ഉക്രൈനിലെ റഷ്യൻ അധിനിവേശപ്രദേശങ്ങളിലെ ജനഹിതപരിശോധനയ്‌ക്കെതിരെ സഭകളുടെ പാൻ-ഉക്രേനിയൻ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ സ്‌വിയത്തോസ്ലാവ് ഷെവ്ചുക്കിന്റെ റോമിലുള്ള കാര്യാലയത്തിൽനിന്നാണ്, ഉക്രൈനിലെ റഷ്യൻ അധിനിവേശപ്രദേശങ്ങളിൽ നടത്തുവാനിരിക്കുന്ന അഭിപ്രായവോട്ടെടുപ്പിനെതിരെ കടുത്ത എതിർപ്പുമായി സഭാസംഘടന പ്രസ്താവനയിറക്കിയിരിക്കുന്നത്.
ഉക്രൈന്റെ പ്രദേശങ്ങളെ റഷ്യൻ ഫെഡറേഷനിൽ ചേർക്കുവാൻ ഉദ്ദേശിച്ചുള്ള ഈ പരിശോധനയെ വ്യാജജനഹിതപരിശോധനയെന്ന് വിശേഷിപ്പിച്ച പാൻ-ഉക്രേനിയൻ സംഘടന, ഉക്രൈൻ ഭൂപ്രദേശത്തിന്റെമേൽ സമ്പൂർണ്ണ അവകാശം ഉക്രൈനുതന്നെയാണെന്ന് ഓർമ്മിപ്പിച്ചു. ഇപ്പോൾ റഷ്യ ഉക്രൈനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം അന്താരാഷ്ട്രനിയമങ്ങൾക്ക് എതിരാണെന്നും, ഉക്രൈന്റെ ഒരു ഭാഗം പിടിച്ചടക്കാനും, ഉക്രൈൻ രാജ്യത്തെ തകർക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് അവർ എഴുതി.
റഷ്യ നടത്തുവാൻ ഉദ്ദേശിക്കുന്ന അഭിപ്രായവോട്ടെടുപ്പ്, പട്ടാളം കീഴ്‌പ്പെടുത്തിയ പ്രദേശത്താണെന്നും, വ്യക്തിസ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയിലാണെന്നും ജനാധിപത്യചിന്തകൾക്കെതിരെയുള്ള അപഹാസ്യപരമായ പ്രവർത്തിയാണെന്നും വ്യക്തമാക്കിയ സംഘടന, ഈയൊരു സാഹചര്യത്തിൽ നടത്തപ്പെടുന്നത്, യഥാർത്ഥ ഹിതപരിശോധനയാകില്ലെന്ന് ഓർമ്മപ്പെടുത്തി. 2014-ൽ ക്രിമെയ പ്രദേശത്ത് നടന്ന കടന്നുകയറ്റത്തിന്റെ തനിയാവർത്തനമാണിതെന്ന് അവർ കൂട്ടിച്ചേർത്തു.
ഈയൊരു അവസ്ഥയിൽ, ഇത്തരമൊരു ഹിതപരിശോധനയെ ഒരു ലോകരാജ്യങ്ങളും അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട പാൻ ഉക്രൈൻ സംഘടന, ഇത്തരമൊരു വ്യാജ അഭിപ്രായ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ പ്രദേശത്തുള്ള ഉക്രൈൻ പൗരന്മാരോട് ആവശ്യപ്പെട്ടു. പരസ്പരസഹവാസത്തിന്റെ മാനുഷികനിയമങ്ങൾ മാത്രമല്ല, ക്രൈസ്തവ, ഇസ്ലാമിക, യഹൂദ മതശാസനകൾക്ക് കൂടി എതിരായ ഇത്തരമൊരു കയ്യേറൽ നടപടി ഉപേക്ഷിക്കാൻ റഷ്യൻ ഫെഡറേഷൻ തയ്യാറാകണമെന്നും സംഘടന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: