തിരയുക

ക്രിസ്തുവിന്റെ രാജത്വം ക്രിസ്തുവിന്റെ രാജത്വം 

ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ

ലത്തീൻ ആരാധനാക്രമപ്രകാരം 2022-ലെ ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ ദിനത്തിലെ വിശുദ്ധഗ്രന്ഥവായനകളെ ആധാരമാക്കിയ വചനസന്ദേശം
ക്രിസ്തുരജതിരുനാൾ - സുവിശേഷപരിചിന്തനം - ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2021-2022 ആരാധനാക്രമവത്സരത്തിന്റെ അവസാന ഞായറാഴ്ചയായ ഇന്ന് ലത്തീൻ കത്തോലിക്കാസഭ മിശിഹായുടെ രാജത്വതിരുനാൾ സമുന്നതം ആഘോഷിക്കുകയാണ്.ആഗമനകാലത്തിനു തൊട്ടു മുൻപുള്ള ഞായറാഴ്ച്ചയാണ് ഈ വലിയ തിരുനാൾ ആഘോഷിക്കുന്നത്.ഏതൊരു രാജാവിന്റെ അഭിഷേകത്തിനു മുൻപും എപ്രകാരമുള്ള രാജാവാണ് വരാൻ പോകുന്നതെന്ന ഒരു ജിജ്ഞാസ മാനുഷികമാണ്.ഈ ഒരു ഇന്നും ഇപ്രകാരം നമ്മുടെ അനുദിനജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളെ പറ്റി അറിയുവാനുള്ള താത്പര്യവും ആകാംക്ഷയും ആ വ്യക്തിയിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്നു അല്ലെങ്കിൽ അകറ്റുന്നു.ഈ ലോകത്തിന്റെ മുഴുവൻ രാജാവായ മിശിഹായുടെ ജനനതിരുന്നാളിന് മുന്നോടിയായി  സഭാമാതാവ് നമുക്ക് ആത്മീയമായ ഒരുക്കത്തിനായി അനുവദിച്ചിരിക്കുന്ന ആഗമനകാലം തുടങ്ങുന്നതിനു മുൻപുതന്നെ നമ്മുടെ നിത്യരാജാവിനെപ്പറ്റിയുള്ള അവബോധം നമ്മിൽ ആഴപ്പെടുത്തുന്ന തിരുനാൾ കൂടിയാണ് മിശിഹായുടെ രാജത്വ തിരുനാൾ.

മിശിഹായുടെ രാജത്വം പഴയനിയമത്തിൽ

ഈ ലോകചരിത്രത്തിൽ പല ചിത്രകാരന്മാരുടെ ഭാവനയിലും,ധ്യാനത്തിലും വിരിഞ്ഞ മിശിഹായുടെ ഓരോ ചിത്രങ്ങളും അവന്റെ മനുഷ്യത്വത്തിന്റെ ഓരോ വ്യത്യസ്ത മുഖങ്ങളാണ്.നല്ല ഇടയൻ,മലയിലെ പ്രാർത്ഥന,രോഗികളെ സുഖപ്പെടുത്തുന്നവൻ,കുഞ്ഞുങ്ങളെ കൈയിൽ എടുക്കുന്നവൻ,ശിഷ്യന്മാരുടെ കൂടെ ആയിരിക്കുന്നവൻ,പുൽക്കൂട്ടിൽ പിറന്നവൻ,തിരുക്കുടുംബത്തിന്റെ മധ്യത്തിൽ നിൽക്കുന്നവൻ,അപ്പനെ തന്റെ ജോലിയിൽ സഹായിക്കുന്നവൻ,കുരിശിൽ മരണം വഹിക്കുന്നവൻ, അങ്ങനെ എണ്ണിത്തിട്ടപെടുത്താൻ വയ്യാത്തവണ്ണം നീണ്ടുപോകുന്നു ഈ ചിത്രങ്ങളുടെ എണ്ണം. ഇപ്രകാരം വരയ്ക്കപ്പെട്ടവയിൽ ഒന്നാണ് ക്രിസ്തുവിന്റെ രാജത്വം മനുഷ്യർക്ക് വെളിവാക്കികൊടുക്കുന്ന സിംഹാസനത്തിൽ ഉപവിഷ്ടനായി കിരീടവും ചെങ്കോലും അണിഞ്ഞ യേശുവിന്റെ ചിത്രം.ഒരുപക്ഷെ നമ്മുടെ ഉള്ളിൽ ഒരു ചോദ്യം അവശേഷിപ്പിക്കുന്ന തരത്തിലും ആ ചിത്രം മാറിയേക്കാം.കുരിശിലേറി മരിച്ചവൻ എപ്പോഴാണ് ചെങ്കോലേന്തിയത്?മുൾമുടി ധരിപ്പിക്കപ്പെട്ട് അവമാനിതനാക്കപ്പെട്ട യേശുവിന്റെ ശിരസ്സിലെപ്പോഴാണ് മിന്നുന്ന കിരീടം വയ്ക്കപ്പെട്ടത്?അവസാനതുള്ളി രക്തം വേറെ മനുഷ്യന് വേണ്ടി ചിന്തിയ അവന്റെ ശരീരം എപ്പോഴാണ് പടച്ചട്ട അണിഞ്ഞത്?

ഇവിടെയാണ് മിശിഹായുടെ രാജത്വത്തിന്റെ വ്യതിരിക്തത ഇന്നത്തെ വായനകൾ നമുക്ക് വെളിവാക്കിത്തരുന്നത്.സാമുവേലിന്റെ രണ്ടാം പുസ്തകം അഞ്ചാം അദ്ധ്യായം ഒന്ന് മുതൽ മൂന്നു വരെയുള്ള തിരുവചനഭാഗങ്ങളാണ് ഒന്നാം വായനയിൽ നാം ശ്രവിക്കുന്നത്.ഇസ്രയേലിന്റെ മുഴുവൻ  രാജാവായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ദാവീദിന്റെ അഭിഷേകത്തെ പറ്റിയുള്ള ചിന്തകളാണ് നാം ഇവിടെ കാണുന്നത്.ദാവീദിനെപ്പറ്റിയുള്ള ദൈവത്തിന്റെ അരുളപ്പാടിനെ എടുത്തു പറഞ്ഞുകൊണ്ടാണ് ഇസ്രായേൽ ജനതയിലെ ശ്രേഷ്ഠന്മാർ അവനെ ചൂണ്ടിക്കാട്ടുന്നത്,'നീ എന്റെ ജനമായ ഇസ്രായേലിനു ഇടയനും അധിപനും ആയിരിക്കും'.ഇടയനും അധിപനും,ഈ രണ്ടു നാമവിശേണങ്ങളും പുതിയനിയമത്തിലെ ഇസ്രായേൽ ജനത്തിന്റെ രക്ഷക്കായി വന്ന ക്രിസ്തുവിനെപ്പറ്റിയുള്ള പ്രവചനങ്ങളിലും കാണാവുന്നതാണ്.മിശിഹായുടെ രാജത്വത്തിന്റെ പഴയനിയമ അടിസ്ഥാനമാണ് ഇസ്രയേലിന്റെ രാജവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദിന്റെ സിംഹാസനം.വീണ്ടും ഒന്നാം പുസ്തകത്തിൽ ഇസ്രായേൽ ജനത എപ്രകാരമാണ് ദാവീദിനെവിശേഷിപ്പിക്കുന്നതെന്ന് നാം കാണുന്നുണ്ട്,'ഞങ്ങൾ നിന്റെ അസ്ഥിയും മാംസവുമാണ്'. അതായത് ഇസ്രായേൽ ജനതയെ തന്നിൽനിന്നും മാറ്റിനിർത്തപ്പെട്ട അല്ലെങ്കിൽ തന്റെ രാജപദവിക്ക് കീഴിലുള്ള പ്രജകളായല്ല ദാവീദ് കണ്ടിരുന്നത് മറിച്ച് തന്റെ ജീവന്റെ ജീവനായ ഇസ്രയേലിന്റെ തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ചു രാജാവായിരുന്നു ദാവീദ്.ഉത്പത്തിപുസ്തകത്തിൽ ഈ ഒരു വിശേഷണം എടുത്തു പറയുന്നുണ്ട്. ഏദെൻ തോട്ടത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യന് തുണയെ നൽകി അവനോട് ചേർത്ത് വയ്ക്കുമ്പോൾ ആദം ഹവ്വയെ നോക്കി പറയുന്നതും ഇപ്രകാരമാണ്,'ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും'(ഉല്പത്തി2,23).മിശിഹായുടെ രാജത്വം ഇപ്രകാരം സ്നേഹത്തിന്റെ മുകളിൽ പണിതുയർത്തിയ രാജത്വമാണെന്ന് പഴയനിയമം നമുക്ക് പറഞ്ഞുതരുന്നു.

അനശ്വരതയുടെ വാഗ്ദാനം നൽകുന്ന രാജത്വം

പഴയനിയമത്തിലെ രാജാക്കന്മാരുടെ രാജത്വവും,ഭരണവും ക്ഷണികമാണെന്നും, മാനുഷികമാണെന്നും നമുക്കറിയാം എന്നാൽ പുതിയ നിയമത്തിലെ മിശിഹായുടെ രാജത്വം നിത്യതയുടെ അനശ്വരത നമുക്ക് വാഗ്‌ദാനം ചെയ്യുന്നതാണ്.മനുഷ്യനായി പിറവിയെടുത്ത ദൈവപുത്രനിൽ അവന്റെ സകലസമ്പൂർണ്ണതയിലും മനുഷ്യരാശിയെ പങ്കുകാരാക്കണമെന്ന പിതാവായ ദൈവത്തിന്റെ തിരുമനസ്സാണ് പൗലോസ് ശ്ലീഹ തന്റെ ലേഖനത്തിലൂടെ നമുക്ക് വെളിപ്പെടുത്തുന്നത്.ഈ സമ്പൂർണ്ണതയെ അനുരഞ്ജനമെന്ന വാക്കു കൊണ്ടാണ് ശ്ലീഹ എടുത്തുകാണിക്കുന്നത് ഒപ്പം ആ അനുരഞ്ജനം സാധ്യമാക്കുവാൻ സഹായകരമായ മിശിഹായെന്ന രാജാവിന്റെ കുരിശും അതിൽ ചിന്തിയ രക്തവും.പഴയനിയമത്തിലെ ദാവീദ് രാജാവിന്റെ ഇസ്രായേൽ ജനതയുമായുള്ള ബന്ധം പുതിയനിയമത്തിലെ രാജാവായ മിശിഹായുടെ കുരിശുമരണം വഴി സാധ്യമാകുന്നുവെന്ന വെളിപ്പെടുത്തലും ഈ വചനങ്ങളിൽ നമുക്ക് കാണാം.നമുക്ക് രക്ഷയും പാപങ്ങളിൽനിന്നുള്ള മോചനവും മാത്രമല്ല അവൻ വാഗ്‌ദാനം ചെയ്യുന്നത് മറിച്ച് ദൈവരാജ്യത്തിന്റെ അനശ്വരതയും മരണത്തിന്മേലുള്ള ജീവിതവിജയവും ക്രിസ്തുവിന്റെ രാജത്വം നമുക്ക് ഉടമ്പടി നൽകുന്നു.ലോകത്തിലെ രാജാക്കന്മാർ എപ്രകാരം തനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നവർക്ക് അഭയവും,സുരക്ഷയും പ്രദാനം ചെയ്യുന്നുവോ,അതുപോലെ ക്രിസ്തുവെന്ന രാജാവും ഈ ലോകത്തിലെ സുരക്ഷയും വരും ലോകത്തിലെ നിത്യജീവനും നമുക്ക് നൽകുന്നു.

ഗാഗുൽത്തായിലെ പ്രജാപതിയാഗം

അനശ്വരമായ ഈ ക്രിസ്തുരാജഭരണത്തിന്റെ സ്നേഹമസൃണമായ ദൈവീക-മാനുഷിക ഭാവം അതിന്റെ ഉത്തുംഗതയിൽ വിവരിക്കപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം.വിശുദ്ധ ലൂക്കയുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായം മുപ്പത്തിയഞ്ചുമുതൽ നാല്പത്തിമൂന്നുവരെയുള്ള തിരുവചനങ്ങൾ പഴയനിയമത്തിലെ ഇസ്രായേൽ രാജാവായ ദാവീദിന്റെ രാജത്വവും ,പൗലോസ് ശ്ലീഹ വെളിപ്പെടുത്തുന്ന അനശ്വരത സംലഭ്യമാക്കുന്ന ക്രിസ്തുവിന്റെ രാജത്വവും എപ്രകാരം നമ്മുടെ ക്രൈസ്തവജീവിതത്തിൽ മനസ്സിലാക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു.ഗാഗുൽത്തായുടെ ഗിരിശൃംഗത്തിൽ വേദനയനുഭവിക്കുന്ന മിശിഹായുടെ രാജ്യവും അവന്റെ അധികാരങ്ങളും മനസ്സിലാക്കണമെങ്കിൽ ബുദ്ധിയുടെ കൂർമ്മതയിൽ ഉദിച്ചുയരുന്ന ചിന്താശകലങ്ങൾ മാത്രം പോരാ മറിച്ച് അവനോടൊപ്പം വേദനയിലും,മരണത്തിലും യാത്ര ചെയ്യുന്നവരാകണം നാമെന്ന് ഇന്നത്തെ വചനം പറഞ്ഞുതരുന്നു.തന്നെക്കുറിച്ചോ,തന്റെ ദുരിതങ്ങളെക്കുറിച്ചോ  ഒരിക്കലും ചിന്തിക്കാത്തവൻ,പരിഹാസങ്ങൾക്ക് എതിർപ്പ് പ്രകടിപ്പിക്കാത്തവൻ,വേദനയിൽ പോലും മറ്റുള്ളവന്റെ മനസാന്തരത്തിൽ സന്തോഷം കണ്ടെത്തുന്നവൻ ഇങ്ങനെ ക്രിസ്തുവെന്ന രാജാവിന്റെ യാഗത്തിന്റെ മേന്മകളാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ.

ലോകം മുഴുവൻ എല്ലാവരുടെയും കരുണയും ക്ഷമയും അനുരഞ്ജനവും ആയിത്തീരുന്ന ഒരു രാജത്വം, കാരണം കുരിശിൽ മരിച്ച യേശു നിരപരാധിയായ സമുന്നതനായ വ്യക്തി മാത്രമല്ല, നമ്മുടെ പാപങ്ങൾക്കും പാപപരിഹാരത്തിനുമായി മോചനദ്രവ്യമായി തന്നെത്തന്നെ പിതാവിന് സമർപ്പിക്കുന്ന ദൈവപുത്രൻ കൂടിയാണ്.അതുകൊണ്ടാണ് സുവിശേഷകനായ വിശുദ്ധ ലൂക്കാ യേശുവിന്റെ കുരിശിലെ മരണത്തെക്കുറിച്ചുള്ള തന്റെ വിവരണം തുടരുന്നത്, ഗാഗുൽത്തായിൽ യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കുറ്റവാളികൾ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ഇതിൽ ഒരാൾ അവനെ അപമാനിക്കുമ്പോൾ, മറ്റേയാൾ  അവനോട് കരുണയും ക്ഷമയും യാചിക്കുന്നു.

ആദ്യത്തെ കുറ്റവാളിയുടെ പരിഹാസവാക്കുകൾക്ക് യേശു മറുപടി പറയുന്നില്ല മറിച്ച് അവന്റെ വ്യതിചലിച്ച പെരുമാറ്റം കൊണ്ട് ഉടലെടുത്ത പ്രശ്നകാരവും പാപകരവുമായ അസ്തിത്വത്തിന്റെ അവസാനത്തിൽ പോലും നിത്യജീവൻ നേടാനുതകുംവിധം അവന്റെ പരിവർത്തനത്തിനും പുനർവിചിന്തനത്തിനും മാനസാന്തരത്തിനും ആവശ്യമായ സമയം നൽകുകയും ചെയ്യുന്നു.എന്നാൽ അനുതപിച്ചവനോട്, കരുണയുള്ള ദൈവത്തിന്റെ ഹൃദയാർദ്രതയോടെ യേശു ഉത്തരം നൽകുന്നു.മരണത്തിന് കീഴടങ്ങുന്നതിനു മുൻപ്   നിത്യതയിലും ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിലും വിശ്വസിക്കുന്നവർക്ക് ആശ്വാസകരമായ വാക്കുകൾ പ്രപഞ്ചം മുഴുവൻ മുഴങ്ങി കേൾക്കുന്നു:  'ഞാൻ നിന്നോട് പറയുന്നു: ഇന്ന് നീ എന്നോടൊപ്പം പറുദീസയിലായിരിക്കും'.

നമുക്കോരോരുത്തർക്കും അവന്റെ രാജ്യത്തിൽ ഒരു സ്ഥാനം ഉറപ്പുനൽകുന്നതാണ് ക്രിസ്തുവിന്റെ രാജത്വം എന്നാൽ ഈ രാജ്യം  ലൗകീകമല്ല മറിച്ച് സ്വർഗീയമാണ്.ഈ രാജ്യം സ്വന്തമാക്കുന്നതിന് രാജാവിനെപ്പോലെ സഹനത്തിന്റെയും,വേദനയുടെയും,കുരിശിന്റെയും വഴിയിലൂടെ നടക്കുവാൻ നാമും തയ്യാറാവണം.കുരിശിന്റെ അൾത്താരയിൽ സമാധാനത്തിന്റെ കളങ്കമില്ലാത്ത ഇരയായി സ്വയം ബലിയർപ്പിച്ച്, മാനുഷിക വീണ്ടെടുപ്പിന്റെ നിഗൂഢത പരിഹരിച്ച" യേശുവിലേക്ക് നമ്മുടെ ദൃഷ്ടി കേന്ദ്രീകരിക്കുമ്പോൾ   ഈ ക്രിസ്തുരാജ്യത്തിന്റെ ശാശ്വത സന്തോഷത്തിലേക്ക് നമുക്ക് നടക്കാൻ സാധിക്കും.

പറുദീസയെന്ന ദൈവരാജ്യം  ആരാധനാക്രമവർഷത്തിൽ

ഇക്കഴിഞ്ഞ ആരാധനാക്രമവർഷത്തിന്റെ ഓരോ ദിവസവും നമ്മുടെ ആത്മാവിന്റെ രക്ഷക്കായി, പറുദീസയെന്ന ദൈവാരാജ്യത്തിലേക്കുള്ള ക്രിസ്തുരാജന്റെ വിളിക്ക് നാം കാതോർക്കുകയായിരുന്നു.സ്നേഹത്തിന്റെ ഈ പാതയിൽ ലൗകീകമായ സമ്പാദ്യങ്ങളെല്ലാം വിലയില്ലാത്തതായി മാറുന്നു.തന്റെ കുരിശിന്റെ വിരിമാറിൽ ചിന്തിയ രക്തവും,കുതിമുറിവേൽപ്പിക്കപ്പെട്ട മേനിയും ക്രിസ്തുവെന്ന രാജാവ് നമുക്ക് നൽകുന്ന വിരുന്നാണ്.അധികാരത്തിന്റെ ധാർഷ്ട്യമോ,അഹങ്കാരമോ തെല്ലും തന്റെ പ്രവൃത്തികളിൽ ഉൾക്കൊള്ളിക്കാത്ത മിശിഹായുടെ രാജ്യം സ്നേഹത്തിന്റെ രാജ്യമാണ്.ഈ സ്നേഹം തന്നെയാണ് പറുദീസയുടെ വ്യതിരിക്തതയും. ഓരോ ആരാധനാക്രമവർഷവും അവസാനിക്കുമ്പോൾ നാം ഈ രാജത്വത്തെ സ്മരിക്കുന്നതോടൊപ്പം ഈ രാജ്യത്തിൻറെ അംഗങ്ങളാണെന്ന അഭിമാനവും നമുക്ക് ഉണ്ടാവണം.

ക്രിസ്തുവിന്റെ രാജത്വം നമ്മുടെ വ്യക്തിജീവിതത്തിൽ

ക്രിതുവിന്റെ രാജത്വം നമ്മുടെ അധികാരസീമകളിൽ ക്രൈസ്തവീകത വെളിപ്പെടുത്തുന്ന അവസരങ്ങളായി മാറ്റുവാനും തിരുസഭ നമ്മെ ഓർമ്മിപ്പിക്കുന്നു.ഈ അധികാരവിനിയോഗത്തിന്റെ ക്രൈസ്തവ ഭാവം നാം തുടങ്ങേണ്ടത് നമ്മുടെ കുടുംബങ്ങളിൽനിന്നുമാണ്.നമുക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന ഓരോ ഉത്തരവാദിത്വവും ക്രിസ്തുവിന്റെ രാജത്വത്തിന് തുല്യമായി സ്നേഹത്തിന്റെയും,കരുണയുടെയും,വിനയത്തിന്റെയും നന്മകളിലൂന്നി ചെയ്യുമ്പോഴാണ് നമ്മുടെ വ്യക്തിജീവിതത്തിലും ക്രിസ്തുവിന്റെ രാജ്യം സംസ്ഥാപിക്കപ്പെടുന്നത്. ഇപ്രകാരം ഇന്ന് ലോകത്തിന്റെ രാജാവായ മിശിഹായുടെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ അവന്റെ രാജ്യവും രാജത്വവും നമ്മുടെ ജീവിതത്തിലും പൂർത്തീകരിക്കപ്പെടുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം ഒപ്പം സഹനത്തിന്റെ വേളകൾ പോലും വിശ്വാസത്തോടെ ജീവിക്കാനുള്ള വിശ്വാസത്തിന്റെ ആഘോഷമായും ഈ തിരുനാൾ മാറട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 നവംബർ 2022, 18:02