തിരയുക

തിരുവനന്തപുരം ലാറ്റിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തീരദേശ നിവാസികളുടെ വൻപ്രതിഷേധം. തിരുവനന്തപുരം ലാറ്റിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തീരദേശ നിവാസികളുടെ വൻപ്രതിഷേധം.  

തിരുവനന്തപുരം ലാറ്റിൻ അതിരൂപതയുടെ നേതൃത്വത്തിൽ കേരളത്തിലെ തീരദേശ നിവാസികളുടെ വൻ പ്രതിഷേധം

ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ കേരളത്തിലെ വിഴിഞ്ഞത്ത് പണിയുന്ന കപ്പൽ തുറമുഖം ആ പ്രദേശത്തിന്റെ തീരശോഷണത്തിനും കെടുതികൾക്കും കാരണമാകുന്നു എന്നതിലുള്ള ആശങ്ക പങ്കുവച്ചു കൊണ്ടും ഇവയ്ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്താനുമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുമാണ് പ്രതിഷേധം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിഴിഞ്ഞം അന്തർദേശിയ വിവിധോദ്ദേശ്യ കപ്പൽ തുറമുഖത്തിന്റെ നിർമ്മാണം അദാനി തുറമുഖ കമ്പനിയുടെ സംരംഭമാണ്.

സുതാര്യമായ പഠനവും പുനരധിവാസവും ആവശ്യം

പൊഴിയൂർ മുതൽ വലിയതുറവരെയുള്ള നിവാസികൾ വൈദീകരുടെ നേതൃത്വത്തിൽ കരിങ്കൊടികളുമായി നിർമ്മാണം നടക്കുന്ന വിഴിഞ്ഞത്ത് എത്തിച്ചേരുകയും അവരുടെ അതിജീവന മാർഗ്ഗങ്ങളെ ബാധിക്കുന്ന 7 നിബന്ധനകളെ മുന്നോട്ടുവയ്ക്കുകയും ചെയ്തു. നിർമ്മാണ പദ്ധതി നിറുത്തിവച്ച് പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശരിയായതും സുതാര്യവുമായ ഒരു പഠനം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം മുന്നേറുന്നത്. പ്രദേശം നേരിട്ട രൂക്ഷമായ കടൽകയറ്റത്തിനും ഇപ്പോൾ നേരിടുന്ന തീരശോഷണത്തിനും  പ്രധാന കാരണം ഈ നിർമ്മാണ പ്രവർത്തനങ്ങളാണ് എന്നാണ് തീരവാസികൾ വിശ്വാസിക്കുന്നത്. മാത്രമല്ല കപ്പൽ തുറമുഖത്തിനായി ഏറ്റെടുത്ത സ്ഥലത്തെ നിവാസികളുടെയും അതു ബാധിച്ചിട്ടുള്ള ജനങ്ങളുടേയും  പുനരധിവാസത്തെക്കുറിച്ചുള്ള ആവശ്യവും പ്രതിഷേധത്തിൽ ഉന്നയിക്കുന്നുണ്ട്.

തിരുവനന്തപുരം അതിരൂപതയുടെ വികാർ ജനറലായ യൂജിൻ പെരെയ്രാ പ്രതിഷേധത്തിന്റെ നാലാം ഘട്ടo വിഴിഞ്ഞം ചലോ എന്ന മുദ്രാവാക്യത്തോടെയാണ് നടത്തപ്പെടുന്നത് എന്നറിയിച്ചു.

കരിദിനം

കരിദിനമായി ആചരിച്ച പ്രതിഷേധത്തിൽ വൈദീകർ ദേവാലയങ്ങൾക്കു  മുന്നിൽ കരിങ്കൊടികൾ ഉയർത്തിയപ്പോൾ അതിരൂപതയിലെ ജനങ്ങൾ അവരവരുടെ വീടുകൾക്കു മുന്നിലും കരിങ്കൊടികൾ ഉയർത്തി പ്രതിഷേധം അറിയിച്ചു. തിരുവനന്തപുരം അതിരൂപത നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മറ്റിടങ്ങളിലും പ്രാദേശിക സഭാ സാന്നിധ്യം കൂടുതലുള്ള ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളും അവരോടൊപ്പം പങ്കുചേർന്നു.

പ്രതിഷേധം തുടരും

സമരം ശക്തമായതോടെ നേതാക്കളോടു നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അത് ശരിയാണോ എന്ന് തീർച്ചയാക്കാൻ പ്രതിഷേധിക്കുന്നവരുടെ പ്രതിനിധി സംഘത്തെ ഉള്ളിലേക്ക് പ്രവേശിക്കാനും അനുവദിച്ചിരുന്നു. പ്രതിഷേധക്കാരും മൽസ്യത്തൊഴിലാളി  സമൂഹവും  മുന്നോട്ടുവച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് അവർ അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2022, 14:36