ആഗമനവും അനുതാപവും യോഹന്നാനും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ക്രിസ്തുവിന്റെ വരവിനൊരുങ്ങുന്ന ആഗമനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു പുതിയ ആരാധനാക്രമവർഷത്തിന്റെ ആരംഭമാണ് ആഗമനകാലം. ആഗമനകാലമെന്നും മംഗളവർത്തക്കാലമെന്നും ഒക്കെ വിളിക്കപ്പെടുന്ന, രക്ഷകന്റെ വരവിനുവേണ്ടിയുള്ള ഈ കാത്തിരിപ്പിന്റെ സമയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവും ആദ്യമേ മനസ്സിലേക്ക് കടന്നുവരിക ക്രിസ്തുമസിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി വിശുദ്ധഗ്രന്ഥ വായനകളിലൂടെയും പ്രാർത്ഥനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒക്കെ നാം കണ്ടുമുട്ടുന്ന വിശുദ്ധ യോഹന്നാനെപ്പോലെയുള്ള ചില വ്യക്തിത്വങ്ങളും, ആഗതനാകുന്ന രക്ഷകനെ സ്വീകരിക്കുവാൻ അനുതാപത്തോടെ ഒരുങ്ങുവാനുമുള്ള ക്ഷണവുമൊക്കയാണ്. മരുഭൂമിയുടെ ഊഷരതയിൽ, വരുവാനിരിക്കുന്ന കർത്താവിനായി വഴിയൊരുക്കുവാൻ അനുതാപത്തിനായി ആഹ്വാനം ചെയ്യുന്ന സ്വരമാണ് യോഹന്നാൻ. സ്വജീവിതത്തിലൂടെ ത്യാഗത്തിന്റെയും, ലൗകികതയെ കൈവെടിഞ്ഞ് ദൈവികതയോട് ചേർന്ന് നടക്കുന്നതിന്റെയും മാതൃക നൽകുന്ന, പൂർണ്ണമായി ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന ഒരു ജീവിതമാണ് യോഹന്നാന്റേത്.
ആഗമനകാലം
ലത്തീൻ ഭാഷയിലെ ആഗമനം എന്നർത്ഥം വരുന്ന അദ്വെന്തുസ് (Adventus) എന്ന വാക്കിൽനിന്നാണ് അഡ്‌വെന്റ് (Advent) എന്ന വാക്ക് വരുന്നത്. ഈ ലത്തീൻ പ്രയോഗമാകട്ടെ ഗ്രീക്ക് ഭാഷയിൽ ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് പറയുവാൻ ഉപയോഗിക്കുന്ന പറൂസിയ (Parousia) എന്ന വാക്കിൽനിന്നുമാണ് വരുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസിനൊരുങ്ങുന്ന ആഗമനകാലത്ത് ക്രിസ്തു രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് ബെത്ലെഹെമിൽ ഭൂജാതനായതിന്റെ ഓർമ്മ ആചരിക്കുക മാത്രമല്ല, അവനെ ഹൃദയത്തിൽ സ്വീകരിക്കാൻ നാം തയ്യാറാകുക കൂടിയാണ് ചെയ്യുന്നത്. ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുക എന്നാൽ യുഗാന്ത്യത്തിൽ വരുവാനിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാം വരവിൽ അവനെ സ്വീകരിക്കുവാനും, അവനു മുൻപിൽ നിർമ്മലമായ ഹൃദയത്തോടെ നിൽക്കുവാനും തയ്യാറാകുക എന്നതുകൂടി നാം ഇവിടെ അർത്ഥമാക്കുന്നുണ്ട്. ലൗകികതയെക്കാൾ ദൈവികതയെ ഇഷ്ടപ്പെടാൻ, ഭൂമിയെക്കാൾ സ്വർഗ്ഗത്തിനായി ആഗ്രഹിക്കാൻ, ദൈവത്തിന്റെ മക്കളും തിരഞ്ഞെടുക്കപ്പെട്ടവരും ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ടവരുമാണെന്ന ബോധ്യത്തിൽ ആഴത്തിൽ വളരാൻ ഉള്ള ഒരു സമയമാണ് ആഗമനകാലം.
ഏലിയാ പ്രവാചകനും യോഹന്നാനും
രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ രോമക്കുപ്പായവും തുകൽ കൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞ ഒരു പ്രവാചകനായി പഴയനിയമം ഏലിയായെ അവതരിപ്പിക്കുന്നുണ്ട്. ലോകസുഖങ്ങളെ ഉപേക്ഷിച്ച, വിരക്തിയുടെ ഒരു ജീവിതമാണ് ഏലിയാപ്രവാചകന്റേത്. ലോകസുഖങ്ങളോട് ചേരുന്നവന് ദൈവത്തോട് ചേരാനാകില്ലെന്ന ഒരു ചിന്ത വിശുദ്ധഗ്രന്ഥത്തിലെ പ്രവാചകജീവിതങ്ങളിൽ നമുക്ക് പൊതുവായി കാണാം.
സ്നാപകയോഹന്നാനെ മത്തായി ശ്ലീഹ തന്റെ സുവിശേഷത്തിൽ അവതരിപ്പിക്കുന്നത്, ഏലിയാ പ്രവാചകന്റെ വസ്ത്രധാരണം പോലെ, "ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചവനായാണ്" (മത്തായി 3, 4). ദൈവത്തിന്റെ അവസാനത്തെ വരവിനായി ഇസ്രയേലിനെ സജ്ജമാക്കാൻ ഏലിയാ മടങ്ങിവരുമെന്ന ഒരു പ്രതീക്ഷ പഴയനിയമകാലത്ത് നിലനിന്നിരുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ പതിനൊന്നാം അധ്യായത്തിൽ യേശു ഈ ഒരു ചിന്തയുമായി ബന്ധപ്പെടുത്തി, യോഹന്നാനെക്കുറിച്ച് "ഇവനാണ് വരുവാനിരിക്കുന്ന ഏലിയാ" (മത്തായി 11, 14) എന്ന് പറയുന്നുണ്ട്. വീണ്ടും ഇതേ സുവിശേഷത്തിന്റെ പതിനേഴാം അധ്യായത്തിൽ പതിനൊന്ന് മുതലുള്ള വചനങ്ങളിലും ഏലിയാ വന്നുകഴിഞ്ഞു എന്നും, ജനം അവനെ മനസിലാക്കിയില്ല എന്നും (മത്തായി 17 11-13) യേശു പറയുന്നുണ്ട്. ഏലിയ വീണ്ടും വരേണ്ടിയിരുന്നത് ദൈവത്തിന്റെ അവസാനവരവിന് ജനത്തെ ഒരുക്കാനായിരുന്നെങ്കിൽ, രക്ഷകനായ ക്രിസ്തുവിന്റെ വരവിനായി ജനത്തെ ഒരുക്കാനുള്ള നിയോഗമാണ് യോഹന്നാന് ഈ ഭൂമിയിൽ ഉണ്ടായിരുന്നത്.
സുവിശേഷങ്ങളിലെ സ്നാപകൻ
വിശുദ്ധ മാർക്കോസ് തന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ യോഹന്നാന്റെ പ്രഭാഷണത്തോടെയാണ്. വഴിയൊരുക്കുവാനായി അയക്കപ്പെട്ടവനാണ് യോഹന്നാനെന്ന് മാർക്കോസ് എഴുതിവയ്ക്കുന്നു. കർത്താവിനായി പാതയൊരുക്കുവാനാണ് യോഹന്നാൻ എത്തുന്നത്. പാപമോചനത്തിനുള്ള, അനുതാപത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന യോഹന്നാനിൽ, മാനസാന്തരത്തിലേക്കുള്ള, ദൈവത്തിലേക്കുള്ള തിരിച്ചുപോക്കിനുള്ള ക്ഷണത്തിന്റെ പ്രവാചകസ്വരം തിരിച്ചറിയുന്ന ആളുകൾ ജെറുസലേമിൽനിന്നും ജോർദാന്റെ പരിസരപ്രദേശങ്ങളിൽനിന്നും അവന്റെ അടുത്തെത്തുന്നതായി നാം സുവിശേഷത്തിൽ കാണുന്നുണ്ട്. വിശുദ്ധ ലൂക്കായാകട്ടെ, "കർത്താവിന്റെ വഴിയൊരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ, താഴ്വരകൾ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികൾ നേരേയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും" (ലൂക്കാ 3 4-6) എന്ന് വിളിച്ചുപറയുന്ന യോഹന്നാനെയാണ് അവതരിപ്പിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, വെളിച്ചത്തിന് സാക്ഷ്യമേകാൻ വന്നവനായാണ് സ്നാപകനെ അവതരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, യഥാർത്ഥ വെളിച്ചത്തിന്റെ സാക്ഷി. പ്രവാചകനായ യോഹന്നാൻ നൽകുന്നത് ക്രിസ്തുവിനെ സ്വീകരിക്കാനും, ദൈവത്തിലേക്ക് തിരികെ വരാനുമുള്ള ഒരു ക്ഷണം മാത്രമല്ല, മറിച്ച് ഒരു ജീവിതമാതൃക കൂടിയാണ്. ലോകത്തിലായിരിക്കുമ്പോഴും ലോകത്തോടുള്ള വിരക്തിയിൽ, ദൈവത്തോടുള്ള ആഴമേറിയ ബന്ധത്തിൽ ജീവിതകാലം മുഴുവൻ ജീവിക്കുന്നതിന്റെ മാതൃക.
ഹൃദയത്തിന്റെ പരിവർത്തനം
യോഹന്നാന്റെ പ്രസംഗത്തിൽ മുഴുനീളം നീണ്ടുനിൽക്കുന്ന ആശയം അനുതാപത്തിനുള്ള വിളിയാണ്. ഹൃദയത്തിന്റെ പരിവർത്തനത്തിലൂടെ നന്മയുടെ പാതയിലേക്ക്, ദൈവത്തിലേക്ക് തിരിയാനുള്ള വിളി. ദൈവത്തോട് മറുതലിച്ച്, തങ്ങളുടെ ഇഷ്ടങ്ങളനുസരിച്ച് മാത്രം മുന്നോട്ട് പോകുന്ന ഒരു ജനതയോട്, അനുസരണത്തിന്റെ പാതയിലേക്ക്, മാനസാന്തരപ്പെട്ട് അനുതാപത്തോടെ ദൈവത്തിലേക്ക് തിരികെ വരാനുള്ള ഒരു വിളിയാണ് യോഹന്നാൻ നടത്തുന്നത്. "മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്തായി 3, 2) എന്ന അറിയിപ്പോടെയാണ് ദൈവത്തിലേക്കുള്ള തിരികെവരവിന് യോഹന്നാൻ ക്ഷണിക്കുക. വരുവാനിരിക്കുന്ന കാലത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ്, ഹൃദയവും ജീവിതവും അതിനായി ഒരുക്കുവാനുള്ള വിളിയാണ് യോഹന്നാനിലൂടെ ദൈവം നൽകുന്നത്. ആഗമനകാലത്ത് ഓരോ ക്രൈസ്തവവിശ്വാസിയും ജീവിക്കുന്നത് ദൈവത്തിലേക്ക് തിരികെ വരാനുള്ള ഈ ഒരു ക്ഷണമാണ്. അനുതാപത്തോടെ പാപങ്ങളെ ഉപേക്ഷിച്ച്, ജീവിതത്തിന്റെയും ഹൃദയത്തിന്റെയും പരിവർത്തനത്തിലൂടെ, ദൈവത്തിന്റെ വരവിനായി, അവനെ നാഥനായി ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കുവാൻ ഒരുങ്ങുക. മാനസാന്തരം കാത്തിരിപ്പിന്റെ ഈ ദിനങ്ങളിലേക്ക് മാത്രമായി ചുരുക്കാനുള്ള ഒന്നല്ല. മനസ്സിന്റെ പൂർണ്ണമായ പരിവർത്തനം, രൂപാന്തരീകരണം ആണ് ദൈവം ആഗ്രഹിക്കുന്നത്. കാഴ്ചപ്പാടുകളിലും, വാക്കുകളിലും പ്രവൃത്തികളിലും, ജീവിതത്തിൽ മുഴുവനും നീണ്ടുനിൽക്കേണ്ട ഒരു മാറ്റം. രക്ഷയുടെ നാഥനെ സ്വീകരിക്കാൻ, അവനായി ഹൃദയവും ജീവിതവും ഒരുക്കാൻ, അതിനാണ് ആഗമനകാലവും യോഹന്നാന്റെ അനുതാപത്തിനുള്ള വിളിയും നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നത്.
സ്വർഗ്ഗരാജ്യം അടുത്തെത്തിയിരിക്കുന്നു
സ്വർഗ്ഗരാജ്യം എന്നതിലൂടെ വിണ്ണിൽ വസിക്കുന്ന ദൈവത്തിന്റെ രാജ്യം എന്നതാണ് നാം മനസിലാക്കുക. ദൈവത്തോട്, അവന്റെ നിയമത്തോടും വചനത്തോടും മനുഷ്യരെല്ലാം പൂർണ്ണമായ അനുസരണത്തിൽ വസിക്കുന്ന ഒരു സമയമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. അതേസമയം മാനവകുലത്തിന് മാത്രമല്ല സർവ്വപ്രപഞ്ചത്തിനും നാഥനായി ദൈവം വാഴുന്ന ഒരു സമയം കൂടിയാണത്. നന്മ വാഴുന്ന കാലം. മരണത്തിന്റെയും തിന്മയുടെയും മേൽ ദൈവത്തിന്റെ നിത്യമായ വിജയത്തിന്റെ കാലം. ക്രിസ്തുവിന്റെ രണ്ടാം വരവിനായി, സ്വർഗ്ഗത്തിന് അനുരൂപരായ മനുഷ്യരായി, നന്മയിൽ ജീവിക്കുന്ന മനുഷ്യരായി മാറുവാനുള്ള ഒരുക്കത്തിന്റെ സമയമായി ആഗമനകാലം മാറേണ്ടതുണ്ട്.
പാപികൾ ശിക്ഷിക്കപ്പെടുന്ന, തിന്മ ഇല്ലാതാക്കപ്പെടുന്ന ഒരു സമയമാണ് ന്യായവിധിയുടെ സമയമായി യോഹന്നാന്റെ കാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. യോഹന്നാനും ഭാഗികമായി ഈ ചിന്ത പങ്കിടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, ദൈവം "നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും" (മത്തായി 3, 10) എന്ന് യോഹന്നാൻ വിളിച്ചുപറയുന്നത്. ക്രൈസ്തവചിന്തയിൽ ഈയൊരു മുന്നറിയിപ്പിൽ മനസാന്തരത്തിനുള്ള വിളിയും, അതുവഴി ശിക്ഷയിൽനിന്നൊഴിഞ്ഞ് രക്ഷയ്ക്കുള്ള സാധ്യതയും നാം കാണുന്നുണ്ട്. അന്തിമവിധിയെക്കുറിച്ചുള്ള ക്രൈസ്തവചിന്തയിലും, പാപത്തിന്റെ നാശവും നന്മയുടെ വാഴ്ചയുമാണല്ലോ നാം കാണുന്നത്. ദൈവം വാഴുന്ന, തിന്മ എന്നന്നേക്കുമായി ഇല്ലാതാകുന്ന, മരണം പോലും ജീവന്റെ നാഥനായ ദൈവത്തിന് മുൻപിൽ തോൽക്കുന്ന സമയം. വരുവാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ചിന്തകൾ, ഭൂമിയിലെ നമ്മുടെ നാളുകളെ നന്മയുടെ ദിനങ്ങളാക്കി ജീവിക്കാൻ നമുക്ക് ആഹ്വാനം നൽകുന്നുണ്ട്.
മാമ്മോദീസ ജലത്തിലും ആത്മാവിലും
യോഹന്നാന്റെ പ്രവാചകസ്വരത്തിന്റെ പ്രേരണയിൽ നിരവധി ആളുകളാണ് പാപങ്ങൾ ഏറ്റുപറഞ്ഞ് അനുതാപത്തിന്റെ സ്നാനമേൽക്കുന്നത്. യോഹന്നാന്റെ വാക്കുകളിൽ പറഞ്ഞാൽ "ആസന്നമായ ദൈവക്രോധത്തിൽ നിന്ന് ഓടിയകലുന്നവരാണവർ". എന്നാൽ സ്നാനത്തിലൂടെ മാത്രം എല്ലാം പൂർത്തിയാകുന്നില്ല എന്ന ഒരു സത്യം യോഹന്നാൻ വിളിച്ചുപറയുന്നുണ്ട്. "മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ" (മത്തായി 3, 8). യോഹന്നാൻ ഇത് പറയാൻ പ്രത്യേകമായ ഒരു കാരണം കൂടിയുണ്ടായിരിക്കണം. യഹൂദരെ സംബന്ധിച്ചിടത്തോളം ആചാരപരമായ ശുദ്ധീകരണത്തിന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, അനുതപിച്ചു സ്നാനമേൽക്കാനുള്ള സ്നാപകന്റെ വിളിയെ ചിലരെങ്കിലും ആചാരപരമായ ഒരു കടമയിലേക്കുള്ള ക്ഷണമായി മാത്രം കണ്ടേക്കാമെന്ന ചിന്ത കൂടി സ്നാപകന്റെ വാക്കുകളിൽ നമുക്ക് കാണാനാകും. അതുകൊണ്ടുതന്നെയാണ് സ്നാനത്തിനുമപ്പുറം ജീവിതത്തിന്റെ പരിവർത്തനത്തിനുള്ള, മാനസാന്തരത്തിന്റെ ജീവിതത്തിനുള്ള പ്രാധാന്യം യോഹന്നാൻ വിളിച്ചുപറയുന്നത്. യോഹന്നാൻ നൽകിയ സ്നാനം ദൈവത്തിലേക്കുള്ള ഒരു യാത്രയുടെ ഒരുക്കം മാത്രമാണ്. ദൈവത്തിൽ, ആത്മാവിൽ സ്നാനപ്പെടാൻ, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാൻ, പിതാവിന്റെ പക്കലേക്ക് തിരിയുന്ന അനുരഞ്ജനത്തിന്റെ മക്കളാകാനുള്ള ഒരു വിളിയാണത്.
ജലത്താലുള്ള സ്നാനത്തിന് പൂർണ്ണമായ അർത്ഥം ലഭിക്കുന്നത് ദൈവത്തിലുള്ള സ്നാനമായി അത് മാറുമ്പോഴാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം മൂന്നാം അധ്യായത്തിൽ യോഹന്നാൻ ക്രിസ്തു നൽകുവാനിരിക്കുന്ന സ്നാനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് "അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും" (മത്തായി 3 11). ജലത്തിൽ സ്നാപകൻ നൽകുന്ന സ്നാനം, ദൈവാത്മാവിലുള്ള സ്നാനത്തിന്റെ മുന്നോടിയാണ്. നമ്മുടെ ആത്മാവിന്റെ കറകൾ കഴുകിക്കളയുന്ന, നമ്മെ വിശുദ്ധീകരിക്കുന്ന, സാക്ഷ്യം നൽകാൻ നമ്മെ ശക്തിപ്പെടുത്തുന്ന ആത്മാവിന്റെ സ്നാനം. യോഹന്നാൻ ഉപയോഗിക്കുന്ന അഗ്നി എന്ന പ്രതീകത്തിന് രണ്ടു മുഖങ്ങളുണ്ട്. വിശുദ്ധഗ്രന്ഥത്തിൽത്തന്നെ നാം കാണുന്നതുപോലെ ശുദ്ധീകരിക്കുന്ന ഒന്നാണ് അഗ്നി. വിശുദ്ധ പത്രോസ് തന്റെ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിന്റെ ഏഴാം വാക്യത്തിൽ, അഗ്നിയിൽ ശോധന ചെയ്യപ്പെടുന്ന സ്വർണ്ണത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ. എന്നാൽ അതേസമയം അഗ്നി എല്ലാത്തിനെയും കത്തിച്ചു ചാമ്പലാക്കാൻ കഴിവുള്ള ഒന്നുമാണ്. അനുതപിക്കാത്ത ഹൃദയങ്ങളെ, പാപക്കറകളെ, തിന്മയെ ഒക്കെ ഇല്ലാതാക്കാൻ കഴിയുന്ന അഗ്നി. അതുകൊണ്ടുതന്നെ ആത്മാവിലുള്ള സ്നാനം അനുതപിക്കുന്ന ഹൃദയങ്ങളുടെ ശുദ്ധീകരണത്തിന്റെ സ്നാനമായി മാറുന്നുണ്ട്. ദൈവത്തിന് സ്വീകാര്യമായ ഒരിടമാക്കി നമ്മുടെ ഹൃദയങ്ങളെയും ജീവിതത്തെയും മാറ്റാനുള്ള അനുഗ്രഹീതമായ ഒരു സമയമായി ആഗമനകാലത്തെ നമുക്ക് കാണാൻ സാധിക്കും. അനുതാപത്തിലൂടെ ദൈവസന്നിധിയിൽ ആത്മാവിലുള്ള ശുദ്ധീകരണത്തിനായി നമ്മെത്തന്നെ വിട്ടുകൊടുക്കുന്ന ഒരു സമയമായി ഈ കാത്തിരിപ്പിന്റെ ദിനങ്ങൾ മാറട്ടെ.
ക്രൈസ്തവജീവിതവും യോഹന്നാനും
ഓരോ ക്രൈസ്തവനും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചവരാണ്. ക്രിസ്തുവിൽ രക്ഷകനെ കണ്ടെത്തുന്നവരുടെ ജീവിതം ഒരു സാക്ഷ്യമായി മാറേണ്ടതുണ്ട്. ഈയൊരർത്ഥത്തിൽ യോഹന്നാന്റെ ജീവിതം നമുക്കും ഒരു മാതൃകയായി മാറേണ്ടതുണ്ട്. മരുഭൂമിയിൽ അനുരജ്ഞനത്തിന്റെ പാതയിലേക്ക് മനുഷ്യരെ ആഹ്വാനം ചെയ്ത യോഹന്നാനെപ്പോലെ, ലൗകികതയുടെ ക്ഷണികതയെയും സ്വർഗ്ഗത്തിന്റെ നിത്യതയെയും മനസ്സിലാക്കി ജീവിക്കുന്ന, സാക്ഷ്യം നൽകുന്ന ജീവിതങ്ങളായി നമ്മുടെയും ജീവിതങ്ങൾ മാറേണ്ടതുണ്ട്. സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാത്ത വിശ്വാസത്തിന് മറ്റുള്ളവരുടെ മുൻപിൽ വിശ്വാസയോഗ്യമായ സാക്ഷ്യമേകാൻ സാധിക്കില്ല. ജീവിതത്തിൽ ചെയ്യാത്ത പുണ്യങ്ങളുടെയും പാലിക്കാത്ത വാഗ്ദാനങ്ങളുടെയും സാക്ഷ്യങ്ങൾ ഉപരിപ്ലവമായി മാത്രമേ നിൽക്കൂ. യോഹന്നാനെപ്പോലെ, ജീവിതം പൂർണ്ണമായി സമർപ്പിച്ച്, ലോകത്തോടുള്ള വിരക്തിയിൽ ജീവിച്ച് ദൈവത്തിന് വേണ്ടി ഈ പ്രപഞ്ചത്തിൽ "അനുരഞ്ജനത്തിന്റെ, മാനസാന്തരത്തിന്റെ പ്രവാചകനായി" ഓരോ ക്രൈസ്തവനും മാറേണ്ടതുണ്ട്.
ഈ നാളുകൾ നല്ല ഒരുക്കത്തിന്റെയും അനുതാപത്തിന്റെയും നാളുകളാകട്ടെ ക്രിസ്തുവിനെ കൂടുതലായി സ്നേഹിക്കാൻ, ദൈവത്തോട് ചേർന്ന് നിൽക്കാൻ നമുക്കാകട്ടെ. രക്ഷകനായ ക്രിസ്തുവിന്റെ വരവിനായി ഹൃദയങ്ങളെ ഒരുക്കാൻ, ലോകമോഹങ്ങളുടെ സുഖസൗകര്യങ്ങൾ ഒരൽപ്പം മാറ്റിവച്ച്, മനസ്സിൽ ഒരൽപം മരുഭൂമി കാത്തുസൂക്ഷിച്ച് ജീവിക്കാം. മാമ്മോദീസായിലൂടെ നാം സ്വീകരിച്ച, ക്രിസ്തുവിന്റെ സാക്ഷികളാകാനുള്ള വിളിയിൽ ജീവിക്കാം. ആഗമനകാലം അനുഗ്രഹപ്രദമായ ഒരു സമയമായി മാറട്ടെ. അനുതാപത്തിന്റെയും ഉപവാസത്തിന്റെയും അനുരഞ്ജനത്തിന്റെയും പൂർണ്ണമായ മനസാന്തരത്തിന്റെയും ദിനങ്ങളായി ക്രിസ്തുവിന്റെ വരവിനുവേണ്ടിയുള്ള ഈ ദിനങ്ങൾ മാറട്ടെ. ഓരോ നിമിഷവും, ദൈവാത്മാവിന്റെ അഗ്നിയിൽ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ച്, നിർമ്മലമായ മനഃസാക്ഷിയോടെ ക്രിസ്തുവിനെ സ്വീകരിക്കാം. സ്നാപകനെപ്പോലെ, ദൈവത്തിന് സ്വീകാര്യരായ മനുഷ്യരാകാം. ആഗമനകാലത്തിലെ കാത്തിരിപ്പിന്റെ ദിനങ്ങൾ പ്രത്യാശയുടെ, ആന്തരികാനന്ദത്തിന്റെ നല്ല ദിനങ്ങളാകട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: