ബുർക്കിനാഫാസോയിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ സന്യാസിനി മോചിതയായി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വടക്കൻ ബുർക്കിനാഫാസോയിൽ നിന്ന് ഏപ്രിലിൽ ആയുധധാരികളാൽ തട്ടിക്കൊണ്ടുപോയ സി. സ്വെല്ലെൻ ടെന്നിസണെ മോചിപ്പിച്ചതായി അവരുടെ സന്യാസസഭ അറിയിച്ചു. 83 കാരിയായ സി. സ്വെല്ലെൻ, ഓർഡർ ഓഫ് ദ മരിയാനൈറ്റ്സ് ഓഫ് ഹോളി ക്രോസ് സഭാംഗമാണ്. ഏപ്രിൽ 5ന്, അവർ മിഷനറിയായി സേവനം ചെയ്തിരുന്ന യാൽഗോയിലെ ഒരു ഇടവകയിലെ കോൺവെന്റിൽ നിന്നാണ് തട്ടികൊണ്ടു പോയത്.
കായാ രൂപത മെത്രാൻ തിയോഫിലി നരെ വലിയ സന്തോഷത്തോടെയും ദൈവത്തോടു നന്ദി പറഞ്ഞു കൊണ്ടും സി. സ്വെല്ലെന്റെ മോചന വാർത്ത സ്ഥിരീകരിക്കുന്നതായി അറിയിച്ചു. മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് അറിയില്ലെന്നും ബിഷപ്പ് നരെ പറഞ്ഞു. എങ്കിലും അതിനായി പ്രവർത്തിച്ചവരോടു അദ്ദേഹം നന്ദി രേഖപ്പെടുത്തി. സി.സ്വെല്ലെൻ ഇപ്പോൾ സുരക്ഷിതമായ സ്ഥലത്താണെന്നും ആരോഗ്യവതിയായിട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 31 ന് ഫേസ്ബുക്ക് വഴി പങ്കുവച്ച സന്ദേശത്തിൽ സി.സ്വെല്ലെൻ തടവിൽ കഴിഞ്ഞ 5 മാസങ്ങളിൽ അർപ്പിക്കപ്പെട്ട എല്ലാ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും മരിയാനൈറ്റ്സ് സഹോദരിമാർ നന്ദി പ്രകടിപ്പിക്കുകയും സി.സ്വെല്ലെന്റെ "ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സംപൂർണ്ണ നവീകരണത്തിനായി" പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.
സി.സ്വെല്ലെനെ ഏപ്രിലിൽ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് 2014 മുതൽ അവർ ബുർക്കിനാഫാസോയിൽ താമസ്സിച്ചിരുന്നതായി വത്തിക്കാൻ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പാസ്റ്ററൽ മിനിസ്റ്റർ ആയി സേവനമനുഷ്ഠിച്ച സന്യാസിനി യാൽഗോയിലെ ഇടവകയുടെ കീഴിലുള്ള ആതുരാലയത്തിൽ ജോലി ചെയ്യുന്ന ആളുകളെയും സഹായിച്ചിരുന്നു. ഏപ്രിൽ 5 ന്, മറ്റ് രണ്ട് മരിയാനൈറ്റ് സന്യാസിനികൾക്കൊപ്പം മഠത്തിലായിരുന്നപ്പോൾ ആയുധധാരികളായ 10 പേരടങ്ങുന്ന സംഘം അവരെ ആക്രമിക്കുകയും അക്രമികൾ സന്യാസിനികളുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ആക്രമണത്തിനിടെ സി. ടെന്നിസണെ മാത്രം തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതുവരെ, തട്ടിക്കൊണ്ടുപോയവർ ഏതു സംഘത്തിൽ പെട്ടവരാണെന്ന് അറിയാ൯ കഴിഞ്ഞിട്ടില്ല.
ബുർക്കിനാ ഫാസോ
ആഫ്രിക്കയിലെ സഹേൽ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളും മൂലം വർദ്ധിച്ചു വരുന്ന അക്രമം കണ്ടിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബുർക്കിനാ ഫാസോ. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ സഹേൽ മേഖലയിൽ സജീവമാണ്. കൂടാതെ ബുർക്കിനാ ഫാസോയിലും മറ്റ് അയൽ രാജ്യങ്ങളിലും സാധാരണക്കാർക്കെതിരെയും ആക്രമണം നടത്തുന്നതായി പറയപ്പെടുന്നു. ഏകദേശം 21 ദശലക്ഷം ജനങ്ങളുള്ള ഈ പശ്ചിമാഫ്രിക്കൻ രാജ്യത്ത് 2022 ജനുവരിയിൽ ഒരു സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യന്റെ സർക്കാരിനെ വീഴ്ത്തിക്കൊണ്ട് രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് ആരംഭം കുറിച്ചു. സജീവമായ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ മേഖലയിലെ രാജ്യങ്ങൾ ഏകോപ്പിക്കുന്നത് തുടരുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: