തിരയുക

സെയൂൾ ആർച്ച്ബിഷപ്പ് പീറ്റർ ചുങ് സൂൺ-തൈക് സെയൂൾ ആർച്ച്ബിഷപ്പ് പീറ്റർ ചുങ് സൂൺ-തൈക് 

തെക്കൻ കൊറിയയിലെ ദാരുണാപകടത്തിൽ അനുശോചനവുമായി സെയൂൾ ആർച്ച്ബിഷപ്

ഹാലോവീൻ ആഘോഷവുമായി ബന്ധപ്പെട്ട് തെക്കൻ കൊറിയയിലെ സെയൂൾ നഗരത്തിൽ നടന്ന ദാരുണാപകടത്തിന്റെ ഇരകളായവർക്ക് സെയൂൾ അതിരൂപതാധ്യക്ഷൻ അനുശോചനമറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തെക്കൻ കൊറിയയിലെ സെയൂൾ നഗരത്തിൽ ഹാലോവീൻ ആഘോഷവുമായി ബന്ധപ്പെട്ട് നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ, ഇരകളായവരുടെ കുടുംബങ്ങൾക്ക് സെയൂൾ ആർച്ച്ബിഷപ് പീറ്റർ ചുങ് സൂൺ-തൈക് അനുശോചനമറിയിക്കുകയും പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ചെയ്തു.

മരണമടഞ്ഞ ആളുകളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് ആർച്ച്ബിഷപ് ചുങ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ഈ അപകടത്തിൽ സഹായത്തിനെത്തിയ എല്ലാ അധികാരികൾക്കും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അദ്ദേഹം തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. ഇനിയൊരിക്കലും ഇതുപോലെ ഒരു ദുരന്തം അവർത്തിക്കപ്പെടില്ലെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രത്യേക സ്മാരകത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയെത്തിയ സെയൂൾ ആർച്ച്ബിഷപ്പിനൊപ്പം തെക്കൻ കൊറിയയിലെ മെത്രാൻസംഘം പ്രസിഡന്റ് അഭിവന്ദ്യ മത്തിയാസ് റിയുമുണ്ടായിരുന്നു.

രാജ്യത്തെ പ്രധാന ഏഴു മതങ്ങളുടെ പ്രതിനിധികൾ അന്നേദിവസം നടന്ന ചടങ്ങിൽ ഈ അപകടത്തിൽ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അനുശോചനമറിയിക്കുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 നവംബർ 2022, 17:10