വിശ്വാസത്തിന്റെ ശക്തിയിൽ ജീവിച്ച എലിസബത്ത് രാജ്ഞി: കർദ്ദിനാൾ ആർതർ റോഷ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എലിസബത്ത് രണ്ടാം രാജ്ഞിയെ ആളുകളുടെ പ്രിയങ്കരിയാക്കിയത്, രാജ്ഞി ഉള്ളിൽ കാത്തുസൂക്ഷിച്ച ക്രൈസ്തവ വിശ്വാസവും ക്രൈസ്തവ മൂല്യങ്ങളും നൽകിയ ശക്തിയാൽ പ്രവർത്തിച്ചതിനാലാണെന്ന് ദൈവികാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ആർതർ റോഷ് പറഞ്ഞു. എലിസബത്ത് രാജ്ഞിക്കുവേണ്ടി സെപ്റ്റംബർ 28 ബുധനാഴ്ച രാവിലെ റോമിലെ വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസലിക്കയിൽ അർപ്പിക്കപ്പെട്ട വിശുദ്ധബലി മധ്യേയാണ് കർദ്ദിനാൾ റോഷ് ഇങ്ങനെ പറഞ്ഞത്.
ഒരു മഹദ് വനിതയും, സ്നേഹനിധിയായ ഒരു ഭാര്യയും, അഭിമാനിയായ ഒരു അമ്മയുമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് അദ്ദേഹം ഓർമ്മിച്ചു. അതേസമയം ബുദ്ധിപൂർവ്വം തന്റെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ച ഒരു ഭക്തയായ ഭരണാധികാരികൂടിയായിരുന്നു നിര്യാതയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന മൂല്യങ്ങളിലും സത്യത്തിലും അടിസ്ഥാനമിട്ടാണ് എലിസബത്ത് രാജ്ഞി തന്റെ ജീവിതം നയിച്ചിരുന്നതെന്ന് ഇംഗ്ലണ്ട് സ്വദേശികൂടിയായ കർദ്ദിനാൾ റോഷ് പറഞ്ഞു. ക്രിസ്തുവിൽനിന്ന് പഠിക്കാവുന്ന, മരണത്തെപ്പോലും കീഴടക്കുന്ന ദൈവസ്നേഹത്തിന്റെ ശക്തിയും, നിരാശയ്ക്കപ്പുറം നിലനിൽക്കുന്ന പ്രത്യാശയും സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം സാധ്യമാക്കുന്ന, മറ്റുള്ളവരോടുള്ള സ്നേഹവും സേവനവും പ്രചോദനം നൽകിയ ഈ ജീവിതം, ആത്മാവിന്റെ മഹത്വത്തെയും, ഹൃദയത്തിന്റെ മാഹാത്മ്യത്തെയുമാൻ കാണിക്കുന്നത്.
സെന്റ് പോൾസ് ബസലിക്കയുടെ ആർച്ച് പ്രീസ്റ് എന്ന സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ ജെയിംസ് മൈക്കിൾ ഹാർവേ, ഓസ്‌ട്രെലിയയിൽനിന്നുള്ള കർദ്ദിനാൾ ജോർജ് പെൽ, ഇംഗ്ലണ്ട് സ്വദേശിയും വത്തിക്കാന്റെ വിദേശകാര്യബന്ധങ്ങളുടെ ചുമതലയുള്ള ആർച്ച്ബിഷപ്പ് റിച്ചാർഡ് ഗാല്ലഗർ എന്നിവരും വിശുദ്ധബലിയിൽ സഹകാർമികരായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുടെ പരിശുദ്ധസാഹസനത്തിലേക്കുള്ള എംബസികൾ ഒരുമിച്ച് ചേർന്ന് സംഘടിപ്പിച്ച ഈ ചടങ്ങിൽ വത്തിക്കാനിലേക്കുള്ള നിരവധി എംബസികളിൽനിന്നുള്ള ആളുകളും സംബന്ധിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: