, ക്ഷമയുടെയും, സ്നേഹത്തിന്റെയും, പ്രത്യാശയുടേയുമൊക്കെ വാഗ്ദാനങ്ങൾ പൂർത്തീയാക്കപ്പെടുന്നതായി നാം കാണുന്നത്. മാനുഷികമായ സംശയങ്ങൾക്കും, മുറുമുറുപ്പുകൾക്കും, അസ്വാരസ്യങ്ങൾക്കുമൊക്കെ നടുവിൽ പോലും സഹിഷ്ണുതയോടെ തന്റെ വാഗ്ദാനങ്ങളിലെ വിശ്വസ്തത വെളിവാക്കുന്ന ദൈവം. തന്റെ കൂടെ നിൽക്കുന്ന ജനങ്ങളുടെ അക്ഷമയാർന്ന വാക്കുകളിൽ മനം മടുത്തുകൊണ്ട് ദൈവത്തിന്റെ മേൽ സംശയം ഉന്നയിക്കുന്ന മോശയെയും, ആ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ദൈവത്തെയുമാണ് ഒന്നാമത്തെ വായനയിൽ നാം പരിചയപ്പെടുന്നത്. സംഖ്യയുടെ പുസ്തകം പതിനൊന്നാം അധ്യായം ഇരുപത്തിമൂന്നാം തിരുവചനത്തിൽ മോശയെ ദൈവികവിശ്വാസത്തിലേക്ക് തിരികെ നയിക്കുന്ന ദൈവത്തിന്റെ വചനം ഇപ്രകാരമാണ്, “എന്റെ കൈക്കു നീളം കുറഞ്ഞു പോയോ? എന്റെ വാക്ക് നിറവേറുമോ ഇല്ലയോ എന്ന് നീ കാണും?” മനുഷ്യന്റെ ആവലാതിക്ക് മുൻപിൽ പകച്ചുപോയ പ്രവാചകനായ മോശ തുടർന്ന് ദൈവത്തിന്റെ ഈ വാക്കുകളാൽ ശക്തി പ്രാപിക്കുന്നു. തുടർന്ന് ജനങ്ങളുടെ അടുത്തേക്ക് വന്ന് ദൈവത്തിന്റെ വാഗ്‌ദാനം അനുസ്മരിക്കുകയും, അവന്റെ വാക്കുകൾ അറിയിക്കുകയും ചെയ്യുന്ന മോശ ദൈവീകഇടപെടലിന്റെ അനുഭവത്തിലേക്ക് ഇസ്രായേൽ ജനതയെ കൂട്ടിക്കൊണ്ടുപോകുന്നു. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തെ, മാനുഷികമായ ആക്രോശങ്ങൾക്കു നടുവിൽ മറന്നു പോകുന്ന മോശ ഇന്നത്തെ ലോകത്തിന്റെ പ്രതീകം തന്നെയാണ്. പലപ്പോഴും ലൗകീകമായ വാക്കുകൾക്ക് നടുവിൽ ദൈവത്തിന്റെ സാമീപ്യവും,കരുണയും മറന്നു പോകുന്നവരാണോ നാം എന്ന് ആത്മശോധനചെയ്യുവാൻ ഇന്നത്തെ ഒന്നാം വായന നമ്മെ ക്ഷണിക്കുന്നു. ഈ ദൈവീകവാഗ്ദാനങ്ങളുടെ പൂർത്തീകരണം മനുഷ്യന്റെ സമഗ്രരക്ഷയിലാണെന്ന് രണ്ടാമത്തെ വായനയിൽ ഏശയ്യാ പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇസ്രയേലിന്റെ ആസന്നമായ രക്ഷ
ദൈവം മോശവഴിയായി മനുഷ്യരക്ഷയ്ക്കു നൽകിയ പത്തുപ്രമാണങ്ങളിൽ ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഏശയ്യാ പ്രവാചകൻ ആസന്നമായ രക്ഷയെ നമുക്ക് ചൂണ്ടിക്കാണിക്കുന്നത്. ഇനിയും വിമോചനം അകലെയെന്നു കരുതിക്കൊണ്ട് മടിയോടെയും, അലസതയോടെയും ജീവിക്കുന്നവർക്കുള്ള താക്കീതുകൂടിയാണ് പ്രവാചകൻ നൽകുന്നത്. ഇത് ദൈവത്തിന്റെ വാഗ്ദാനങ്ങളെ കൂടെക്കൂടെ ഓർത്തുകൊണ്ട് അവന്റെ രക്ഷ പ്രതീക്ഷിച്ചു ജീവിക്കുവാനുള്ള ഒരു ക്ഷണം കൂടിയാണ്. എന്നാൽ സത്യദൈവത്തെ ഉപേക്ഷിച്ചുകൊണ്ട് ലൗകീകനിർമ്മിതമായ സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള പ്രതിഷ്ഠകളെ ആരാധിക്കുന്നവർക്ക് നഷ്ടമാകുന്ന രക്ഷയെയും വചനം എടുത്തു കാണിക്കുന്നു. അതിനാൽ ഇത് നമുക്കും കൂടിയുള്ള ഒരു പ്രതീക്ഷയുടെയും,താക്കീതിന്റെയും സ്വരമാണ്. ഇസ്രായേൽ ജനതയുടെ ഇടയിൽ എപ്രകാരം സത്യദൈവത്തെ മനസിലാക്കുകയും, ആ ദൈവത്തെ മാത്രം ആരാധിച്ചുകൊണ്ട് അവന്റെ രക്ഷയെ പ്രതീക്ഷിച്ചിരുന്നോ, അതുപോലെ തന്നെ മറുവശത്ത് അവനു പകരം സൗകര്യം പോലെ മനുഷ്യനിർമ്മിതമായ, നൈമിഷികസുഖങ്ങൾ പ്രദാനം ചെയ്യുന്ന ദേവന്മാരെയും ആരാധിച്ചിരുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു. ഇന്നത്തെ കാലഘട്ടത്തിലും സത്യദൈവത്തെ മറന്നുകൊണ്ട് നേട്ടങ്ങൾക്കുവേണ്ടിയും, സുഖങ്ങൾക്കുവേണ്ടിയും ലൗകീകതയുടെ പിന്നാലെ അലയുന്ന മനുഷ്യർക്ക് നഷ്ടമാകുന്നത് ദൈവം വാഗ്ദാനം ചെയ്യുന്ന രക്ഷയാണെന്ന് ഏശയ്യാ പ്രവാചകൻ നമുക്ക് ചൂണ്ടിക്കാണിക്കുന്നു. ഇപ്രകാരം വചനങ്ങളിലൂടെ ഇസ്രായേൽ ജനത്തിന് വഴികാണിച്ചുകൊടുത്തുകൊണ്ടിരുന്ന പ്രവചനങ്ങളുടെ പൂർത്തീകരണമാണ് ‘രക്ഷയുടെ മധ്യസ്ഥൻ’ എന്ന നിലയിൽ യേശുവിനെ പുതിയ നിയമം നമുക്ക് പരിചയപ്പെടുത്തുന്നത്.
നിത്യപുരോഹിതനായ മിശിഹാ രക്ഷയുടെ മധ്യസ്ഥൻ
ദൈവത്തോടുകൂടിയായിരുന്ന വചനം മാംസമായി പിതാവിന്റെ പദ്ധതിക്കനുസരണം ഈ ലോകത്തിൽ ജന്മമെടുത്തപ്പോൾ രക്ഷയുടെ അടയാളം മനുഷ്യഗോചരങ്ങൾക്ക് സംലഭ്യമാവുകയായി. ഹെബ്രായർക്കു എഴുതപ്പെട്ട ലേഖനത്തിൽ ഈ വലിയ സത്യം വെളിപ്പെടുത്തുന്നത്, നിത്യപുരോഹിതനായ യേശു എന്ന പൂർത്തീകരണത്തിന്റെ വാക്കിലൂടെയാണ്. കൈമാറ്റം ചെയ്യപ്പെടാത്ത യേശുവിന്റെ നിത്യപൗരോഹിത്യം അധികാരത്തിന്റെ ഗർവ്വ് നിറഞ്ഞതായിരുന്നില്ല മറിച്ച്, രക്ഷയുടെ മാധ്യസ്ഥ്യം മനുജകുലത്തിന് പകരുന്നതായിരുന്നു. വചനം പറയുന്നു, "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണ്ണമായി രക്ഷിക്കുവാൻ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥ്യം യാചിക്കുന്നു." ഈ രക്ഷ നമുക്കായി മിശിഹാ നേടിത്തന്നതോ തന്റെ ജീവത്യാഗത്തിലൂടെയും. ആത്യന്തികമായ ഈ രക്ഷയാണ് പഴയനിയമവും പുതിയനിയമവും ഇന്ന് നമ്മുടെ പരിചിന്തനത്തിനായി പകർന്നു നൽകുന്നത്. യേശുവിന്റെ ഈ ലോകജീവിതത്തിലുടനീളം രക്ഷയുടെ ഈ സന്ദേശമാണ് നമുക്ക് നൽകുന്നത്. ഗബ്രിയേൽ ദൈവദൂതന്റെ മംഗളവാർത്തയിലൂടെ പരിശുദ്ധ മറിയത്തിന്റെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ അവന്റെ ജീവിതത്തിന്റെ ഓരോ ഏടും മനുഷ്യന്റെ രക്ഷ സാധ്യമാക്കുന്നതിനുള്ള വലിയ ദൗത്യമായിരുന്നു. ഈ രക്ഷാവാഗ്ദാനത്തിന്റെ അനിർവചനീയമായ ഒരു നിമിഷമാണ് ഇന്നത്തെ സുവിശേഷവായനയിൽ യോഹന്നാൻ ശ്ലീഹ നമുക്ക് വെളിപ്പെടുത്തുന്നത്.
കാനായിലെ മിശിഹായുടെ മഹത്വം
മനുഷ്യന്റെ ബലഹീനതകൾക്കും,നിരാലംബത്വത്തിന്റെ വേദനകൾക്കും ചെവികൊടുക്കുന്ന ദൈവീക കരുണയുടെ അനുഗ്രഹീതനിമിഷങ്ങളാണ് കാനായിലെ വിഹവിരുന്നിൽ നടന്ന അത്ഭുതത്തിലൂടെ മിശിഹാ വെളിവാക്കുന്നത്. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമെന്നാണ് സുവിശേഷകൻ ഈ അത്ഭുതത്തെ വിശേഷിപ്പിക്കുന്നത്. ക്ഷണിച്ച അതിഥികൾക്കുവേണ്ടി തന്റെ അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് വീഞ്ഞുണ്ടാക്കി നൽകിയത് ഭൗതീകമായി നമുക്ക് തോന്നുമെങ്കിലും അതിന്റെ അർത്ഥതലങ്ങൾ രക്ഷയുടെ സദ് വാർത്ത വിളിച്ചോതുന്നതാണ്. വെള്ളം വീഞ്ഞാക്കി മാറ്റിയതോടെ, പഴയതിൽ നിന്ന് പുതിയ ഉടമ്പടിയിലേക്കുള്ള പാതയെ പ്രതീകപ്പെടുത്താൻ യേശു ആഗ്രഹിച്ചു. പഴയനിയമത്തിൽ വാഗ്ദത്തം ചെയ്യപ്പെട്ട രക്ഷ ഇപ്പോൾ യേശുവിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. അവന്റെ നാഴിക, കുരിശിന്റെ നാഴിക, വീണ്ടെടുപ്പിന്റെ നാഴിക ഇതുവരെ വന്നിട്ടില്ല. എങ്കിൽ പോലും വിളിച്ചപേക്ഷിക്കുന്നവർക്ക് ആസന്നമായ ഈ രക്ഷയുടെ അടയാളം നൽകുവാനുള്ള അവന്റെ ആഗ്രഹമാണ് ഈ അത്ഭുതം വെളിവാക്കുന്നത്. ക്രിസ്തുവിന്റെ ഈ അത്ഭുതത്തിലേക്ക് പരീക്ഷണത്തിന്റെ വഴിയിലൂടെ കടന്നു വരുന്ന പരിശുദ്ധ അമ്മയും ഇന്ന് നമുക്ക് ഒരു മാതൃകയാണ്. ഒരു പക്ഷെ മകന്റെ വാക്കുകൾ അമ്മയോടുള്ള കടുത്ത അവഗണനയായി നമുക്ക് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, വിശ്വാസത്തിന്റെ ആഴത്തിലേക്ക് കടന്നു വരുന്ന പരിശുദ്ധകന്യകാമറിയം പറയുന്ന വാക്കുകൾ ദൃഢതയുള്ളതാണ്. “അവൻ നിങ്ങളോട് പറയുന്നത് നിങ്ങൾ ചെയ്യുവിൻ”. പഴയനിയമത്തിലെ പ്രവാചകരും,പുരോഹിതരും പുതിയനിയമത്തിലെ ലേഖനകർത്താക്കളും, സുവിശേഷകരും ഈ ദൈവീകമഹത്വത്തിലേക്കുള്ള വിളിയാണ് നമുക്ക് നൽകുന്നത്. വിശ്വാസത്തിൽ പരീക്ഷിക്കപ്പെടുന്ന അവസരങ്ങൾ പലതും നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. എന്നാൽ അവയുടെ മധ്യത്തിലും അവന്റെ, ക്രിസ്തുവിന്റെ വാക്കുകൾക്ക് കാതോർക്കുമ്പോഴാണ് രക്ഷയുടെ ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ പുറപ്പെടുവിക്കാൻ സാധിക്കുകയെന്ന് ഇന്നത്തെ വായനകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
വിവാഹവിരുന്ന് ജീവന്റെ തുടക്കം
വിവാഹവിരുന്നിൽ യേശു പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ ജീവിതവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. വിവാഹമെന്ന കൂദാശ ദൈവിക കൃപ ചൊരിയപ്പെടുന്ന അനുഗൃഹീത നിമിഷമാണ്. ഒരു പുരുഷനും സ്ത്രീയും തങ്ങളുടെ അഹത്തിൽനിന്നും പുറത്തുകടന്ന് പരസ്പരം ഹൃദയങ്ങളുടെ ഐക്യത്തിൽ ജീവന്റെ സൃഷ്ടിക്കായി സ്രഷ്ടാവിനോട് ചേർന്ന് നിൽക്കുവാൻ ജീവിതം സമർപ്പിക്കുന്ന കൂദാശയാണ് വിവാഹം. അവിടെ യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഭൗതികതയുടെ മുഖംമൂടികൾ ജീവിതത്തെ തന്നെ ശൂന്യമാക്കുന്ന ഈ കാലഘട്ടത്തിൽ യേശുവിന്റെ അത്ഭുതവും, മാതാവിന്റെ മധ്യസ്ഥതയും കൂടാതെ പരസ്പര പൂരകങ്ങളായി ജീവിതം മുൻപോട്ടു നയിക്കുക സാധ്യമല്ല. ഇവരുടെ സാന്നിധ്യമില്ലാതെ ആദ്യപന്തിയിൽ സന്തോഷകരമെന്നു തോന്നുമെങ്കിലും വീഞ്ഞിന്റെ അഭാവം അതായത് കൃപയുടെ അഭാവം ജീവിതത്തെ പ്രതിസന്ധികളിലേക്ക് നയിക്കുന്നു.അതിനാൽ യേശുവിന്റെ മഹത്വീകരണം നമ്മുടെ ജീവിതങ്ങൾ വഴി സാധ്യമാകുവാനും അതുവഴി രക്ഷ നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും കരഗതമാകുവാനും ഇന്നത്തെ വായനാവിചിന്തനം നമ്മെ സഹായിക്കട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: