സ്ഥിരോത്സാഹത്തോടെ പ്രാർത്ഥിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എപ്രകാരമാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് സുവിശേഷത്തിലൂടെ ക്രിസ്തു നമ്മെ പഠിപ്പിച്ചുതരുന്ന ഒന്നാണ് വിധവയുടെയും നീതിരഹിതമായ ന്യായാധിപന്റെയും ഉപമ. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപനും, മറ്റു മനുഷ്യരാൽ അനീതി സഹിക്കേണ്ടിവന്ന്, തന്റെ എതിരാളികൾക്കെതിരെ തനിക്ക് നീതി നടത്തിത്തരണമെന്ന് അപേക്ഷിച്ച് ന്യായാധിപന് മുന്പിലെത്തിയ ഒരു വിധവയും. നിരന്തരം തന്നെ ശല്യപ്പെടുത്തിയ ആ വിധവ മൂലം തനിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടി അവസാനം ആ ന്യായാധിപൻ അവൾക്ക് നീതി നടത്തിക്കൊടുക്കുവാൻ തീരുമാനിക്കുന്നു. ഈ ഉപമ പറഞ്ഞതിന് ശേഷം കർത്താവ് നമ്മോട് പറയുന്നു; രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കും.
പ്രാർത്ഥനയും മനുഷ്യരും
ഇന്നത്തെ സുവിശേഷത്തിലൂടെ യേശു തന്റെ ശിഷ്യരോട് എന്തുകൊണ്ട് ഭഗ്നാശരാകാതെ, നിരാശനാകാതെ പ്രാർത്ഥിക്കണം എന്നതിനുള്ള കാരണമാണ് പറയുന്നത്. ദൈവമാണ് നമുക്ക് ജന്മം നൽകിയത് എന്നാണ് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഏതൊരു മനുഷ്യന്റെയും സഹജവാസനയാണ് ദൈവത്തിലേക്ക് ഹൃദയവും ജീവിതവും തിരിക്കുക എന്നത്. സൃഷ്‌ടാവിനെ തേടുന്ന, സൃഷ്ടാവിനോട് ചേർന്നിരിക്കാൻ ആഗ്രഹിക്കുന്ന സൃഷ്ടിയാണ് മനുഷ്യൻ. ഏതൊരു ജീവിയിലും, ഭക്ഷണം തേടിപ്പോകാൻ, അപകടങ്ങളിൽനിന്ന് ഓടി രക്ഷപെടാൻ ഒക്കെ ജന്മവാസനകൾ ഉണ്ടെങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യരിൽ സഹജമായ ഒന്നാണ് തന്റെ ദൈവത്തോട് ചേർന്നിരിക്കുവാനുള്ള ആഗ്രഹം. തങ്ങൾക്ക് ജന്മം നൽകി, ഊട്ടിവളർത്തി പരിപാലിക്കുന്ന അമ്മയോട് ചേർന്നിരിക്കുവാൻ മക്കൾ ആഗ്രഹിക്കുന്നതുപോലെ, നമുക്ക് ജന്മം നൽകി പരിപാലിക്കുന്ന ദൈവമായ കർത്താവിനെ തേടുവാനും അവനോട് ചേർന്നിരിക്കുവാനും നമ്മിലും ദൈവം ഈയൊരു ജന്മവാസന നൽകിയിട്ടുണ്ട്. ദൈവത്തെ മറന്ന്, അവനെ എതിർത്ത്, സൃഷ്ടാവിനോട് സൃഷ്ടിക്കുണ്ടാകേണ്ട, നമ്മുടെ പിതാവായ ദൈവത്തോട് നമുക്കുണ്ടാകേണ്ട അടുപ്പം നഷ്ടപ്പെടുത്തരുത് എന്ന് പഠിപ്പിക്കുവാനായാണ് ക്രിസ്തു ഈ ഒരു ഉപമ പറയുന്നത്.
ഭഗ്നാശരാകാതെ പ്രാർത്ഥിക്കുക
എന്തുകൊണ്ട് പ്രാർത്ഥിക്കണം എന്ന് അറിയുമ്പോഴും പലപ്പോഴും നമ്മിൽ പ്രാർത്ഥനയിലുള്ള സ്ഥിരോത്സാഹം നഷ്ടപ്പെടാറുണ്ട്. നീതിരഹിതനായ ഒരു ന്യായാധിപനിൽ വിധവയായ ഒരു സ്ത്രീക്ക് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്ക് പ്രാർത്ഥനയിൽ തുടരാൻ സാധിക്കുന്നില്ല എന്ന ഒരു ചിന്ത നമ്മിൽ പലപ്പോഴും ഉണ്ടായിട്ടുണ്ടാകാം. അസാധ്യമായ കാര്യങ്ങളെപ്പോലും സാധ്യമാക്കാൻ കഴിവുള്ള, അതിശക്തമായ ഒരു മാർഗ്ഗമാണ് പ്രാർത്ഥന എന്നത് തന്നെയാണ് അതിന് കാരണം. പ്രാർത്ഥനയുടെ ശക്തി നമ്മെക്കാൾ അറിയുന്ന തിന്മയുടെ ശക്തിയാണ് പലപ്പോഴും നമ്മെ നിരാശയിലേക്ക്, പ്രാർത്ഥനകൾ വെറുതെയാണ് എന്ന ചിന്തയിലേക്ക് കൊണ്ടുപോകുന്നത്. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാൻ നമ്മെ അനുവദിക്കാത്തത്. പ്രാർത്ഥനയ്ക്ക് ശക്തിയില്ലെങ്കിൽ തിന്മയുടെ ശക്തി ഒരിക്കലും പ്രാർത്ഥനകൾക്ക് എതിര് നിൽക്കില്ലായിരുന്നു. രാത്രിയുടെ യാമങ്ങളിൽ, തിരക്കുകളുടെ ഇടയിൽ, പിതാവ് തനിക്ക് ഏൽപ്പിച്ച രക്ഷാകരപ്രവർത്തനം നടത്തുന്നതിനിടയിൽ, അങ്ങനെ, ഒഴിവാക്കുവാൻ അനേകകാരണങ്ങൾ ഉള്ളപ്പോഴും, തന്റെ പിതാവായ ദൈവത്തോട് ഹൃദയം കൊണ്ട് ചേർന്നിരിക്കുവാൻ, മലമുകളിലേക്ക് കയറിയ, മറ്റുള്ളവരിൽനിന്ന് ഒരല്പം മാറി നിന്ന ക്രിസ്‌തുവിനെ നമുക്ക് എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കാം.എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെയെന്ന, യഥാർത്ഥ വിശ്വാസത്തിന്റെ പ്രാർത്ഥന നമുക്ക് യേശുവിൽനിന്ന് പഠിച്ചെടുക്കാം. നിരാശരാകാതെ ദൈവത്തോട് ചേർന്നിരിക്കാം, നിരന്തരം പ്രാർത്ഥിക്കാം.
നീതിരഹിതമായ ന്യായാധിപനും കരുണാമയനായ ദൈവവും
ഉപമയിൽ ക്രിസ്‌തു അവതരിപ്പിക്കുന്നത് നീതിരഹിതനായ ഒരു ന്യായാധിപനെയാണ്. ആ ഒരു മനുഷ്യന്റെ മുൻപിൽ നീതിക്കായി നിരന്തരം പ്രാർത്ഥിച്ച്, തനിക്കായി നീതി നേടിയെടുക്കാൻ പരിശ്രമിക്കുന്ന ഒരു വിധവയെ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുക. പല മനുഷ്യരുടെയും ഹൃദയത്തിൽ ദൈവത്തെക്കുറിച്ചുള്ള ഒരു ചിന്തയും ഈ ന്യായാധിപന്റെ വ്യക്തിത്വത്തോട് ചേർന്നുള്ളതാണ്. നീതി നടത്തുന്നതിൽ വൈകുന്ന ഒരു ദൈവം. എന്നാൽ ക്രിസ്‌തു പഠിപ്പിക്കുന്നത്, ഇപ്രകാരമുള്ള ഒരു ദൈവമല്ല നമ്മുടേത് എന്ന ഒരു കാര്യമാണ്. തനിക്ക് മുൻപിൽ അവകാശപ്പെട്ട നീതിക്കായി യാചിക്കുന്ന ഒരു വിധവയെ ശല്യമായി കാണുന്ന ന്യായാധിപനിൽനിന്ന് വ്യത്യസ്തനാണ് നമ്മുടെ കർത്താവായ ദൈവം. തന്റെ മക്കളെ സ്നേഹിക്കുന്ന, അവർക്കായി തന്റെ കാരുണ്യത്തിന്റെ കരങ്ങൾ വിടർത്തി കാത്തിരിക്കുന്ന സ്നേഹിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. കരുണാമയനായ, നീതിമാനായ ഒരു ദൈവത്തെക്കുറിച്ച് സുവിശേഷത്തിൽ മുഴുവൻ ക്രിസ്തു നമുക്ക് കാണിച്ചുതരുന്നുണ്ട്. നല്ലത് മാത്രം തന്റെ മക്കൾക്ക് നൽകുന്ന സ്നേഹപിതാവായ ഒരു ദൈവം. പ്രാർത്ഥനയിൽ നിരാശരാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണവും ഇതുതന്നെയാണ്. നമുക്കായി കാത്തിരിക്കുന്ന ഒരു ദൈവത്തിന് മുൻപിലാണ് നാം മക്കളുടെ സ്വാതന്ത്ര്യത്തോടെ നിൽക്കുന്നത്.
വിധവയും നമ്മുടെ വിശ്വാസവും
ഇന്നത്തെ കാലത്തേക്കാൾ ഏറെ ബുദ്ധിമുട്ടേറിയ ഒരു ജീവിതം മുൻപിൽ കണ്ട്, അനിശ്ചിതത്വത്തിന്റെ നാളെകളെ മുന്നിൽ കണ്ട് ജീവിക്കുന്നവളാണ് സുവിശേഷത്തിലുടനീളം വിധവ. അനാഥത്വത്തിന്റെ, ദാരിദ്ര്യത്തിന്റെ, ഭയത്തിന്റെ, സഹനത്തിന്റെ ഒക്കെ ഒരു മുഖമാണ് സുവിശേഷത്തിലെ വിധവയുടേത്. അങ്ങനെ ഒരു വ്യക്തിയാണ്, തനിക്ക് അവകാശപ്പെട്ട കാര്യത്തിന് വേണ്ടി, അതായത്, എതിരാളിക്കെതിരെ നീതിക്കുവേണ്ടി ന്യായാധിപന് മുൻപിൽ നിൽക്കുന്നത്. നീതിരഹിതനായ, ദൈവഭയമില്ലാത്ത, മനുഷ്യരെ മാനിക്കാത്ത ഒരു മനുഷ്യനിൽ, മാറ്റങ്ങളുണ്ടാക്കാൻ വിധവയുടെ പ്രാർത്ഥനയ്ക്ക് കഴിഞ്ഞു.
നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ ഒരു ആത്മവിചിന്തനത്തിന് നാം തയ്യാറാകണം. എത്രമാത്രം ശക്തമാണ്, എത്രമാത്രം സ്ഥിരോത്സാഹത്തോടെയുള്ളതാണ് നമ്മുടെ പ്രാർത്ഥനകൾ? എന്തുകൊണ്ട് ഞാൻ പ്രാർത്ഥിക്കണം? പലരെയും സംബന്ധിച്ച്, പ്രാർത്ഥന എന്നത് ഒരു അവസാനപോംവഴിയാണ്. ഒരു പ്രശ്നം ഉള്ളപ്പോൾ, രോഗം വരുമ്പോൾ, സഹായം ആവശ്യമുള്ളപ്പോൾ, എല്ലാ വഴികളും അന്വേഷിച്ച്, ഇനി മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ല എന്ന് ലോകം മുഴുവൻ നമ്മോട് വിളിച്ചുപറയുമ്പോൾ, നാം തിരയുന്ന ഒരു ഇടമായി പ്രാർത്ഥനയും ദൈവവും മാറിയിട്ടുണ്ട്, ചുരുങ്ങിയിട്ടുണ്ട്. പ്രിയപ്പെട്ടവരേ, പ്രാർത്ഥന ഒരു അവസാനപോംവഴി മാത്രമായി ചുരുങ്ങാതിരിക്കട്ടെ. സ്നേഹനിധിയായ ദൈവത്തിന് മുൻപിൽ മക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടെ, ധൈര്യത്തോടെ, എന്നാൽ ഒരു വിധവയുടെ എളിമയോടെ, സ്ഥിരോത്സാഹത്തോടെ പ്രാർത്ഥിക്കാൻ നമുക്ക് സാധിക്കട്ടെ.
ദൈവത്തിലുള്ള, വിശ്വാസം നഷ്ടപ്പെടുത്താതെ, ഭഗ്നാശരാകാതെ, നിരാശനാകാതെ നമുക്ക് നിരന്തരം പ്രാർത്ഥിക്കാം. നമ്മുടെ പിതാവിനോടുള്ള ഹൃദയത്തിന്റെ അടുപ്പമാകട്ടെ പ്രാർത്ഥന. നമ്മുടെ നന്മ ആഗ്രഹിക്കുന്ന, അനുഗ്രഹിക്കുവാനായി, സ്നേഹത്തോടെ നമ്മെ ആശ്ലേഷിക്കുവാനായി കരങ്ങൾ വിരിച്ചു കാത്തിരിക്കുന്ന പിതാവാണ് നമ്മുടെ ദൈവമെന്ന് ഒരിക്കലും നമുക്ക് മറക്കാതിരിക്കാം. ദൈവത്തെ തേടാൻ, ദൈവത്തോട് ചേർന്നിരിക്കാൻ, നിരന്തരം ദൈവവിചാരം ഉള്ളിൽ കൊണ്ടുനടക്കാൻ നമുക്ക് പരിശ്രമിക്കാം. ഒരു ജന്മവാസനയുടെ സ്വാഭാവികതയോടെ നമുക്ക് ഹൃദയത്തെ പ്രാർത്ഥനയാൽ നിറയ്ക്കാം. സഹനത്തിന്റെ, ബുദ്ധിമുട്ടുകളുടെ, കുരിശിന്റെ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോൾ, ക്രിസ്‌തുവിനെപ്പോലെ, പിതാവേ എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ എന്ന സമർപ്പണത്തിന്റെ മനോഭാവമുള്ള മനോഹരമായ പ്രാർത്ഥനകൾ നമുക്ക് ഉരുവിടാൻ സാധിക്കട്ടെ. തിന്മയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി വിശ്വാസം നഷ്ടപ്പെടുത്താതെ, ലോകാന്ത്യം വരെയും വിശ്വാസത്തോടെ പ്രാർത്ഥിക്കാനുള്ള കൃപ മനുഷ്യവർഗ്ഗം മുഴുവനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നീതിരഹിതനായ ന്യായാധിപന്റെ മുൻപിൽ നിശ്ചയദാർഢ്യത്തോടെ നീതിക്കായി അപേക്ഷിക്കുന്ന വിധവയുടെ ഉപമയിൽ നിന്ന് പാഠമുൾക്കൊണ്ട്, സ്ഥിരോത്സാഹത്തോടെ പ്രാർത്ഥനയിൽ തുടരാം. എല്ലാം നന്മയ്ക്കായി മാറ്റുന്ന, സമയത്തിന്റെ പൂർണ്ണതയിൽ എല്ലാം അനുഗ്രഹമാക്കി മാറ്റുന്ന, നീതിമാനായ, കാരുണ്യവാനായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതങ്ങളെ ധന്യമാക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: