രക്തസാക്ഷി ഇസബേൽ ക്രിസ്തീന മ്രാഡ് കാമ്പോസ് ഇനി വാഴ്ത്തപ്പെട്ടവൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബ്രസീലിലെ ബാർബസേനയിൽ രക്തസാക്ഷി ഇസബേൽ ക്രിസ്തീന മ്രാഡ് കാമ്പോസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.
പത്താം തീയതി ശനിയാഴ്‌ച (10/12/22) ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം.
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
തൻറെ കന്യകാത്വം സംരക്ഷിക്കുന്നതിന് ശ്രമിക്കവെ കത്തിക്കുത്തേറ്റു മരിക്കുകയായിരുന്നു നവവാഴ്ത്തപ്പെട്ട ക്രിസ്തീന. ബാർബസേനയിൽ 1962 ജൂലൈ 29 ജനിച്ച ഇസബേൽ ക്രിസ്തീന, കുട്ടികളുടെ ഡോക്ടറാകുകയെന്ന ലക്ഷ്യത്തോടെ വൈദ്യശാസ്ത്ര വിദ്യാർത്ഥിനി ആയിരിക്കവെയാണ് 1982 സെപ്റ്റംബർ 1-ന് ബലാംൽസംഗത്തിനു ശ്രമിച്ച മൗറീലിയൊ അൽമെയിഡ ഒലിവെയിര എന്നയാളുടെ കുത്തേറ്റ് മരിച്ചത്. ക്രിസ്തീനയ്ക്ക് പതിനഞ്ചു കുത്തുകളേറ്റിരുന്നു.
2020 ഒക്ടോബർ 27-ന് ഫ്രാൻസീസ് പാപ്പാ ക്രിസ്തീനയുടെ രക്തസാക്ഷിത്വം അംഗീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: