കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന 'പകർച്ചവ്യാധി'യെക്കുറിച്ചുള്ള ഇംഗ്ലണ്ടിലെ അന്വേഷണം- അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബ്രിട്ടീഷ് സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഈ മഹാമാരിയെക്കുറിച്ച് ഏഴ് വർഷം നീണ്ട അന്വേഷണങ്ങൾ പൂർത്തിയാക്കി Child Sexual Abuse പാനൽ (IICSA) ബാലലൈംഗിക ദുരുപയോഗം സംബന്ധിച്ച സ്വതന്ത്ര അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസ മേ പ്രഖ്യാപിച്ച ആഴത്തിലുള്ള അന്വേഷണം 2014 ജൂലൈയിൽ ആരംഭിച്ചു.
2015 ഫെബ്രുവരിയിൽ, IICSA യെ ഒരു നിയമാനുസൃത അന്വേഷണമായി രൂപീകരിച്ചു. കോടതിയിൽ ഹാജരായി സാക്ഷി പറയാനുള്ള കല്പനയ (Subpoena) ഉൾപ്പെടെ വിപുല നിയമപരമായ അധികാരങ്ങളും രഹസ്യ വിവരങ്ങൾ പരിശോധിക്കാനുള്ള അനുവാദവും നൽകി. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം കത്തോലിക്കാ, ആംഗ്ലിക്കൻ സഭകൾ, വിദ്യാലയങ്ങൾ, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ളവ
കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള തങ്ങളുടെ കർത്തവ്യം എങ്ങനെയാണ് നിർവഹിച്ചതെന്ന് അന്വേഷണം പരിശോധിച്ചു. ബാലപീഡനം ഒരു ദേശീയ പകർച്ചവ്യാധിയാണെന്ന് IICSA അറിയിച്ചു. ആറ് പെൺകുട്ടികളിൽ ഒരു പെൺകുട്ടിയും 20 ആൺകുട്ടികളിൽ ഒരാളും16 വയസ്സിന് മുമ്പ് ലൈംഗികാതിക്രമം അനുഭവിക്കുന്നതായി അന്തിമ റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും കുട്ടികളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാതെ നല്ലപേരിന് വേണ്ടി പതിറ്റാണ്ടുകളായി പീഡനക്കേസുകൾ മൂടിവെച്ചുവെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. പല സ്ഥാപനങ്ങളും ഇനിയും മതിയായ സുരക്ഷാ നടപടികൾ നടപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിലൂടെ കണ്ടെത്തിയ ദുരുപയോഗത്തിന്റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതും ആഴത്തിൽ അസ്വസ്ഥതയുളവാക്കുന്നതുമാണെന്ന് റിപ്പോർട്ട് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകരോടു സംസാരിച്ച ഐ.ഐ.സി.എസ്.എ. അദ്ധ്യക്ഷൻ അലക്സിസ് ജെയ് പറഞ്ഞു.“ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ച വെറും ഒരു ചരിത്രപരമായ വ്യതിചലനം മാത്രമല്ല, ഇത് വർദ്ധിച്ചുവരുന്ന പ്രശ്നവും ദേശീയ പകർച്ചവ്യാധിയുമാണ്,” എന്ന് അവർ പറഞ്ഞു.
സംരക്ഷിക്കാനുള്ള പ്രതിബദ്ധത
IICSA യുടെ അന്തിമ റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയും റിപ്പോർട്ടിന്റെ ഉള്ളടക്കങ്ങളും ശുപാർശകളും പഠിക്കാനുള്ള ഉദ്ദേശ്യം ഉയർത്തിക്കാട്ടുകയും ചെയ്തു കൊണ്ട് കാത്തലിക് കൗൺസിൽ പ്രസ്താവന പുറത്തിറക്കി. അന്വേഷണത്തിന് അനുസൃതമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി രൂപികരിച്ച കാത്തലിക് കൗൺസിൽ, ദുർബ്ബലരായവരെ സംരക്ഷിക്കാൻ സഭ തുടർന്നും ശ്രമിക്കുമെന്ന് ഉറപ്പ് നൽകി.
"ഇംഗ്ലണ്ടിലെയും വെയിൽസിലെയും റോമൻ കത്തോലിക്കാ സഭ, സഭയിൽ അംഗങ്ങളായവരോ അവരുമായി സമ്പർക്കം പുലർത്തുന്നവരോ ആയ എല്ലാവരെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെയും സഭയുടെ ജീവിതവും പ്രവർത്തനവും സുരക്ഷിതമാക്കുന്നതിനുള്ള സമർപ്പിത ശ്രമത്തിന്റെയും യാത്ര, ഒരു ഘട്ടത്തിലും അവസാനിപ്പിക്കില്ല."
ദുരുപയോഗത്തെ അതിജീവിക്കുന്നവരെ ശ്രവിക്കുക
സഭയുടെ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഐഐസിഎസ്എയുടെ കേസ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സഭ സ്വന്തം നിലയിൽ സ്വതന്ത്ര അവലോകനത്തിനായി ഒരു കമ്മീഷനെ 2020 നവംബറിൽ നിയോഗിച്ചതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കാത്തലിക് സേഫ്ഗാർഡിംഗ് സ്റ്റാൻഡേർഡ് ഏജൻസി (CSSA) 2021 ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കുകയും ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഇരകളുടെയും പീഡനത്തെ അതിജീവിച്ചവരുടെയും ശബ്ദം കേൾക്കാനുള്ള ആഗ്രഹം സഭ ഉയർത്തിപ്പിടിക്കുകയും "ഈ പുതിയ ഏജൻസിയുടെ വികസനത്തിലെ അവിഭാജ്യ ഘടകം " ആണ് അവരുടെ ശബ്ദമെന്നും അതിനെ വിശേഷിപ്പിച്ചു. "സഭാംഗങ്ങളുടെ പ്രവൃത്തികളാൽ മുറിവേറ്റവരെ വിനയപൂർവ്വം കേൾക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്, അങ്ങനെ അവരുടെ അനുഭവങ്ങൾ നമ്മുടെ പ്രവർത്തനങ്ങൾക്ക് മുന്നറിവ് പകരും."
ക്ഷമാപണവും മെച്ചപ്പെടുത്താനുള്ള പ്രതിജ്ഞയും
ഉപസംഹാരമായി, ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയിൽ ദുരുപയോഗത്താൽ മുറിവേറ്റ ആളുകളോട് കത്തോലിക്കാ കൗൺസിൽ അതിന്റെ “ നിഷ്കപടമായ ക്ഷമാപണം” ആവർത്തിച്ചു. “എല്ലാ കുട്ടികളെയും ദുർബലരെയും സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായ പരിഷ്കരണത്തിനും മെച്ചപ്പെടുത്തലിനുമുള്ള പ്രതിബദ്ധത” കൗൺസിൽ ആവർത്തിച്ചു സ്ഥിരീകരിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: