ഓരോ ക്രിസ്ത്യാനിയുടെയും അനന്യത വെളിവാക്കുന്ന മാമ്മോദീസ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യേശുക്രിസ്തുവിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ യേശുവിന്റെ മാമ്മോദീസായുടെ അനുസ്മരണം ആഘോഷിക്കുന്ന ഞായറാഴ്ച്ചയിലാണ് നാം ആയിരിക്കുന്നത്. ഇന്ന് വായിച്ചുകേൾക്കുന്ന വചനഭാഗങ്ങളെല്ലാം, പഴയനിയമവും, പുതിയനിയമവും നമുക്ക്കാട്ടിത്തരുന്നത് ഒരേയൊരു വ്യക്തിയെയാണ്, കർത്താവായ യേശുമിശിഹാ. തിരഞ്ഞെടുക്കപ്പെട്ടവരെ അനുഗ്രഹിക്കുകയും, അവർക്കായി സ്വർഗം ഏറെ സന്തോഷിക്കുന്നുവെന്ന വലിയ രഹസ്യമാണ് ഇന്നത്തെ വചനം നമുക്ക് മുൻപിൽ തുറന്നുകാട്ടുന്നത്. തന്റെ സൃഷ്ടികളിൽ ഏറെ സന്തോഷിക്കുന്ന പിതാവായ ദൈവത്തെ ഉത്പത്തിപുസ്തകത്തിന്റെ ആദ്യ താളുകളിൽ നാം കണ്ടുമുട്ടുന്നുണ്ട്. ഓരോ വസ്തുക്കളെയും നിർമ്മിച്ചതിനു ശേഷം അവയെ നോക്കി നന്നായിരിക്കുന്നു എന്ന് പറയുന്ന സ്രഷ്ടാവായ ദൈവം അവസാനം എല്ലാറ്റിന്റെയും മകുടമായ മനുഷ്യനെ നോക്കി പറയുന്നത് വളരെ നന്നായിരിക്കുന്നുവെന്നാണ്. പിതാവിന്റെ ഹൃദയത്തിലെ സ്നേഹത്തിന്റെ ബഹിർസ്ഫുരണമാണ് ഉത്പത്തിപുസ്തകം വരച്ചുകാട്ടുന്നത്. ഇപ്രകാരം മനുഷ്യനിൽ ഏറെ സന്തോഷിക്കുന്ന ദൈവം തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിതത്തിൽ കാട്ടുന്ന സ്നേഹത്തിന്റെ മൂർത്തീമത്ഭാവമാണ് ഏശയ്യാപ്രവാചകനിലൂടെ വെളിപ്പെടുത്തിയ കർത്താവിന്റെ ദാസന്റെ ഗീതം.
വിശ്വസ്തനായ കർത്താവിന്റെ ദാസൻ
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ എടുത്തുപറയേണ്ട വചനഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കർത്താവിന്റെ ദാസനെ കുറിച്ചുള്ള ഗീതങ്ങൾ. നാല് ഗീതങ്ങൾ ഉൾകൊള്ളുന്ന ഈ ഭാഗങ്ങളെ യഹൂദ പാരമ്പര്യം ഇസ്രായേൽ ജനത്തിന്റെ തിരഞ്ഞെടുപ്പിനെ പറ്റി മാത്രമായാണ് വിവക്ഷിക്കുന്നതെങ്കിൽ ക്രൈസ്തവപാരമ്പര്യം ദൈവപുത്രന്റെ ഈ ലോകത്തിലേക്കുള്ള ആഗമനവും, മനുഷ്യരക്ഷക്കുവേണ്ടിയുള്ള അവന്റെ സഹനവും മരണവും വിവരിക്കുന്നു. ഈ നാലുഗീതങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ആശയം തിരഞ്ഞെടുക്കപ്പെട്ടവരുടെ മേലുള്ള പിതാവിന്റെ വലിയ ഇഷ്ടം വെളിപ്പെടുത്തുന്നതാണ്. തന്റെ മക്കളെ പാപങ്ങളിൽനിന്നും വിമോചിപ്പിക്കുന്നതിനായി പിതാവായ ദൈവം നടത്തിയ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും ശ്രേഷ്ഠമായത് തന്റെ ഒരേ മകനെ ഈ ലോകത്തിലേക്ക് അയക്കാനുള്ള തീരുമാനമായിരുന്നു. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറാം തിരുവചനം വെളിപ്പെടുത്തുന്നതുപോലെ, തന്റെ ഏകജാതനെ ഈ ലോകത്തിലേക്ക് അയക്കുവാൻ തക്കവണ്ണം ദൈവം ഈ ലോകത്തെ അത്രയധികം സ്നേഹിച്ചു.ഈ സ്നേഹത്തിന്റെ കാഴ്ചസമർപ്പണത്തിന്റെ പ്രവചനമാണ് കർത്താവിന്റെ ദാസന്റെ ഗീതം വഴിയായി ഏശയ്യാ പ്രവാചകൻ ഇന്നേ ദിവസം നമ്മെ അറിയിക്കുന്നത്. ശബ്ദകോലാഹലങ്ങൾകൊണ്ടോ, മാസ്മരികശക്തികൊണ്ടോ അല്ല മറിച്ച് തന്റെ നിശ്ശബ്ദതയാലും ജീവിതം വഴിയായും സത്യത്തിന് സാക്ഷ്യം നല്കുന്നവനാണ് കർത്താവിന്റെ ദാസൻ. ഈ വെളിപ്പെടുത്തലാണ് പുതിയനിയമത്തിൽ തന്റെ പുത്രനിലൂടെ പിതാവായ ദൈവം വെളിപ്പെടുത്തുന്നത്. തന്റെ സന്ദേശവാഹകനായി ദാസനെ പ്രഖ്യാപിക്കുന്ന പിതാവായ ദൈവം തന്റെ നീതി ഈ ലോകത്തിനു നടപ്പിലാക്കുവാൻ അവനിൽ പ്രസാദിക്കുന്നുവെന്ന മഹത്തായ ചിന്തയും ഒന്നാമത്തെ വായനയിലൂടെ ഏശയ്യാ പ്രവാചകൻ നമുക്കെടുത്തു കാണിക്കുന്നു. വാക്കുകൾക്കുപരി കർത്താവിന്റെ ദാസന്റെ ജീവിതമാണ് നമുക്ക് പ്രവാചകൻ പരിചയപ്പെടുത്തുന്നത്.അവൻ വിലപിക്കുകയോ സ്വരമുയർത്തുകയോ ഇല്ല, തെരുവീഥികളിൽ ആ സ്വരം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ മുറിക്കുകയില്ല,മങ്ങിയ തിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്തതയോടെ നീതി പുലർത്തും. പിതാവായ ദൈവത്തിന്റെ നീതി ഈ ലോകത്തിൽ നടപ്പിലാക്കുവാൻ ദാസന് ആവശ്യമായത് ഒന്ന് മാത്രമാണെന്ന് വചനം പറയുന്നു, അയച്ചവനോടുള്ള വിശ്വസ്തത. മാമ്മോദീസ വേളയിൽ പഴനിയമത്തിന്റെ ഈ പ്രവചനമാണ് ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നത്. പിതാവായ ദൈവത്തിന്റെ സംപ്രീതിക്ക് പാത്രീഭൂതനാകുന്ന പുത്രനായ ദൈവം, അവന്റെ യോഗ്യതയ്ക്കു അടിസ്ഥാനമോ പിതാവിനോടുള്ള വിശ്വസ്തതയും. ഈ വിശ്വസ്തതയാണ് പഴയനിയമം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനമായ നമ്മുടെ ജീവിതത്തിൽ പാലിക്കുവാൻ നമ്മെ ക്ഷണിക്കുന്നത്.
വിശ്വസ്തർക്ക് നൽകപ്പെടുന്ന ദൈവികസമ്മാനം സമാധാനം
പഴയനിയമത്തിലുടനീളം വിശ്വസ്തരായ തന്റെ ജനത്തിന്റെ എല്ലാ ആവശ്യങ്ങളിലും അവരുടെ കൂടെ നിൽക്കുന്ന ദൈവത്തെയാണ് നമുക്ക് കാണാൻ സാധിക്കുക. ഈ വിശ്വസ്തതയാണ് പുതിയ നിയമത്തിൽ തന്റെ പുത്രന്റെ ജീവിതത്തിന്റെ ഭാവമായും പ്രവാചകരിലൂടെ ദൈവം വെളിപ്പെടുത്തുന്നത്. വിശ്വസ്തരായ ഈ ജനതയ്ക്ക് ദൈവം വാഗ്ദാനം ചെയ്യുന്നത് സമാധാനമാണെന്ന് ഇന്നത്തെ പ്രതിവചനസങ്കീർത്തനത്തിലൂടെ സങ്കീർത്തകൻ വെളിപ്പെടുത്തുന്നു. വിശ്വസ്തനായ ദൈവത്തിന് മുൻപിൽ സമസ്തവും സമർപ്പിച്ചുകൊണ്ട് അവനിൽ ആശ്രയം വയ്ക്കുന്നവരാണ് യഥാർത്ഥ വിശ്വസ്തർ.ഈ സകലപുകഴ്ച്ചയും ദൈവത്തിന് സമർപ്പിക്കണമെങ്കിൽ ജീവിതത്തിന്റെ ശൂന്യതയെ ഉണർന്നുകൊണ്ട് എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവത്തെ നാം പടിപാടിസ്തുതിക്കണം. എല്ലാറ്റിനെയും സൃഷ്ട്ടിച്ച ദൈവത്തിന്റെ ആ മഹത്വം അംഗീകരിക്കുന്ന വ്യക്തികളാണ് യഥാർത്ഥത്തിൽ ജീവിതാസമാധാനം അനുഭവിക്കുക. ഇല്ലെങ്കിൽ ഈ ലോകത്തിന്റെ അതിരുകൾക്കുള്ളിൽ നമ്മുടെ രാജ്യം കെട്ടിപ്പടുക്കുവാനുള്ള വ്യഗ്രതയിൽ നഷ്ടപ്പെടുന്നത് സമാധാനമാണ്. ഈ സമാധാനം പുനഃസ്ഥാപിക്കുവാനും, ദൈവമഹത്വം ഭൂമിയിൽ വെളിപ്പെടുത്തുവാനുമാണ് ദൈവപുത്രൻ മനുഷ്യജന്മമെടുത്തത്. അവന്റെ മാമോദീസ വേളയിലെ ത്രിയേക ദൈവത്തിന്റെ വെളിപ്പെടുത്തലും മനുഷ്യന്റെ മേലുള്ള വലിയ കരുതലിന്റെയും, സ്നേഹത്തിന്റെയും ബാഹ്യപ്രകടനമാണ്.
എല്ലാവരും സമാധാനത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു
ദൈവത്തിന്റെ ഈ വലിയ പദ്ധതിയോട് സഹകരിക്കുവാനാണ് ക്രിസ്ത്യാനികളായ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. അപ്പസ്തോലപ്രവർത്തനങ്ങൾ പത്താം അധ്യായം മുപ്പത്തിനാല് മുതൽ മുപ്പത്തിയെട്ടുവരെയുള്ള രണ്ടാം വായനയിൽ നാം ശ്രവിക്കുന്നതും യേശുക്രിസ്തുവിൽ നാം ഓരോരുത്തരും സ്വീകരിക്കുന്ന സമാധാനമെന്ന ഈ വലിയ ദാനത്തെപ്പറ്റിയാണ്.സമാധാനമെന്നത് ക്രിസ്തുവെന്ന വ്യക്തിയിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് യാതൊരു വേർതിരിവും കൂടാതെ എല്ലാവരെയും തന്നിലേക്ക്, തന്റെ നീതിയിലേക്ക് ക്ഷണിക്കുന്ന ദൈവത്തെ വചനം നമുക്ക് വെളിപ്പെടുത്തിത്തരുന്നത്.ഈ സമാധാനത്തിന്റെ തീർത്ഥാടന യാത്ര ഒരുവ്യക്തിയുടെ ജീവിതത്തിൽ ആരംഭിക്കുന്നതിന്റെ ആദ്യപടിയാണ് മാമ്മോദീസായെന്ന വിശുദ്ധ കൂദാശ.ഗലീലിയയിലും, യൂദയാ പ്രദേശങ്ങളിലും മുഴങ്ങിക്കേട്ട സ്നാപകയോഹന്നാന്റെ മാനസാന്തരത്തിന്റെ വാക്കുകളും,യോർദ്ദാൻ നദിയുടെ ഓളങ്ങളിൽ ദൈവികമായ സമാധാനം പ്രദാനം ചെയ്ത ജ്ഞാനസ്നാനത്തിന്റെ കൃപയും പൂർത്തീകരിക്കപ്പെടുന്നത് ആത്മാവിൽ നിറഞ്ഞ യേശുവിന്റെ വെളിപ്പെടുത്തലിലൂടെയാണ്. ഈ വെളിപ്പെടുത്തലാണ് ക്രൈസ്തവജീവിതത്തിന്റെ സമാധാനത്തിന്റെ അടിസ്ഥാനവും.
യേശുവിന്റെ മാമ്മോദീസയിൽ വെളിപ്പെട്ട ദൈവീകരഹസ്യം
തന്റെ ദൈവികത വെളിപ്പെടുത്തിയ ആദ്യത്തെ പരസ്യപ്രവൃത്തിയാണ് യോർദാൻ നദിയിലെ യേശുവിന്റെ ജ്ഞാനസ്നാനം.തന്റെ ചാർച്ചക്കാരനായ യോഹന്നാന്റെ അടുത്തേക്ക് മാമോദീസ സ്വീകരിക്കുവാനായി യേശു കടന്നുവരുമ്പോൾ തന്റെ ജീവിതത്തിന്റെ ഇല്ലായ്മകളെക്കുറിച്ചുള്ള തിരിച്ചറിവാകാം. "ഞാൻ നിന്നിൽ നിന്നും മാമ്മോദീസ സ്വീകരിക്കേണ്ടിയിരിക്കേ നീ എന്റെ അടുത്തേക്ക് വരുന്നുവോ" എന്ന യോഹന്നാന്റെ ചോദ്യത്തിന് കാരണം. അതിന് യേശു നൽകുന്ന മറുപടിയും വളരെ പ്രധാനപ്പെട്ടതാണ്"ഇപ്പോൾ ഇത് സമ്മതിക്കുക അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്." ഇവിടെ കർത്താവിന്റെ ദാസനായി സകല പ്രവചനങ്ങളും വെളിപ്പെടുത്തിയ പുത്രനായ യേശു തന്റെ പിതാവിന്റെ ഹിതപൂർത്തീകരണത്തിനായി എല്ലാവരെയും ക്ഷണിക്കുന്നു.എല്ലാ ദൈവീക രഹസ്യങ്ങളും പൂർണ്ണമായി മനസിലാക്കാതെ സമസ്യകളുമായി യേശുവിന്റെ മുൻപിൽ നിൽക്കുന്ന സ്നാപകയോഹന്നാന് നൽകപ്പെടുന്ന മറുപടി നീതി പൂർത്തിയാക്കുവാൻ ഉചിതമായത് പ്രവർത്തിക്കുവാൻ ദൈവത്തോട് സഹകരിക്കുക എന്നതാണ്. ഈ രഹസ്യമാണ് ഓരോ മാമോദീസയിലൂടെയും സഭാതനയർക്ക് നൽകപ്പെടുന്നത്.നമ്മുടെ ബുദ്ധിക്കുമപ്പുറം നമുക്ക് വേണ്ടി പദ്ധതികൾ തയാറാക്കുന്ന ദൈവത്തോട് സഹകരിക്കുവാനുള്ള വിളി. ഈ സഹകരണത്തിന് ദൈവം മറുപടി നൽകുന്നത് തന്നെ തന്നെ പൂർണ്ണമായി വെളിപ്പെടുത്തിക്കൊണ്ടാണ്. ഈ വെളിപ്പെടുത്തൽ മാമോദീസ സ്വീകരിക്കുന്ന വ്യക്തിയുടെ അനന്യത വെളിവാക്കപ്പെടുന്ന നിമിഷം കൂടിയാണ്.
മാമോദീസ നമ്മുടെ വ്യക്തിത്വം വെളിവാക്കപ്പെടുന്ന നിമിഷം
"യേശു സ്നാനം കഴിഞ്ഞയുടൻ വെള്ളത്തിൽ നിന്നും കയറി.അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെ മേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന ഒരു സ്വരം സ്വർഗത്തിൽനിന്നു കേട്ടു. "ഈ വാക്കുകൾ സുവിശേഷത്തിൽ നാം കേൾക്കുമ്പോൾ ഓരോ മാമ്മോദീസയിലും നമ്മുടെ വ്യക്തിത്വം തന്റെ സാന്നിധ്യം കൊണ്ട് ഈ സമൂഹത്തിൽ വെളിവാക്കുന്ന ദൈവത്തിന്റെ വലിയ കരുണയെപ്പറ്റി നാം ചിന്തിക്കണം അതിനെപ്പറ്റി ബോധ്യമുള്ളവരാകണം. മാമോദീസയിലൂടെ കൈവരുന്ന ഈ ആത്മാവിന്റെ ശക്തിയാണ് തുടർന്ന് യേശുവിനെ നസ്രത്തിൽ നിന്നും,ജെറുസലേമിലേക്കും,തുടർന്ന് ഗലീലിയ കുന്നുകളിൽനിന്നും കാൽവരിയുടെ നെറുകയിലേക്കുമുള്ള യാത്രയിൽ ശക്തിപ്പെടുത്തുന്നത്. മനുഷ്യത്വത്തിലുള്ള തന്റെ പൂർണ്ണമായ സമർപ്പണം യേശുവിന്റെ ജീവിതത്തിൽ ആരംഭിക്കുന്നത് മാമ്മോദീസയിൽ ആണെങ്കിൽ നമ്മുടെ ദൈവീക ജീവിതം ആരംഭിക്കുന്നതും ജ്ഞാനസ്നാനത്തിലൂടെയാണ്. നാം ആരാണെന്നും നാം ആരുടേതാണെന്നും ഈ കൂദാശ നമ്മെ ഓർമ്മിപ്പിക്കുന്നു.
മാമോദീസയുടെ ശക്തിയെ പറ്റിയുള്ള ബോധ്യം നമ്മുടെ ജീവിതത്തിൽ
മാമ്മോദീസയിലൂടെ നാം ദൈവത്തിന്റെ മക്കളും, യേശുവിന്റെ സഹോദരീസഹോദരന്മാരും, സഭയിലെ അംഗങ്ങളും ആയിത്തീരുന്നു. അതിനാൽ ജ്ഞാനസ്നാനമേറ്റ എല്ലാവരും, ഭൂമിയിൽ യഥാർത്ഥ നീതി സ്ഥാപിക്കാനുള്ള യേശുവിന്റെ ദൗത്യം തുടരാൻ വിളിക്കപ്പെടുന്നു; അനുകമ്പയുടെയും നീതിയുടെയും സ്നേഹത്തിന്റെയും രാജ്യം കെട്ടിപ്പടുക്കുന്നതിൽ ദൈവത്തോടൊപ്പം സഹകാരികളാകുവാൻ നമുക്ക് വലിയ കടമയുണ്ട്. അതിനാൽ, മാമോദീസയിൽ നമുക്ക് ലഭിച്ച കൃപകളെ ഓർക്കാനും നമ്മുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങൾ പുതുക്കാനുമുള്ള ഉചിതമായ അവസരമാണ് ഇന്ന്. പിതാവിന്റെ അഭിഷിക്തനായ യേശുവിന്റെ പ്രതിച്ഛായയിൽ നാം വിശുദ്ധീകരിക്കപ്പെട്ടവരാണെന്ന് കാണിക്കാൻ നമ്മുടെ മാമോദീസയുടെ ദിവസം, വിശുദ്ധ തൈലത്താൽ നാം അഭിഷേകം ചെയ്യപ്പെട്ടു. വിശുദ്ധ മെഴുകുതിരിയിൽ നിന്ന് കത്തിച്ച മെഴുകുതിരി, നമ്മുടെ മാതാപിതാക്കളും ദൈവ മാതാപിതാക്കളും നമുക്ക് കൈമാറിയ വിശ്വാസപ്രകാശത്തിന്റെ പ്രതീകമായിരുന്നു. അതിനാൽ നമ്മുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങൾ പുതുക്കുന്നതിനും, ' സാത്താനെയും അവന്റെ എല്ലാ പൊള്ളയായ വാഗ്ദാനങ്ങളെയും നിരസിച്ചുകൊണ്ട്' കർത്താവിന് നമ്മെത്തന്നെ പുതുതായി സമർപ്പിക്കുന്നതിനുമുള്ള ഒരു ദിവസമാണിത്.വിശ്വസ്തരായി യേശുവിന്റെ യഥാർത്ഥ ശിഷ്യന്മാരാകുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് നമ്മുടെ കർത്താവിനോട് അപേക്ഷിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: