ക്രിസ്തുവിന്റെ വരവിനായി പ്രത്യാശയോടെ കാത്തിരിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആകാശത്തേക്ക് കണ്ണുകൾ നട്ട്, ഭൂമിയെയും അതിൽ നമ്മുടെ കടമകളെയും മറന്ന്, ക്രിസ്തുവിന്റെ വരവിനെ കാത്തിരിക്കുന്ന ഒരു സമൂഹമല്ല ക്രൈസ്തവർ. മറിച്ച്, ക്രിസ്തുവിൽ കണ്ണുകളുറപ്പിച്ച്, ഭൂമിയിലെ ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിച്ച്, തങ്ങളുടെ ജീവിതങ്ങൾ കൊണ്ട് ക്രിസ്തുവിലേക്ക് എല്ലാവരെയും ആകർഷിക്കുന്നതിന് വിളിക്കപ്പെട്ട ഒരു അനുഗ്രഹിക്കപ്പെട്ട ജനമായി മാറുവാൻ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരുടെ സമൂഹമാണ് ക്രിസ്തുമതം. നമ്മുടെ കണ്ണുകൾ കാണുന്ന, നമുക്ക് തൊട്ടറിയാൻ സാധിക്കുന്ന ഈ പ്രപഞ്ചത്തിനപ്പുറത്തേക്ക് പ്രതീക്ഷകൾ വയ്ക്കാൻ നമ്മെ പഠിപ്പിക്കുന്ന ഒരു വിശ്വാസമാണ് ക്രൈസ്തവ വിശ്വാസം.
അസ്ഥിരമായ ഭൂമിയും നിത്യമായ ദൈവാരാജ്യവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഇരുപത്തിനാലാം അദ്ധ്യായം വരുവാനിരിക്കുന്ന കാലങ്ങളെക്കുറിച്ച് ക്രിസ്തു നൽകുന്ന വ്യക്തമായ സന്ദേശങ്ങൾ അടങ്ങുന്ന ഒന്നാണ്. തന്റെ ശിഷ്യന്മാരോട് ഈ ഭൂമിക്കും, ഇതിൽ ഭംഗിയുള്ളതും, മഹത്വപൂർണ്ണമെന്നും, വിലപ്പെട്ടതെന്നും നാം കാണുന്ന എല്ലാത്തിനും ഒരു അവസാനമുണ്ടെന്നും, എന്നാൽ നിലനിൽക്കുന്ന ഒന്ന്, ദൈവത്തിന്റെ രാജ്യം ഉണ്ടെന്നുമുള്ള വലിയ ഒരു സത്യമാണ് ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നത്. ഈയൊരു സത്യം മനസ്സിലാക്കി ജീവിക്കാനും, ഒരുക്കമുള്ളവരായി നിത്യതയുടെ നാളുകൾക്കായി കാത്തിരിക്കാനും അവൻ തന്നോട് ചേർന്ന് നിൽക്കുന്നവരോട്, തന്റെ ശിഷ്യരോട്, ഉദ്ബോധിപ്പിക്കുന്നു.
കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയുക
മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനവുമായി ബന്ധപ്പെട്ട ഈ സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ഇരുപത്തിയൊൻപതു മുതൽ മുപ്പത്തിയാറു വരെയുള്ള തിരുവചനങ്ങളിലെ, പ്രധാനപ്പെട്ട സന്ദേശങ്ങളിൽ ഒന്ന്, നാം വിവേകമുള്ള മനുഷ്യരായിരിക്കണമെന്നതാണ്. ഈ പ്രപഞ്ചത്തിന്റെ വ്യതിയാനങ്ങളെ വായിച്ചെടുക്കുവാനും, മനസ്സിലാക്കി അവയ്ക്കനുസരിച്ച് ദൈനംദിനജീവിതത്തിൽ വലിയ മാറ്റങ്ങൾ പോലും വരുത്തുവാൻ നാം തയ്യാറാകണമെന്നും, ദൈവരാജ്യത്തിന്റെ മൂല്യങ്ങൾക്കും സാമീപ്യത്തിനുമനുസരിച്ച് ജീവിതത്തിൽ വ്യതിയാനങ്ങൾ വരുത്തുവാൻ തയ്യാറാകണമെന്നും സുവിശേഷത്തിലൂടെ ക്രിസ്തു നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യപുത്രന്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ വരവിന്റെ, നമ്മുടെയിടയിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങൾ വായിച്ചറിയാൻ, അവനോട് ചേർന്ന് നിൽക്കാൻ ഓരോ ക്രൈസ്തവനുമാകണം.
മഹത്വത്തിന്റെയും വിലാപത്തിന്റെയും ദിനം
ക്രിസ്തുവിന്റെ, മനുഷ്യപുത്രന്റെ രണ്ടാം വരവിനെപ്പറ്റി വിശുദ്ധ മത്തായി വിവരിക്കുന്നതുപോലെ, പഴയ, പുതിയ നിയമപുസ്തകങ്ങളിൽ വിവിധയിടങ്ങളിൽ മനുഷ്യപുത്രന്റെ വരവിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം വിവരിക്കുന്നുണ്ട്. അതിൽ ഒന്നാണ് ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിന്റെ ഏഴാം അധ്യായം ഒൻപതുമുതലുള്ള വാക്യങ്ങളിൽ നാം കാണുന്ന വാക്കുകൾ. തിന്മയുടെ ആധിപത്യങ്ങൾ എടുത്തുമാറ്റപ്പെടുന്ന സമയമാണത്. "എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സ്നേഹിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നൽകി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്" (വാ. 14) എന്നാണ് മനുഷ്യപുത്രനെപ്പറ്റി അവിടെ നാം കാണുന്നത്.
ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ഈ ദിനം മഹത്വത്തിന്റെയും വിലാപത്തിന്റെയും ഒരു ദിനമായിരിക്കുമെന്നാണ് നാം മനസ്സിലാക്കുന്നത്. മനുഷ്യപുത്രന്റെ അടയാളം വാനിൽ പ്രത്യക്ഷപ്പെടുന്ന ഒരു കാലം. വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ ഒന്നാം അധ്യായത്തിൽ കാണുന്നതുപോലെ, പാപത്തിൽ ചരിക്കുന്ന മനുഷ്യർക്ക് ഭോഷത്തത്തിന്റെ ചിഹ്നമായ, വചനമനുസരിച്ച്, ക്രിസ്തുവിന്റെ പാതയിലൂടെ നടക്കുന്നവർക്ക് രക്ഷയുടെ ചിഹ്നമായ, ക്രിസ്തുവിന്റെ അടയാളം ഉയരുന്ന കാലമാണ്, മനുഷ്യപുത്രന്റെ രണ്ടാം വരവിന്റെ ദിനങ്ങൾ. അവന്റെ വരവിൽ, കുരിശുമരണത്തിന്റെ സഹനത്തിനുമപ്പുറം, ഉയിർപ്പിന്റെ മഹത്വത്തിലും, ക്രിസ്തുവിന്റെ രാജത്വത്തിലും സന്തോഷിച്ച്, രക്ഷ നൽകുന്ന ആഹ്ലാദത്തിന്റെ കണ്ണീരൊഴുക്കുന്ന വിശ്വാസസമൂഹമുണ്ടാകും. അവന്റെ വേദനകൾക്കും കുരിശുമരണത്തിനും കാരണമായ തങ്ങളുടെ പാപങ്ങളെയും അനീതികളെയുമോർത്ത് പശ്ചാത്തപിക്കുന്ന അനുതാപത്തിന്റെ വികാരങ്ങൾ കണ്ണീരായൊഴുകുന്ന തിരിച്ചറിവുള്ള മനുഷ്യരുടെ വിലാപമുണ്ടാകും. സൗജന്യമായി നൽകപ്പെട്ട രക്ഷയെ പാപത്തിന്റെ കരങ്ങളാൽ തള്ളിക്കളഞ്ഞതിൽ, ലൗകികതയുടെ സന്തോഷങ്ങൾക്ക് മുന്നിൽ സ്വർഗ്ഗത്തിന്റെ മഹത്വം ഇല്ലാതാക്കിയതിന്റെ പേരിൽ വിലപിക്കുന്ന നിരാശയുടെ വിലാപമുയർത്തുന്ന അനേകജനതകളുണ്ടാകും.
ഒരുങ്ങിയിരിക്കേണ്ട ദിനങ്ങൾ
മാനുഷികമായ അറിവുകൾക്കും കണക്കുകൂട്ടലുകൾക്കും മുൻകൂട്ടി അറിയുവാൻ കഴിയാത്ത ആ ഒരു മഹത്വപൂർണ്ണമായ ദിനത്തിലേക്ക് ഓരോ നിമിഷവും ഓരോ ക്രൈസ്തവനും ഒരുങ്ങിയിരിക്കണം എന്നതാണ് ഇവിടുത്തെ സന്ദേശം. മണവാളനെ കാത്തിരിക്കുന്ന കന്യകമാരുടെ ഒരുക്കത്തോടെ, രാത്രിയിൽ കാവൽനിൽക്കുന്നവന്റെ ജാഗ്രതയോടെ, ഓരോ നിമിഷവും ദൈവത്തിനായി ഒരുങ്ങിയിരിക്കുക. സ്വർഗ്ഗത്തിന്റെ കാഹളം മുഴങ്ങുമ്പോൾ, ദൈവദൂതർ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ, നാലു ദിക്കുകളിലും നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടുമ്പോൾ, അവരിലൊരുവനാകാൻ, ഒരുവളാകാൻ നമുക്ക് കഴിയണം. ഭയത്തിന്റെയും നിരാശയുടേതുമെന്നതിനേക്കാൾ, നമ്മുടെ രക്ഷയ്ക്കായി സ്വജീവനേകിയ ക്രിസ്‌തുവിന്റെ, സ്നേഹത്തിന്റെ, നമ്മെ മക്കളായി സ്നേഹിക്കുന്ന പിതാവായ ദൈവത്തിന്റെ കാരുണ്യത്തിന്റെ ദിനമായി മനുഷ്യപുത്രന്റെ വരവിന്റെ ദിനത്തെ ഉണർവോടെ, സന്തോഷത്തോടെ, കാത്തിരിക്കാൻ നമുക്ക് സാധിക്കണം.
നാം ഒരുക്കമുള്ളവരാണോ?
ഇന്നത്തെ തിരുവചനചിന്തകൾ ചുരുക്കുമ്പോൾ, മനുഷ്യപുത്രന്റെ ആഗമനത്തിനായി നാം എത്രമാത്രം ഒരുങ്ങിയിട്ടുണ്ടെന്ന ഒരു ചോദ്യം നമ്മുടെ മനസ്സിലുണ്ടാകട്ടെ. അത്തിമരത്തിന്റെ കൊമ്പുകൾ ഇളതാവുകയും തളിർക്കുകയും ചെയ്ത് വേനൽക്കാലങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുപോയിട്ടുണ്ടാകാം. ജീവിതത്തിൽ ക്രിസ്തുവിന്റെ വചനത്തിന്റെ ചൂടും, ഊർജ്ജവും, ജീവനും ഒക്കെ അനുഭവിച്ച നിമിഷങ്ങൾ നമ്മിൽ ഓർമ്മകൾ മാത്രമായി അവശേഷിച്ചുപോയോ എന്ന ഒരു ചോദ്യം നമുക്ക് നമ്മോടുതന്നെ ചോദിക്കാം. ക്രൈസ്തവരെന്ന പേരിന് തക്ക ഒരുക്കമുള്ള, ക്രിസ്തുവിന്റെ പിന്നാലെ, പൂർണ്ണമായ സമർപ്പണത്തിന്റെ പാതയിൽ, ഒരുക്കത്തോടെ സഞ്ചരിക്കുന്ന ജീവിതമാണോ നമ്മുടേത്? ഈ ലോകത്തിന്റെ മാസ്മരികതയ്ക്കപ്പുറം, മനുഷ്യചിന്തകൾക്ക് അതീതമായ മഹത്വപൂർണ്ണമായ ദൈവരാജ്യമെന്ന യാഥാർഥ്യത്തെ ലക്‌ഷ്യം വച്ച് ജീവിക്കാൻ നമുക്കാകുന്നുണ്ടോ?
സൂര്യൻ ഇരുണ്ടുപോകുന്ന, ചന്ദ്രൻ പ്രകാശം തരാത്ത, നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന് നിപതിക്കുന്ന, ആകാശശക്തികൾ ഇളകുന്ന ഒരു കാലത്തെക്കുറിച്ച് മനസ്സിലാക്കി നമുക്ക് ജീവിക്കാം. എത്രമാത്രം പ്രതാപമുള്ളതായാലും, എത്രമാത്രം മനോഹരമാണെങ്കിലും, എത്ര മഹത്വപൂർണ്ണങ്ങളാണെങ്കിലും ഈ ഭൂമിയും ഇതിലെ, സമ്പത്തും, ധനവും, അധികാരങ്ങളും സർവ്വവും ഇല്ലാതാകുന്ന, ഒന്നുമല്ലാതാകുന്ന ഒരു ദിനമുണ്ടാകും. നമ്മുടെ പ്രതീക്ഷകളും ശരണവും ഈ ഭൂമിയിലാണെങ്കിൽ ഇവിടെ അവസാനിക്കുവാനുള്ളതാകും നമ്മുടെ ജീവിതം. സുവിശേഷത്തിലൂടെ ദൈവം നൽകുന്ന ഒരുക്കത്തിനുള്ള വിളിയെ നമുക്ക് സ്വീകരിക്കാം. എല്ലാം ഇല്ലാതാകുമ്പോഴും, സർവ്വവും അവസാനിക്കുമ്പോഴും, ആകാശവും ഭൂമിയും കടന്നുപോകുമ്പോഴും അവസാനിക്കാത്ത, കടന്നുപോകാത്ത, എന്നും നിലനിൽക്കുന്ന മനുഷ്യപുത്രന്റെ രാജ്യത്തിലേക്ക് കണ്ണുകൾ നട്ട് നമ്മുടെ ജീവിതത്തിന്റെ ദിനങ്ങൾ വിവേകപൂർവ്വം ജീവിക്കാം. പിതാവിന്റെ കാരുണ്യത്താൽ, പുത്രന്റെ വിധിയുടെ നാളുകളിൽ, അവന്റെ മഹത്വം സന്തോഷത്തിന്റെ കണ്ണുനീരോടെ കാണുവാനും, അവന് സ്വീകാര്യരാകുവാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അതിനായി ഒരുങ്ങാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ആമ്മേൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: