തിരയുക

ദൈവഹിതമനുസരിച്ച് അദ്ധ്വാനിക്കുക ദൈവഹിതമനുസരിച്ച് അദ്ധ്വാനിക്കുക 

കടുകുമണിയോളം ചെറിയ, ശക്തമായ വിശ്വാസം

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനേഴാം അദ്ധ്യായം, അഞ്ചു മുതൽ പത്തുവരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Luke 17, 5-10 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ ലൂക്കയുടെ സുവിശേഷം പതിനേഴാം അദ്ധ്യായം, അഞ്ചു മുതൽ പത്തു വരെയുള്ള തിരുവചനഭാഗമാണ് ഇന്ന് നമുക്ക് വിചിന്തനത്തിനായി സഭ നിർദ്ദേശിക്കുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ പതിനേഴാം അധ്യായം ആരംഭിക്കുന്നത്, യേശു തന്റെ ശിഷ്യർക്ക് നൽകുന്ന ഉപദേശങ്ങളോടെയാണ്. പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട്, തന്റെ കൂടെ നടക്കുവാൻ വിളിക്കപ്പെട്ട ആളുകളോടാണ് യേശു സംസാരിക്കുന്നത്. മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകരുത്, ദിവസത്തിൽ ഏഴു പ്രാവശ്യം, അതായത്, അനേകതവണ നിന്നോട് തെറ്റുചെയ്യുന്ന നിന്റെ സഹോദരനോട് ക്ഷമിക്കാൻ തയ്യാറാകണം എന്നൊക്കെ യേശു പഠിപ്പിക്കുമ്പോൾ, തങ്ങളുടെ ദൗർബല്യങ്ങളെയും വീഴ്ചകളെയും കുറിച്ച് ബോധ്യമുള്ള അപ്പസ്തോലന്മാരിൽ ഒരുവൻ കർത്താവിനോട്, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു.

ആഴമേറിയ വിശ്വാസം

ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യ സന്ദേശത്തിലേക്ക് നാം കടന്നുവരുന്നത് ഇവിടെയാണ്. തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ മനുഷ്യപുത്രന്റെ സഹായം തേടുന്ന ശിഷ്യന്മാരോട് യേശു വിശ്വാസജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സത്യം പറഞ്ഞുകൊടുക്കുന്നത്. "നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ, ഈ സിക്കമിൻ വൃക്ഷത്തോട് ചുവടോടെ ഇളകി കടലിൽ ചെന്ന് വേരുറയ്ക്കുക എന്ന് പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും" (വാ. 6). സിക്കമിൻ വൃക്ഷത്തിന്റെ വേരുകൾ ആഴമേറിയതും, ശക്തവുമാണ്. എന്നാൽ എത്ര ശക്തമായ വേരുകളുള്ള മരത്തെപ്പോലും പിഴുതുമാറ്റുവാൻ, ശക്തമായ വിശ്വാസത്തിന് സാധിക്കും എന്ന ഒരു സത്യമാണ് യേശു തന്റെ ശിഷ്യരെ പഠിപ്പിക്കുന്നത്. മനുഷ്യഹൃദയത്തിൽ ദൈവികമായ ചിന്തകൾക്കും ജീവിതരീതികൾക്കും എതിരായ, തിന്മയുടെ വേരുകൾ എത്ര ആഴത്തിൽ വളർന്നുപോയിട്ടുണ്ടെങ്കിലും, ദൈവത്തിലുള്ള വിശ്വാസം ശക്തമായതാണെങ്കിൽ അവയെ ഒക്കെ പിഴുതെറിയാൻ തക്ക സാധ്യതകൾ അപ്പസ്തോലന്മാർക്കുണ്ട് എന്ന ഒരു ഉദ്ബോധനമാണ് ക്രിസ്തു അവർക്ക് നൽകുന്നത്. മറ്റുള്ളവർക്ക് ദുഷ്പ്രേരണ നല്കാതിരിക്കണമെങ്കിൽ, സഹോദരങ്ങളോടുള്ള വെറുപ്പും പകയുമൊക്കെ ഹൃദയത്തിൽ സിക്കമിൻ വൃക്ഷം പോലെ ശക്തമായ വേരുകളോടെ വളർന്നു വന്നിട്ടുണ്ടെങ്കിൽ, അവയേക്കാൾ ശക്തനായ ദൈവത്തിലുള്ള ശരിയായ, ആഴമേറിയ വിശ്വാസം വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം. കാരണം, സർവ്വശക്തനായ ദൈവത്തിലുള്ള ചെറിയ വിശ്വാസത്തിനു പോലും തിന്മയുടെ, പാപത്തിന്റെ, ശക്തമായ വേരുകളെ പറിച്ചെറിയാൻ സാധിക്കും. ഇവിടെ യേശു നൽകുന്ന സന്ദേശം ഇതാണ്. ആരിലാണ് നിന്റെ വിശ്വാസം, എപ്രകാരമുള്ളതാണ് നിന്റെ വിശ്വാസം, അവയനുസരിച്ചായിരിക്കും നിന്റെ ആത്മീയജീവിതത്തിന്റെ വിജയം.

വിശ്വാസവും അദ്ധ്വാനവും

ഇന്നത്തെ സുവിശേഷത്തിന്റെ രണ്ടാമത്തെ ഭാഗത്ത്, തന്റെ യജമാനന് സേവനം ചെയ്യുന്ന ഒരു ഭൃത്യന്റെ കാര്യമാണത് യേശു പറയുന്നത്. നിലം ഉഴുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. മണ്ണിലും ചെളിയിലും, അതായത് കഠിനമായ ഇടങ്ങളിൽപ്പോലും ഇറങ്ങി അദ്ധ്വാനിക്കേണ്ട ഒരു ജോലിയാണത്. കൃഷി ചെയ്യാനായി മണ്ണൊരുക്കുന്ന ഒരുവൻ വെയിലിന്റെയും മഴയുടെയും മുന്നിൽ ജോലി തുടരുവാൻ തയ്യാറാകണം. ആടുമേയ്ക്കാൻ പോകുന്നവനും അതുപോലെതന്നെയാണ്. ഓരോ ആടിനെക്കുറിച്ചും അവന് ശ്രദ്ധയുണ്ടാകണം. അവയ്ക്ക് അപകടങ്ങൾ ഒന്നും സംഭവിക്കാതെ, മൃഗങ്ങളോ മനുഷ്യരോ അവയെ കൊണ്ടുപോകാതെ, സൂക്ഷമതയോടെ നിൽക്കണം. അവയെ സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടാകണം. അങ്ങനെ കഠിനമായ ജോലിക്കു ശേഷം തന്റെ യജമാനനറെ ഭവനത്തിലേക്ക് തിരികെ വരുന്ന ഭൃത്യൻ പക്ഷെ, വീണ്ടും അദ്ധ്വാനിക്കാൻ തയ്യാറായിരിക്കണം. ദിവസം മുഴുവനും നീണ്ട അദ്ധ്വാനത്തിന് ശേഷവും, ഒരു ദാസന്റെ, ഭൃത്യന്റെ വേല തുടരുവാൻ അവൻ തയ്യാറായിരിക്കണം.

വിശ്വാസജീവിതവും ഇതുപോലെ തുടർച്ചയായ അദ്ധ്വാനം ചെയ്യാൻ തയ്യാറായിട്ടുള്ളവർക്കാണ്. പകലന്തിയോളം വിശ്വാസജീവിതത്തിൽ വിശ്രമമില്ലാത്ത അദ്ധ്വാനത്തിന് ശിഷ്യർ തയ്യാറായിരിക്കണമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. വിശുദ്ധ പൗലോസ് തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം ഒന്നാം അദ്ധ്യായത്തിൽ, കൈവയ്പ്പിലൂടെ ലഭിച്ച ദൈവികവരം ഉജ്ജ്വലിപ്പിക്കണമെന്നും (വാ. 6) കർത്താവിനുവേണ്ടി, സുവിശേഷത്തെപ്രതിയുള്ള ക്ലേശങ്ങളിൽ പങ്കുവഹിക്കണമെന്നും പൗലോസ് ആഹ്വാനം ചെയ്യുന്നുണ്ട് (വാ.8). എത്ര കഠിനമായ ജീവിതാവസ്ഥകൾ ഉണ്ടായിക്കൊള്ളട്ടെ, നമ്മെ ചുട്ടുപൊള്ളിക്കുന്ന, തളർത്തുന്ന പ്രലോഭനങ്ങൾ ഉണ്ടായിക്കൊള്ളട്ടെ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, ദൈവത്തിലുള്ള വിശ്വാസം കൂടുതൽ വളർത്തിയെടുക്കുവാൻ, ദൈവികമായ മൂല്യങ്ങൾ ഹൃദയത്തിൽ വിതച്ച്, നന്മയുടെ ഫലങ്ങൾ വളർത്തിയെടുക്കുവാൻ നാം തയ്യാറാകണം. ഒരിക്കലും തളരാതെ, തങ്ങളുടെ യജമാനന്റെ, നാഥന്റെ, ദൈവത്തിന്റെ സ്വരമനുസരിച്ച്, അദ്ധ്വാനിക്കുവാൻ തയ്യാറാകുമ്പോഴാണ്, കടുകുമണിയോളം ചെറുതെങ്കിലും, മാമരങ്ങളെ പിഴുതെറിയുവാൻ തക്ക ശക്തമായ വിശ്വാസം നമ്മിൽ വളരുന്നത്.

എളിമ വളർത്തുന്ന വിശ്വാസം

യജമാനന്റെയും ഭൃത്യന്റെയും കഥയുൾപ്പെടുന്ന രണ്ടാമത്തെ ഭാഗത്ത് യേശു പറഞ്ഞുതരുന്ന മൂന്നാമത്തെ ഒരു സന്ദേശം, എളിമയുടെ മനോഭാവത്തെക്കുറിച്ചാണ്. എത്ര ആഴമേറിയ വിശ്വാസമാണോ നമുക്കുള്ളത്, അത്രമാത്രം എളിമയുള്ള മനുഷ്യരാകാനാണ് ക്രിസ്തുവിന്റെ ശിഷ്യർ വിളിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, ദിവസം മുഴുവൻ നീണ്ട അദ്ധ്വാനത്തിന് ശേഷം തിരികെയെത്തുന്ന ഭൃത്യനോട് വീണ്ടും തന്റെ സേവനം, ദാസ്യവേല തുടരാൻ യജമാനൻ പറയുന്നതിനെപ്പറ്റി യേശു പറയുന്നത്. വിശ്വാസജീവിതം ഇങ്ങനെ തുടർച്ചയായ പ്രയത്നത്തിന്റെ ഒരു ജീവിതമാണ്. എന്നാൽ ഒരു ഭൃത്യനെപ്പോലെ എളിമയോടെ തങ്ങൾക്കേൽപ്പിക്കപ്പെടുന്ന ജോലികൾ ക്ഷമയോടെ, കുറവുകളില്ലാതെ തുടരുകയാണ് ഒരു ക്രൈസ്തവൻ ചെയ്യേണ്ടത്. അവിടെ അവകാശങ്ങളല്ല, കടമകളാണ് അവനെ കാത്തിരിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹം പിടിച്ചെടുക്കാവുന്ന ഒന്നല്ല. മറിച്ച് ദാനമായി ലഭിക്കുന്ന ഒന്നാണ്. തങ്ങളുടെ വിശ്വാസജീവിതത്തിൽ ദൈവകല്പനകൾക്കനുസരിച്ച് എല്ലാം പ്രവർത്തിക്കുന്ന ഒരു മനുഷ്യൻ, തന്നെത്തന്നെ എളിമപ്പെടുത്തുകയും, ദൈവത്തിന്റെ പ്രീതിക്കായി, ദൈവത്തിന്റെ സമയം കാത്തിരിക്കുകയും വേണം. തങ്ങളെത്തന്നെ ദൈവത്തിന്റെ വേലക്കാരായി കണക്കാക്കി, അവനു സേവനം ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രയോജനപ്പെടുത്തി അദ്ധ്വാനിക്കാൻ തുടങ്ങുമ്പോഴാണ്, പാപത്തിന്റെ വന്മരങ്ങളെ വേരോടെ പിഴുതെറിയുവാൻ തക്ക ശക്തമായ ആദ്ധ്യാത്മികതയുടെ മനുഷ്യരായി നാം വളരുന്നത്.

ദൈവം നമുക്ക് നൽകുന്ന അനുഗ്രഹത്തിന്റെ ജീവിതം

പ്രിയ സഹോദരീസഹോദരന്മാരെ,

തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേയെന്ന അപ്പസ്തോലന്മാരുടെ അപേക്ഷയ്ക്കുള്ള മറുപടിയായി ക്രിസ്തു അവരെ പഠിപ്പിക്കുന്ന ഈ സത്യങ്ങൾ, അതായത്, കഠിനമായ അദ്ധ്വാനത്തിലൂടെയും, ജീവിതകാലം മുഴുവൻ തുടരുന്ന എളിമയോടെയുള്ള സേവനത്തിലൂടെയും മാത്രമേ, വിശ്വാസത്തിൽ ആഴപ്പെടുവാനും, മറ്റുള്ളവർക്ക് ദുഷ്പ്രേരണയ്ക്ക് കാരണമാകാതെ, ഉയർന്ന ആദ്ധ്യാത്മികജീവിതം നയിക്കുവാനും, നമ്മോട് തെറ്റ് ചെയ്യുന്ന സഹോദരങ്ങളോട് അളവുകളില്ലാതെ ക്ഷമിക്കുവാനും, നമുക്ക് സാധിക്കൂ എന്ന ബോധ്യങ്ങളാണ് യേശു നമുക്ക് പറഞ്ഞു തരുന്നത്. നമ്മുടെ രക്ഷയ്ക്കായി സ്വർഗ്ഗം ചായ്ച്ച് ഈ ഭൂമിയിലിറങ്ങി, നമ്മുടെ പാപങ്ങൾ സ്വന്തം തോളിൽ വഹിച്ച് നമുക്കായി ജീവനേകിയ ക്രിസ്തുവിന് വേണ്ടി ജീവിതം വിനിയോഗിക്കുവാൻ, അവന്റെ കല്പനകൾ അനുസരിച്ച് ജീവിക്കുവാൻ, നാം തയ്യാറാകണമെന്ന് ഇന്നത്തെ തിരുവചനചിന്തകളിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിൽ എല്ലായിടത്തും, എല്ലാ നിമിഷങ്ങളിലും ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട്, അവനുവേണ്ടി സേവനം ചെയ്യാൻ നാം തയ്യാറാകണം. സ്വർഗ്ഗം നമുക്ക് പ്രാപ്യമാക്കിത്തരുന്ന ദൈവത്തിന് വേണ്ടി ജീവിക്കാനും അധ്വാനിക്കാനും നാം തയ്യാറാകുമ്പോഴാണ് നമ്മുടെ ആദ്ധ്യാത്മിക ജീവിതവും വിശ്വാസവും ഒക്കെ ആഴവും അർത്ഥവുമുള്ളതാകുന്നത്. വിശ്വാസത്തോടെ ജീവിക്കാൻ ദൈവം നൽകിയ വിളിയെ ഓർത്ത്, നമ്മുടെ ജീവിതത്തെ ഓർത്ത്, ദൈവത്തോട് നന്ദിയുള്ളവരായി, ദൈവത്തിന്റെ വയലിൽ വേലചെയ്യുന്നവരായി, ദൈവത്തിന്റെ ഭവനത്തിൽ അദ്ധ്വാനിക്കുന്നവരായി നമ്മുടെ ജീവിതങ്ങളെ ധന്യമാക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഒക്‌ടോബർ 2022, 10:52