തിരയുക

ദൈവം നൽകുന്ന താലന്തുകൾ വർദ്ധിപ്പിക്കുക ദൈവം നൽകുന്ന താലന്തുകൾ വർദ്ധിപ്പിക്കുക 

അദ്ധ്വാനത്തിലൂടെ സ്വന്തമാക്കേണ്ട സ്വർഗ്ഗരാജ്യം

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായം പതിനാലുമുതൽ മുപ്പതുവരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 25, 14-30 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഇരുപത്തിയഞ്ചാം അധ്യായത്തിൽ അന്ത്യനാളുകളിലേക്ക് നാം എപ്രകാരം ഒരുങ്ങണമെന്ന ചിന്തയുമായി ബന്ധപ്പെട്ട ചില വിചാരങ്ങളാണ് യേശു തന്റെ ശിശ്യരോട് പങ്കുവയ്ക്കുന്നത്. വിവേകത്തോടെ നാഥനായി കാത്തിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്ന പത്തു കന്യകമാരുടെ ഉപമയ്ക്കും അന്ത്യവിധിയെക്കുറിച്ചുള്ള വചനഭാഗത്തിനുമിടയിലാണ് താലന്തുകളുടെ ഉപമയെക്കുറിച്ചുള്ള ഈ സുവിശേഷഭാഗം. വിശുദ്ധ ലൂക്കാ സുവിശേഷകൻ തന്റെ പത്തൊൻപതാം അധ്യായത്തിന്റെ പന്ത്രണ്ടു മുതൽ ഇരുപത്തിയേഴുവരെയുള്ള തിരുവചനങ്ങളിലൂടെയും ഇതേ ഉപമ ചെറിയ വ്യത്യാസങ്ങളോടെ എഴുതിവയ്ക്കുന്നുണ്ട്. ദൈവം നൽകിയിരിക്കുന്ന കഴിവുകളുടെയും നമുക്ക് ലഭിച്ചിരിക്കുന്ന സമയത്തിന്റെയും ശരിയായ ഉപയോഗം ദൈവരാജ്യത്തിന്റെ പൂർണ്ണതയിലേക്ക് പ്രവേശിക്കുവാൻ നമുക്ക് സാധ്യതയൊരുക്കുമെന്നും, അതേസമയം നമ്മുടെ നിഷ്ക്രിയത്വം നമ്മെ ദൈവാരാജ്യപ്രവേശനത്തിൽനിന്നും അകറ്റിയേക്കാമെന്നുമുള്ള പാഠങ്ങളാണ് ഈ വചനഭാഗം നമുക്ക് നൽകുന്നത്.

സ്വർഗ്ഗരാജ്യത്തിലേക്കുള്ള മൂലധനം

ഈ ഭൂമിയിൽ സ്വർഗ്ഗരാജ്യത്തെ മുൻപിൽ കണ്ടുകൊണ്ട് ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് യേശു പറയുന്നത്. ദൈവം നമ്മെ ഭരമേല്പിച്ച സമ്പത്തുമായാണ് ഈ ഭൂമിയിൽ നാം ജീവിക്കുക. ഒരു യാത്രയുടെ പശ്ചാത്തലം വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ സമാന ഉപമയിലേതുപോലെ ഈ സുവിശേഷഭാഗത്തിനുമുണ്ട്. അന്ത്യമുള്ള ഒരു യാത്രയുടെ പശ്ചാത്തലമാണ് ഈ ഭൂമിയിലെ ജീവിതത്തിനുള്ളതെന്ന ഒരു ബോധ്യമാണ് ക്രിസ്തു ആദ്യമേതന്നെ ഇവിടെ നൽകുക. താലന്ത് വലിയ ഒരു അളവാണെന്നാണ് പറയുക. അതുകൊണ്ടുതന്നെ ഒരു താലന്ത് കിട്ടിയവനും ദൈവം നൽകുന്നത് വലിയ ഒരു അളവാണ്. ദൈവം സൗജന്യമായി നൽകുന്ന അളവറ്റ സാധ്യതകളുടെ ഒരു ലോകമാണ് ഓരോ ജീവിതങ്ങളും.

താലന്തുകളുടെ വിനിയോഗം

എപ്രകാരമാണ് ഈ മൂന്ന് ദാസരും തങ്ങൾക്ക് ലഭിച്ച താലന്തുകൾ ഉപയോഗിച്ചത് എന്നതിനെക്കുറിച്ചാണ് ക്രിസ്തു തുടർന്ന് പറയുക. അഞ്ചും രണ്ടും താലന്തുകൾ ലഭിച്ചവർ, അവ ഇരട്ടിപ്പിച്ചു. അവർ ഉടനടി അവ ഉപയോഗിച്ച് വ്യാപാരം ചെയ്തു എന്നാണ് ക്രിസ്തു പറയുക. ക്ഷമയോടെ, വിജയത്തിലേക്ക് നടന്നടുക്കാനുള്ള ദൃഢനിശ്ചയത്തോടെ അവർ വേല ചെയ്യുന്നു. തങ്ങളുടെ യജമാനന് കണക്കുകൊടുക്കുവാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ബോധ്യത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്. തങ്ങളുടെ സ്വന്തമല്ലാത്തതെങ്കിലും ആ താലന്തുകളും സമയവും വെറുതെ കളയാതെ, തങ്ങളുടെ യജമാനന്റെ വിശ്വസ്ത ദാസരെന്ന മനോഭാവത്തോടെ, ആത്മാർത്ഥതയോടെയാണ് അവർ അദ്ധ്വാനിക്കുക. എന്നാൽ ഒരു താലന്ത് ലഭിച്ചവനാകട്ടെ തന്റെ കൈകളിൽ ലഭിച്ച താലന്തിനെ അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്നു. തന്റെ അദ്ധ്വാനത്തിലൂടെ യജമാനന് ലഭിച്ചേക്കാവുന്ന നന്മയിൽ തനിക്കും പങ്കുപറ്റാനാകുമെന്ന ഒരു ബോധം അവനിൽ ഉണ്ടാകുന്നില്ല.

കണക്കുകൾ സൂക്ഷിക്കുന്ന ദൈവം

ആദ്യ രണ്ടു സേവകന്മാർ തങ്ങളുടെ കൈയ്യിൽ യജമാനൻ നൽകിയ വലിയ തുകകൾ വിശ്വസ്തതാപൂർവ്വം ഇരട്ടിയാക്കുന്നുണ്ട്. എന്നാൽ ഈ വലിയ അധ്വാനത്തെക്കുറിച്ച് യജമാനൻ പറയുക ചെറിയ കാര്യങ്ങളിലെ വിശ്വസ്തതയെന്നാണ്. അവർക്ക് ലഭിക്കാനിരിക്കുന്ന വലിയ ഉത്തരവാദിത്വങ്ങളുടെ, അവരിൽ ഏല്പിക്കപ്പെടാനിരിക്കുന്ന അനേക കാര്യങ്ങളുടെ മുന്നിൽ, ഇത്രയും നാൾ അവർ വലുതെന്ന് കരുതിയിരുന്ന താലന്തുകൾ ചെറിയ കാര്യമായി മാറുന്നു. അവർ യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ ക്ഷണിക്കപ്പെടുന്നു. ദൈവവചനങ്ങളുടെ പൊരുൾ വച്ച് നോക്കുമ്പോൾ, സ്വർഗ്ഗരാജ്യമെന്ന വിരുന്നിന്റെ സന്തോഷത്തിലേക്ക് വിളിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഈ ഉപമയിലെ ക്ഷണമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഈ ഉപമയിലെ ദുഷ്ടനും മടിയനുമായ മൂന്നാമത്തെ സേവകനാകട്ടെ അവനു നൽകപ്പെട്ട അനുഗ്രഹങ്ങൾ, താലന്ത് വളർത്തിയെടുക്കുന്നില്ല. അതുകൊണ്ടുതന്നെ, അവന്റെ ദുഷ്ടതയുടെയും മടിയുടെയും പേരിൽ അവൻ ശിക്ഷിക്കപ്പെടുന്നു. ദൈവരാജ്യമെന്ന വിരുന്നിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്ന, ദൈവം നൽകിയ സാധ്യതകളെന്ന, താലന്തുകളുടെ, കഴിവുകളുടെ, ഉപയോഗത്തിൽ നിരുത്തരവാദിത്വപരമായി പെരുമാറുന്നതും, നിഷ്‌ക്രിയത്വം പാലിക്കുന്നതും വലിയ ഒരു തെറ്റായാണ് ദൈവം കാണുക. കൂടുതൽ അനുഗ്രഹപ്രദമായ പ്രവർത്തികൾ ചെയ്യുന്ന വിശ്വസ്തരായ, നല്ലവരായ മനുഷ്യർക്ക് കൂടുതലായ അനുഗ്രഹങ്ങൾ ലഭിക്കുന്നു.

ദൈവം, ഈ ഉപമയിലെ യജമാനനെപ്പോലെ, മനുഷ്യരിൽ അന്വേഷിക്കുക ആദ്യ രണ്ടു സേവകരിൽ കാണുന്ന നന്മയും വിശ്വസ്തതയുമാണ്. അനുഗ്രഹങ്ങളെ വിലമതിക്കുന്ന, അവയെ നല്ല മനസ്സോടെ സ്വീകരിച്ച്, വിശ്വസ്തതാപൂർവ്വം വളർത്തിയെടുക്കുന്ന നല്ല ദാസരാണ് സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക.

നിഷ്ക്രിയത്വത്തിന്റെ വില

യാത്രയുടെ അവസാനം തിരികെയെത്തുന്ന യജമാനൻ തന്റെ ദാസന്മാരുടെ നന്മതിന്മകൾ, കൃത്യമായ കണക്കുകളനുസരിച്ച് വിധിക്കുന്നവനാണെന്ന് ഈ സുവിശേഷത്തിലൂടെ ക്രിസ്തു പറഞ്ഞുതരുന്നുണ്ട്. നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാൻ മാത്രമല്ല യജമാനൻ തന്റെ ദാസരുടെ കൈകളിൽ താലന്തുകൾ നൽകിയത്. ഒരല്പമെങ്കിലും അദ്ധ്വാനത്തിന് തയ്യാറാകാൻ, ദൈവം തന്ന ദാനങ്ങൾ ഒരല്പമെങ്കിലും വളർത്തിയെടുക്കാൻ ഓരോ മനുഷ്യനും കഴിയണം. ദൈവം നൽകുന്ന അനുഗ്രഹങ്ങൾ എത്ര ചെറുതും ആയിക്കൊള്ളട്ടെ, അവയെ വിലമതിക്കാനും, വളർത്തിയെടുക്കാനും സാധിക്കണം. യജമാനൻ മൂന്നാമത്തെ ദാസനോട് പറയുന്ന വാക്കുകൾ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടവയാണ്: "എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കൽ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാൻ വന്ന് എന്റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു" (വാ. 27). തിന്മ പ്രവർത്തിക്കാതിരിക്കുക എന്നത് മാത്രം നമ്മെ ദൈവരാജ്യത്തിൽ വലിയവരാക്കി മാറ്റുന്നില്ല. നിഷ്ക്രിയത്വത്തിൽനിന്ന് മാറി നന്മ പ്രവർത്തിക്കാൻ, അദ്ധ്വാനിക്കാൻ ആണ് ഓരോ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഈ ഉപമ നമ്മെ ഓർമ്മിപ്പിക്കുന്നു. പണവ്യാപാരികളുടെ പക്കൽ നിക്ഷേപിക്കുക എന്നാൽ, കഴിവുള്ള മനുഷ്യരുടെ അദ്ധ്വാനത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ച്, അവർക്കൊപ്പം നിന്ന് ലാഭം നേടിയെടുക്കുകയെന്നാണ്. ദൈവം നൽകുന്ന കഴിവുകൾ ഒറ്റയ്ക്ക് വളർത്തിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ, സഭയോട്, വിശ്വാസത്തിൽ ജീവിക്കുന്നവരോട് ഒന്നുചേർന്ന് നിന്ന് അവയെ വളർത്തിയെടുക്കാൻ, ദൈവരാജ്യത്തിനായി അദ്ധ്വാനിക്കാൻ, ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു.

അനുഗ്രഹപ്രദമായ ജീവിതം

ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു പറയുന്ന താലന്തുകളുടെ ഉപമയുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, അവസാനദിനത്തിൽ നമ്മുടെ ജീവിതത്തിലെ ഓരോ പ്രവൃത്തികൾക്കും ഉപേക്ഷകൾക്കും വ്യക്തിപരമായി ദൈവത്തിന് മുൻപിൽ കണക്കുകൾ നൽകേണ്ടി വരുമെന്ന ബോധ്യത്തോടെ ഈ ഭൂമിയിൽ ജീവിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. വിശുദ്ധ പൗലോസ് തെസ്സലോനിക്കക്കാർക്കെഴുതിയ രണ്ടാം ലേഖനം മൂന്നാം അധ്യായത്തിന്റെ ആറുമുതലുള്ള വാക്യങ്ങളിൽ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, അലസത മാറ്റിവച്ച്, മാതൃകാപരമായ രീതിയിൽ അധ്വാനിച്ച് നമ്മുടെ വിശ്വാസജീവിതങ്ങളെ മുൻപോട്ട് കൊണ്ടുപോകാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നൽകിയ താലന്തുകളെ വിലമതിക്കാനും, അവയുടെ നേരായ ഉപയോഗം വഴി, നന്മ പ്രവർത്തിക്കുന്നതിൽ ഉത്സാഹമുള്ളവരാകാനും നമുക്ക് തയ്യാറാകാം. "വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനും" എന്നും, നമ്മുടെ വീഴ്ചകളും പാപങ്ങളും അനുസരിച്ച് നമ്മെ ശിക്ഷിക്കുന്നവൻ എന്നും ദൈവത്തെ പഴിപറയുന്ന, ഭയത്തിന്റെ മനോഭാവം മാറ്റിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം. പകരം, നമ്മിലെ നന്മകളെയും, കഴിവുകളെയും അംഗീകരിക്കുന്ന, വിശ്വസ്തതാപൂർവ്വം ജീവിക്കുന്നവരെ അനുഗ്രഹിക്കുന്ന, അവൻ നൽകുന്ന താലന്തുകളെ വർദ്ധിപ്പിക്കുന്നവർക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകുന്ന നീതിമാനും നല്ലവനുമാണ് നമ്മുടെ ദൈവമെന്ന ബോധ്യത്തോടെ സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ഉത്സാഹത്തോടെ അദ്ധ്വാനിച്ചു ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2022, 16:02