ഉക്രൈൻ കാത്തിരിക്കുന്ന കാരുണ്യത്തിൻറെ കരങ്ങൾ, ആർച്ചുബിഷപ്പ് ഷെവ്ചുക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിൻ ജനത ക്രൈസ്തവൈക്യദാർഢ്യവും ആ ജനതയെ പുണരുകയും പോറ്റുകയും ചൂടുപകരുകയും ചെയ്യുന്ന കാരുണ്യകരങ്ങളും പാർത്തിരിക്കുകയാണെന്ന് അന്നാട്ടിലെ ഗ്രീക്കുകത്തോലിക്കാ സഭാതലവനായ ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് ഷെവ്ചുക്ക് (Sviatoslav Shevchuk).
ഇക്കൊല്ലം (2022) ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനെതിരെ അഴിച്ചുവിട്ട മനുഷ്യത്വരഹിത ഘോരയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അനുദിനം വീഡിയൊ സന്ദേശരൂപത്തിൽ ചിന്തകൾ പങ്കുവയ്ക്കുന്ന അദ്ദേഹം യുദ്ധത്തിൻറെ 302-ാമത്തെ ദിനമായിരുന്ന വ്യാഴാഴ്‌ചത്തെ (22/12/22) സന്ദേശത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്.
ഈ കൊടും ശൈത്യകാലത്ത് ഉക്രൈയിൻ വൈദ്യുതിയും ചൂടും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് ആർച്ചുബിഷപ്പ് ഷെവ്ചുക്ക് പറയുന്നു. എന്നിരുന്നാലും ഉക്രൈയിൻ, യുദ്ധത്തിനെതിരെ പിടിച്ചു നില്ക്കുകയും പൊരുതുകയും പ്രാർത്ഥിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആവർത്തിക്കുകയും എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനാസഹായവും അഭ്യർത്ഥിക്കുകയും ചെയ്തു.
യുവജനങ്ങളെ തൻറെ സന്ദേശത്തിൽ പ്രത്യേകം അനുസ്മരിക്കുന്ന ആർച്ചുബിഷപ്പ് ഷെവ്ചുക്ക് വിജ്ഞാന ജീവിത നിയമങ്ങൾ കണ്ടെത്താൻ അവരെ ക്ഷണിക്കുകയും നിരോധനങ്ങളും നിയന്ത്രണങ്ങളുമല്ലാത്ത ദൈവിക കല്പനകളാണ് ജീവിത ജ്ഞാനവും, ജീവിതത്തിൻറെ യഥാർത്ഥ വഴികാട്ടിയും എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: