തിരയുക

ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക് 

ഉക്രൈൻ അതിർത്തികളിലെ റഷ്യൻ ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നു

റഷ്യ ഉക്രൈനുനേരെ ആരംഭിച്ച കടന്നുകയറ്റം 293 ദിനങ്ങൾ പിന്നിടുമ്പോഴും, അതിർത്തിപ്രദേശങ്ങളിൽ ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നുവെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാ മേലധ്യക്ഷൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി റഷ്യ ഉക്രൈൻ അതിർത്തിയിൽ തുടരുന്ന ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക്. ഡിസംബർ 13 ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇപ്പോഴും ഡോണെറ്സ്ക്, ലുഹാൻസ്ക് മേഖലകളിലാണ് യുദ്ധം രൂക്ഷമായി തുടരുന്നത്. ഉക്രൈന്റെ മറ്റു പട്ടണങ്ങളിലും ഗ്രാമങ്ങളിലും റഷ്യ ആക്രമണങ്ങൾ തുടർന്നുവെന്നും, ഡിസംബർ പന്ത്രണ്ടിന് മാത്രം സുമി പ്രദേശത്ത് മുപ്പത്തിയെട്ട് ആക്രമണങ്ങൾ ഉണ്ടായെന്നും ആർച്ച്ബിഷപ് ഷെവ്ചുക് അറിയിച്ചു. ഖെർസൺ പ്രദേശത്തും റഷ്യ അക്രമങ്ങൾ അഴിച്ചുവിട്ടതായും, ആശുപത്രികൾക്ക് നേരെ വരെ ആക്രമണങ്ങൾ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടങ്ങളിൽ കുറച്ചാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ റഷ്യ ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവിടുന്നുണ്ടെങ്കിലും അതിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഉക്രൈനിൽ മാത്രം പതിനേഴായിരത്തോളം ആളുകൾ ഈ യുദ്ധത്തിന്റെ നേരിട്ടുള്ള ഇരകളായിട്ടുണ്ടെന്ന് ഗ്രീക്ക് കത്തോലിക്കാസഭാ മേലധ്യക്ഷൻ അറിയിച്ചു. ഏതാണ്ട് 424 കുട്ടികളാണ് ആക്രമണങ്ങളിൽ മരണമടഞ്ഞത്. 781 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ഉക്രൈനിന്റെ സംരക്ഷണത്തിനായി പോരാടുന്ന സായുധസേനയ്ക്കും ഡോക്ടർമാരടക്കമുള്ള സന്നദ്ധസേവകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഉക്രൈനിലെ യുവജനങ്ങൾക്കായി പ്രാർത്ഥിക്കുവാനും അദ്ദേഹം തന്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2022, 16:07