ക്രൈസ്തവജീവകാരുണ്യം ദൈവസ്നേഹത്തിന്റെ പ്രതിഫലനം
ഫാ. ജിനു ജേക്കബ്, തക്കല രൂപത
ജീവകാരുണ്യപ്രവർത്തനങ്ങളെപ്പറ്റി നാം സംസാരിക്കുമ്പോൾ, നമ്മുടെ ചിന്തകൾ സ്വയമേ നമ്മുടെ സാമ്പത്തികസ്രോതസുകളിലേക്ക് പോകുകയും പൊതുവായ കൊടുക്കൽ വാങ്ങലുകളെപ്പറ്റി ഉടനടി സങ്കൽപ്പിക്കുകയും ചെയ്യും. പകരം, ക്രിസ്ത്യാനികൾ ജീവകാരുണ്യത്തെപ്പറ്റി പറയുമ്പോൾ, അവർ അമൂല്യമായ ഒരു പുണ്യത്തെ അർത്ഥമാക്കാൻ ആഗ്രഹിക്കുന്നു. ജീവകാരുണ്യപ്രവർത്തനങ്ങൾ മാനുഷികമായ എല്ലാ നിർവചനങ്ങൾക്കും മുകളിലാണ്, അത് ദൈവത്തിന്റെ സ്വത്വമാണ്, അത് ദയയുടെ സ്വതന്ത്ര സ്നേഹമാണ്. അപ്പോൾ, ജീവകാരുണ്യം എന്ന പദം ദൈവത്തിന് നമ്മൾ ഓരോരുത്തരോടുമുള്ള വ്യക്തിപരമായ സ്നേഹത്തെ നിർവചിക്കുന്നു.കേവലം നശ്വരമായ വസ്തുക്കളുടെ കൈമാറ്റത്തേക്കാളുപരി ഇത് സ്നേഹത്തിന്റെ പൂർത്തീകരണവും ബന്ധങ്ങളുടെ ഊഷ്മളതയും ഊട്ടിയുറപ്പിക്കുന്ന മനോഹരമായ,ദൈവികമായ നിമിഷമായി ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ മാറുന്നു.
ജീവകാരുണ്യപ്രവർത്തനമെന്നത് നാം ദൈവത്തെയും,അയൽക്കാരെയും സ്നേഹിക്കുന്ന ഉപാധിയാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “എല്ലാറ്റിനുമുപരിയായി ദൈവത്തെയും, അവനുവേണ്ടി നമ്മുടെ അയൽക്കാരനെ നമ്മെപ്പോലെയും സ്നേഹിക്കുന്ന ദൈവശാസ്ത്രപരമായ പുണ്യമാണ് ജീവകാരുണ്യപ്രവർത്തനം. അതിന് സന്തോഷവും സമാധാനവും കാരുണ്യവുമുണ്ട്; അത് ഔദാര്യവും സാഹോദര്യപരമായ തിരുത്തലും ആവശ്യപ്പെടുന്നു; അത് ദയയാണ്; പാരസ്പര്യത്തെ ഉണർത്തുന്നു, എല്ലായ്പ്പോഴും നിസ്വാർത്ഥവും പ്രയോജനകരവുമാണ്; അത് സൗഹൃദവും കൂട്ടായ്മയുമാണ്." (CCC 1822) അതിനാൽ ക്രിസ്തീയ ജീവകാരുണ്യപ്രവർത്തനം കൈകൾക്കുപരിയായി ഹൃദയം കൊണ്ട് അപരനെ ചേർത്ത് പിടിക്കുന്ന ഒരു നിമിഷമാണ്.
"ദൈവം സ്നേഹമാണ്; സ്നേഹിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു, ദൈവം അവനിൽ വസിക്കുന്നു "(1 യോഹന്നാൻ 4:16) യോഹന്നാന്റെ ആദ്യ ലേഖനത്തിൽ നിന്നുള്ള ഈ വാക്കുകൾ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്: ദൈവത്തിന്റെ പ്രതിച്ഛായയും അനന്തരഫലമായ മനുഷ്യന്റെ പ്രതിച്ഛായയും നമുക്ക് കാട്ടിത്തരുന്ന വചനങ്ങൾ. ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ഈ പ്രതിച്ഛായയിൽ നാം കൂടുതൽ ഊട്ടിയുറപ്പിക്കപ്പെടുന്നു. കൂടാതെ, ഇതേ വാക്യത്തിൽ, യോഹന്നാൻ ക്രിസ്ത്യൻ അസ്തിത്വത്തിന്റെ ഒരു സൂത്രവാക്യം നമുക്ക് വാഗ്ദാനം ചെയ്യുന്നു: "ദൈവത്തിന് നമ്മോടുള്ള സ്നേഹം ഞങ്ങൾ തിരിച്ചറിഞ്ഞു, ഞങ്ങൾ അതിൽ വിശ്വസിച്ചു".
ഞങ്ങൾ ദൈവസ്നേഹത്തിൽ വിശ്വസിച്ചു: ഈ രീതിയിൽ, ഒരു ക്രിസ്ത്യാനിക്ക് തന്റെ ജീവിതത്തിന്റെ അടിസ്ഥാന തിരഞ്ഞെടുപ്പ് പ്രകടിപ്പിക്കാൻ കഴിയും. വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ജീവകാരുണ്യപ്രവർത്തനങ്ങളുടെ വിലയറിയുവാൻ സാധിക്കുകയുള്ളൂ.ലോകം മുഴുവൻ ഇന്ന് സ്നേഹത്തോടെ നെഞ്ചിലേറ്റുന്ന മദർ തെരേസ ഇപ്രകാരം ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പൂർണ്ണമായി സഹകരിച്ച ഒരു വ്യക്തിയാണ്. മാനുഷികമായ പരിമിതികൾ ഉള്ളിലും അരികിലും ഏറെ ഉണ്ടായിരുന്നപ്പോഴും ലൊറേറ്റോ മഠത്തിന്റെ സുരക്ഷിതത്വം വിട്ട് കൊൽക്കത്തയുടെ തെരുവീഥികളിലേക്ക് അവളെ കൈപിടിച്ച് നടത്തിയത് തിരഞ്ഞെടുത്ത ദൈവത്തിന്റെ കരങ്ങളായിരുന്നു. ആ കരങ്ങളിൽ വിശ്വാസത്തോടെ പിടിച്ചതുകൊണ്ടാണ് മുഖത്തേറ്റ തുപ്പലുപോലും തുടച്ചുകൊണ്ട് തന്റെ മക്കൾക്കുവേണ്ടി കരങ്ങൾ നീട്ടുവാൻ അവളെ പ്രേരിപ്പിച്ചതും അതുവഴി പാറസദൃശ്യമായ ഹൃദയങ്ങളെ മഞ്ഞു സദൃശ്യമായി മാറ്റുവാനും മനസാന്തരപ്പെടുത്തുവാനും അവൾ കാരണമായതും.
"ക്രിസ്ത്യാനിയാകുന്നത് ഒരു ധാർമ്മികതിരഞ്ഞെടുപ്പിന്റെയോ ഉന്നതമായ ആശയത്തിന്റെയോ ഫലമല്ല, മറിച്ച് ജീവിതത്തിന് ഒരു പുതിയ ചക്രവാളവും നിർണ്ണായക ദിശയും നൽകുന്ന സംഭവവുമായുള്ള കണ്ടുമുട്ടലാണ്.", ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ദൈവം സ്നേഹമാകുന്നു എന്ന തന്റെ ചാക്രിക ലേഖനത്തിൽ എഴുതുന്നു. തുടർന്ന് അദ്ദേഹം സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനവും വിവരിക്കുന്നു, "വർഷങ്ങൾ കടന്നുപോകുകയും സഭ കൂടുതൽ ദൂരത്തേക്ക് വ്യാപിക്കുകയും ചെയ്തപ്പോൾ, കൂദാശകളുടെ നടത്തിപ്പും, വചനപ്രഘോഷണവും എന്നതുപോലെ വിധവകളോടും അനാഥരോടും തടവുകാരോടും രോഗികളോടും ഉള്ള സ്നേഹം സഹിതം ജീവകാരുണ്യ പ്രവർത്തനവും അവളുടെ അവശ്യ പ്രവർത്തനങ്ങളിലൊന്നായി മാറി. കൂദാശകളുടെ ശുശ്രൂഷയും സുവിശേഷ പ്രഘോഷണവും പോലെ കാരുണ്യമാവശ്യപ്പെടുന്നവരും സഭയ്ക്ക് അത്യന്താപേക്ഷിതമാണ്. കൂദാശകളെയും വചനങ്ങളെയും അവഗണിക്കാൻ സാധിക്കാത്തതുപോലെ ജീവകാരുണ്യപ്രവർത്തനങ്ങളെ അവഗണിക്കാൻ സഭയ്ക്ക് കഴിയില്ല. ഇത് തെളിയിക്കാൻ കുറച്ച് പരാമർശങ്ങൾ മതിയാകും. രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ ക്രിസ്ത്യാനികളുടെ ഞായറാഴ്ച ആഘോഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കുർബാനയുമായി ബന്ധപ്പെട്ട അവരുടെ ജീവകാരുണ്യ പ്രവർത്തനത്തെയും പരാമർശിക്കുന്നു. കഴിവുള്ളവർ അവരവരുടെ ഉപാധികൾക്കനുസൃതമായി ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരം സഹായങ്ങൾ അർപ്പിക്കുന്നു. അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് റോമിലെ സഭയെ "ദാനധർമ്മത്തിൽ മുന്നിട്ടുനിൽക്കുന്നവൾ (അഗാപെ)" എന്ന് വിശേഷിപ്പിച്ചപ്പോൾ, ഈ നിർവചനം ഉപയോഗിച്ച്, അവളുടെ മൂർത്തമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രകടിപ്പിക്കാനും അദ്ദേഹം ഉദ്ദേശിച്ചിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം. ഇങ്ങനെ സഭയുടെ ജീവശ്വാസം തന്നെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ."
ജീവകാരുണ്യവും സ്നേഹവും ദൈവം തന്നെയാണ്. ഈ സ്നേഹത്തിന്റെ അടിസ്ഥാനമോ പിതാവും പുത്രനും തമ്മിലുള്ള സ്നേഹവും, സ്നേഹമാകുന്ന പരിശുദ്ധാത്മാവിലുള്ള പിതാവിന്റെയും പുത്രന്റെയും ബന്ധവും. ഈ സ്നേഹത്തിന് ഉപാധികളില്ല. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലല്ല ജീവകാരുണ്യപ്രവർത്തനങ്ങളുടെ സ്നേഹത്തിന്റെ അളവുകോൽ വയ്ക്കപ്പെടേണ്ടത്. യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു, "ഏകപുത്രനിൽ വിശ്വസിക്കുന്ന ഏവനും നഷ്ടപ്പെട്ടുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം തന്റെ മകനെത്തന്നെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹന്നാൻ 3:16). സ്നേഹിക്കുന്നവർ തിരിച്ച് സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നത് ലോകത്തിന്റെ യുക്തിയിലാണ്. അപ്രകാരം സഭയും സഭാമക്കളും ചിന്തിച്ചിരുന്നുവെങ്കിൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഒരംശം പോലും നടത്തുവാൻ ഈ ലോകത്തിൽ നമുക്ക് സാധിക്കുമായിരുന്നില്ല. ഇന്ന് സഭ അനുവർത്തിക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ അടിസ്ഥാനം ദൈവത്തിന് തന്റെ മക്കളോടുള്ള അതിരറ്റ സ്നേഹമാണ്. ഈ സ്നേഹം ചിലപ്പോൾ ദൈവത്തിന്റെ അസൂയയായും വചനം പറഞ്ഞുവയ്ക്കുന്നു (പുറപ്പാട് 34 ,14). ദൈവം അസൂയപ്പെടുന്നു! ക്രിസ്തുമതം കാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് പറയുമ്പോൾ, ക്രിസ്തുവിൽ താൻ മനുഷ്യനെ സ്നേഹിക്കുന്നുവെന്നും ഈ സ്നേഹത്തോട് പ്രതികരിക്കാൻ മനുഷ്യൻ ആഗ്രഹിക്കണമെന്നും വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ചാണ് അത് സംസാരിക്കുന്നത്; മനുഷ്യന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ദൈവത്തിന്റെ ദാനത്തോടുള്ള പ്രതികരണമാണ്.
"ഞങ്ങൾ സ്നേഹിക്കുന്നു - യോഹന്നാൻ ശ്ലീഹ പറയുന്നു - കാരണം അവൻ ആദ്യം നമ്മെ സ്നേഹിച്ചു" (1 യോഹന്നാൻ 4:19). ദൈവം അവന്റെ കൃപ നൽകുന്നു, പക്ഷേ ആ കൃപ നാം സ്വീകരിക്കണം. യേശുവിൽ മനുഷ്യപ്രകൃതി പൂർണ്ണമാക്കപ്പെട്ടിരിക്കുന്നു, അതായത്, ക്ഷമിക്കപ്പെടുകയും, നീതീകരിക്കപ്പെടുകയും, വിശുദ്ധീകരിക്കപ്പെടുകയും, ദിവ്യീകരിക്കപ്പെടുകയും, അനശ്വരമായ സ്നേഹത്തിന്റെ മഹത്തായ ജീവിതത്തിൽ പരിപൂർണ്ണമാക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വചനം മാംസമായി, മരിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ രഹസ്യത്തോട് വ്യക്തിപരവും സ്വതന്ത്രവുമായ രീതിയിൽ ഒന്നിച്ചുനിന്നുകൊണ്ട് ഈ ദാനം സ്വീകരിക്കുന്നത് ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു: 'നീയില്ലാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാൻ സാധിക്കുകയില്ല' വിശുദ്ധ ആഗസ്തിനോസ് പറയുന്നു. ... സ്നേഹം നിർബന്ധിക്കുന്നില്ല. ... എന്നാൽ നമ്മോടുള്ള സ്നേഹത്തെപ്രതി യേശു നമ്മോട് പറയുന്നു: "എന്റെ പിതാവ് ഇപ്പോഴും പ്രവർത്തനനിരതനാണ്, ഞാനും പ്രവർത്തിക്കുന്നു." (യോഹന്നാൻ 5:17). നമ്മുടെ ജീവിതത്തിൽ ദൈവം എപ്പോഴും പ്രവർത്തിക്കുന്നു! നമ്മൾ എല്ലായ്പ്പോഴും അത് തിരിച്ചറിഞ്ഞില്ലെങ്കിലും, അവന്റെ സാന്നിധ്യം എപ്പോഴും നമ്മോട് കൂടെയുണ്ട്. ഇതാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ ഇന്നും സഭയിൽ അനുസ്യൂതം തുടരുന്നതിന് കാരണം. ദൈവത്തിന്റെ സാന്നിധ്യം മരണത്തിന് തൊട്ടുമുൻപെങ്കിലും അപരനെ അറിയിക്കാൻ അവന്റെ കൂടെ നിൽക്കാനുള്ള വിളിയാണ് നമുക്ക് ഉള്ളത്.
ദൈനംദിന ജീവിതത്തിലെ സംഭവങ്ങളിലൂടെ, എന്നെ നന്നായി അറിയാനും എന്റെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കാനും എന്റെ അനിശ്ചിതത്വങ്ങളിൽ നിന്ന് പുറത്തുവരാനും ദൈവം എന്നെ സഹായിക്കുന്നു. എന്നാൽ ഒരു മനുഷ്യന് എങ്ങനെ ദൈവത്തെ സ്നേഹിക്കാൻ കഴിയും? റോമാക്കാർക്കുള്ള കത്തിൽ വിശുദ്ധ പൗലോസ് നമ്മെ ഓർമിപ്പിക്കുന്നു: "നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു" (റോമാ.5: 5). ഒരു വശത്ത്, ക്രിസ്തുവിൽ ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന ഉറപ്പും അനുഭവവും, മറുവശത്ത്, ദൈവത്തെ അർഹിക്കുന്ന രീതിയിൽ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ദാനവും. സ്നേഹിക്കപ്പെടുക. ഇത് ഒരുതരം "പ്രാപ്തമാക്കൽ" ആണ്, അത് നമ്മിൽ പ്രവർത്തിക്കുന്ന ശാക്തീകരണമാണ്: ഈ ശാക്തീകരണമാണ് സഭ ഇന്നും തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചാലക ശക്തി. ക്രിസ്തുവിൽ മനുഷ്യനെ സ്നേഹിക്കുന്ന ദൈവവും ക്രിസ്തുവിൽ ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യനും തമ്മിലുള്ള "സംഗമം" പരിശുദ്ധാത്മാവ് ഉൾക്കൊള്ളുന്നു. പരിശുദ്ധാത്മാവിന്റെ ഈ വലിയ ശക്തിയാണ് ബാഹ്യശക്തികളുടെ എതിർപ്പുകളും, അവഗണനകളും, പീഡനങ്ങൾക്കും നടുവിൽ തളരാതെ, ജീവൻ നൽകിയും അപരനെ തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുവാൻ സഭയെ പ്രേരിപ്പിക്കുന്നതും, ഇന്നും ഇടതടവില്ലാതെ ഈ ജീവകാരുണ്യപ്രവർത്തനങ്ങളെ നിവർത്തിക്കുവാൻ സഹായിക്കുന്നതും. മത്തായി ശ്ലീഹായുടെ സുവിശേഷം 25-ആം അധ്യായത്തിൽ നാം വായിക്കുന്ന അവസാനവിധിയുടെ നിമിഷങ്ങളിലും ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത് ജീവിതത്തിൽ അപരനെ അവന്റെ കുറവുകളോടുകൂടി ഏറ്റെടുക്കുവാനുള്ള ക്രിസ്തീയവിളിയെയാണ്.
തെരുവോരങ്ങളിൽ നിന്നും ദുർഗന്ധം വമിക്കുന്ന ഒരുമനുഷ്യനെ കോരിയെടുത്തു അവനു ചുംബനം നൽകുമ്പോൾ ഞാൻ എന്റെ ഈശോയെ ചുംബിക്കുന്നുവെന്ന് ഏറ്റുപറഞ്ഞ മദർ തെരേസയും, കുഷ്ഠരോഗികളുടെ മുറിവുകളിൽ എന്റെ കൈകൾ വയ്ക്കുമ്പോൾ ഈശോയുടെ മുറിപ്പാടുകളിൽ തൊടുന്ന സുഖം ലഭിക്കുന്നുവെന്ന് പറഞ്ഞ ഫാദർ ഡാമിയനും, അപരന് വേണ്ടി ദൈവത്തോട് യാചിക്കുന്നത് എന്റെ അവകാശമാണെന്ന് പറഞ്ഞ വിശുദ്ധ വിൻസെന്റ് ഡി പോളും ഇപ്രകാരം ജീവകാരുണ്യപ്രവർത്തനങ്ങൾ നമ്മുടെ സ്വർഗീയയാത്രയ്ക്ക് പരമപ്രധാനമെന്ന് കാട്ടിത്തരുന്നു. ഈശോ തന്റെ ഇഹലോകവാസകാലമത്രയും എപ്രകാരം തന്നെ തേടിവന്നവരെയും താൻ തേടി പോയവരെയും ഹൃദയത്തിനുള്ളിൽ സ്വീകരിച്ചുവോ അപ്രകാരം ഇന്നും തന്റെ തുടർച്ചയായ സഭയിൽ, സഭാമക്കളായ നാം വഴി എല്ലാവർക്കും ഹൃദയത്തിൽ ഇടമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിക്കുന്നതുപോലെ "നമ്മൾ ജീവകാരുണ്യപ്രവർത്തനങ്ങളെ ഒരു സേവനമായി കാണുകയാണെങ്കിൽ, സഭ ഒരു മാനുഷിക ഏജൻസിയും, ഈ സേവനം അതിന്റെ 'ഉപകരണവിന്യാസത്തിനുള്ള വെറും താവളവും' ആയി മാറും. എന്നാൽ സഭയുടെ ജീവകാരുണ്യം വ്യത്യസ്തവും വളരെ മഹത്തരവുമാണ്, കാരണം ഇത്, ക്രിസ്തുവിൽ, മനുഷ്യരാശിയോടും എല്ലാ സൃഷ്ടികളോടും ഉള്ള ദൈവസ്നേഹത്തിന്റെ അടയാളവും ഉപകരണവുമാണ്". പിതാവേ ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ ഇവരും നമ്മിൽ ഒന്നായിരിക്കുവാൻ ഇവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ 17 ആം അധ്യായത്തിൽ ഈശോയുടെ പ്രാർത്ഥനയിലെ ഈ വചനം ജീവകാരുണ്യത്തിലൂടെ മനുഷ്യർ തമ്മിലുള്ള അന്തരം കുറയ്ക്കുവാനുള്ള ഈശോയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്. സഹോദരനെ തിരിച്ചറിയുവാനും അവന്റെ കുറവുകളെ പങ്കുവയ്ക്കുവാനും നമുക്കും സാധിക്കട്ടെ. അങ്ങനെ സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവപങ്കാളികളാകുവാനുള്ള വിളി നമ്മുടെയുള്ളിൽ ശ്രവിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: