കർദ്ദിനാൾ ബോ: ഏഷ്യൻ മെത്രാന്മാർ ത്രിതല സംവാദത്തിന്റെ പാത പിന്തുടരുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഏഷ്യൻ മെത്രാൻ സമിതികളുടെ സംയുക്ത സംഘം (എഫ്‌എബിസി) അതിന്റെ സ്ഥാപനത്തിന്റെ 50-ആം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അതിന്റെ ആദ്യത്തെ പൊതുസമ്മേളനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒക്ടോബർ 12-ന് ആരംഭിച്ച സമ്മേളനം ഒക്ടോബർ 30 ഞായറാഴ്‌ച സമാപിക്കും. സമ്മേളനത്തിന്റെ സമാപനത്തിൽ മെത്രാൻ സമിതി ഒരു പ്രമാണം പുറത്തിറക്കുകയും ചെയ്യും.
ഈ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ വീഡിയോ സന്ദേശത്തിൽ ചോദിച്ച, “പരിശുദ്ധത്മാവ് എന്താണ് ഏഷ്യയിലെ സഭകളോടു പറയുന്നത് " എന്ന ചോദ്യത്തിന് യാംഗോൺ അതിരൂപതാ മെത്രാനും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (എഫ്എബിസി) അധ്യക്ഷനുമായ കർദ്ദിനാൾ ചാൾസ് ബോ, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉത്തരം നൽകി.
ഏഷ്യ - അനുഗ്രഹീത ഭൂഖണ്ഡം
സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന ഈ രണ്ടര ആഴ്‌ചകളിൽ പരിശുദ്ധാത്മാവ് യഥാർത്ഥത്തിൽ നയിക്കുകയും വഴിനടത്തുകയും ചെയ്യുന്നതായി തങ്ങൾക്ക് അനുഭവവേദ്യമാകുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു.
പരിശുദ്ധാത്മാവിന്റെ കൃപയാൽ തങ്ങൾ വളരെയധികം ശക്തരായിരിക്കുന്നു എന്നും പ്രത്യേകിച്ച് അവിടെ അനുഭവവേദ്യമാകുന്ന സാഹോദര്യത്തെ എടുത്തു പറഞ്ഞു കൊണ്ട് കർദ്ദിനാൾ പങ്കുവച്ചു. ഏഷ്യ, "അനുഗ്രഹീതമായ ഭൂഖണ്ഡം" എന്ന് പറഞ്ഞ കർദ്ദിനാൾ ബോ അവിടം എല്ലാ മതങ്ങളുടെയും പിള്ളത്തൊട്ടിൽ"ആണെന്നും വിശേഷിപ്പിച്ചു.
"ഏഷ്യയിലെ മണ്ണിൽ" നിന്ന് നമുക്ക് ഒരു അനുഗ്രഹം ലഭിച്ചു എന്ന് പ്രഖ്യാപിച്ച കർദ്ദിനാൾ അവിടത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ കുറിച്ചും സൂചിപ്പിച്ചു. ഏഷ്യയിലെ മെത്രാന്മാർ എല്ലാവരും അവിടെ ഒന്നിച്ചു വന്നതിൽ വളരെ സന്തുഷ്ടരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
"ഏഷ്യയ്ക്ക് ഒരുപാട് വെല്ലുവിളികൾ ഉണ്ട്" എന്ന് സൂചിപ്പിച്ച കർദ്ദിനാൾ ബോ അവയിൽ സൈനികവൽക്കരണം ആണവവൽക്കരണം എന്നിവയെ എടുത്തു പറഞ്ഞു. കൂടാതെ ഏഷ്യയാണ് ഏറ്റവും കൂടുതൽ ദരിദ്രരെ സൃഷ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സമാധാനം കെട്ടിപ്പടുക്കൽ : പുതിയ സുവിശേഷവത്കരണം
ഏഷ്യ ഒരു അനുഗ്രഹീത ഭൂഖണ്ഡമാണെങ്കിലും ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും പ്രത്യേകിച്ച് സമാധാനം കെട്ടിപ്പടുക്കുന്നതിന് വളരെ വെല്ലുവിളികളുണ്ടെന്നും കർദ്ദിനാൾ അടിവരയിട്ടു. അതിനാൽ, സമാധാനം കെട്ടിപ്പടുക്കാൻ പരിശുദ്ധാത്മാവ് ഏഷ്യയെ നയിക്കുന്നുവെന്ന ദർശനം താൻ മുൻകൂട്ടി കാണുന്നു. സമാധാനം കെട്ടിപ്പടുക്കുക, സംവാദം അല്ലെങ്കിൽ അനുരഞ്ജനം എന്നിവ പുതിയ സുവിശേഷവൽക്കരണത്തിനുള്ള ഒരു പുതിയ പദമാണെന്നും അദ്ദേഹം പറഞ്ഞു.
"ഏഷ്യയെ മുഴുവനും പരിശുദ്ധാത്മാവ് നയിക്കുന്ന ചുവടുവെപ്പ് വെല്ലുവിളി നിറഞ്ഞതും അപകടകരവുമാണ്," എന്ന് കർദ്ദിനാൾ വ്യക്തമാക്കി.
പരിശുദ്ധാത്മാവ് തങ്ങളെ സമാധാനത്തിലേക്കും അനുരഞ്ജനത്തിലേക്കും നയിക്കുന്നുവെന്നും തങ്ങൾ ഭൂതകാലത്തെ മറക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഈ എഫ്എബിസിയുടെ സ്ഥാപക പിതാക്കന്മാർ ഇതിനകം തന്നെ തങ്ങൾ ചരിക്കേണ്ട പാത അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ ബോ മൂന്നു തല സംവാദം അല്ലെങ്കിൽ മൂന്നു തല സൗഹാർദ്ദമാണ് അത് എന്നു ചൂണ്ടിക്കാണിച്ചു. ദരിദ്രരുമായുള്ള ഐക്യം, മതങ്ങളോടുള്ള ഐക്യം, സംസ്കാരവുമായി ഐക്യം എന്ന് അവയെ വിശദീകരിച്ചു. ഇവയോടൊപ്പം നമ്മൾ ഇപ്പോൾ പരിസ്ഥിതിയുമായുള്ള സൗഹൃദത്തെ ചേർക്കേണ്ടതുണ്ടെന്നും കർദ്ദിനാൾ കൂട്ടി ചേർത്തു.
ആ നാല് സംവാദങ്ങളിലൂടെ, ഏഷ്യയിലെ സഭയ്ക്ക് ഇവിടെ സമാധാനം സ്ഥാപിക്കാൻ കഴിയും. ഇത് എല്ലാ ഏഷ്യക്കാർക്കുമുള്ള ചുമതല ആയതിനാൽ, പരിശുദ്ധാത്മാവ്എല്ലാ ഏഷ്യൻ ജനതയെയും, ബിഷപ്പുമാരെ മാത്രമല്ല, മുഴുവൻ സഭയെയും, സ്നാനമേറ്റ ഓരോരുത്തരെയും, അവരുടെ രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള പാതയിലൂടെ നയിക്കും.
2,000 വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവർ ഇപ്പോഴും 2% മാത്രമായതിനാൽ ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. തങ്ങൾ ന്യൂനപക്ഷമാണെങ്കിലും, തങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവുമാണ്, അദ്ദേഹം വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: