തിരയുക

ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം മേജർ ആർച്ച്ബിഷപ് സ്വിയാത്തോസ്ളാവ് ഷെവച്ചുക് ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം മേജർ ആർച്ച്ബിഷപ് സ്വിയാത്തോസ്ളാവ് ഷെവച്ചുക് 

ഉക്രൈൻ ജനതയുടെ നൊമ്പരം പേറി മേജർ ആർച്ച്ബിഷപ് സ്വിയാറ്റോസ്ളാവ് ഷെവ്ച്ക് വത്തിക്കാനിൽ

ഉക്രയിൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയാറ്റോസ്ളാവ് ഷെവ്ച്ക് വത്തിക്കാനിൽ മാർപാപ്പയുടെ പ്രത്യേക സന്ദർശനത്തിനായി എത്തി. കൂടിക്കാഴ്ചയിൽ ഉക്രൈൻ അടിയന്തരാവസ്ഥയിൽ സഭ ജനങ്ങൾക്കായി ചെയ്യുന്ന മാതൃകാപരമായ സേവനങ്ങളൂം എടുത്തു പറഞ്ഞു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വത്തിക്കാൻ: എപ്പോഴും തന്റെ വാക്കുകളിലും പ്രവർത്തനങ്ങളിലും ഉക്രൈൻ ജനതയോട് സഹതാപവും,ആത്മീയസാമീപ്യവും ഉറപ്പുനൽകുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ നേരിട്ട് കണ്ട് തന്റെ ജനതയുടെ ഹൃദയവികാരങ്ങൾ പങ്കുവയ്ക്കുവാൻ വത്തിക്കാനിൽ എത്തിയതാണ് ഉക്രയിൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയാറ്റോസ്ളാവ് ഷെവ്ച്ക്. യൂറോപ്പിന്റെ മുഖം തന്നെ മാറ്റിക്കളഞ്ഞ യുദ്ധത്തിന്റെ ഭീതിയുടെ നടുവിൽ, സീമകൾ കടന്ന് തന്റെ സഹോദരൻ എത്തിയതിന്റെ സന്തോഷത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പയും. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ പുസ്തകശാലയിലെ ഒരു മുറിയിൽ നടത്തിയ സൗഹൃദ സംഭാഷണത്തിൽ വേദനയുടെ വാക്കുകളിൽ കണ്ഠമിടറുമ്പോഴും തന്റെ ജനത്തോട് ചേർന്ന് നില്കുന്ന മാർപാപ്പ നൽകിയ ധൈര്യത്തിന് നന്ദിപറയുകയാണ് ആർച്ച്ബിഷപ്പ്. യുദ്ധം അവസാനിപ്പിക്കുവാനും, സമാധാനം പുനഃസ്ഥാപിക്കുവാനും, തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനും മാർപാപ്പ നടത്തുന്ന വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്ക്  സ്വിയാറ്റോസ്ളാവ് നന്ദി പറഞ്ഞു.

രണ്ടായിരത്തി ഇരുപത്തിരണ്ട് ഫെബ്രുവരി മാസം ഇരുപത്തിനാലാം തീയതി തുടങ്ങിയ യുദ്ധത്തിന്റെ കെടുതികൾ അതിന്റെ ഭീകരാവസ്ഥയിൽ തുടരുമ്പോൾ കൃത്യമായ ഒരു വിവരണം യാതൊരു കലർപ്പുമില്ലാതെ പുറംലോകത്തെ അറിയിക്കുവാൻ അനുദിനം ആർച്ച്ബിഷപ് ഇറക്കുന്ന പ്രസ്താവനകളും  എടുത്തുപറയേണ്ടതാണ്. കൂടിക്കാഴ്ചയുടെ അവസാനം ആർച്ച്ബിഷപ് താൻ കൊണ്ടുവന്ന ഒരു റഷ്യൻ മൈനിന്റെ ഒരു ചെറിയ ഭാഗവും മാർപാപ്പയ്ക്ക് നൽകി. കഴിഞ്ഞ മാർച്ച് മാസം ഇർപിൻ പ്രവിശ്യയിലെ ഒരു ഗ്രീക്ക് കത്തോലിക്കാ ദേവാലയം ഛിന്നഭിന്നമാക്കിയ ഈ മൈനിന്റെ കഷണം ഉക്രൈൻ നാട്ടിൽ യുദ്ധം വിതച്ച നാശത്തിന്റെ അടയാളമായാണ് ആർച്ച്ബിഷപ് മാർപാപ്പയ്ക്ക് സമ്മാനിച്ചത്. യുദ്ധത്തിന്റെ നാമാവശേഷമാക്കപ്പെട്ട അവശിഷ്ടങ്ങൾക്കിടയിൽനിന്നും വീണ്ടും പുതിയ ജീവനിലേക്കു ഉക്രൈൻ ജനത കടന്നുവരുമെന്ന ശുഭപ്രതീക്ഷയും ആർച്ച്ബിഷപ്പ് പ്രകടിപ്പിച്ചു. ഇതിനായി ആഗോളകത്തോലിക്കാസഭ നൽകുന്ന എല്ലാ സേവനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 നവംബർ 2022, 22:40