തിരയുക

പ്രാർത്ഥനയുടെ മനുഷ്യർ പ്രാർത്ഥനയുടെ മനുഷ്യർ 

ക്രിസ്തുവിനെപ്പോലെ പ്രാർത്ഥനയിൽ ദൈവവുമായി അടുത്തായിരിക്കുക

പ്രാർത്ഥന എപ്രകാരം, എന്തുകൊണ്ട് എന്നുള്ള ചോദ്യങ്ങളുമായി ബന്ധപ്പെട്ട ചിന്താമലരുകൾ.
ക്രിസ്തുവിനെപ്പോലെ പ്രാർത്ഥനയിൽ ദൈവവുമായി അടുത്തായിരിക്കുക - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന

വിശുദ്ധ മത്തായിയുടെ സുവിശേഷം ആറാം അധ്യായം ഒൻപതു മുതലുള്ള തിരുവചനങ്ങളിൽ എപ്രകാരമാണ് പ്രാർത്ഥിക്കേണ്ടത് എന്ന് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നുണ്ട്. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയാണ് നമുക്ക് അവിടെ കാണാവുന്നത്. വെറും ഒരു പ്രാർത്ഥന എന്നതിനേക്കാൾ, പ്രാർത്ഥിക്കുമ്പോൾ നമുക്കുണ്ടാകേണ്ട മനോഭാവം, നമ്മുടെ ഉള്ളിൽ ഉണ്ടാകേണ്ട തിരിച്ചറിവുകൾ, എന്താണ് നാം പ്രാർത്ഥിക്കേണ്ടത് തുടങ്ങി അനേക കാര്യങ്ങൾ ഉൾക്കൊള്ളുന്ന അതിമനോഹരമായ ഒരു പ്രാർത്ഥനയാണത്.

കർതൃപ്രാർത്ഥന

കർതൃപ്രാർത്ഥന എന്നറിയപ്പെടുന്ന ഈ പ്രാർത്ഥന നമുക്കൊക്കെ മനഃപാഠമാണ്: "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ. അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകേണമേ. അന്നാന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് നൽകേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ".

പിതാവായ ദൈവം

ദൈവപുത്രനായ ക്രിസ്തു ഭൂമിയിലേക്ക് പിതാവിന്റെ രക്ഷാകരപദ്ധതിയുടെ പൂർത്തീകരണത്തിനായി കടന്നു വരുമ്പോൾ, നമുക്ക് ലഭ്യമാകുന്നത്, ദൈവപുത്രരാകാനുള്ള വിളികൂടിയാണ്, സാധ്യതയാണ്. കർതൃപ്രാർത്ഥനയുടെ ആരംഭത്തിൽ നാം ഇതാണ് അറിയാതെ അനുസ്മരിക്കുന്നത്. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ". ആരോടാണ് പ്രാർത്ഥിക്കുക എന്നത് നാം അറിഞ്ഞിരിക്കണം. സാധാരണയായി ഏതൊരു സംഭാഷണവും ആരംഭിക്കുക നമ്മുടെ മുൻപിലുള്ള ആളെ അഭിസംബോധന ചെയ്തുകൊണ്ടാണ്. യേശു തന്റെ പ്രാർത്ഥന ആരംഭിക്കുന്നതും ഈയൊരു തിരിച്ചറിവോടെയാണ്. ദൈവത്തെ നമ്മുടെ മുൻപിൽ പിതാവായി അവതരിപ്പിച്ചുകൊണ്ടാണ്. സ്നേഹമയനായ ഒരു പിതാവിനോടുള്ള സംഭാഷണവും അർത്ഥനയുമാണ് പ്രാർത്ഥന.

ക്രൈസ്തവവിശ്വാസമനുസരിച്ച് ദൈവം എന്നതിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിന്റെ കാര്യമാണ് നാം അനുസ്മരിക്കുന്നത്. ആരോടാണ് നാം പ്രാർത്ഥിക്കുന്നത് എന്ന് അറിഞ്ഞ് പ്രാർത്ഥിക്കുന്നത് നമ്മുടെ പ്രാർത്ഥനയെ മെച്ചപ്പെട്ട രീതിയിൽ ക്രമീകരിക്കാൻ നമ്മെ സഹായിക്കും. മക്കളെന്ന നിലയിൽ പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന ഒരു ദൈവത്തോടാണ് നാം പ്രാർത്ഥിക്കുക എന്ന ഉറച്ച വിശ്വാസത്തോടെ, സ്വാതന്ത്ര്യത്തോടെ വേണം നാം പ്രാർത്ഥിക്കുവാൻ.

ദൈവനാമത്തിന് മഹത്വം

ദൈവത്തോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെ, അവന്റെ മഹത്വം ലക്‌ഷ്യം വച്ചായിരിക്കണം നമ്മുടെ പ്രാർത്ഥനകൾ. എല്ലാം നന്മയ്ക്കായി മാറ്റുന്ന, എല്ലാം അനുഗ്രഹമാക്കി മാറ്റുന്ന ഒരു ദൈവത്തോടാണ് നാം മക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടെ പ്രാർത്ഥിക്കുന്നത്. അവൻ നൽകിയ അനുഗ്രഹങ്ങളെ ഓർത്ത്, അവന്റെ സ്നേഹത്തെയും കരുതലിനെയും ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നത് കൂടുതൽ അനുഗ്രഹങ്ങൾ ലഭ്യമാകുന്നതിന് കാരണമാകും. സ്വർഗ്ഗം തുറക്കുവാനുള്ള ഒരു മാർഗ്ഗം കൂടിയാണ് സ്തുതിയുടെ, നന്ദിയുടെ വാക്കുകൾ.

ദൈവഹിതമനുസരിച്ച് പ്രാർത്ഥിക്കുക

പ്രാർത്ഥനയിൽ പലപ്പോഴും നാം നമ്മുടെ ആവശ്യങ്ങൾ പറയുകയാണ് പതിവ്. മക്കൾക്കടുത്ത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അത് എന്ന് നമുക്ക് അറിയുകയും ചെയ്യാം. എന്നാൽ ദൈവത്തിന്റെ ഹിതമറിയാൻ പരിശ്രമിച്ച്, അതനുസരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹത്തിനായി വേണം നാം പ്രാർത്ഥിക്കുവാൻ എന്ന് യേശു താൻ നൽകിയ പ്രാർത്ഥനയുടെയും തന്റെ ജീവിതത്തിലൂടെയും കാണിച്ചുതരുന്നു. കുരിശിന്റെ അനുഭവം മുന്നിലേക്കെത്തുമ്പോഴും, ഗത്സമേൻ തോട്ടത്തിൽ ഇരുന്ന്, “പിതാവേ, എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ” എന്നാണല്ലോ യേശു പ്രാർത്ഥിക്കുന്നത്. തന്നെ സ്നേഹിക്കുന്നവർക്ക്, തന്റെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവൻ എല്ലാം നന്മയ്ക്കായാണ് ഒരുക്കുന്നത് എന്ന ഒരു വിശ്വാസം ഉള്ളിലുണ്ടെങ്കിൽ, ദൈവഹിതമനുസരിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവാൻ നമുക്ക് മടിയുണ്ടാകില്ല. നമ്മെക്കാൾ നന്നായി നമുക്ക് നന്മയായുള്ളത് എന്താണെന്ന് ദൈവത്തിനറിയാം എന്ന ഒരു വിശ്വാസം ഉണ്ടാവുക എന്നതാണ് പ്രധാനം. ഈ ഒരു അറിവിലേക്ക് വരണമെങ്കിൽ, ദൈവവുമായി ദൃഢമായ ഒരു ബന്ധം നമുക്ക് ഉണ്ടാകണം. നന്മയാണ് ദൈവമെന്ന തിരിച്ചറിവുണ്ടാകണം.

നിയോഗങ്ങൾ സമർപ്പിക്കുക

"അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് നൽകണമേ". ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളിൽ ഒന്നാണ് വിശപ്പടക്കുവാനുള്ള ഭക്ഷണം. നമ്മെ സംബന്ധിച്ചിടത്തോളം പലപ്പോഴും മനസിലാക്കാൻ എളുപ്പമല്ലാത്ത ഒരു ഭാഗമായിരിക്കും ഇത്. നമുക്ക് പ്രധാനപ്പെട്ടത്, നാം വലുതെന്ന് കരുതുന്ന ചില ആവശ്യങ്ങളായിരിക്കാം. പ്രാർത്ഥന എന്നാൽ അസാധ്യമായ കാര്യങ്ങൾക്കുവേണ്ടിയുള്ള അപേക്ഷയായി പലപ്പോഴും ചുരുങ്ങാറുണ്ട്. എന്നാൽ നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ദൈവത്തോട് പറയുക, അവന്റെ സഹായം അപേക്ഷിക്കുക എന്നത് അദ്ധ്യാത്മികജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ആരംഭത്തിൽ നാം പറഞ്ഞതുപോലെ പിതാവിനോട് മക്കൾക്കുള്ള സ്വാതന്ത്ര്യത്തോടെ, എല്ലാം, എപ്പോഴും ദൈവത്തോട് പറഞ്ഞ്, അവന്റെ ഹിതമറിഞ്ഞ് ജീവിക്കുമ്പോഴാണ് ജീവിതം തന്നെ പ്രാർത്ഥനയായി മാറുന്നത്. ഏതാണ് നമ്മുടെ ആവശ്യമെങ്കിലും ദൈവത്തിനു മുൻപിൽ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടാണ്ടാകണം. നമ്മെ അറിയുന്ന, നമ്മെ സ്നേഹിക്കുന്ന പിതാവിന് മുൻപിലല്ലെങ്കിൽ നമുക്കെവിടെയാണ് യഥാർത്ഥ സ്വാതന്ത്ര്യം?

ക്ഷമിച്ച്, ക്ഷമ യാചിച്ച് പ്രാർത്ഥിക്കുക

"ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ, ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ" ദൈവത്തിന് മുൻപിൽ നിൽക്കുമ്പോൾ മറ്റുള്ളവരോടുള്ള പകയുമായല്ല നിൽക്കേണ്ടത്. അവരുടെയും പിതാവാണ് ദൈവം. ക്ഷമിക്കുന്ന ഒരു ദൈവമാണ് അവിടുന്ന്. എന്നാൽ ക്രിസ്തു പതിനാലും പതിനഞ്ചും വചനങ്ങളിൽ പറയുന്നു; "മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല". ദൈവവുമായും നമ്മുടെ സഹോദരങ്ങളുമായും നല്ല ഒരു ബന്ധം, കറകൾ തീർന്ന ഒരു ബന്ധം പ്രാർത്ഥനയിൽ ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടാതിരിക്കുന്നുണ്ടണെങ്കിൽ നമുക്ക് നമ്മുടെ നമ്മുടെ ഹൃദയത്തെയും ജീവിതത്തെയും ഒന്ന് വിശകലനം ചെയ്യാം. ദൈവമക്കൾക്കടുത്ത ഒരു ഹൃദയമാണോ നമുക്കുള്ളത്? ദൈവപുത്രനായ ക്രിസ്‌തുവിന്റെ മനോഭാവവും ഹൃദയവിശാലതയും എനിക്ക് എത്രമാത്രം സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്?

നിരന്തരം പ്രാർത്ഥിക്കുക

എപ്രകാരമാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിന്റെ പതിനെട്ടാം അധ്യായം ഒന്നുമുതൽ എട്ടു വരെയുള്ള തിരുവചനങ്ങളിൽ ക്രിസ്തു നമ്മെ പഠിപ്പിച്ചുതരുന്നുണ്ട്. ഒരു വിധവയുടെയും നീതിരഹിതമായ ന്യാധിപന്റെയും ഉപമ പറഞ്ഞുകൊണ്ടാണ് യേശു നമ്മൂടെ പ്രാർത്ഥനയ്ക്ക് ഒരു മാതൃക പറഞ്ഞു തരുന്നത്. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപനും, മറ്റു മനുഷ്യരാൽ അനീതി സഹിക്കേണ്ടിവന്ന്, മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ, തന്റെ എതിരാളികൾക്കെതിരെ തനിക്ക് നീതി നടത്തിത്തരണമെന്ന് അപേക്ഷിച്ച് ന്യായാധിപന് മുൻപിലെത്തിയ ഒരു വിധവയും. നിരന്തരം തന്നെ ശല്യപ്പെടുത്തിയ ആ വിധവ മൂലം തനിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടി അവസാനം ആ ന്യായാധിപൻ അവൾക്ക് നീതി നടത്തിക്കൊടുക്കുവാൻ തീരുമാനിക്കുന്നു. ഈ ഉപമ പറഞ്ഞതിന് ശേഷം കർത്താവ് നമ്മോടും പറയുന്നുണ്ട്; രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കും. നിരന്തരം, പ്രാർത്ഥിക്കുക. മക്കൾക്കടുത്ത അവകാശബോധത്തോടെ, സ്വാത്രന്ത്യത്തോടെ, പിതാവായ, സ്നേഹമായനായ ദൈവത്തോട് പ്രാർത്ഥിക്കുക. അനീതി പ്രവൃത്തിക്കുന്ന ഒരു ന്യായാധിപന്റെ മനസ്സിനെ മാറ്റുവാൻ ഒരു സാധാരണ വിധവയ്ക്ക് സാധിക്കുമെങ്കിൽ, നീതിമാനായ, നമ്മെ മക്കളായി കരുതുന്ന, ദൈവത്തിന്റെ മുൻപിൽ നമ്മുടെ പ്രാർത്ഥനകൾ എത്രമാത്രം സ്വീകാര്യമായിരിക്കും! ഒരിക്കലും കൈവിടാതെ, നമ്മെ സ്നേഹപൂർവ്വം അനുഗ്രഹിച്ച്, കൂടെ നടക്കുന്ന ദൈവമായി അവൻ ഉണ്ടാകും.

എപ്പോഴാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത്?

എപ്പോഴാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് നമുക്ക് പലപ്പോഴും ഏറെ വ്യക്തതയില്ല. ഒരുപാട് വിശുദ്ധരായ മനുഷ്യരെപ്പോലെ, ഫ്രാൻസിസ് പാപ്പായും ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 16 ഞായറാഴ്ച, വത്തിക്കാനിൽ വച്ച് നടത്തിയ മധ്യാഹ്നപ്രാർത്ഥനയുടെ അവസരത്തിലും പാപ്പാ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്. പ്രാർത്ഥനയ്ക്ക് ഒരു പ്രത്യേക സമയമോ കാലമോ ഇല്ല. എല്ലായ്‌പ്പോഴും പ്രാർത്ഥിക്കുക എന്നതാണ് പ്രധാനം. കൊന്തയാകാം, സുകൃതജപങ്ങളാകാം, മറ്റേതെങ്കിലും പ്രാർത്ഥനകളാകാം, സമയമോ കാലമോ നോക്കാതെ, എല്ലായ്‌പ്പോഴും ദൈവചിന്തയോടെ ജീവിക്കുക. എപ്പോഴും ദൈവനാമം നാവിലുണ്ടാവുക. ജീവിതം തന്നെ പ്രാർത്ഥനയായി മാറ്റുക. പ്രാർത്ഥന നമ്മുടെ സന്തോഷങ്ങൾ ഇല്ലായ്‌മ ചെയ്യുന്ന ഒന്നല്ല, മറിച്ച് അവയെ വിശുദ്ധീകരിക്കുന്ന, കൂടുതൽ മെച്ചപ്പെടുത്തുന്ന ഒന്നാണ്. ദൈവവുമായുള്ള ഒരു സംഭാഷണമാണ് പ്രാർത്ഥനയെങ്കിൽ, നമ്മുടെ ജീവിതം മുഴുവൻ ദൈവത്തിന് മുൻപിൽ ഒരു തുറന്ന പുസ്‌തകം പോലെ അവതരിപ്പിക്കുകയാണ് പ്രാർത്ഥന. അവിടെ ദൈവഹിതമറിഞ്ഞ്, അതിനനുസരിച്ച് ജീവിക്കാൻ നാം തയ്യാറാകുമ്പോൾ യഥാർത്ഥ ദൈവമക്കളുടെ ജീവിതം ആരംഭിക്കുവാൻ നാം തുടങ്ങുകയായി.

പ്രാർത്ഥിക്കുന്ന ദൈവമക്കളായി ജീവിക്കാം

നാമൊക്കെ നമ്മുടെ സുഹൃത്തുക്കളുമായുള്ള നല്ല സൗഹൃദങ്ങൾ കഴിയുന്നിടത്തോളം തുടരുവാൻ പരിശ്രമിക്കുന്നവരാണ്. ഒരു ഫോൺ വിളിയാകാം, ഒരു മെസ്സേജാകം, ഒരു കത്താകം, ഒരു സന്ദർശനമാകാം, മാർഗ്ഗം ഏതുമായിക്കൊള്ളട്ടെ നമ്മെ സ്നേഹിക്കുന്നു എന്ന് കരുതുന്ന ആളുകളെ നഷ്ടപ്പെടുത്തുവാൻ നാം ആഗ്രഹിക്കുന്നില്ല. ദൈവവുമായുള്ള നമ്മുടെ ബന്ധവും ഇതുപോലെയാകണം. നമ്മുടെ മാതാപിതാക്കളെക്കാൾ, സുഹൃത്തുക്കളെക്കാൾ, എന്തിന് നമ്മെക്കാൾ നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. മക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടെ, യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയുമൊക്കെ മാതൃകയിൽ നിരന്തരം, ഉത്സാഹത്തോടെ, ദൈവഹിതം തേടാം, അതനുസരിച്ച് ജീവിക്കാം. ജീവിതം തന്നെ പ്രാർത്ഥനയായി മാറട്ടെ. എല്ലാമറിയുന്ന ദൈവത്തിന് മുൻപിൽ, നമ്മുടെ ജീവിതവും പൂർണ്ണമായി സമർപ്പിച്ച്, വിശുദ്ധിയിൽ ജീവിക്കാം. നമ്മെ സൃഷ്ടിച്ച്, നമുക്ക് ജന്മം നൽകി, പരിപാലിക്കുന്ന ദൈവത്തോട് ചേർന്ന് നടന്ന് നമ്മുടെ ഓരോ നിമിഷങ്ങളെയും ധന്യമാക്കാം. നമ്മെക്കാൾ നമ്മുടെ നന്മ ആഗ്രഹിക്കുന്ന, സ്നേഹപൂർവ്വം നമ്മിൽ കരുണ വർഷിക്കുന്ന ദൈവം എപ്പോഴും അവന്റെ ഹിതമനുസരിച്ച് നടക്കുവാൻ നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഒക്‌ടോബർ 2022, 18:02