തിരയുക

കർദ്ദിനാൾ ജോർജ് പെല്ലിനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം കർദ്ദിനാൾ ജോർജ് പെല്ലിനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം  (Vatican Media)

സാമ്പത്തികകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഓഫീസിന്റെ മുൻ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് പെൽ നിര്യാതനായി

വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഓഫീസ് മുൻ മേധാവിയായിരുന്ന ഓസ്‌ട്രേലിയയിൽനിന്നുള്ള കർദ്ദിനാൾ ജോർജ് പെൽ കഴിഞ്ഞ ദിവസം നടന്ന ഒരു ഓപ്പറേഷനെത്തുടർന്നുണ്ടായ അസ്വസ്ഥതകൾ മൂലം ജനുവരി പത്തിന് നിര്യാതനായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഓഫീസ് മുൻ മേധാവിയും ഓസ്‌ട്രേലിയൻ പൗരനായ കർദ്ദിനാൾ ജോർജ് പെൽ, മുൻപുതന്നെ നിശ്ചയിച്ചിരുന്ന ഒരു ഓപ്പറേഷന് ശേഷമുണ്ടായ ഹൃദയസംബന്ധമായ വിഷമതകളെത്തുടർന്ന് ജനുവരി പത്ത് ചൊവ്വാഴ്ച വൈകിട്ട് ഒൻപതു മണിക്ക് റോമിൽ നിര്യാതനായി. 81 വയസ്സായിരുന്നു. ജനുവരി അഞ്ചിന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് നടന്ന ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ മൃതസംസ്കാരചടങ്ങുകളിലും അദ്ദേഹം സംബന്ധിച്ചിരുന്നു.

2014 ഫെബ്രുവരി 24-ന്, വത്തിക്കാനിൽ പുതുതായി സൃഷ്ടിക്കപ്പെട്ട, സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഓഫീസിന്റെ പ്രീഫെക്ട് ആയി ഫ്രാൻസിസ് പാപ്പായാൽ നിയമിതനായ അദ്ദേഹം, 2019 ഫെബ്രുവരി വരെ ആ നിലയിൽ സേവനം ചെയ്തിരുന്നു. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം 2010 മുതൽ പേസ്‌മേക്കർ ഉപയോഗിക്കുന്നുണ്ടായിരുന്നു.

1990-കളിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് 2019-ൽ ഓസ്‌ട്രേലിയയിൽ വച്ച് അറസ്റ്റ് ചെയ്യുകയും  ആറ് വർഷത്തേക്ക് തടവിന് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടപടിക്രമങ്ങളിലെ നിരവധി പിഴവുകളുടെ കൂടി വെളിച്ചത്തിൽ പിന്നീട്  2020 ഏപ്രിലിലെ ഒരു ഹൈക്കോടതി വിധിയിലൂടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കോടതിവിധിയെ സ്വാഗതം ചെയ്ത പരിശുദ്ധ സിംഹാസനം, ഓസ്‌ട്രേലിയയിലെ നീതിന്യായവ്യവസ്ഥയിൽ തങ്ങൾ എന്നും വിശ്വാസമർപ്പിച്ചിരുന്നുവെന്ന് പ്രസ്താവിച്ചിരുന്നു.

കോടതി കുറ്റവിമുക്തനാക്കും മുൻപ് ഓസ്‌ട്രേലിയയിലെ മെൽബൺ, ബാർവൺ എന്നിവിടങ്ങളിലെ രണ്ടു ജയിലുകളിലായി 404 ദിവസങ്ങൾ അദ്ദേഹം തടവിൽ കഴിഞ്ഞിരുന്നു. തന്നിൽ കുറ്റം ആരോപിച്ചവരോട് തന്റെ ജയിൽദിനങ്ങളിൽത്തന്നെ താൻ ക്ഷമിച്ചിരുന്നതായും, തന്റെ വിശ്വാസമാണ് തനിക്ക് ജീവിതത്തിൽ പിടിച്ചുനിൽക്കാൻ ധൈര്യം നൽകിയതെന്നും അദ്ദേഹം പിന്നീട് പ്രസ്താവിച്ചിരുന്നു.

കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം റോമിൽ തിരികെയെത്തിയ അദ്ദേഹത്തെ, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. മീഡിയാസെറ്റ് എന്ന ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, കർദ്ദിനാൾ പെൽ വത്തിക്കാന്റെ സാമ്പത്തിക മേഖലയിൽ നൽകിയ സംഭാവനകളെ എടുത്തുപറയുകയും, അദ്ദേഹത്തിനെതിരെ നടന്ന ഒരു അപവാദപ്രചാരണം കാരണമാണ് ഈ രംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നതെന്നും വ്യക്തമാക്കിയിരുന്നു. വലിയ ഒരു മനുഷ്യനായ അദ്ദേഹത്തോട് വത്തിക്കാൻ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ അന്ന് പറഞ്ഞിരുന്നു.

കർദ്ദിനാൾ ജോർജ് പെല്ലിന്റെ നിര്യാണത്തോടെ കർദ്ദിനാൾ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 223 ആയി ചുരുങ്ങി. ഇവരിൽ 125 പേര് പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വോട്ടവകാശമുള്ളവരും 98 പേർ ഈ അവകാശത്തിനുള്ള 80 വയസ്സെന്ന പ്രായപരിധി കഴിഞ്ഞവരുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജനുവരി 2023, 15:25