ക്രിസ്തുസാക്ഷ്യത്തിന് മാതൃകയായ സ്നാപകയോഹന്നാൻ
ഫാ.മോൻസ് കരുവാക്കുന്നേൽ എം.എസ്.ടി
മംഗളവാർത്താ കാലത്തിലെ മൂന്നാം ആഴ്ചയിലേക്ക് നമ്മൾ കടക്കുകയാണ്. ലോകരക്ഷകനായ ക്രിസ്തുവിനെ സ്വീകരിക്കുവാൻ സഭയും സഭാതനയരും ഒരുപോലെ ഒരുങ്ങുന്ന കാലഘട്ടം. ഏദനിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യൻ, രക്ഷയ്ക്കായി കാത്തിരുന്നത് നൂറ്റാണ്ടുകളാണ്. ലോകരക്ഷകനായ യേശുവിന് വഴിയൊരുക്കുവാൻ, ഇനിയും മക്കൾ ഉണ്ടാവില്ല എന്ന് വിശ്വസിച്ച സക്കറിയ പുരോഹിതനും എലിസബത്തിനും ദൈവകരുണയുടെ അടയാളമായി ഒരു കുഞ്ഞിനെ നൽകിക്കൊണ്ട് ദൈവം, രക്ഷകന്റെ ജനനത്തിനായി ഈ പ്രപഞ്ചത്തെ ഒരുക്കുന്നു . സ്നാപകയോഹന്നാന്റെ ജനനവും അനുബന്ധ സംഭവങ്ങളുമാണ് ഇന്നത്തെ സുവിശേഷവിചിന്തന വിഷയം.
ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിലും ആത്മാവിലും നിറയേണ്ട നാല്ചിന്തകൾ പങ്കുവയ്ക്കുകയാണ്.
യോഹന്നാൻ എന്ന പേരിലെ ദൈവകാരുണ്യം
യോഹന്നാൻ എന്ന പേര് തന്നെ ദൈവകാരുണ്യം വിളിച്ചോതുന്നതാണ്. ഹീബ്രു ഭാഷയിലെ യാവേ, ഹനാൻ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് യോഹന്നാൻ എന്ന പദം രൂപംകൊണ്ടിരി ക്കുന്നത്. യാവേ എന്നാൽ ദൈവം, ഹനാൻ എന്നാൽ കാരുണ്യം. തങ്ങളുടെ വാർദ്ധക്യത്തിൽ തങ്ങൾക്ക് ലഭിച്ച ദൈവകാരുണ്യത്തെ മറക്കാതിരിക്കുവാനും ദൈവകല്പനയുടെ പൂർത്തീകരണത്തിനുമായി സക്കറിയായും എലിസബത്തും കുഞ്ഞിന് യോഹന്നാൻ എന്ന പേര് നൽകുന്നു. എക്കാലവും ദൈവത്തിന്റെ കാരുണ്യത്തെ ആത്മാർത്ഥമായി ജീവിതത്തിൽ ഓർക്കുവനാണ് ആ വൃദ്ധ ദമ്പതികൾ ഇപ്രകാരം ചെയ്യുന്നത്. ദൈവകാരുണ്യം എന്നത് നമ്മുടെ അവകാശമോ,നമ്മുടെ കഴിവുകൾ കൊണ്ട് നമുക്ക് ലഭിക്കുന്നതോ അല്ല, മറിച്ച് നമ്മളോടുള്ള അഗാധമായ സ്നേഹത്തെ പ്രതി ദൈവം നമുക്ക് നല്കുന്ന സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകടനമാണത്. അതുകൊണ്ടുതന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിനു നന്ദി പറയണമെന്ന് ഈ സുവിശേഷ ഭാഗം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന ദൈവസ്നേഹവും കൃപകളും എന്നും പ്രഘോഷിക്കാനും അതിനെ എന്നും ഓർക്കാനും നമുക്ക് സാധിക്കുമെങ്കിൽ നമ്മുടെ ജീവിതം സന്തോഷം കൊണ്ടു നിറയും. ദൈവത്തിന് നന്ദി പറയുവാൻ നമുക്ക് ഒരുപാട് കാരണങ്ങളുണ്ട്. നാം ശ്വസിക്കുന്ന വായു മുതൽ നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്നതെല്ലാം ദാനമായി നമുക്ക് ലഭിക്കുന്നതാണ്. എന്നാൽ പലപ്പോഴും നമ്മൾ കർത്താവിനെ മറന്ന്, അവൻ നമുക്ക് നൽകിയ ജീവിത സാഹചര്യങ്ങളെ മറന്ന്, നന്ദിഹീനരായി മാറുന്നു. നന്ദി പറയാൻ മറന്നു പോകുന്നവന് നഷ്ടമാകുന്നത് രക്ഷയാണ്. വി. ലൂക്കായുടെ സുവിശേഷം പതിനേഴാം അധ്യായം 11 മുതൽ 19 വരെയുള്ള തിരുവചനങ്ങളിൽ കാണുന്ന കുഷ്ഠരോഗികളുടെ സൗഖ്യത്തിൽ യേശുവിൽ നിന്നും കൃപയും സൗഖ്യവും സ്വീകരിച്ചു പോയ 10 പേരിൽ സമരിയക്കാരൻ മാത്രമാണ് തിരിച്ചുവന്ന് നന്ദി പറഞ്ഞത്. അപ്പോൾ യേശു അവനോട് പറയുന്നത് “നീ ഇപ്പോൾ രക്ഷ പ്രാപിച്ചിരിക്കുന്നു” എന്നാണ്. ഇതുകൊണ്ട് കർത്താവ് അർത്ഥമാക്കുന്നത് നന്ദി പറയുവാൻ അവൻ തിരിച്ചു വന്നപ്പോൾ അവൻ സുഖപ്പെടുക മാത്രമല്ല ജീവിതത്തിൽ രക്ഷ കൈവരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു എന്നാണ്. നന്ദിയുള്ള ജീവിതം നമ്മെ നയിക്കുന്നത് ഒരു വലിയ രക്ഷയിലേക്കാണ്. ഈ വലിയ സന്തോഷം, ദൈവം നമുക്കായി നേടി തന്ന രക്ഷ ആസ്വദിക്കാനും അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനും നമ്മെ പ്രാപ്തരാക്കുന്നു.
വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം
വിശ്വസ്തതയോടെ കാത്തിരിക്കാനാവുക എന്നത് ഒരു കൃപയാണ്. അനുകൂലമല്ലാത്ത ചുറ്റുപാടുകളിലും, സ്വപ്നങ്ങൾ വീണുടയുമ്പോഴും ദൈവം വാഗ്ദാനം നിറവേറ്റുന്നവനാണ് എന്ന ഉത്തമ ബോധ്യത്തോടെ കാത്തിരുന്നവരാണ് എലിസബത്തും സക്കറിയയും. ദൈവീക പദ്ധതിയനുസരിച്ച് നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സമയത്തിന് വേണ്ടി കാത്തിരിക്കാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലും തീർച്ചയായും അത്ഭുതങ്ങൾ നമുക്ക് ദർശിക്കാൻ കഴിയും. മനുഷ്യർ എത്രമാത്രം അവിശ്വസ്തരായിരുന്നാലും ദൈവം വിശ്വസ്തനാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹ തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം രണ്ടാം അധ്യായം പതിമൂന്നാം തിരുവചനത്തിൽ നാം വായിക്കുന്നത്, നാം അവിശ്വസ്തരായിരുന്നാലും അവൻ വിശ്വസ്തൻ ആയിരിക്കും എന്തെന്നാൽ തന്നെത്തന്നെ നിഷേധിക്കുക അവന് സാധ്യമല്ല. അതുപോലെ നാം വിശ്വസ്തരായിരുന്നാൽ തലമുറകളോളം ദൈവം നമ്മോടു കരുണ കാണിക്കും. നിയമാവർത്തനപുസ്തകം ഏഴാം അധ്യായം ഒൻപതാം തിരുവചനത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു “അതിനാൽ നിങ്ങൾ അറിഞ്ഞു കൊള്ളുക നിങ്ങളുടെ ദൈവമായ കർത്താവാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകൾ വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം.”
ലൂക്ക സുവിശേഷകന്റെ ഒന്നാം അധ്യായത്തിൽ പതിമൂന്നു മുതലുള്ള തിരുവചനങ്ങളിൽ സക്കറിയയോട് ദൈവം നടത്തിയ എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിക്കപ്പെടുന്നത് നമ്മൾ കാണുന്നുണ്ട്. എലീശ്വായിൽ നിനക്ക് പുത്രൻ ജനിക്കുമെന്നും അവൻ ജനിക്കുന്നതുവരെ നീ മൂകൻ ആയിരിക്കുമെന്നും അവന്റെ നാമം നീ പറയുമ്പോൾ നീ സംസാരിക്കുമെന്നും പറയുന്ന ദൈവവചനങ്ങൾ യാഥാർത്ഥ്യമാകുന്നത് നമ്മൾ കാണുന്നു. നമ്മൾ ഉറച്ച് വിശ്വസിക്കണം, ദൈവം തന്ന എല്ലാ വാഗ്ദാനങ്ങളും അവൻ പാലിക്കും. ലൂക്കായുടെ സുവിശേഷത്തിന്റെ ഒന്നാം അധ്യായം 54, 55 തിരുവചനങ്ങൾ ഈ സത്യം നമ്മെ ഓർമിപ്പിക്കുകയാണ്.പരിശുദ്ധ അമ്മ തന്റെ സ്തോത്രഗീതത്തിൽ ഇപ്രകാരം പറയുന്നു “തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്നെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ച് തന്നെ”. ദൈവം തന്റെ വാഗ്ദാനങ്ങളിൽ എന്നും വിശ്വസ്തനാണ്. ഉല്പത്തി പുസ്തകം മുതൽ നമ്മൾ നോക്കുകയാണെങ്കിൽ ദൈവം കൊടുത്ത ഒരു വാഗ്ദാനവും നിറവേറ്റാതെ പോയിട്ടില്ല. അങ്ങനെയുള്ളയൊരു വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് നമ്മൾ ഇന്നത്തെ സുവിശേഷത്തിൽ കാണുന്നത്. അതുപോലെതന്നെ നമ്മുടെ ജീവിതത്തിലും ദൈവം നമ്മളോട് കാരുണ്യവും വിശ്വസ്തതയും കാണിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. നമുക്ക് ഉറച്ചു വിശ്വസിക്കാം യോഹന്നാന്റെ മാതാപിതാക്കളായ സക്കറിയയെയും എലിസബത്തിനെയും പോലെ ദൈവം നമുക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പരിപാലിച്ച് നമ്മെ സംരക്ഷിക്കും.
ദൈവീക ഇടപെടലുകളിലെ ധ്യാനമൗനം
ദൈവം സക്കറിയയ്ക്ക് നൽകിയ ഒരു മൂകതയുണ്ട്. ചില ദൈവിക ഇടപെടലുകളും വെളിപാടുകളും നമുക്ക് മനസ്സിലായി കിട്ടണമെങ്കിൽ നമ്മുടെ ജീവിതത്തിലും ഈ മൗനം ആവശ്യമാണ്.മൗനത്തിന്റെ വേളകളിലാണ് ദൈവം നമ്മളോട് സംസാരിക്കുന്നത്. ദൈവവുമായി മനുഷ്യൻ ഏർപ്പെടുന്ന നിശബ്ദ സംഭാഷണങ്ങൾ, ധ്യാനത്മകമായ നിമിഷങ്ങൾ എപ്പോഴും മാനവരാശിക്ക് വലിയ വലിയ ഉദ്ബോധനങ്ങളും വലിയ വലിയ പരിവർത്തനങ്ങളും ഉണ്ടാക്കിയതായി നമുക്ക് കാണുവാനായിട്ട് സാധിക്കും. പുറപ്പാട് പുസ്തകത്തിൽ മോശ ഇസ്രായേൽജനത്തിനുവേണ്ടി നിയമസംഹിതകൾ ചോദിക്കുവാനായി മലയുടെ മുകളിലേക്ക് പോവുകയും അവിടെ ദൈവത്തോടൊപ്പം നിശബ്ദതയിൽ ആയിരിക്കുകയും ചെയ്യുന്നു. തന്റെ പരസ്യ ജീവിതം തുടങ്ങുന്നതിനു മുമ്പ് പിതാവായ ദൈവത്തോടൊപ്പം സംവദിക്കുകയും പ്രാർത്ഥിക്കുകയും നിശബ്ദതയിൽ ആയിരിക്കുകയും ചെയ്ത ദൈവപുത്രനായ മിശിഹാ, വീണ്ടും ലോകരക്ഷക്കായി തന്നെ വിട്ടുകൊടുക്കുന്നതിനു മുമ്പ് ഗത്സമനയുടെ നിശബ്ദതയിൽ പിതാവുമായി ആലോചന ചോദിക്കുന്നവനായും നമ്മൾ കണ്ടുമുട്ടുന്നുണ്ട്. നമ്മുടെ ജീവിതത്തിലും, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും പിതാവായ ദൈവത്തോട് ആലോചന ചോദിക്കുന്ന ഒരു മൗനം അത്യാവശ്യമാണ്.
ക്രിസ്തുവിലേക്കുള്ള ചൂണ്ടുപലകയാകുക
ക്രിസ്തുവിനെ വെളിപ്പെടുത്തുവാനായി വന്ന പ്രവാചകന്മാരിൽ ഏറ്റവും അവസാനത്തെ പ്രവാചകനാണ് യോഹന്നാൻ. ക്രിസ്തുവിലേക്കുള്ള ഏറ്റവും പുതിയ സൂചിക. യോഹന്നാന്റെ ജനനം ക്രിസ്ത്യാനികളായ നമ്മെ എല്ലാവരെയും ഓർമിപ്പിക്കുന്നത് നാമെല്ലാവരും ക്രിസ്തുവിന് സാക്ഷികൾ ആകുവാൻ വിളിക്കപ്പെട്ടവരാണെന്ന സത്യമാണ്. ഈ സുവിശേഷ ഭാഗം മാമോദിസയിലൂടെ നമ്മൾ ധരിച്ച ക്രിസ്തുവിനെ പ്രഘോഷിക്കുവാനും അതുപോലെതന്നെ ക്രിസ്തുവിന് സാക്ഷിയാകുവാനും നമുക്കുള്ള നിയോഗത്തെ ഓർമിപ്പിക്കുകയാണ്. അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം 21ആം തിരുവചനത്തിൽ ഈശോ ഇപ്രകാരം പറയുന്നത് “നിങ്ങൾക്ക് സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” ക്രിസ്തുവിനെ അറിയാത്ത അനേകം ജീവിതങ്ങൾ ഇന്നും നമ്മുടെ ചുറ്റിലുമുണ്ട്. അവരോട് ഇതാ നിങ്ങളുടെ രക്ഷകനായ ക്രിസ്തു എന്ന് പറയുവാനുള്ള ചങ്കൂറ്റം യോഹന്നാനെ പോലെ കാണിക്കുവാൻ ഓരോ ക്രിസ്ത്യാനിക്കും ബാധ്യതയുണ്ട്. അതിനുള്ള വലിയൊരു നിയോഗവും നമ്മൾ ശിരസ്സിൽ പേറുന്നുണ്ട്. യോഹന്നാൻ തന്റെ ജീവിതത്തിലൂടെ പൂർത്തിയാക്കിയത് ഈ വലിയ നിയോഗമാണ്. തനിക്ക് പിന്നാലെ വരുന്നവൻ തന്നെക്കാൾ വലിയവനാണെന്ന ഏറ്റുപറച്ചിൽ. അവനിലൂടെയാണ് പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ ലോകത്തിന് ലഭിക്കുന്നത് എന്നുള്ള വെളിപ്പെടുത്തലിലൂടെ അവനിലാണ് നിങ്ങൾ വിശ്വസിക്കേണ്ടത് എന്ന് പറയാൻ അവൻ ക്രിസ്തുവിന്റെ ആദ്യ സാക്ഷിയായി ഭൂമിയിൽ മാറുകയായിരുന്നു.
ഈ സാക്ഷ്യത്തിന്റെ ജീവിതം ഭൂമിയ്ക്ക് കാട്ടിക്കൊടുത്ത സ്നാപകയോഹന്നാൻ, തന്റെ പിതാവായ ദൈവത്തെ പൂർണ്ണമായ രീതിയിൽ ലോകത്തിനു മനസ്സിലാക്കി കൊടുത്ത പുത്രനായ ദൈവം, ഇവരെല്ലാം ചൂണ്ടുപലകകൾ ആകുവാൻ നമുക്ക് വലിയ മാതൃക നൽകുകയാണ്. യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായം നാലാമത്തെ തിരുവചനത്തിൽ ഈശോ പറയുന്നുണ്ട് “അവിടുന്ന് എന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ ഞാൻ അങ്ങയെ മഹത്വപ്പെടുത്തി”. ക്രിസ്തു പൂർത്തിയാക്കിയതും, പ്രഘോഷിച്ചതും പിതാവായ ദൈവത്തിന്റെ ഹിതമാണ്. മാമോദീസാ ജലത്താൽ പവിത്രീകരിക്കപ്പെട്ട നമ്മുടെ ജീവിതങ്ങൾ കൊണ്ട് ക്രിസ്തുവിന് സാക്ഷികൾ ആകുവാൻ നമുക്ക് സാധിക്കണം. ക്രിസ്തുവിന്റെ സുവിശേഷവും പേറി ഭാരതത്തിലും, ഭാരതത്തിന്റെ പുറത്തും സുവിശേഷവേല ചെയ്യുന്ന എല്ലാ മിഷനറിമാരെയും സഹോദരങ്ങളേയും നമുക്ക് ഓർക്കാം. വിശുദ്ധ സ്നാപക യോഹന്നാനെ പോലെ ക്രിസ്തുവിന് സാക്ഷികളായി മാറിക്കൊണ്ട് ക്രിസ്തുശിഷ്യത്വത്തിന്റെ ഏറ്റവും വലിയ നിയോഗമായ ക്രിസ്തുവിനെ കാണിച്ചുകൊടുക്കുക എന്നുള്ള ദൗത്യം പൂർണമായ രീതിയിൽ നിറവേറ്റുവാൻ നമുക്കെല്ലാവർക്കും സാധിക്കണം. അതാണ് സ്നാപക യോഹന്നാനിലൂടെ നമ്മൾ ഏറ്റെടുക്കേണ്ട മിഷനറി ദൗത്യം.
ഈ ദൗത്യം നിറവേറ്റുവാൻ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുവാൻ, പുത്രനായ ദൈവത്തെ അനേകർക്ക് പകർന്നു കൊടുക്കുവാൻ നമുക്ക് കഴിയും. കാരണം അതിനുള്ള ശക്തി നമുക്ക് നൽകുന്നത് നമ്മെ നയിക്കുന്ന ദൈവമാണ്. സ്നാപകയോഹന്നാനെ പോലെ ഈ ലോകത്തിൽ ദൈവത്തിന്റെ വഴികാട്ടിയാവാൻ നമുക്കും കഴിയണം. 2019 ഒക്ടോബർ മാസത്തെ അസാധാരണ മിഷൻ മാസമായി പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നൂതന മിഷൻ പ്രവർത്തനം എന്താണെന്ന് നമ്മെ പഠിപ്പിച്ചു. പരിശുദ്ധ പിതാവിന്റെ വാക്കുകൾ ഇപ്രകാരമാണ്, “നമുക്ക് ഓർക്കാം, പണ്ടുകാലത്ത് ജനത്തെ ക്രിസ്തുവിലേക്ക് ആകർഷിക്കുന്നതാണ് മിഷൻ പ്രവർത്തനം.എന്നാൽ ഇന്ന്, ഈ കാലത്ത് അത് സാധിക്കുകയില്ല. കാരണം ജനത്തെ ആകർഷിക്കുവാനായി ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിൽ അവർക്ക് ചുറ്റുമുണ്ട്. അതിനാൽത്തന്നെ നൂതന മിഷൻ പ്രവർത്തനം എന്നു പറയുന്നത് 'ക്രിസ്തുവുമായി' ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് എന്നതാണ്.” വചനത്തിൽ പറയുന്നത് പോലെ “കർത്താവിന്റെ കരം അവനോടുകൂടി ഉണ്ടായിരുന്നു.” കർത്താവിന്റെ കരം കൂടെയുണ്ടായിരുന്ന സ്നാപകയോഹന്നാനെ പോലെ, അവൻ എല്ലാവർക്കും അനുഗ്രഹമായി മാറിയതുപോലെ നമുക്കും ക്രിസ്തുവിനു വേണ്ടിയുള്ള ഉപകരണങ്ങൾ ആയി മാറാം.
ക്രിസ്തുവിന് വഴിയൊരുക്കുവാൻ വന്ന സ്നാപക യോഹന്നാന്റെ ജനനത്തെക്കുറിച്ച് ധ്യാനിക്കുന്ന ഈ അവസരത്തിൽ നമ്മുടെ ജീവിതങ്ങളും ക്രിസ്തുവിന് വേണ്ടിയുള്ള ചൂണ്ടുപലകകളാക്കി മാറ്റാം. അവനെ പ്രഘോഷിക്കുന്ന, അവനു സാക്ഷികളായി തീരുന്ന, ധീര പടയാളികളായി മാറുവാൻ നമ്മുടെ ജീവിതങ്ങളെ ഒരുക്കണമേ എന്ന് ഈ നോമ്പുകാലത്ത് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ ജീവിതങ്ങളിൽ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആത്മാർത്ഥതയോടെ അവിടുത്തേക്ക് നന്ദി പറഞ്ഞുകൊണ്ട്, നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന സന്തോഷങ്ങളെ അപരനുമായി പങ്കുവെച്ചുകൊണ്ട്, നമ്മുടെ ജീവിതത്തിലെ ദുഃഖസന്ധികളിൽ ദൈവത്തോട് ആലോചന ചോദിച്ചുകൊണ്ട് നമ്മുടെ ജീവിതങ്ങളെ നമുക്ക് മുന്നോട്ട് നയിക്കാം. പുൽക്കൂട്ടിൽ ജാതനാകുന്ന ഉണ്ണീയീശോ നമ്മുടെ എല്ലാ അഭിലാഷങ്ങളും ആഗ്രഹങ്ങളും, നിയോഗങ്ങളും സഫലമാക്കി തരട്ടെ എന്ന ആശംസകളോടെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ. ആമേൻ
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: