രാജ്യത്തിൻറെ സമാധാനം ആഗ്രഹിച്ച് പ്രാർത്ഥനയുടെ ചിത്രങ്ങൾ വരച്ചുകൊണ്ട് ഉക്രൈൻ കുരുന്നുകൾ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റഷ്യൻ യുദ്ധത്തിന്റെ ആദ്യനാളുകളിൽ തന്നെ യുദ്ധം വേണ്ട സമാധാനം മതിയെന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടി സ്കൂളുകളിലും കോളേജുകളിലും കുട്ടികളും യുവജനങ്ങളും വരച്ച ചിത്രങ്ങൾ ഇപ്പോൾ ലോകമനഃസാക്ഷിയുടെ തന്നെ നൊമ്പര ചിത്രമായി പ്രദർശനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു.വെളിച്ചമില്ലാത്ത അഭയസ്ഥാനങ്ങളുടെ ഉള്ളിൽ ഭയത്തിന്റെ തടവറയിൽ കഴിയുന്ന ഈ കുരുന്നുകളുടെ ചിത്രങ്ങൾ ബോംബാക്രമണത്തിൽ തകർന്ന നഗരങ്ങളായ ഖാർകിവ്, മൈക്കോളൈവ് തുടങ്ങിയ ഇടങ്ങളിൽ നിന്നും ലിവിവിൽ എത്തിച്ച് അവിടെനിന്നും ഫോട്ടോകൾ എടുത്ത് ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നു.
ലിവിവിലെ ഒരു ആർട്ട് സ്റ്റുഡിയോയുടെ ചിത്രകാരിയും ഡയറക്ടറുമായ നതാലിയ ഫ്ലയാക്, യുവ ചിത്രകാരന്മാർ ചിത്രീകരിച്ച ചിഹ്നങ്ങളുടെ അർത്ഥം വിശദീകരിക്കുന്നു: “പല കുട്ടികളും ദൈവത്തിനും ആളുകൾക്കുമിടയിൽ മധ്യസ്ഥരായ മാലാഖമാരെ ചിത്രീകരിച്ചു. ഉക്രേനിയൻ പതാകയുടെ നിറങ്ങളായ മഞ്ഞ-നീല നിറങ്ങളാണ് പല ആൺകുട്ടികളും അവരുടെ കൃതികളിൽ ഉപയോഗിച്ചിരിക്കുന്നത്.
പെയിന്റിംഗിലൂടെ, നിറത്തിന്റെയും രൂപത്തിന്റെയും യോജിപ്പിലൂടെ, സമാധാനത്തിനായുള്ള അവരുടെ ആഗ്രഹം അറിയിക്കാൻ ശ്രമിക്കുന്നു". "കർത്താവ് സ്വർഗ്ഗത്തിൽ നിന്ന് നോക്കുകയും നമുക്ക് സമാധാനം നൽകുകയും ചെയ്യണമെന്ന അവരുടെ ആഗ്രഹം എല്ലാ നഗരങ്ങളിലും എത്തിച്ചേരണം" ഈ ചിത്രങ്ങൾ റോമിൽ പ്രദർശനത്തിനായി കൊണ്ടുവരാൻ മുൻകൈയെടുത്ത സെന്റ് ജോസഫത്തിന്റെ ബസിലിയൻ സന്യാസസമൂഹത്തിലെ വൈദികൻ പോളികാർപ്പ് മാർട്സെലിയുക്ക് അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: