യുദ്ധത്തിനും മഞ്ഞിനുമിടയിൽ കിയെവ് ഉണർന്നെണീൽക്കുവാൻ ശ്രമിക്കുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉക്രൈനിൽ യഥാർത്ഥ സമാധാനം തിരികെ വരണമെന്ന് അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോകാസ്. യുദ്ധത്തിന്റെ ഭാഗമായി തകർക്കപ്പെട്ട കിയെവ് നഗരം സാധാരണജീവിതം പുനരാരംഭിക്കാനുള്ള പരിശ്രമങ്ങളിലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിരവധി ഊർജ്ജനിലയങ്ങൾ തകർക്കപ്പെട്ടതിനാൽ അതിശൈത്യത്തെ അഭിമുഖീകരിക്കാൻ ഉക്രൈനിലെ സാധാരണജനം ബുദ്ധിമുട്ടുകയാണ്. എന്നാൽ അവർ ദൈനംദിനജീവിതത്തിലേക്കും വിശുദ്ധബലിയിലേക്കും തിരികെ വരികയാണെന്ന് ആർച്ച്ബിഷപ് കുൽബോകാസ് കൂട്ടിച്ചേർത്തു.
വത്തിക്കാനിലേക്കുള്ള പോളണ്ടിന്റെയും ഉക്രൈന്റെയും എംബസികൾ ഒരുക്കിയ യാത്രയിൽ പങ്കെടുത്ത് ഉക്രൈനിലെത്തിയ പത്രപ്രവർത്തകരുമായി സംസാരിച്ച വത്തിക്കാൻ പ്രതിനിധി, രാജ്യത്ത് സാധാരണ ജനം നേരിടുന്ന ബുദ്ധിമുട്ടുകൾ വിശദീകരിച്ചു. കിയെവ് നഗരത്തിൽ പോലും പകൽ പതിനൊന്ന് മണിക്ക് മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന ശൈത്യകാലാവസ്ഥയുടെ മുൻപിൽ മതിയായ ഊർജ്ജനിലയങ്ങളുടെയും ജെനറേറ്ററുകളുടെയും അഭാവം ജനങ്ങളെ വലയ്ക്കുന്നുണ്ട്.
നിലവിലെ സ്ഥിതിയിൽ സമാധാനത്തിനായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയുമാണ് വേണ്ടതെന്ന് അപ്പസ്തോലിക് നൂൺഷ്യോ പറഞ്ഞു. വ്യാജവാഗ്ദാനങ്ങളെക്കാൾ യഥാർത്ഥ സമാധാനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. റഷ്യ താൽക്കാലികമായ ഒരു വെടിനിറുത്തൽ മാത്രമാണ് നിലവിൽ ആലോചിക്കുന്നതെന്നും, എന്നാൽ പിന്നീട് ഉക്രൈനെ തകർക്കുവാനുള്ള സാധ്യതയുണ്ടെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നതെന്നും ഉക്രൈനിലെ സാധാരണ ജനം ഭയക്കുന്നത് അത്തരമൊരു വ്യാജസമാധാനമാണെന്നും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: