ബെനഡിക്ട് പതിനാറാമൻ നമുക്കിടയിൽ ജീവിച്ചിരുന്ന ഒരു പ്രവാചകൻ: കർദ്ദിനാൾ ഫിലോണി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജറുസലേമിലെ തിരുക്കല്ലറയുടെ സംരക്ഷണത്തിനായുള്ള അശ്വസേനാവിഭാഗം (The Equestrian Order of the Holy Sepulchre of Jerusalem) എന്ന പേരിൽ വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സംഘത്തിന്റെ തലവനും, വത്തിക്കാൻ ആഭ്യന്തരവകുപ്പ്, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി എന്നിവയുടെ മുൻ തലവനുമായിരുന്ന കർദ്ദിനാൾ ഫെർണാണ്ടോ ഫിലോണി കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ, ആധുനികകാലത്തെ പ്രവാചകരിൽ ഒരുവനായിരുന്നു എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമനെന്ന് അഭിപ്രായപ്പെട്ടു.
ദൈവത്തെ അതിവേഗം മറന്നുകൊണ്ടിരുന്ന ഒരു ലോകത്തെ ദൈവസാന്നിധ്യവുമായി ഒന്നിപ്പിക്കുക എന്ന വലിയ വിളി ഏറ്റെടുത്ത് തന്റെ ചുമതല നിർവ്വഹിച്ച ഒരു പ്രവാചകനായിരുന്നു ബെനഡിക്ട് പതിനാറാമനെന്ന് കർദ്ദിനാൾ ഫിലോണി പറഞ്ഞു. ദൈവവും മനുഷ്യരുമായി ഒരുമിച്ച് ചേർക്കുക എന്ന ഉത്തരവാദിത്വം നിർവ്വഹിച്ചിരുന്നവരാണ് പ്രവാചകർ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈയൊരർത്ഥത്തിൽ ബെനഡിക്ട് പതിനാറാമന്റേത് ഒരു പ്രവാചകദൗത്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മോട് ദൈവത്തെക്കുറിച്ച് സംസാരിച്ച എമെരിറ്റസ് പാപ്പാ രണ്ടു നൂറ്റാണ്ടുകൾക്കിടയിലാണ് സഭയിൽ സേവനമനുഷ്‌ടിച്ചതെന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിലും, തുടർന്ന്, മെത്രാൻ എന്ന നിലയിലും, വിശ്വാസപരിസംഘത്തിന്റെ തലവനെന്ന നിലയിലും സേവനമനുഷ്ഠിച്ച അദ്ദേഹം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അടുത്ത സഹകാരിയായിരുന്നു.
ഈ ലോകത്തിന് ആദ്ധ്യാത്മികവും, ധാർമ്മികവുമായ ബന്ധങ്ങൾ നഷ്ടപ്പെട്ടുവന്നിരുന്ന ഒരു കാലത്താണ്, ദൈവത്തെക്കുറിച്ച് സംസാരിക്കുവാനുള്ള വിളി അദ്ദേഹത്തിന് ലഭിച്ചതെന്ന് കർദ്ദിനാൾ ഫിലോണി പ്രസ്താവിച്ചു. ഒരു ദൈവശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം വത്തിക്കാൻ കൗൺസിലിന്റെ അനുഭവത്തിൽ കൂടുതൽ പക്വത പ്രാപിക്കുകയും സഭാശാസ്ത്രത്തിൽ മെച്ചപ്പെട്ട ഒരു അടിത്തറ നേടുകയും ചെയ്തു. തന്റെ ബൗദ്ധികവും, ദൈവശാസ്ത്രപരവും ധാർമികവുമായ കഴിവുകൾ, ഒരു ഇടയനെന്ന നിലയിൽ ഒരുമിച്ച് ഉപയോഗിക്കുവാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചുവെന്നും കർദ്ദിനാൾ ഫിലോണി കൂട്ടിച്ചേർത്തു.
"നസ്രത്തിലെ യേശു" എന്ന പുസ്തകത്രയങ്ങളുടെ രചനയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ജീവനുള്ള ക്രിസ്തുവുമായുള്ള ബന്ധമാണ് എമെരിറ്റസ് പാപ്പായെ സഹായിച്ചിരുന്നതെന്ന് കർദ്ദിനാൾ ഫിലോണി അഭിപ്രായപ്പെട്ടു. വിശ്വാസവും, ബുദ്ധിശക്തിയുടെ പങ്കുമാണ് അദ്ദേഹത്തിന്റെ ദൈവശാസ്ത്രചിന്തകളുടെ കേന്ദ്രബിന്ദുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
2012-ൽ ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായാണ് സുവിശേഷവത്കരണത്തിനായുള്ള കോൺഗ്രിഗേഷന്റെ തലവനായിരുന്ന ആർച്ച്ബിഷപ് ഫെർണാണ്ടോ ഫിലോണിയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: