പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ റോമിൽ സമ്മേളനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നവംബർ 18 പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ചൂഷണം, ദുരുപയോഗങ്ങൾ, ലൈംഗികാതിക്രമം എന്നിവ തടയുന്നതിനും, അവയിൽനിന്നുള്ള മുറിവുകൾ സൗഖ്യപ്പെടുത്തുന്നതിനുമുള്ള ലോകദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്ത സാഹചര്യത്തിൽ അന്നേദിവസം ഇതുമായി ബന്ധപ്പെട്ട് റോമിൽ ഒരു സമ്മേളനം നടത്തുവാൻ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്റെയും, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെയും പിന്തുണയോടെ, വിവിധ സർക്കാരിതര സംഘടനകൾക്കും, സമർപ്പിതസമൂഹങ്ങൾക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന അതിജീവിതരുടെ കൂട്ടായ്മയായ "ആഗോളസഹകരണം" (GLOBAL COLLABORATIVE) എന്ന സംഘടനയുടെ പരിശ്രമങ്ങൾ ഈയൊരു തീരുമാനത്തിൽ ഐക്യരാഷ്ട്രസഭയെ സഹായിച്ചിട്ടുണ്ട്.
നവംബർ പതിനെട്ടിന് ഉച്ചകഴിഞ്ഞ് നടക്കുന്ന ഈ സമ്മേളനം റോമിലെ ഈശോസഭാവൈദികരുടെ ജനറൽ കൂരിയയിൽ വച്ചാണ് നടക്കുക. സിയേറാ ലിയോണിന്റെ പ്രഥമവനിത ഫാത്തിമ മാദ ബയോ, യൂണിസെഫിന്റെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള യൂണിറ്റ് ഡയറക്ടർ കോർണേലിയൂസ് വില്യംസ് ഉൾപ്പെടെയുള്ള ആളുകൾ ഈ സമ്മേളനത്തിൽ സംസാരിക്കും. വൈകുന്നേരംനാലിന് വത്തിക്കാനിലെ വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വിശുദ്ധബലിയർപ്പണവും ഉണ്ടായിരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: