നിക്കരാഗ്വ: ബിഷപ് റൊളാൻഡോ അൽവാരസ് വീട്ടുതടങ്കലിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കഴിഞ്ഞ ഓഗസ്റ്റ് 19-ന് ഗൂഢാലോചനക്കുറ്റം ചുമത്തി നിക്കരാഗ്വ പോലീസ് കസ്റ്റഡിയിലെടുത്ത മാത്താഗാൽപാ രൂപതാധ്യക്ഷൻ അഭിവന്ദ്യ റൊളാൻഡോ അൽവാരസ് മെത്രാനെ വീട്ടുതടങ്കലിൽ വയ്ക്കുവാൻ തീരുമാനിച്ചതായി നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലെ നീതിപീഠത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഡിസംബർ പതിമൂന്നിനാണ് നീതിപീഠം ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
അദ്ദേഹത്തിന്റെ കേസ് സംബന്ധിച്ച പ്രോസിക്യൂഷൻ വക്കീലിനെ നിയമിച്ച കോടതി, കേസിൽ ആദ്യ വാദം ജനുവരി പത്തിന് കേൾക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മാത്താഗാൽപാ രൂപതാമന്ദിരത്തിൽ ആഗസ്ത് 19 വെള്ളിയാഴ്ച പുലർച്ചെ ബലമായി പ്രവേശിച്ച പോലീസ് അദ്ദേഹത്തെ, കൂടെയുണ്ടായിരുന്ന മറ്റു വൈദികർക്കും സെമിനാരിക്കാർക്കുമൊപ്പം കൂട്ടിക്കൊണ്ടുപോവുകയും രൂപതാധ്യക്ഷനെ വീട്ടുതടങ്കലിൽ വയ്ക്കുകയും മറ്റുള്ളവരെ ജയിലിലേക്കയക്കുകയുമാണ് ചെയ്തത്.
ഫ്രാൻസിസ് പാപ്പായുടെ ഐക്യദാർഢ്യം
അഭിവന്ദ്യ റൊളാൻഡോ അൽവാരസ് മെത്രാനെ അറസ്റ് ചെയ്തതിന് രണ്ടു ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 21 ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനാമദ്ധ്യേ, നിക്കരാഗ്വയിലെ സ്ഥിതിഗതികളുടെമേൽ തനിക്കുള്ള ആശങ്ക പ്രകടിപ്പിക്കുകയും, രാജ്യത്തെ നിലപാടുകൾ ആളുകളെയും സ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കുന്നവയാണെന്നും പറഞ്ഞിരുന്നു. "തുറന്നതും ആത്മാർത്ഥവുമായ ഒരു സംവാദത്തിലൂടെ, മാന്യവും സമാധാനപരവുമായ സഹവർത്തിത്വത്തിനുള്ള അടിത്തറ ഇനിയും കണ്ടെത്താനാകുമെന്ന" തന്റെ ബോധ്യവും ആഗ്രഹവും പാപ്പാ പ്രകടിപ്പിക്കുകയും, അതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ആശങ്ക
നിക്കരാഗ്വയിൽ നടക്കുന്നത് ജനാധിപത്യവ്യവസ്ഥയുടെ നേരെയുള്ള നിഷേധമാണെന്ന് സഭയ്ക്കും മറ്റു സംഘടനകൾക്കുമെതിരായ നടപടികളുടെകൂടി അടിസ്ഥാനത്തിൽ പ്രസ്താവിച്ച ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്തോണിയോ ഗുത്തെരസ്, ഈ നടപടികളിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു.
മാത്താഗാൽപായിലെ മെത്രാസനമന്ദിരത്തിൽ നടന്ന റെയ്‌ഡിനെക്കുറിച്ചുള്ള വാർത്തകൾ ഈ ആശങ്കയെ വർദ്ധിപ്പിക്കുന്നവയാണെന്ന് തങ്ങളുടെ വെബ്സൈറ്റിലെ ഒരു സന്ദേശത്തിലൂടെ യു. എൻ. വക്താവ് വ്യക്തമാക്കി.
"എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശങ്ങളുടെ സംരക്ഷണം ഉറപ്പുനൽകുക, പ്രത്യേകിച്ചും സമാധാനപരമായി ഒത്തുചേരാനുള്ള സാർവത്രിക അവകാശങ്ങൾ, സംഘടനകൾക്കുള്ള അവകാശങ്ങൾ, സ്വതന്ത്ര, മനസ്സാക്ഷി, മതസ്വാതന്ത്ര്യം എന്നിവയ്ക്കും, ഏകപക്ഷീയമായി തടവിലാക്കപ്പെട്ടവരുടെ മോചനത്തിനും വേണ്ടി മുൻപ് തന്നെ നടത്തിയിരുന്ന ആഹ്വാനം ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആവർത്തിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: