റോമിൽ നിന്ന് "സമാധാനത്തിന്റെ മുറവിളി"
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പ്രാർത്ഥന സമാധാനത്തിന്റെ ശക്തിയെന്ന് ഫ്രാൻസിസ് പാപ്പാ
"പ്രാർത്ഥനയാണ് സമാധാനത്തിന്റെ ശക്തി " യെന്നാണ് സാന്ത് എജിദിയോ സമൂഹം റോമിൽ സംഘടിപ്പിച്ച ലോകമതങ്ങളുടെ സമാധാനത്തിനായുള്ള പ്രാർത്ഥനയുടെ അന്തർദേശീയ സമ്മേളനത്തിന്റെ തുടക്കം കുറിച്ച ഞായറാഴ്ച വത്തിക്കാനിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പ്രതിധ്വനിച്ച ഫ്രാൻസിസ് പാപ്പായുടെ സ്വരം. ചൊവ്വാഴ്ച 25ആം തിയതി റോമിലെ കൊളോസിയത്തിൽ നടക്കുന്ന യുക്രെയ്നിനും ലോകത്തിനു മുഴുവനുമായുള്ള പ്രാർത്ഥനാ യോഗത്തിൽ വിവിധ ക്രൈസ്തവ സഭകളുടേയും സമൂഹങ്ങളുടേയും ആഗോള മതങ്ങളുടേയും പ്രതിനിധികൾക്കൊപ്പം താനും പങ്കു ചേരുമെന്ന് പാപ്പാ അറിയിച്ചു. കൊളോസിയത്തിൽ നടക്കുന്ന ഈ പ്രാർത്ഥനാ യോഗം " സമാധാനത്തിന്റെ മുറവിളി " എന്ന ഈ സംരഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ്.
അസ്സീസിയിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ വിളിച്ചുകൂട്ടിയ സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന സമ്മേളനം നടന്നിട്ട് 36 കൊല്ലം കഴിഞ്ഞു. "സമാധാനം എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന ഒരു പണിസ്ഥലവും ഒരു സാർവ്വലൗകിക ഉത്തരവാദിത്വവുമാണ്, "എന്ന് 1986 ഒക്ടോബർ 17ന് ജോൺ പോൾ രണ്ടാമൻ പറഞ്ഞു. ഇക്കാലത്ത് പലതരത്തിലുള്ള, അക്കൂട്ടത്തിൽ യുക്രെയിനിലേയും സംഘർഷങ്ങളാൽ, അടയാളപ്പെടുത്തിയ നേരത്ത് സമാധാനത്തിന്റെ പണി സ്ഥലത്ത് സംവാദത്തിന്റെ നെയ്ത്തുകാരുടേയും, അനുരഞ്ജനത്തിന്റെ പാലം പണിയുന്നവരുടേയും ആവശ്യമുണ്ട്. ഇന്നലെ 23 ഞായറാഴ്ച ആരംഭിച്ച് 25ആം തിയതി ചൊവ്വാഴ്ച വരെ നീളുന്ന ഈ സമ്മേളനത്തിൽ ലോകത്തിലെ പ്രമുഖ മതങ്ങളുടെ പ്രതിനിധികളും, ആഗോള സംസ്കാരങ്ങളുടെയും, പൊതു സമൂഹത്തിലെയും, രാഷ്ട്രീയത്തിലെയും പ്രതിനിധികളും സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ റോമിൽ ഒരുമിച്ച് ചേരുന്നു.
സാന്ത് എജിദിയോ സമൂഹത്തിന്റെ സ്ഥാപകനായ അന്ത്രയാ റിക്കാർദി ഉൽഘാടനം ചെയ്ത സമ്മേളനത്തെ നയിച്ചത് സമൂഹത്തിന്റെ ഉപാധ്യക്ഷയായ കീയെബൂം ഹിൽഡെയാണ്.
സമാധാനം ഒരു പ്രക്രിയ : സെർജോ മത്തരെല്ലാ
ഇറ്റാലിയൻ പ്രസിഡണ്ട് സെർജോ മത്തരെല്ലാ തന്റെ പ്രസംഗത്തിൽ സമാധാനം ഒരു ചരിത്ര നിമിഷമല്ല മറിച്ച് ഒരു പ്രക്രിയയാണ് അതിന് ധൈര്യവും, ഉറച്ച തീരുമാനവും രാഷ്ട്രീയ സന്നദ്ധതയും ഏവരുടേയും പ്രതിബദ്ധതയും ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടു. അനന്തമായ യുദ്ധങ്ങൾക്ക് നമ്മെതന്നെ വിട്ടുകൊടുക്കാൻ നമുക്ക് കഴിയില്ല എന്നും റഷ്യ നടത്തുന്ന നിർഭാഗ്യകരമായ യുദ്ധം സമാധാനത്തിന്റെ മൂല്യങ്ങളോടു നേരിട്ടുള്ള വെല്ലുവിളിയാണെന്നും അത് ലോകമെമ്പാടും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും അടിവരയിട്ടു.
ശക്തിമാന്റെ നിയമമല്ല സമാധാനം: ഇമ്മാനുവേൽ മക്രോൺ
സമാധാനം ശക്തിമാന്റെ നിയമമല്ലയെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോൺ പറഞ്ഞത്. ഈ സമയത്ത് വിജയത്തെക്കുറിച്ചും തോൽവിയെക്കുറിച്ചും മാത്രം പറയാതെ സമാധാനത്തെക്കുറിച്ച് പറയുന്നതും അത് അംഗീകരിക്കുന്നതും വലിയ കാര്യമാണ് അദ്ദേഹം പറഞ്ഞു. സമാധാനം ആഗ്രഹിക്കാനും, വീണ്ടെടുക്കാനും, നിലനിറുത്താനും വലിയ ധൈര്യമാവശ്യമാണെന്നും മക്രോൺ കൂട്ടിച്ചേർത്തു.
യുക്രെയ്നിൽ നിന്ന് പത്രപ്രവർത്തകയായ ഓൾഗ മക്കാറിന്റെ സാക്ഷ്യവും ഇറ്റാലിയൻ മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പി, ഫ്രാൻസിലെ മുഖ്യ റബ്ബി കോർസിയ ഹായിം , ആഗോള മുസ്ലിം ലീഗിന്റെ സെക്രട്ടറി ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ കരിം അൽ- ഇസ്സാ തുടങ്ങിയവരും പ്രസംഗിച്ചു.
യുദ്ധം എല്ലായിപ്പോഴും ഒരു തോൽവി: കർദ്ദിനാൾ സൂപ്പി
ചുരുക്കം ചിലരുടെ കൈകളിൽ ഒതുക്കാവുന്ന ഒന്നല്ല മറിച്ച് എല്ലാവരേയും ബാധിക്കുന്ന ഒന്നാണ് സമാധാനം എന്ന് പറഞ്ഞ കർദ്ദിനാൾ സൂപ്പി വീണ്ടും ആയുധം ശേഖരണത്തെക്കുറിച്ച് സംസാരിക്കുന്നതിനെ അപലപിച്ചു. സംവാദമാണ് സമാധാനത്തിലേക്കുള്ള വഴിയെന്നും യുദ്ധം എല്ലായിപ്പോഴും ഒരു തോൽവിയാണെന്നും അഭിപ്രായപ്പെട്ടു.
സമാധാനത്തിനായുള്ള മറവിളി ആയുധങ്ങളുടെ ഗർജ്ജനം മുക്കിക്കളയണം : റബ്ബി കോർസിയ ഹായിം
എല്ലാ മതങ്ങളും പങ്കുവയ്ക്കുന്ന ഏറ്റം അത്യാവശ്യമായ പ്രാർത്ഥനയിലേക്ക് തിരിച്ചു വരാനുള്ള അഭ്യർത്ഥനയായിരുന്നു ഫ്രാൻസിലെ മുഖ്യ റബ്ബി കോർസിയ ഹായിമിന്റെത്. അത് ഏറ്റം മനോഹരമായ "നമ്മുടെ കരവേല" യാണെന്നും സമാധാനമാണ് നമ്മൾ പണിയേണ്ടതെന്നും സമാധാനത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാം വിട്ടെറിയാനും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സമാധാനത്തിനായുള്ള മറവിളി ആയുധങ്ങളുടെ ഗർജ്ജനം മുക്കിക്കളയണം അദ്ദേഹം ആഹ്വാനം ചെയ്തു.
നമുക്ക് പാലങ്ങൾ പണിയണം: ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ കരിം
സമാധാനം ജയിക്കുകയും സഹോദരർ പരസ്പരം ആശ്ലേഷിക്കുന്നതും വരെ വിശ്വാസികൾ എന്ന നിലയിൽ അനുദിനം നമുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം എന്ന് ആഗോള മുസ്ലിം ലീഗിന്റെ സെക്രട്ടറി ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ കരിം അൽ- ഇസ്സാ പറഞ്ഞു. നമുക്ക് പാലങ്ങൾ പണിയണം. വിജ്ഞാനം യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരിക എന്നത് അത്യന്താപേക്ഷിതമാണെന്നും, പരിഹാരമില്ലാത്ത വൈരുദ്ധ്യങ്ങൾ ഒന്നുമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: