യൂറോപ്പിലെ ഊർജപ്രതിസന്ധിയിൽ വേദനിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കത്തോലിക്കാ സഭ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വർധിച്ചു വരുന്ന വിലക്കയറ്റത്തിനെതിരെയും ഊർജപ്രതിസന്ധിക്കെതിരെയും യൂറോപ്യൻ യൂണിയൻ കത്തോലിക്കാ മെത്രാൻ സമിതി. മെത്രാൻ സമിതിയുടെ സാമൂഹിക വ്യവഹാര കാര്യങ്ങളുടെ അധ്യക്ഷൻ മോൺസിഞ്ഞോർ അന്തോണി ഹെറോഡ് ഇറക്കിയ പത്രക്കുറിപ്പിൽ രാജ്യങ്ങൾക്കിടയിൽ ഉണ്ടാകേണ്ട സഹാനുഭാവത്തെപ്പറ്റിയും,ഉർജ്ജനിർമിതിക്കുവേണ്ടുന്ന ഒരുമിച്ചുള്ള പോരാട്ടത്തെയും എടുത്തു പറഞ്ഞു.
അനിയന്ത്രിതമായ വിലക്കയറ്റവും ഊർജ പ്രതിസന്ധിയും
ഏതാനും മാസങ്ങളായി പുരാതനമായ യൂറോപ്യൻ നാടുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഉർജപ്രതിസന്ധിയും, വിലക്കയറ്റവും. സാധാരണക്കാരായ ജനകളെ സാരമായി ബാധിച്ച ഈ രണ്ടു കാര്യങ്ങളിലും യാതൊരുവിധ ഭേദവുമന്യേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ചു നില്കേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിക്കുന്നതാണ് യൂറോപ്യൻ യൂണിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ വാർത്താക്കുറിപ്പ്. വിലക്കയറ്റത്തിന് മുൻപിൽ പകച്ചുനിൽക്കുന്ന യൂറോപ്യൻ ജനത ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴുമോയെന്ന ആശങ്കയാണ് കത്തോലിക്കാസഭ യൂറോപ്യൻ യൂണിയനെ അറിയിച്ചത്.
യുദ്ധവും അനുബന്ധിത ഉർജപ്രതിസന്ധിയും
ഈ വർഷം ഫെബ്രുവരി ഇരുപത്തിനാലാം തീയതി ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധം യഥാർത്ഥത്തിൽ താളം തെറ്റിച്ചത് സാധാരണക്കാരായ ജനതയെയാണ്. ബദൽസംവിധാനങ്ങൾ ഒന്നും തന്നെ ചർച്ചചെയ്യാതെയും,നിർമിക്കാതെയും ഊർജ ഇറക്കുമതിയിലും,കയറ്റുമതിയിലും രാജ്യങ്ങൾ സ്വീകരിച്ച അശാസ്ത്രീയമായ തീരുമാനങ്ങൾ വലിയ പ്രതിസന്ധിക്ക് വഴിവച്ചു. ചെറുകിട വ്യവസായങ്ങൾ മുതൽ വൻകിട വ്യവസായങ്ങൾ വരെ നിശ്ചലമായി പോകുന്ന ദയനീയമായ അവസ്ഥക്ക് ഇത് കാരണമായി.പലരെയും ആത്മഹത്യയിലേക്ക് പോലും തള്ളിവിട്ട ഈ ഊർജപ്രതിസന്ധിയെ മറികടക്കുവാൻ ഫലപ്രദമായ മാർഗങ്ങൾ തേടണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
സഭയുടെ സാമൂഹിക മാനവും,പഠനങ്ങളും
പാവങ്ങളുടെ സ്വരമാകുവാനുള്ള സഭയുടെ സാമൂഹിക പ്രമാണത്തെ മുൻനിർത്തിയാണ് മെത്രാൻ സമിതി എല്ലാ യൂറോപ്യൻ രാജ്യങ്ങളോടും ഒന്നിച്ചുനിൽക്കുവാനുള്ള ആഹ്വാനം നൽകുന്നത്.നീതിയും സമാധാനവും ഉറപ്പുനൽകുന്നതും, സമൂഹത്തിലെ അധഃസ്ഥിത ജനതയോടുള്ള പ്രത്യേക പരിഗണനയും ഓരോ സർക്കാരിന്റെയും കടമയാണെന്നും സമിതി ഓർമിപ്പിച്ചു.
സാമ്പത്തിക ആശ്വാസവും ഊർജ ലാഭവും
സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്‌തുകൊണ്ട് എല്ലാവർക്കും തുല്യമായ രീതിയിൽ വിഭവവിതരണം നടത്തുവാനും,ഊർജ്ജ കാര്യക്ഷമതയ്ക്ക് മുൻഗണന നൽകുകയും ഊർജ്ജ ഉപഭോഗം ഉത്തരവാദിത്തത്തോടെ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ തിരിച്ചറിയാനുമുള്ള ഉപദേശവും മെത്രാൻ സമിതി യൂറോപ്യൻ യൂണിയന് നൽകുന്നു.പുതിയ സാർവത്രിക ഊർജ സംവിധാനത്തിന് അടിത്തറ പാകാൻ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി, ബഹുകക്ഷി പങ്കാളിത്തം തുടരാനും ബിഷപ്പുമാർ അംഗരാജ്യങ്ങളെ ഉപദേശിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: