നീതിസൂര്യനെ സ്വീകരിക്കാൻ ഹൃദയങ്ങളെ വെട്ടിയൊരുക്കാം
ഫാ.ബെനഡിക്ട് വാരുവിള, പാറശ്ശാല രൂപത
ക്രിസ്തുമസിന് മുമ്പുള്ള ഒരുക്കത്തിന്റെ നാലാഴ്ചകൾ, ജനിക്കാൻ പോകുന്ന വ്യക്തിയുടെ ഉന്നതിയും, ആഴവും വ്യക്തമാക്കുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം പതിനൊന്നാം അധ്യായം ഒന്നാം തിരുവചനം "ജെസ്സയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്ത് വരും. അവന്റെ വേരിൽനിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും."ഏശയ്യായുടെ ഈ പ്രവചനം പൂർത്തിയാകുന്നത് ക്രിസ്തുമസ് രാവിൽ നിത്യ രാജാവായ ക്രിസ്തുവിന്റെ ജനനത്തോടെയാണ്.നൂറ്റാണ്ടുകളായി യഹൂദജനം കാത്തുകൊണ്ടിരുന്ന നീതിസൂര്യനായ രാജാവാണ് യേശുക്രിസ്തു. ആ യേശുക്രിസ്തുവിനെ സ്വീകരിക്കാൻ ആഗമനകാലത്തെ രണ്ടാം ഞായറാഴ്ച ഹൃദയങ്ങളെ വിശ്വസ്തതയോടെ വെട്ടിയൊരുക്കാൻ തിരുസഭ നമ്മെ പഠിപ്പിക്കുന്നു. ഒരാളുടെ ജന്മദിനം ആഘോഷിക്കാൻ ലോകം മുഴുവൻ നാലാഴ്ചകൾ ഒരുങ്ങുന്നുവെന്നു പറയുമ്പോൾ നാം കാത്തിരിക്കുന്നത് കേവലം ഒരു ജന്മദിനം ആഘോഷിക്കാൻ അല്ല എന്നത് വ്യക്തം. സ്വർഗ്ഗത്തെയും ഭൂമിയേയും അനുരഞ്ജനപ്പെടുത്തി, പറുദീസായുടെ വാതിലുകൾ നമുക്കായി തുറന്നിട്ട പൂർണ്ണ ദൈവവും പൂർണ മനുഷ്യനുമായ ക്രിസ്തുവിന്റെ ആഗമനത്തെ ജീവിതങ്ങളിൽ സ്വീകരിക്കാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും നമ്മെ പ്രാപ്തനാക്കുന്നതുമാണ് ക്രിസ്മസ്.ഇന്നത്തെ വചനവായനകൾ മുഴുവൻ നമ്മുടെ ഹൃദയങ്ങളെ നീതിബോധത്തോടെ വെട്ടിയൊരുക്കാനും വിശ്വസ്തതയോടെ ദൈവപുത്രന്റെ വരവിനായി ഒരുങ്ങി കാത്തിരിക്കാനും നമ്മെ ഓർമ്മപ്പെടുത്തുന്നു. വിശുദ്ധ മത്തായി എഴുതിയ സുവിശേഷം മൂന്നാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങൾ ക്രിസ്തുവിന്റെ വരവിനായി എങ്ങനെ നമ്മെ ഒരുക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഈ വചനഭാഗത്ത് നാം കാണുന്നത് സ്നാപകയോഹന്നാന്റെ പ്രഭാഷണമാണ്.
ആരാണ് സ്നാപക യോഹന്നാൻ?
മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം, ക്രിസ്തുവിന്റെ മുന്നോടി, ചിട്ടയായ ജീവിതചര്യയിലൂടെ സ്വയം വെട്ടിയൊരുക്കി ക്രിസ്തുവിന് വഴിയൊരുക്കിയവന്‍, തീക്ഷ്ണതയിൽ ദൈവസ്നേഹത്താൽ ജ്വലിച്ച് അധികാരങ്ങൾക്കും ഭ്രമങ്ങൾക്കുമപ്പുറം ദൈവനീതിയെക്കുറിച്ച് ശക്തമായ ഭാഷയിൽ ജനത്തെയും അധികാരികളെയും ബോധ്യപ്പെടുത്തിയ രണ്ടാം ഏലിയ. അവന്റെ പേരിന്റെ അർത്ഥം ദൈവീക ദാനം ദൈവീക കൃപ എന്നൊക്കെയാണ്. അതായത് ദൈവത്തിന്റെ ദാനമാണ് ഓരോ ജീവിതവും അതുകൊണ്ടുതന്നെ ഓരോ ഓരോ ജീവിതവും വാർത്തെടുക്കപ്പെടേണ്ടത് ദൈവേഷ്ടമനുസരിച്ചാകണം. അങ്ങനെ ജീവിതം ദൈവേഷ്ടമനുസരിച്ച് ക്രമപ്പെടുത്തിയവന്റെ പേരാണ് സ്നാപക യോഹന്നാൻ.എന്തുകൊണ്ട് ഇന്ന് നാം സ്നാപക യോഹന്നാനെ കുറിച്ച് വായിക്കുന്നു
ആഗമനകാലത്തെ രണ്ടാം ഞായറാഴ്ച്ച എന്തുകൊണ്ടാണ് നാം സ്നാപക യോഹന്നാനെ കുറിച്ച് ചിന്തിക്കുന്നത്. അത് യാദൃശ്ചികമായി സംഭവിച്ചതല്ല. മറിച്ച് വിശ്വസ്തതയോടെ ക്രിസ്തുവിന് വഴിയൊരുക്കിയ സ്നാപകയോഹന്നാൻ എങ്ങനെ ക്രിസ്തുവിനെ സ്വീകരിക്കാൻ ഒരുങ്ങണമെന്ന് തന്റെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും നമ്മെ പഠിപ്പിക്കുന്നു. സ്നാപക യോഹന്നാനും യേശുക്രിസ്തുവും തങ്ങളുടെ പരസ്യജീവിതം ആരംഭിക്കുമ്പോൾ സംസാരിക്കുന്ന ആദ്യ വചനങ്ങൾ പരസ്പര പൂരകങ്ങളാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം മൂന്നാം അധ്യായം രണ്ടാം തിരുവചനത്തിൽ സ്നാപകയോഹന്നാൻ തന്റെ പരസ്യജീവിതം ആരംഭിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ് "മാനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു." വിശുദ്ധ മർക്കോസ് എഴുതിയ സുവിശേഷം ഒന്നാം അധ്യായം പതിനഞ്ചാം തിരുവചനത്തിൽ യേശുക്രിസ്തു തന്റെ പരസ്യജീവിതം ആരംഭിക്കുമ്പോൾ ആദ്യമായി പറയുന്നത് "സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ" എന്നാണ്. സ്നാപക യോഹന്നാൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. നിങ്ങൾ മാനസാന്തരപ്പെടണമെന്ന് ജനത്തോട് പറയുമ്പോൾ, ക്രിസ്തുവിന്റെ ആദ്യ വചനങ്ങൾ സമയം പൂർത്തിയായി അതായത് ഏതു സ്വർഗ്ഗരാജ്യത്തിനു വേണ്ടിയാണോ മാനസാന്തരപ്പെട്ടൊ രുങ്ങിയിരിക്കാൻ ജനത്തോട് സ്നാപകൻ ആഹ്വാനം ചെയ്തത്, ആ സ്വർഗ്ഗരാജ്യം ജനത്തിന്റെ ഇടയിലേക്ക് വന്നിരിക്കുന്നു. ക്രിസ്തുവിന്റെ ആ വരവ് ലോകത്തോട് വിളിച്ചു പറഞ്ഞ സ്നാപകയോഹന്നാൻ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രം- മാനസാന്തരപ്പെടുക. എന്താണ് മാനസാന്തരമെന്നറിയുമ്പോഴാണ് ക്രിസ്തുവിനെ സ്വീകരിക്കാൻ എങ്ങനെയൊരുങ്ങണം എന്ന് നാം മനസ്സിലാക്കുന്നത്. മാനസാന്തരം എന്ന വാക്കിന് ഗ്രീക്കിൽ മെത്തനോയിയ എന്നാണ് പറയുന്നത്.മെത്തനോയിയ എന്ന വാക്കിന്റെ അർത്ഥം ഒരാളുടെ ഹൃദയത്തിൽ സംഭവിക്കുന്ന രൂപാന്തരീകരണം എന്നാണ്. അതായത് മാനസാന്തരം എന്നാൽ ഹൃദയത്തിൽ സംഭവിക്കേണ്ട രൂപാന്തരീകരണമാണ്.ഇവിടെ ഹൃദയത്തിന്റെ ഈ രൂപാന്തരീകരണത്തിൽ യഥാർത്ഥ അനുതാപവും അതുപോലെ അതുവരെയുള്ള എല്ലാ പാപകരമായ ജീവിതശൈലികളിൽ നിന്നും ഒരു വ്യക്തി പുതിയ വ്യക്തിയായി മാറുകയും ചെയ്യുന്നു. വി.പൗലോസ് ശ്ലീഹ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം അഞ്ചാം അധ്യായം പതിനേഴാം വചനത്തിൽ പറയുന്നതു പോലെ "ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ് പഴയത് കടന്നുപോയി ഇതാ പുതിയത് വന്നുകഴിഞ്ഞു. "മാനസാന്തരം എന്നത് പുതിയ സൃഷ്ടിയാവുക എന്നതാണ്.മറ്റൊരർത്ഥത്തിൽ മെത്തനോയിയ എന്നാൽ ആത്മീയമായും ഭൗതികമായും ദൈവത്തിന് പൂർണ്ണമായി വിട്ടു കൊടുക്കുക എന്ന അർത്ഥവുമുണ്ട്. മാനസാന്തരമാണ് ക്രിസ്തുവിനെ സ്വീകരിക്കാനായി ഒരുങ്ങുന്നവരിൽ ആദ്യം സംഭവിക്കേണ്ടത്.
എന്തുകൊണ്ട് നാം മാനസാന്തരപ്പെടണം
എന്തുകൊണ്ടാണ് ക്രിസ്തുവിനെ സ്വീകരിക്കാനായി ഒരുങ്ങുമ്പോൾ,അഥവാ ക്രിസ്തുമസിനായി ഒരുങ്ങുമ്പോൾ മാനസാന്തരമുള്ള വ്യക്തികൾ ആകണം,മാനസാന്തരമുള്ള മനസ്സുകൾ ഉണ്ടാകണം എന്ന് പറയുന്നത്. പാപകരമായ സാഹചര്യങ്ങളിൽ പരമപരിശുദ്ധനായ ദൈവത്തിന് വസിക്കാനാവില്ല എന്നതുകൊണ്ട് തന്നെ.പുറപ്പാട് പുസ്തകം മൂന്നാം അധ്യായം അഞ്ചാം തിരുവചനത്തിൽ മോശയ്ക്ക് ദൈവിക ദർശനമുണ്ടാകുമ്പോൾ ദൈവം മോശയോട് പറയുന്നത് "നിന്റെ കാലിലെ ചെരിപ്പഴിച്ചു മാറ്റുക. കാരണം നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്" എന്നാണ്.ക്രിസ്തുവിനായി കാത്തിരിക്കുമ്പോൾ പരിശുദ്ധിയുള്ള മനസ്സും ആത്മാവും ശരീരവും ഉണ്ടാകണം.അതുപോലെതന്നെ അനീതിയുള്ളിടത്ത് നീതിസൂര്യനായ ദൈവത്തിന് വാസമുറപ്പിക്കാൻ ഒരിക്കലും കഴിയില്ല. ദൈവകാരുണ്യത്തെ നാമെപ്പോഴും ആഘോഷിക്കുമ്പോൾ നീതിമാനായ ദൈവത്തെ സൗകര്യപൂർവ്വം നാം വിസ്മരിക്കുന്നു.അവിടെയാണ് സ്നാപകയോഹന്നാൻ നമ്മെ ഓർമ്മപ്പെടുത്തുന്നത് "വീശുമുറം അവന്റെ കയ്യിലുണ്ട് അവൻ കളം വെടിപ്പാക്കി ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കും.പതിര് കെടാത്ത തീയിൽ കത്തിച്ചു കളയുകയും ചെയ്യും. "ക്രിസ്തുമസ്സിന്റെ ഒരുക്കം നീതിസൂര്യനായ ദൈവത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്ക് നമ്മെ നയിക്കണം. അപ്പോൾ മാത്രമാണ് ഹൃദയങ്ങൾ വെട്ടിയൊരുക്കേണ്ടതിന്റെയും മാനസാന്തരത്തിന്റെയും ആവശ്യകത നമുക്ക് മനസിലാകുന്നത്.
നീതിസൂര്യനായ ക്രിസ്തു
അനീതിയെ വെറുക്കുന്നവനാണ് ദൈവം. പ്രത്യേകിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവരെ. അതുകൊണ്ട് തന്നെ ക്രിസ്തുമസിനായി നാം ഒരുങ്ങുമ്പോൾ നീതിയുള്ള ഒരു മനസ്സുണ്ടാകണം. ഹൃദയങ്ങൾ വെട്ടിയൊരുക്കപ്പെടണം. ഏതൊക്കെ മേഖലകളിലാണ് പ്രധാനമായും നമ്മൾ വെട്ടിയൊരുക്കപ്പെടേണ്ടത്. പ്രധാനമായും മൂന്ന് മേഖലകളിൽ വെട്ടിയൊരുക്കൽ ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നു.
1. വാക്കുകളും പ്രവർത്തിയും ഒന്നാകണം.
നീതിയുടെ ഒരു ജീവിതം നയിച്ചതുകൊണ്ടു മാത്രമാണ് സ്നാപകയോഹന്നാന് നീതിയെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ കഴിഞ്ഞത്.സ്നാപകന്റെ ജീവിതശൈലി,അവന്റെ വസ്ത്രധാരണം അത് സുവിശേഷാനുസരണമായിരുന്നു. നമ്മുടെ ജീവിതശൈലികളും വാക്കുകളും സുവിശേഷാനുസരണമാണോ? ഫരിസേയരെ നോക്കിയാണ് അവൻ പറയുന്നത് "നിങ്ങൾക്ക് പിതാവായി അബ്രഹാം ഉണ്ട് എന്ന് വിചാരിച്ച്നിങ്ങൾ അഹങ്കരിക്കേണ്ട. "നിങ്ങളുടെ ജീവിത പ്രവർത്തിക്കനുസരിച്ചാണ് ദൈവം നിങ്ങൾക്ക് പ്രതിഫലം തരുന്നത്. ഏശയ്യ പതിനൊന്നാം അധ്യായം അഞ്ചാം വചനത്തിൽ വളരെ വ്യക്തമായി ഇത് പറയുന്നു "നീതിയും വിശ്വസ്തതയും കൊണ്ട് അവൻ അര മുറുക്കും." അതുകൊണ്ടുതന്നെ ക്രിസ്തുമസിനായി ഒരുങ്ങുമ്പോൾ നമ്മുടെ വാക്കുകളും പ്രവർത്തികളും ഒന്നാകണം. പ്രവർത്തിപദത്തിലെത്താത്ത പ്രാർത്ഥനകളും പ്രാർത്ഥനകളാകാത്ത പ്രവർത്തികളും കൊണ്ട് ഒരു പ്രയോജനവുമില്ല. നീതിമാനായ ദൈവം നിന്റെ പ്രവർത്തികളും നിന്റെ ഹൃദയവും അറിയുന്നുവെന്ന് എപ്പോഴും ഓർക്കണം.
2. മുഖംമൂടികൾ ഇഷ്ടപ്പെടാത്ത ദൈവം
മറ്റുള്ളവരുടെ മുമ്പിൽ നീതിമാന്മാരായി നടിക്കുന്നവരെ ദൈവം ഒരുപാട് വെറുക്കുന്നുണ്ട്. മുഖംമൂടികൾ വയ്ക്കുന്നവരെ ഒരിക്കലും ദൈവം ഇഷ്ടപ്പെടുന്നില്ല. അയൽക്കാരനെ സ്വീകരിക്കാൻ കഴിയുന്നവന് മാത്രമാണ് ക്രിസ്തുവിനെയും സ്വീകരിക്കാൻ കഴിയുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം പതിനഞ്ചാം അദ്ധ്യായം ഏഴാം തിരുവചനത്തിൽ ഇപ്രകാരം പറയുന്നു "ആകയാൽ ദൈവ മഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്വീകരിക്കണം. "നീതിമാനായ ക്രിസ്തു നമ്മെ സ്വീകരിക്കണമെങ്കിൽ പരസ്പരം നമുക്ക് സ്വീകരിക്കാൻ കഴിയണം. അതിന് മുഖം മൂടിയില്ലാത്ത നീതിപൂർവമായ ജീവിതം നമുക്കുണ്ടാകണം. സ്നേഹത്തിന്റെ മുഖം മൂടികൾ വച്ചുകൊണ്ട് ഉള്ളിൽ വെറുപ്പ് തീർത്തു ചതിയുടെ വാരിക്കുഴികൾ തീർക്കാൻ പഠിപ്പിക്കുന്ന ഈ ലോകത്തിൽ ക്രിസ്തു നമ്മോട് പറയുന്നത് മുഖം മൂടികളില്ലാതെ എല്ലാവരെയും നീതിയോടെ സ്നേഹിക്കാനാണ്.
3. നല്ല ഫലം കായ്ക്കാൻ വെട്ടിയൊരുക്കുന്ന ദൈവം
ഈ ആഗമനകാലത്ത് നല്ല ഫലം പുറപ്പെടുവിക്കണമെങ്കിൽ വെട്ടിയൊരുക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിന്റെ പ്രതിസന്ധികളും വേദനകളും വെട്ടിയൊരുക്കപ്പെടലിന്റെ സമയങ്ങളാണെന്ന് തിരിച്ചറിയുമ്പോഴാണ് ആഗമനകാലം അർത്ഥവത്താകുന്നത്.വേദനയുടെ വെട്ടി ഒരുക്കപ്പെടലുകൾ ക്രിസ്തുവിന് സമ്മാനമായി നൽകണം. നല്ല ഫലം കായ്ക്കാൻ ആഗ്രഹിക്കണം. മറ്റുള്ളവർ നമ്മുടെ ജീവിതത്തിൽ തിന്മകൾ പ്രവർത്തിച്ചാലും അവർക്ക് നന്മ ചെയ്യാനാകണം. അങ്ങനെ നല്ല ഫലം പുറപ്പെടുവിക്കണമെങ്കിൽ നീതിബോധവും ധർമ്മനിഷ്ഠയും ജീവിതത്തിൽ ഉണ്ടാകണം. അതുകൊണ്ടാണ് സങ്കീർത്തനം എഴുപത്തിരണ്ടാം അധ്യായം ഒന്നാം തിരുവചനത്തിൽ ഇപ്രകാരം പറയുന്നത് "ദൈവമേ രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധർമ്മനിഷ്ഠയും നൽകണമേ. " നീതിയുള്ള ഒരു ഹൃദയത്തിന് മറ്റുള്ളവരെ ഹൃദയത്തിൽ സ്വീകരിക്കാൻ കഴിയും നീതിയുള്ള ഒരു ഹൃദയത്തിന് നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയും. ഈ ആഗമനകാലം സ്വയം വെട്ടിയ ഒരുക്കി, മാനസാന്തരത്തിന്റെ വഴിയിൽ നല്ല ഫലങ്ങൾ പുറപ്പെടുവിച്ച ക്രിസ്തുവിനെ സ്വീകരിക്കാൻ കഴിയട്ടെ. നീതിമാനായി ജീവിക്കുന്നവനാണ് നീതി സൂര്യനായ ക്രിസ്തുവിനെ സ്വീകരിക്കാൻ കഴിയുന്നത്.
നമുക്കും ഹൃദയത്തിൽ പ്രാർത്ഥിക്കാം "ദൈവമേ, പാപിയായ എനിക്ക് അങ്ങയുടെ നീതിബോധവും അങ്ങയുടെ ധർമ്മനിഷ്ഠയും നൽകണമേ."
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: