മതസൗഹാർദ്ദം ഊഷ്മളമാക്കുവാൻ ഭാരതകത്തോലിക്കാസഭയെ ഓർമിപ്പിച്ചുകൊണ്ട് വത്തിക്കാൻ പ്രതിനിധി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ബാംഗ്ലൂർ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ മുപ്പത്തിമൂന്നാമത് പൊതുസമ്മേളനം ബാംഗ്ലൂരിൽ നവംബർ പതിനൊന്നാം തീയതി വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലിയോപോൾദോ ജിരെല്ലി ഉത്‌ഘാടനം ചെയ്തു. തദവസരത്തിൽ മറ്റുമതങ്ങളുമായി കത്തോലിക്കാസഭ പുലർത്തിവരുന്ന സൗഹാർദ്ദം ഇനിയും കൂടുതൽ ഊട്ടിയുറപ്പിക്കണമെന്നും, മതങ്ങൾക്കിടയിലുള്ള സംഭാഷണങ്ങൾക്കും, വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾക്കും ഊന്നൽ നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കുവാനും മെത്രാന്മാരെ ആഹ്വാനം ചെയ്തു.
ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ അധ്യക്ഷനും ഗോവ-ദമാൻ അതിരൂപത മെത്രാപ്പോലീത്തയുമായ കർദിനാൾ ഫിലിപ്പെ നേരി ഫെറാവോ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. അസമത്വങ്ങളെ തച്ചുടച്ചുകൊണ്ട് സഹജീവികളോടും,പ്രകൃതിയോടും ഇണങ്ങി ജീവിക്കേണ്ടതിനുള്ള ഒത്തൊരുമയുടെ ഭാവിനെയ്യുവാൻ സമ്മേളനം അവസരമൊരുക്കട്ടെയെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ അറിയിച്ചു.
പരിശുദ്ധാത്മാവിന്റെ മാധ്യസ്ഥ്യം പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങിയ സമ്മേളനത്തിൽ,ഭാരതസംസ്കാരത്തിന്റെ തനിമയിൽ നിലവിളക്ക് തെളിയിക്കുകയും തദവസരത്തിൽ ശാന്തിമന്ത്രം ഉരുവിടുകയും ചെയ്തു.മദ്രാസ് -മൈലാപ്പൂർ ആർച്ചുബിഷപ്പും, സമിതിയുടെ ഉപാധ്യക്ഷനുമായ ജോർജ് അന്തോണിസ്വാമി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ത്രിവാർഷിക അവലോകനം അവതരിപ്പിച്ചത് സമിതിയുടെ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് അനിൽ കൂട്ടോ ആണ്. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ കൃതജ്ഞതയും രേഖപ്പെടുത്തി.
സമ്മേളനത്തിൽ പുതിയതായി സ്ഥാനാരോഹണം ലഭിച്ച കർദിനാൾമാരെയും, പുതിയ വത്തിക്കാൻ പ്രതിനിധിയെയും ആശംസകളറിയിച്ചഭിനന്ദിച്ചു.ഒപ്പം മരണം മൂലം വേർപെട്ടുപോയ മെത്രാന്മാരെയും സമ്മേളനം ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി അനുസ്മരിച്ചു.ഏകദിനസമ്മേളനത്തിൽ ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ സഭയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങൾ ചർച്ചചെയ്യപ്പെടും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: