തിരയുക

സഭകളുടെ ലോകസമിതിയുടെ  ഔദ്യോഗിക ചിഹ്നം, അഥവാ, ലോഗൊ സഭകളുടെ ലോകസമിതിയുടെ ഔദ്യോഗിക ചിഹ്നം, അഥവാ, ലോഗൊ 

പാപ്പാ। സുവിശേഷത്തിനു പൊതുസാക്ഷ്യമേകാൻ ആഗോളവത്കൃത ലോകം ക്രൈസ്തവരോട് ആവശ്യപ്പെടുന്നു!

സഭകളുടെ ലോകസമിതിയുടെ പതിനൊന്നാം സമ്മേളനത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ജർമ്മനിയിലെ കാൾസ്റുഹെയിലാണ് ഈ സമ്മേളനം .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം സകല ജനതകളെയും വിളിച്ചിരിക്കുന്ന ഐക്യത്തിൻറെ ദൃശ്യ അടയാളവും ഉപകരണവുമായ സഭയോടൊത്ത് ലോകത്തിൽ അനുരഞ്ജനം സാധ്യമാക്കുക ക്രൈസ്തവരുടെ ദൗത്യമാണെന്ന് മാർപ്പാപ്പാ.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ സഭകളുടെ ലോകസമിതി (WORLD COUNCIL OF CHURHCES, WCC)ജർമ്മനിയിലെ കാൾസ്റുഹെയിൽ ചേർന്നിരിക്കുന്ന പതിനൊന്നാം സമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് ഓർമ്മപ്പെടുത്തിയിരിക്കുന്നത്.

ക്രൈസ്തവൈക്യപരിപോഷണത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് സമ്മേളനത്തിൻറെ ഉദ്ഘാടനദിനത്തിൽ പാപ്പായുടെ ഈ സന്ദേശം കൈമാറി.

“ക്രിസ്തുവിൻറെ സ്നേഹം ലോകത്തെ അനുരഞ്ജനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നു” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

സഭകൾ, മതങ്ങൾ, സംസ്കാരങ്ങൾ, ജനതകൾ, രാഷ്ട്രങ്ങൾ, അഖില മാനവകുടുംബം എന്നിവയ്‌ക്കിടയിൽ ഉപരി അടുപ്പവും ഐക്യവും ഉണ്ടാകുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനും ലോകമെമ്പാടും അനുരഞ്ജനം ഊട്ടിവളർത്താനും ക്രിസ്ത്യാനികളുടെ ലോക കൂട്ടായ്മയോടുള്ള സമയോചിതമായ ക്ഷണമാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം എന്ന് പാപ്പാ സന്ദേശത്തിൽ പറയുന്നു.

ഈ സമ്മേളനത്തിൽ തനിക്കുള്ള അജപാലനപരമായ താല്പര്യം പാപ്പാ എടുത്തു പറയുന്നു. ക്രൈസ്തവസഭകൾ തമ്മിലും നിലവിലുള്ള എക്യുമെനിക്കൽ സംഘങ്ങൾ തമ്മിലുമുള്ള കൂട്ടായ്മയുടെ ബന്ധങ്ങളെ ഈ സമ്മേളനം ശക്തിപ്പെടുത്തുകയും ആഴപ്പെടുത്തുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

സഭകളുടെ ലോകസമിതി സമ്മേളനത്തിൽ, 1901-ൽ ഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനം തൊട്ടിങ്ങോട്ട്, കത്തോലിക്കാസഭ നീരീക്ഷകരെ അയക്കുന്നതും പാപ്പാ അനുസ്മരിച്ചു. ഇത് കത്തോലിക്കാസഭയും സഭകളുടെ ലോകസമിതിയും തമ്മിലുള്ള ശക്തമായ ബന്ധത്തിൻറെ അടയാളമാണെന്നു പാപ്പാ പറഞ്ഞു.

നമ്മുടെ ലോകം ഭിന്നത, സംഘർഷം, വിഭജനം എന്നിവയാൽ ബാധിതമാണെന്ന് അനുസ്മിര്ക്കുന്ന പാപ്പാ യുദ്ധങ്ങൾ, വിവേചനം, ഭിന്നിപ്പിൻറെയും അനീതിയുടെയും വിവിധ രൂപങ്ങൾ എന്നിവ ക്രിസ്ത്യാനികൾക്കിടയിൽ പോലും നിലനിൽക്കുന്നുവെന്ന ആശങ്ക പ്രകടിപ്പിക്കുന്നു.

നാം ജീവിക്കുന്ന ആഗോളവൽകൃത ലോകം, നമ്മുടെ കാലഘട്ടത്തിൻറെ അടിയന്തിര ആവശ്യങ്ങളോടു പ്രത്യുത്തരിക്കുന്ന, സുവിശേഷത്തിനുള്ള പൊതുവായ സാക്ഷ്യം നമ്മോട് ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2022, 15:18